Current Date

Search
Close this search box.
Search
Close this search box.

നാഗ്പൂര്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്…

terror.jpg

സെപ്റ്റംബര്‍ 6, വ്യാഴാഴ്ച. സ്ഥലം: ബാബാ സാഹിബ് അംബേദ്കര്‍ വിമാനത്താവളം, നാഗ്പൂര്‍. രംഗം: ഒരു അന്താരാഷ്ട്ര വിമാനത്തിലേക്ക് ഭീകരവാദികള്‍ ഇടിച്ചുകയറുന്നു. വിമാനം തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഉടന്‍ സായുധരായ ഒരു സംഘം കമന്‍ഡോകള്‍ പ്രത്യക്ഷപ്പെടുന്നു. വിമാനം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ഭീകരവാദികളെല്ലാം നൂല്‍ കൊണ്ട് മെടഞ്ഞ വട്ടത്തൊപ്പി വെച്ചിരിക്കുന്നു. ധരിച്ചിരിക്കുന്നത് നീളന്‍ കുപ്പായം. ഇവര്‍ മുസ്‌ലിംകളാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും സംശമേ ഉണ്ടാവില്ല. നഗരത്തിലെ പോലീസ് സേനയില്‍ നിന്നും അഗ്രികള്‍ചറല്‍ സെക്യൂരിറ്റിയില്‍ നിന്നും ഉള്ളവരാണ് കമാന്‍ഡോകള്‍. പക്ഷേ, നടന്ന സംഭവം യഥാര്‍ഥ ഭീകര പ്രവര്‍ത്തനമോ തട്ടിക്കൊണ്ടുപോകലോ ഒന്നുമല്ല. ഒരു ‘മോക് ഷോ’ മാത്രം. ‘മുസ്‌ലിംഭീകരന്മാരെ’ങ്ങാന്‍ വിമാനം തട്ടിയെടുത്താല്‍ എങ്ങനെ വിമാനം മോചിപ്പിക്കുമെന്ന് പരിശീലിപ്പിക്കുന്ന പ്രഛന്ന ഡ്രില്‍. ആരെങ്കിലും വിമാനം തട്ടിയെടുക്കുമെങ്കില്‍ അത് മുസ്‌ലിംകള്‍ മാത്രമായിരിക്കുമെന്ന സന്ദേശവും അതിലുണ്ടായിരുന്നു. ഇതിനെ തെമ്മാടിത്തം എന്നല്ലതെ മറ്റെന്തെങ്കിലും പറയാനാവുമെന്ന് തോന്നുന്നില്ല. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. പ്രതിഷേധ സൂചകമായി സംസ്ഥാന ആഭ്യന്തരമന്ത്രി ആര്‍. ആര്‍ പാട്ടീലിന് ചില മുസ്‌ലിം സംഘടനകള്‍ കത്തും അയച്ചിട്ടുണ്ട് (സണ്‍ഡെ ടൈംസ് ഓഫ് ഇന്‍ഡ്യ, സെപ്റ്റംബര്‍ 9).
പക്ഷേ, ഈ പ്രതിഷേധം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാവുമോ? ഉണ്ടാവില്ല, ഒരു കാര്യവും ഉണ്ടാവില്ല എന്നേ ഇന്നേവരെയുള്ള അനുഭവം വെച്ച് നമുക്ക് പറയാനാവുക. കാരണം, ഇതുപോലുള്ള സംഗതികളെല്ലം നേരത്തെ പ്ലാന്‍ ചെയ്ത പ്രകാരം നടക്കുന്നതാണ്. മുസ്‌ലിം സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം തെല്ലെങ്കിലും സ്വാധീനിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ ആഗസ്റ്റ് 29 മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം 18 മുസ്‌ലിം ചെറുപ്പക്കാരെ കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നുമായി അറസ്റ്റ് ചെയ്യുമായിരുന്നില്ലല്ലോ. മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധ സമരങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഈ അറസ്റ്റുകള്‍ നടക്കുന്നത്. മുസ്‌ലിംകള്‍ എങ്ങനെയൊക്കെ പ്രതിഷേധിച്ചാലും ഗവണ്‍മെന്റ് ഏജന്‍സികള്‍ അവര്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യും എന്നൊരു സൂചനയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരാള്‍ക്കും ഈ നീക്കങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും. തങ്ങള്‍ ചിലരെ ഭീകരവാദികള്‍ എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യും, നിങ്ങളൊക്കെ അതങ്ങ് അംഗീകരിച്ചേക്കണം എന്നുമതിന് അര്‍ഥമുണ്ട്. പിന്നിലുള്ള കഥകളൊക്കെ ഞങ്ങള്‍ തന്നെ പറയും. നിങ്ങള്‍ കേട്ടിരുന്നാല്‍ മതി. ഏതാനും വര്‍ഷം മുമ്പ് ഇതേ നാഗ്പൂര്‍ നഗരത്തില്‍ വെച്ച് ആര്‍.എസ്.എസ് ആസ്ഥാനം ആക്രമിക്കാന്‍ വന്നു എന്ന് പറഞ്ഞ് പോലീസ് കുറച്ച് യുവാക്കളെ വെടിവെച്ച് വീഴ്ത്തിയിരുന്നു. നഗരത്തിലെ ഉത്തരവാദപ്പെട്ടവര്‍ അതേക്കുറിച്ച് ചോദിക്കാന്‍ ചെന്നപ്പോള്‍ അവരെ പരിഹസിക്കുകയും അപമാനിക്കുകയുമാണ് പോലീസ് ചെയ്തത്.
ഒടുവിലത്തെ ഈ നാഗ്പൂര്‍ സംഭവം മൊത്തം മുസ്‌ലിംസമുദായത്തെയും ഒരു ഭീകര ഗ്രൂപ്പായി അവതരിപ്പിക്കുകയല്ലേ ചെയ്തിരിക്കുന്നത്? ഇതു പോലുള്ള ചിത്രീകരണങ്ങള്‍ സിനിമകളിലും ടി.വി സീരിയലുകളിലും കണ്ട് വരാറുള്ളതാണ്. കാഴ്ചക്കാരെ കൂട്ടാന്‍ അങ്ങനെ ചില പൊടിക്കൈകള്‍ വേണ്ടിവരുമെന്ന് അഭിപ്രായമുള്ള മുസ്‌ലിംബുദ്ധിജീവികളെയും കണ്ടേക്കാം. പെേക്ഷ സുരക്ഷാ ഏജന്‍സികള്‍ വരെ ഇങ്ങനെ നീങ്ങിയാല്‍ പിന്നെ എന്തു ചെയ്യും? ഇതൊക്കെ വേണ്ട രീതിയില്‍ നേരിടേണ്ട മുസ്‌ലിം നേതൃത്വവും പ്രതിസന്ധിയിലാണ്. ഐക്യമോ കൂട്ടായ നീക്കങ്ങളോ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. ചിതറിത്തെറിച്ച് നില്‍ക്കുന്ന കുറെ സംഘങ്ങള്‍ മാത്രമാണ് ഇന്ന് മുസ്‌ലിം നേതൃത്വം എന്ന് പറയുന്നത്. വളരെ ക്ഷീണിച്ച നിലയിലാണ് അതിന്റെ നില്‍പ്പ്. ഈ ദുര്‍ബല നേതൃത്വം എങ്ങനെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ്? 18 യുവാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി അവരെ ഭീകരമായ രീതിയില്‍ പിടിച്ചുകൊണ്ടുപോയിട്ടും ഒന്നും മിണ്ടാകാനാകാതെ നില്‍ക്കുകയല്ലേ സമുദായം? ഇതിന്റെയൊക്കെ പിന്നില്‍ നടക്കുന്ന ആസൂത്രണങ്ങളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും മുസ്‌ലിം സമുദായത്തിന് വേണ്ടത്ര ധാരണയില്ല. മുസ്‌ലിം സമുദായത്തിനെതിരെ ഇത്തരം ഗൂഢാലോചനകള്‍ നടത്തുന്നവര്‍ വിചാരിക്കുന്നത് തങ്ങള്‍ വലിയൊരു ദേശസ്‌നേഹ പ്രവര്‍ത്തനത്തിലേര്‍പ്പിട്ടിരിക്കുകയാണെന്നാണ്. പക്ഷേ സ്വന്തം ദേശത്തിന് വളരെ ദ്രോഹകരമായിത്തീരുന്ന ഒരു പ്രവൃത്തിയിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നതാണ് വാസ്തവം. മുസ്‌ലിം നേതൃത്വത്തിന് രണ്ട് കാര്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്. ഒന്ന്, സമൂഹത്തെ ഈ പീഡാനുഭവങ്ങളില്‍ നിന്ന് രക്ഷിക്കുക. രണ്ട്, സൗഹൃദം നടിക്കുന്ന ശത്രുക്കളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക.
(ദഅ്‌വത്ത് ത്രൈദിനം, 13/09/2012).

വിവ: അശ്‌റഫ് കീഴുപറമ്പ്‌
 

Related Articles