Current Date

Search
Close this search box.
Search
Close this search box.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റും സംഘ പരിവാര്‍ പ്രതികരണവും

കോണ്ഗ്രസ്സും സഖ്യ കക്ഷികളും ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കുന്നു. അര്‍ണബ് ഗോസ്വാമിയുടെ നേരെയുള്ള ആക്രമണം വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ നാലാം തൂണിനെ നശിപ്പിക്കാനുള്ള നഗ്നമായ ശ്രമവും വ്യക്തിയുടെ അവകാശത്തില്‍ കൈകടത്തലുമാണ്. ഇത് അടിയന്തിരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്നു. സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിന് എതിരെയുള്ള ആക്രമണത്തെ ശകതിയായി അപലപിക്കുന്നു”. പ്രസ്താവന വായിച്ചപ്പോള്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവസാനം ആളെ വായിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. മറ്റാരുമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി സാക്ഷാല്‍ അമിത് ഷായുടെ വാക്കുകളാണ് നാം വായിച്ചത്.

തീര്‍ന്നില്ല കേന്ദ്ര മന്ത്രിമാരുടെ ഒരു നിര തന്നെ അറസ്റ്റിനെ അപലപിച്ചു രംഗത്ത്‌ വന്നു. പ്രകാശ് ജാവേദ്കര്‍, സ്മൃതി ഇറാനി പോലുള്ള പ്രമുഖര്‍ അതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പത്രപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്ക് കണക്കില്ല. സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും പീഡിപ്പിക്കപ്പെട്ടവരും കുറവല്ല. അവസാനമായി മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍ വരെ നമ്മുടെ മുന്നിലെ ഉദാഹരണം മാത്രം.

എന്ത് കൊണ്ട് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് സംഘ പരിവാറിനെ വേദനപ്പിക്കുന്നു എന്ന് ചോദിച്ചാല്‍ “ കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞ്” എന്ന ചൊല്ലിനെ അതോര്‍മ്മിപ്പിക്കും. തികച്ചും ഒരു ക്രിമിനല്‍ കേസിലാണ് അദ്ദേഹവും മറ്റു മൂന്ന് പേരും അറസ്റ്റ് ചെയ്യപ്പെട്ടത്. അതില്‍ രാഷ്ട്രീയം അശേഷമില്ല. ആര്‍ക്കിടെക്റ്റ് ആന്‍വെ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് ഈ അറസ്റ്റിനു നിദാനം. അവരുടെ കമ്പനിക്കു ഇവര്‍ നല്‍കാനുള്ള കുടിശ്ശിക നല്‍കിയില്ല എന്ന കാരണത്താല്‍ അവര്‍ക്ക് ജീവന്‍ കളയേണ്ടി വന്നു. ആ വിവരം എഴുതി വെച്ചാണ് നായിക്കും അമ്മയും ആത്മഹത്യ ചെയ്തത്.

Also read: പരോപകാരം പ്രധാനം; പക്ഷെ നന്ദി പ്രതീക്ഷിക്കരുത്

2019 ല്‍ ഈ കേസ് തെളിവുകളില്ല എന്ന പേരില്‍ Raigad Police കോടതിയുടെ മുന്നില്‍ അവസാനിപ്പിച്ചിരുന്നു. ഇക്കൊല്ലം മെയില്‍ നായിക്കിന്റെ മകള്‍ Adnya Naik മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ മുന്നില്‍ ഒരു ഹരജിയുമായി പോയിരുന്നു. അവിടെ നിന്നാണ് ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്. അതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റും നടക്കുന്നത്. നല്‍കാനുള്ള പണം കൃത്യ സമയത്ത് നല്‍കിയിരുന്നെങ്കില്‍ പിതാവ് മരിക്കുമായിരുന്നില്ല എന്നാണു മകള്‍ പറയുന്നത്. അത് കൊണ്ടു തന്നെ തന്റെ അച്ഛന്റെ മരണത്തിനു ഉത്തരവാദിത്തം മേല്‍ പറഞ്ഞ മൂന്നു പേര്‍ക്കാണ് എന്നവര്‍ ഉറപ്പിച്ചു പറയുന്നു.

രാഷ്ട്രീയ പ്രേരിതം എന്ന് പറയാന്‍ കഴിയുന്ന ഒന്നും ഈ കേസില്‍ കാണുക സാധ്യമല്ല. ഒരാളുടെ അവകാശം നല്‍കാതെ അത് തടഞ്ഞുവെച്ചു എന്നതാണ് കുറ്റം. അതെങ്ങിനെ മന്ത്രി പറഞ്ഞത് പോലെ ജനാധിപത്യത്തിനു എതിരാകുന്നു. അതെങ്ങിനെ നാലാം തൂണിനെ ബാധിക്കുന്നു?. അതെ സമയം സംഘ പരിവാര്‍ പല ക്രൂരതക്ക് മുന്നിലും മൌനികളായിരുന്നു. ഫാസിസത്തിനെതിരെ ശബ്ദിച്ചു എന്നതിന്റെ പേരില്‍ എത്രയോ എഴുത്തുകാരെ ഇല്ലാതാക്കിയ നാടാണ് നമ്മുടേത്‌. കല്‍ബുര്‍ഖി, ഗോവിന്ദ് പന്‍സാരെ, നരേന്ദര്‍ ദാബോല്‍ക്കാര്‍, ഗൗരി ലങ്കേഷ് ………. അവസാനിക്കാത്ത പേരുകള്‍ ഇനിയും ധാരാളം. അന്നൊന്നും ഒരു മന്ത്രിയും ഇന്നത്തെ പോലെ പ്രതികരിച്ചു കണ്ടില്ല.

അര്‍ണബ് ഗോസ്വാമി അടുത്ത കാലത്ത് വാര്‍ത്താ മാധ്യമ രംഗത്ത്‌ സംഘ പരിവാറിന്റെ ശബ്ദമാണ്. സംഘ പരിവാരിനു അനുകൂലമായി കാര്യങ്ങള്‍ കൊണ്ട് പോകുന്നതില്‍ അദ്ദേഹം തന്റെ വൈദഗ്ദ്യം പ്രകടമാക്കിയിരുന്നു. ഇസ്ലാമോഫോബിയയുടെ ഇന്ത്യന്‍ പ്രചാരകന്‍ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇടതു പക്ഷ വിരുദ്ധതയും അദ്ദേഹം സൂക്ഷിച്ചിരുന്നു എന്നതിനാല്‍ കേരളത്തെയും അദ്ദേഹം വെറുതെ വിട്ടില്ല . “ The nation wants to know” എന്ന മുദ്രാവാക്യം അദ്ദേഹം അങ്ങിനെയാണ് ഉപയോഗിച്ചത്. ദേശീയത ദേശസ്നേഹം എന്നിവയ്ക്ക് ഒരു അര്‍ണബ് രീതി തന്നെ അദ്ദേഹം കണ്ടു പിടിച്ചു. ഇന്ത്യന്‍ പത്ര ലോകത്ത് അര്‍ണബ് പ്രസരിപ്പിക്കുന്നത് ഒരു നിഷേധ പ്രവണതയാണ്. പല ചാനലുകളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം പുതിയ ചാനലുമായി രംഗത്ത്‌ വന്നത് തന്നെ വിവാദം കൊണ്ടാണ്. ശശി തരൂരിനെ കുറിച്ച പരാമര്‍ശങ്ങള്‍ അന്ന് വാര്‍ത്താ ലോകത്ത് നിറഞ്ഞു നിന്നിരുന്നു.

Also read: മുസ് ലിം ഭവനത്തിലെ സാമ്പത്തികശാസ്ത്രം

ദേശീയ മാധ്യമങ്ങളെ പൂര്‍ണമായി തന്നെ എന്ന് പറയാന്‍ കഴിയുന്ന രീതിയില്‍ സംഘ പരിവാര്‍ കയ്യടക്കിയിരിക്കുന്നു. അതിനു ചുക്കാന്‍ പിടിക്കാന്‍ ഒരാള്‍ എന്നതു കൊണ്ടാണ് അര്‍ണബ് സംഘ പരിവാരിനു പ്രിയപ്പെട്ടവനാകുന്നത്. അടുത്തിടെ ചാനലിന്റെ rating ങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വിവാദത്തില്‍ അദ്ദേഹം പെട്ടിരുന്നു. രാജ്യത്തെ ജനങ്ങളും എഴുത്തുകാരും കൊല്ലപ്പെടുകയും പീടിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ നിസ്സംഗത കൈകൊണ്ടിരുന്ന ഭരണ വര്‍ഗം അവരില്‍ ഒരാളെ തൊട്ടപ്പോള്‍ എത്ര വേഗമാണ് പ്രതികരിച്ചത് എന്നതാണ് ഇതിലെ അത്ഭുതം. മാധ്യമ ലോകത്ത് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ നിഷ്കരുണം ചവിട്ടി താഴ്ത്തുന്ന ലോകത്ത് സംഘ പരിവരിനു ശബ്ദം ലഭിക്കാന്‍ അവരുടെ വളര്‍ത്തു മകനെ തന്നെ പിടികൂടെണ്ടി വന്നു എന്നതാണ് ഇതില്‍ എടുത്ത് പറയേണ്ട കാര്യം.
ഇതൊരു സിവില്‍/ ക്രിമിനല്‍ കേസാണ്. അതില്‍ അര്‍ണബിന്റെ റോള്‍ എന്തെന്ന് അറിയാന്‍ ലോകത്തിനു താല്പര്യമുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ “ രാജ്യം അത് അറിയാന്‍ ആഗ്രഹിക്കുന്നു”. പക്ഷെ ഒരു അറസ്റ്റില്‍ കൂടുതല്‍ മറ്റൊന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വര്‍ത്തമാന സത്യം. ആടിനെ പട്ടിയാക്കുന്ന പ്രവണത ഇന്ത്യന്‍ മാധ്യമ രംഗത്തിനു ഒരു അലങ്കാരമാക്കുന്നതില്‍ അര്‍ണബിന്റെ പങ്ക് എന്നും വലുതാണ്‌. അത് കൊണ്ട് തന്നെയാണ് സാക്ഷാല്‍ അമിത് ഷാ തന്നെ ആദ്യം രംഗത്ത്‌ വന്നതും.

Related Articles