Current Date

Search
Close this search box.
Search
Close this search box.

അയാള്‍ മരിച്ച ദിവസം അള്‍ജീരിയക്കാര്‍ ഉച്ചത്തില്‍ പറഞ്ഞത്!

എവിടെയാണ് ജനിച്ചതെന്ന് കൃത്യമായി അറിയില്ല. ചരിത്രകാരന്മാര്‍ പറയുന്നത് മൊറോക്കോയിലെ വജ്ദയിലാണെന്നാണ്. അത് 1937ലായിരുന്നു. 1956ല്‍, പത്തൊമ്പതാമത്തെ വയസ്സില്‍ എന്‍.എല്‍.എയുടെ (National Liberation Army) സൈനിക വിഭാഗമായ എഫ്.എല്‍.എന്നില്‍ (National Liberation Front) ചേര്‍ന്നതായി പറയപ്പെടുന്നു. അതേസമയം, ഫ്രാന്‍സിനെതിരായ യുദ്ധത്തിന്റെ ഭാഗമായി നിലകൊണ്ടതായും അടയാളപ്പെടുത്തുന്നുണ്ട്. അള്‍ജീരിയന്‍ മുന്‍ പ്രസിഡന്റ് ഹവാരി ബൂമദീനിന്റെ ആശ്രിതനായാണ് രാഷ്ട്രീയത്തില്‍ ചുവട് വെക്കുന്നത്. ഇതായിരുന്നു അബ്ദുല്‍ അസീസ് ബൂതഫ്ലിക്കയുടെ തുടക്കം. 1962ല്‍ അള്‍ജീരിയക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭരണത്തിലേറിയെ നേതൃത്വങ്ങളില്‍ ആ ചെറുപ്പക്കാരനുമുണ്ടായിരുന്നു. പിന്നീട് രാഷ്ടീയക്കളത്തില്‍ പ്രധാന കളിക്കാരനായി നിലമുറപ്പിച്ചു. കോളനിവാഴ്ച അവസാനിച്ച ആദ്യത്തെ അള്‍ജീരിയന്‍ ഭരണത്തില്‍ യുവജന, കായിക മന്ത്രിയായിരുന്നു. അടുത്ത വര്‍ഷം, 26-ാം വയസ്സില്‍ വിദേശകാര്യ മന്ത്രിയുമായി. ഒരുപക്ഷേ, ഈയൊരു പ്രായത്തില്‍ വിദേശകാര്യ മന്ത്രി സ്ഥാനം അലങ്കരിക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയായിരിക്കും ബൂതഫ്ലിക്ക. അധികാരത്തിന്റെ പടികള്‍ ചവിട്ടി ഈ ചെറുപ്പക്കാരന്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. അറേബ്യന്‍ രാഷ്ടീയത്തിലും ചേരിചേരാ പ്രസ്ഥാനത്തിലും (Non-Aligned Movement) സുപ്രധാന സാന്നിധ്യമായി മാറുകയായിരുന്നു. 1974ല്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ യാസര്‍ അറഫാത്തിനെ ബൂതഫ്ലിക്ക സ്വീകരിച്ചു. ലോകവ്യാപകമായുള്ള പുതിയ സ്വതന്ത്ര രാഷ്ട്രങ്ങള്‍ ബൂതഫ്‌ലിക്കയെന്ന വ്യക്തിയെ ആദരവോടെ നോക്കിനിന്നു. യൂറോപിലും അപ്രകാരം തന്നെയായിരുന്നു. സൗന്ദര്യപൂര്‍ണമായ മനോഹരമായ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹത്തെ മികച്ച നയതന്ത്രജ്ഞന്‍ (Dandy diplomat) എന്നാണ് പാശ്ചത്യരാഷ്ട്രങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

1978ല്‍ അപൂര്‍വ രക്ത രോഗം ബാധിച്ച് ഹവാരി ബൂമദീന്‍ മരണമടഞ്ഞു. ഈയൊരു ശൂന്യത നികത്താന്‍ ആശ്രിതനായ ബൂതഫ്ലിക്ക രംഗപ്രവേശം ചെയ്യേണ്ടതായിരുന്നെങ്കിലും, സൈനിക പിന്തുണയുണ്ടായിരുന്ന പ്രതിരോധ മന്ത്രി ശാദുലി ബിന്‍ ജദീദ് അധികാരത്തിലേക്ക് ഓടിക്കയറി 1979 ഭരണം പിടിച്ചെടുത്തു. ഇതിലൂടെ രാഷ്ട്രീയ മണ്ഡലത്തില്‍നിന്ന് ബൂതഫ്ലിക്ക പുറന്തള്ളപ്പെടുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അള്‍ജീരിയന്‍ എംബസിയില്‍നിന്ന് 23 മില്യണ്‍ ഡോളറിലധികം തട്ടിയെടുത്തതിന്റെ പേരില്‍ ബൂതഫ്ലിക്ക ശിക്ഷിക്കപ്പെട്ടു. തന്റെ മന്ത്രാലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനാണ് പണം എടുത്തുവെച്ചതെന്ന് ഡിഫന്‍സില്‍ അദ്ദേഹം വാദിച്ചു. മാപ്പ് നല്‍കപ്പെട്ടുവെങ്കിലും, സ്വിറ്റ്സര്‍ലന്റിലും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി രണ്ട് ദശാബ്ദക്കാലം അദ്ദേഹം ആഡംബര പ്രവാസത്തില്‍ കഴിഞ്ഞു. ഇക്കാലത്ത് വലിയ സമ്പന്നനാകാന്‍ സാധിച്ചു. 1999ല്‍ സൈനിക പിന്തുണയോടെ അള്‍ജീരിയന്‍ രാഷ്ട്രീയത്തിലേക്ക് ബൂതഫ്ലിക്ക തിരിച്ചെത്തുകയാണ്. ഈ സമയം അള്‍ജീരിയന്‍ ജനത കറുത്ത ദശക (Black decade) ഓര്‍മകളില്‍നിന്ന് മുക്തമായിരുന്നില്ല. സര്‍ക്കാറും വിമതരും തമ്മില്‍ ഏറ്റുമുട്ടിയ ആഭ്യന്തര യുദ്ധത്തില്‍ 150000 പേര്‍ കൊല്ലപ്പെട്ട ഇരുണ്ട ഓര്‍മകളാണ് അള്‍ജീരിയക്കാര്‍ക്ക് കറുത്ത ദശകം. ബൂതഫ്ലിക്കയുടെ തിരിച്ചുവരവ് വലിയ വിജയത്തിന്റെ തെളിച്ചമായിരുന്നു. 1999ല്‍ 74 ശതമാനം വോട്ടുനേടി ബൂതഫ്ലിക്ക അള്‍ജീരിയയുടെ പ്രസിഡന്റായി. അധികാരത്തിലേറി അഞ്ച് മാസത്തിന് ശേഷം, ആയുധം താഴെവെക്കാന്‍ ആഗ്രഹിക്കുന്ന വിമതര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന സമാധാന കരാറിന് (Law of Civil Concord) വേണ്ടി അഭിപ്രായ വോട്ടെടുപ്പ് നടത്തി. ഇത് പുതിയ പ്രസിഡന്റിന്റെ വലിയ ജനപിന്തുണ അടയാളപ്പെടുത്തുകയായിരുന്നു. ഈ നിയമത്തെ അനുകൂലിച്ച് 98 ശതമാനത്തിലധികമാണ് വോട്ട് ചെയ്തത്. അതുപോലെ, തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിന് (War on terror) പിന്തുണ നല്‍കിയതിന്റെ പേരിലും ബൂതഫ്ലിക്കയുടെ ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിച്ചു.

സൈനിക, അന്താരാഷ്ട്ര പിന്തുണയോടെ ബൂതഫ്ലിക്ക 2004ലും 2009ലും എളുപ്പത്തില്‍ ഉന്നത വിജയം സാധിച്ചെടുത്തു. പ്രസിഡന്റ് കാലാവധിയുടെ നിയന്ത്രണം നീക്കിയ 2008ലെ ഭരണഘടനാ ഭേദഗതിയിലൂടെ മൂന്നാമത്തെയും നാലമത്തെയും തെരഞ്ഞെടുപ്പ് വിജയം അദ്ദേഹം സുനിശ്ചിതമാക്കി. ബൂതഫ്ലിക്കക്ക് അധികാര തുടര്‍ച്ചക്ക് രാഷ്ട്രീയ ഭൂമികയില്‍ അടിച്ചമര്‍ത്തല്‍, പക്ഷപാതിത്വം, വോട്ട് വാങ്ങല്‍ തുടങ്ങിയ നാനാവിധ തന്ത്രങ്ങള്‍ മെനയേണ്ടതായി വന്നു. 2011ല്‍ അറബ് വസന്തത്തിന്റെ ജ്വാല രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കെ, സമ്മര്‍ദ്ദത്തിന് വഴങ്ങി 19 വര്‍ഷം നീണ്ടുനിന്ന അടിയന്തിരാസ്ഥ അദ്ദേഹം എടുത്തുകളഞ്ഞു. മേഖലയില്‍ വ്യാപിക്കുന്ന അറബ് വസന്ത പ്രതിഷേധത്തെ പൊലീസിനെ നിരത്തില്‍ ഇറക്കി പ്രതിരോധിക്കാനും ബൂതഫ്ലിക്കക്ക് കഴിഞ്ഞു. അറബ് വസന്തത്തെ ബൂതഫ്ലിക്ക അതിജീവിച്ചത് പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒന്ന്, രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നത് തടയാന്‍ തനിക്ക് മാത്രമേ കഴിയൂ എന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ ബൂതഫ്‌ലിക്കയുടെ ഭരണകൂട പ്രചരണങ്ങള്‍ക്ക് സാധിച്ചു. രണ്ട്, എണ്ണ വരുമാനത്തിലൂടെ ബൂതഫ്ലിക്കയുടെ സര്‍ക്കാറിന് സബ്സിഡികളും സഹായങ്ങളും കൂടുതല്‍ നല്‍കി ജനതയെ പ്രീണിപ്പിക്കാനും കഴിഞ്ഞു.

ബൂതഫ്ലിക്കയുടെ ഭരണം അഴിമതി നിറഞ്ഞ രാജ്യത്തെയാണ് ജനതക്ക് സമ്മാനിച്ചത്. ഭരണകാലത്ത് എണ്ണ വില വര്‍ധിച്ചെങ്കിലും, രാജ്യവും എണ്ണ സമ്പത്തും വികസിക്കുന്നതിന് പകരം അഴിമതി വ്യാപിക്കുകയായിരുന്നു. 2014ലെ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി ധാരണ സൂചികയില്‍ (Transparency International’s Corruption Perceptions Index) 175 രാഷ്ട്രങ്ങളില്‍ 100-ാം സ്ഥാനത്താണ് അള്‍ജീരിയയുള്ളത്. പ്രസിഡന്റ് ബൂതഫ്ലിക്കയുടെ ഭരണ കാലത്ത് എണ്ണ സമ്പന്നമായ രാഷ്ട്രം അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വികസിക്കുന്നതോടൊപ്പം വ്യാപകമായ അഴിമതി ആരോപണങ്ങളാലും വികസിക്കുകയായിരുന്നു. 2006ലാണ് ഈസ്റ്റ്-വെസ്റ്റ് ഹൈവേയുടെ നിര്‍മാണം ആരംഭിക്കുന്നത്. തുനീഷ്യയും മൊറോക്കോയുമായുള്ള അള്‍ജീരിയയുടെ അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന ഹൈവേക്ക് തുടക്കത്തില്‍ നിര്‍മാണ ചെലവായി കണ്ടിരുന്നത് ഏഴ് ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, പിന്നീടത് 13 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തട്ടിപ്പ് നടന്നുവെന്നത് വ്യക്തമായ സാഹചര്യത്തില്‍, അള്‍ജീരിയന്‍ കോടതി 2015ല്‍ 14 പേര്‍ക്ക് തടവ് വിധിക്കുകയും, ഏഴ് വിദേശ സ്ഥാപനങ്ങള്‍ പിഴ ചുമത്തുകയും ചെയ്തു. നൂറ്റാണ്ടിന്റെ പദ്ധതിയെന്ന് (Project of the century) വിശേഷിപ്പിക്കപ്പെട്ടത് നൂറ്റാണ്ടിന്റെ അഴിമതിയായാണ് (Scandal of the century) അവസാനിച്ചത്.

2013 ഏപ്രിലില്‍ ബൂതഫ്‌ലിക്കക്ക് ചെറിയ സ്‌ട്രോക്ക് അനുഭവപ്പെടുകയും, അത് സംസാരത്തെ ബാധിക്കുകയും ചെയ്തു. തുടര്‍ന്ന് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായി. അഞ്ചാം തവണയും ജനവിധി തേടാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടെ വ്യാപക പ്രതിഷേധം ഉയരുകയും, 2019 ഏപ്രിലില്‍ രാജിവെക്കുകയുമായിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ഹിറാക് ജനാധിപത്യ പ്രസ്ഥാനമായിരുന്നു. പ്രത്യേക ചിന്താധാരയോ രാഷ്ട്രീയ പദ്ധതിയോ ഇല്ലാതെ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ചുവടുവെച്ച അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്ക പണത്തിന്റെയും അധികാരത്തിന്റെയും പ്രത്യയശാസ്ത്രത്തെ പിന്നീട് പുല്‍കുകയായിരുന്നു. ദീര്‍ഘകാലം ഭരണത്തിലുണ്ടായിരുന്ന ബൂതഫ്‌ലിക്ക തന്റെ താല്‍പര്യത്തില്‍ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യം നല്‍കിയിരുന്നില്ല. ആരോഗ്യ നില മോശമായിരുന്ന ബൂതഫ്‌ലിക്ക സെപ്റ്റംബര്‍ 17ന് വെള്ളിയാഴ്ച എല്ലാം അവസാനിപ്പിച്ച് 84-ാം വയസ്സില്‍ ഇഹലോകം വെടിഞ്ഞു. അദ്ദേഹത്തിന്റെ മരണം സമൂഹത്തിന് ബാക്കിവെച്ചതെന്താണെന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. തന്റെ മുന്‍ഗാമികളെയും സ്വാതന്ത്രസമര പോരാളികളെയും മറമാടിയ തലസ്ഥാനമായ അള്‍ജിയേഴ്‌സിന് കിഴക്കുള്ള അല്‍ഉല്‍യാ സെമിത്തേരിയില്‍ അദ്ദേഹം ഇപ്പോള്‍ വിശ്രമിക്കുമ്പോള്‍, രാജ്യത്തെ പച്ചക്കറിക്കാരനായ റബാഹ് പറയുന്നു; അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ, രാജ്യത്തിന് ഒന്നും ചെയ്യാത്തതിനാല്‍ അദ്ദേഹം ആദരാജ്ഞലി അര്‍ഹിക്കുന്നില്ല..!

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles