Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ഭരണത്തിനും പ്രതികരണത്തിനും മധ്യേ

efgty.jpg

ഭരണഘടനാ കോടതി ഒരുമിച്ച് കൂടിയ സമയത്ത് അതിന്റെ മുന്നില്‍ തടിച്ച്കൂടിയ രോഷാകുലരായ ജനക്കൂട്ടത്തെ കാണുന്ന ഒരാള്‍ക്കുണ്ടാവുന്ന അസ്വസ്ഥതയും, പരിഭ്രമവും മറച്ച് വെക്കാന്‍ കഴിയാത്തതാണ്. ചുരുങ്ങിയപക്ഷം രണ്ട് വിഷയങ്ങളില്‍ വാദം കേള്‍ക്കാനായിരുന്നു അന്ന് സഭ കൂടിയിരുന്നത്. കൂടിയാലോചനാ സമിതിയും, ഭരണഘടനാ നിര്‍മാണസമിതിയും നിരോധിക്കുകയെന്നായിരുന്നു അവ. പ്രസ്തുത വിഷയത്തില്‍ നമ്മുടെ അഭിപ്രായം എന്ത് തന്നെയായിരുന്നാലും, പ്രകടനത്തിന്റെ സ്വരം ഉപരോധത്തിന്റെയും, പ്രതിഷേധത്തിന്റെയും, ഭീഷണിയുടേതുമായിരുന്നു. ഏതായിരുന്നാലും ഈയര്‍ത്ഥത്തിലുള്ള സന്ദേശക്കൈമാറ്റം തീര്‍ത്തും വിമര്‍ശിക്കപ്പെടേണ്ട, പ്രബുദ്ധ സമൂഹത്തിന് ഒരു നിലക്കും യോജിക്കാത്ത എന്നല്ല കലാപരാഷ്ട്രീയത്തോട് ചേര്‍ന്ന ഒന്നാണ്. അന്നേദിവസം രാവിലെ പ്രസ്തുത രംഗങ്ങള്‍ കണ്ട എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. ഭരണഘടനാ കോടതിയെ ആദരവോടും, ബഹുമാനത്തോടും കൂടിയാണ് സമീപിക്കേണ്ടത് എന്ന് വിശ്വസിക്കുന്നവരിലാണ് ഞാന്‍. എന്നല്ല നൈല്‍ നദിയിലേക്ക് എത്തിനോക്കുന്ന അതിന്റെ കെട്ടിടത്തിന് മുന്നിലൂടെ നടക്കുമ്പോള്‍ വിനയവും, താഴ്മയും പ്രകടിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ തന്നെ അതിന്റെ മുന്നില്‍ നടന്ന പ്രകടനങ്ങളും, അതിനെ വിലകുറച്ച് കണ്ടതും ഒരു തരത്തിലുള്ള അവഹേളനവും, അതിക്രമവുമായാണ് എനിക്ക് തോന്നിയത്. അവ കേവലം അപലപിക്കപ്പെടുക മാത്രമല്ല, അത്രത്തോളം പ്രവര്‍ത്തിക്കാന്‍ മാത്രം പ്രതിഷേധക്കാരെ പ്രാപ്തമാക്കിയതിന്റെ പിന്നിലെ ചേതോവികാരത്തെക്കുറിച്ച് അപഗ്രഥനം കൂടി നടത്തേണ്ടിയിരിക്കുന്നു.

ഏതാനും ദിവസങ്ങളായി ഈജിപ്തിലുള്ള പൊതുവായ അന്തരീക്ഷത്തിന്റെ ഭാഗം തന്നെയാണ് അന്ന് ഭരണഘടനാ കോടതിക്ക് മുന്നില്‍ കണ്ട പ്രകടനമെന്ന് എനിക്കറിയാം. എന്നല്ല, അവഹേളനത്തിനും, തോന്നിവാസത്തിനും മുന്നിട്ടിറങ്ങിയ ഏതാനും പേരുടെ പ്രവര്‍ത്തനത്തിന്റെ പ്രതിധ്വനിയാണത്. സ്വാതന്ത്ര്യചത്വരത്തിലും മറ്റ് പ്രദേശങ്ങളിലും ഒരുമിച്ച് കൂടുകയും പ്രസംഗപീഠങ്ങളിലും മറ്റും അശ്ലീലതയും, ശകാരവും ചൊരിയുന്ന പദങ്ങളും, മുദ്രാവാക്യങ്ങളും വിളിച്ച് പറയലുമായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യഏര്‍പ്പാട്. അതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് പുറത്ത് വിട്ട ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രതിപക്ഷം നടത്തിയ സംവാദപ്രോഗ്രാമുകളും, പത്രപ്രസ്താവനകളും അവഹേളനവും, ഭരണകൂടനിന്ദയും കൊണ്ട് നിബിഢമായിരുന്നു. എന്നല്ല, ഈജിപ്തിന്റെ പ്രസിഡന്റ് മാനസികരോഗിയാണെന്നും, ഉത്തരവാദിത്ത നിര്‍വഹണത്തിന് പറ്റിയവനല്ലെന്നുമാണ് അഹ്മദ് ശഫീഖിനോട് കൂറ് പുലര്‍ത്തുന്ന ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തെറിവിളികളും, ആക്ഷേപങ്ങളും, ശകാരങ്ങളും കൊണ്ട് മുഖരിതമാണ് അന്തരീക്ഷം. അവര്‍ സ്വീകരിച്ച വൃത്തികെട്ട അധമ ഭാഷയുടെ സ്വാധീനം ചില ജഡ്ജുമാരുടെ പ്രസ്താവനകളിലും നാം കാണുകയുണ്ടായി. നാവിന്റെ പവിത്രതയും, വിനയവും അഴിച്ച് വെച്ച പ്രയോഗങ്ങളായിരുന്നു അവര്‍ നടത്തിയിരുന്നത്. പ്രസ്തുത പ്രസ്താവനകള്‍ സംസാരത്തിന്റെ സാമ്പ്രദായിക നിലവാരത്തില്‍ തകര്‍ച്ചയുണ്ടാക്കിയെന്ന് മാത്രമല്ല, അത് നടത്തിയ ജഡ്ജുമാരുടെ മുഖം വികൃതമാകാനും അത് വഴിവെച്ചു. തങ്ങള്‍ തീര്‍ച്ചയായും അകന്ന് നില്‍ക്കേണ്ടിയിരുന്ന പോരാട്ടഗോഥയില്‍ പ്രവേശിക്കുകയും, കാലിടറുകയും ചെയ്തപ്പോള്‍ ഇരുപത് ലക്ഷം യാത്രക്കാരുടെ ജീവന്‍ പണയപ്പെടുത്തി സ്വന്തം ആവശ്യപൂര്‍ത്തീകരണത്തിന് വിലപേശിയ മെട്രോ തൊഴിലാളികളെപ്പോലെ, ജഡ്ജുമാരും ഭരണഘടനാ പ്രഖ്യാപനം റദ്ദാക്കുകയെന്ന തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനായി രാഷ്ട്രത്തിലെ മറ്റെല്ലാ ജഡ്ജുമാരെയും ബലികഴിക്കുകയായിരുന്നു.

മോശമായ പ്രവര്‍ത്തനങ്ങളും, അസ്ഥിരതയും സൃഷ്ടിച്ച ഈ സമീപനങ്ങള്‍ കലാപം എന്ന നിര്‍വചനത്തില്‍ നിന്നും വളരെ അകലെയുള്ള കാര്യങ്ങളൊന്നുമല്ല. സ്വാതന്ത്ര ചത്വരത്തില്‍ തങ്ങളും പങ്കെടുത്തിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുഖേനെ ഓര്‍തൊഡോക്‌സ് ചര്‍ച്ചും അബദ്ധത്തില്‍ ഉള്‍ചേരുകയാണ് ചെയ്തത്. പ്രസംഗപീഠങ്ങളില്‍ നിന്നും ഉയര്‍ന്ന് കേട്ട എല്ലാ ഭോഷത്തരവും അതിനെയും ബാധിച്ചുവെന്നാണ് നമുക്ക് മനസ്സിലാവുന്നത്. 

അത്രതന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ പ്രകടനം ഭരണാനുകൂലികള്‍ നടത്തിയതും നാം കണ്ടു. പ്രസിഡന്റിന്റെ വസതിക്ക് നേരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധമാര്‍ച്ചിന് പകരം അവര്‍ ഭരണഘടനാ കോടതിക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പ്രസിഡന്റ് തന്റെ ഭരണഘടനാ പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പണിമുടക്കെന്ന പ്രതിപക്ഷത്തിന്റെ തീരുമാനത്തെ പ്രസിഡന്റ് ഭരണഘടനാകോടതി നിരോധിക്കുന്നത് വരെ ഉപരോധം എന്ന ആശയത്തിലൂടെ അവര്‍ നേരിട്ടു. സ്വാതന്ത്ര്യചത്വരത്തില്‍ പ്രസിഡന്റ്ിനെ തെറിയഭിഷേകം നടത്തിയതിന് പ്രതിപക്ഷ നേതാക്കളെ അവഹേളിച്ച് പകരം വീട്ടി.

അനുചിതമായ പ്രവര്‍ത്തനങ്ങളില്‍ ഇരുകൂട്ടരും ഒരുപോലെ ഏര്‍പെട്ടിരിക്കുന്നുവെന്ന് ചുരുക്കം. ഇരുപക്ഷവും ഉപയോഗിക്കുന്ന സമ്മര്‍ദ്ധത്തിന്റെയും, ഭീഷണിയുടെയും രീതികള്‍ സംഭവത്തിന് ശുഭപര്യവസാനമല്ലായിരിക്കും നല്‍കുക. എന്ത് കൊണ്ട് നമുക്ക് ജനാധിപത്യപരമായ മത്സരം നടത്തുകയും സമാധാനത്തിന്റെ പാളങ്ങള്‍ സ്ഥാപിക്കുകയും ചെയ്തുകൂടാ എന്നതാണ് എന്റെ സംശയം?
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 
 

Related Articles