Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ ഓട്ടയടക്കാനുള്ള ശ്രമം നഷ്ടപ്പെട്ടവ പുനസ്ഥാപിക്കുകയില്ല

കശ്മീരിനെ ദുരിതത്തിലേക്ക് തള്ളിയിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്തെങ്കിലും അവിടെ വരുത്തിയ നാശനഷ്ടങ്ങള്‍ പഴയപടിയാക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല.

കൂട്ടത്തോടെ തടവിലാക്കിയും അടിച്ചമര്‍ത്തലും നേരിട്ട പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വിശ്വാസ്യത കുറവാണ്.
കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, പാകിസ്ഥാനെ ഉപയോഗിക്കാനുള്ള അവരുടെ ഉത്സാഹവും മുസ്ലിം സമുദായത്തോടുള്ള വിരോധവും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുമായി കശ്മീരിനെ ഉപയോഗപ്പെടുത്തുന്നതിനാല്‍ അതിനെ മറ്റൊരു ഗതിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കാന്‍ നമുക്ക് മുന്നില്‍ ഒരു കാരണവുമില്ല.

മോദിയും കേന്ദ്രഭരണ നേതൃത്വവും കശ്മീരി നേതാക്കളും തമ്മിലുള്ള മൂന്നര മണിക്കൂര്‍ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ ചര്‍ച്ച അപൂര്‍ണ്ണമാണ്. എന്നാല്‍ പാര്‍ലമെന്റില്‍ അമിത് ഷാ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന കാര്യം അംഗീകരിക്കുന്നതായി യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തി നിര്‍ണയം നടത്തി ജമ്മുകശ്മീരില്‍ വോട്ടെടുപ്പ് നടത്തി സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

ജമ്മു കശ്മീരിനെ കേന്ദ്രം കളിപ്പാട്ടമായി കണക്കിലെടുക്കുമ്പോള്‍, ചില സംശയങ്ങള്‍ അനിവാര്യമാണ്, കാരണം പ്രധാനമന്ത്രി മോദിയുടെ ഗതിമാറ്റം എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ പോലും ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല. കേന്ദ്ര സര്‍ക്കാരും കശ്മീരിലെ രാഷ്ട്രീയ അഭിപ്രായവും തമ്മിലുള്ള അപകടകരമായ രാഷ്ട്രീയ നീക്കം പരിശോധിക്കേണ്ടതുണ്ട്. ജില്ലാ വികസന കൗണ്‍സിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും കശ്മീരിലെ ജനാധിപത്യത്തിന്റെ തുടക്കത്തിന് പുതിയ അര്‍ത്ഥം നല്‍കി എന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും ഇതിനോടൊപ്പം നിങ്ങള്‍ മുഖവിലയ്ക്കെടുക്കണം.

വ്യാഴാഴ്ചത്തെ യോഗത്തില്‍ സംസ്ഥാന രൂപീകരണത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തെക്കുറിച്ച് അതിരുകടന്ന അവകാശവാദമൊന്നും സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ല, കാരണം അക്കാര്യത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. അവിടെ നേരിട്ടുള്ള ഭരണം കേന്ദ്രത്തിന് വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. സുരക്ഷാ സേനയുടെ കനത്ത തിരിച്ചടി പോലെ തന്നെ കശ്മീരിലെ അക്രമവും അവസാനിച്ചിട്ടില്ല, തീവ്രവാദ ആക്രമണങ്ങളും തുടരുന്നു. കൂടുതല്‍ ഭയാനകമെന്നോണം, തദ്ദേശീയരെ സായുധസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് വേഗത്തില്‍ തുടരുന്നു.

മോദി-ഷാ കൂട്ടുകെട്ട് അവരുടെ ഭരണശൈലി അനുസരിച്ച് 2019 ഓഗസ്റ്റ് 5ന് ആദ്യമായി തങ്ങളുടെ പദ്ധതി നടപ്പാക്കി. അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പിന്നീട് അവര്‍ ചിന്തിക്കാന്‍ തുടങ്ങി, ഇപ്പോള്‍ അതില്‍ നിന്ന് അല്‍പ്പം പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍, സുപ്രീംകോടതി നിരവധി അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ഭയമാകാം.

രാഷ്ട്രപതി ആദ്യം പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കാതെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് ഭരണഘടനാപരമായ വഞ്ചനയാണെന്ന് ഓര്‍ക്കണം. 370 ഒഴിവാക്കുന്നതിന് ജമ്മു കശ്മീര്‍ നിയമസഭയിലാണ് ആദ്യം അവതരിപ്പിക്കേണ്ടത്. ഈ അസംബ്ലി തന്നെ പിരിച്ചുവിട്ടതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ കശ്മീര്‍ ജനതയ്ക്കും അവരുടെ പ്രതിനിധികള്‍ക്കും ഒന്നും പറയാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ ആണ് ഏകപക്ഷീയമായി തീരുമാനമെടുത്തത്.

കേന്ദ്രഭരണ പ്രദേശത്തിന്റെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ തരംതാഴ്ത്തുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നിയമനിര്‍മ്മാണസഭയിലെ ഒരു ജനതക്ക് കൈമാറുന്നതിനുപകരം അവരെ കബളിപ്പിക്കുക എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യ സംവിധാനത്തില്‍ തന്നെ അഭൂതപൂര്‍വമാണ്.

പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്നിന്റെ മൊത്തത്തിലുള്ള തെറ്റായ വായനയിലൂടെയാണ് ഇത് ചെയ്തത്. പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനങ്ങളെ വിഭജിക്കുന്നതിനും കൂട്ടിയോജിപ്പിക്കുന്നതിനും അവരുടെ പ്രദേശം കൂട്ടാനോ കുറയ്ക്കാനോ സംസ്ഥാനങ്ങളുടെ പേര് മാറ്റാനോ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 3.

എന്നാല്‍ ഒരു സംസ്ഥാനത്തെ എടുത്തുകളയാന്‍ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല. കൂടാതെ, ആര്‍ട്ടിക്കിള്‍ 3ല്‍ നിന്ന് ഉണ്ടാകുന്ന ഏത് ബില്ലിനും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അഭിപ്രായം കൂടി സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ നാം കണ്ടതു പോലെ നിയമസഭ പിരിച്ചുവിടുകയാണ് ഇവിടെ ചെയ്തത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഏതൊരു കേന്ദ്ര സര്‍ക്കാരിനും പ്രതിപക്ഷം ഭരിക്കുന്ന ഏതൊരു സംസ്ഥാനത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാനും തരംതാഴ്ത്താനും അനുവദിക്കുന്ന അപകടകരമായ ഒരു മാതൃകയാണ് പുതിയ വ്യാഖ്യാനത്തിലൂടെ കേന്ദ്രം ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെ കൂട്ടായ്മ കൊണ്ടാണ് ഇന്ത്യ വേറിട്ടു നില്‍ക്കുന്നത്. പൊതുനിയമം, പൊലിസ്, പൊതുആരോഗ്യം, കൃഷി, ജലവിഭവം, ആശയവിനിമയം എന്നിവയിലെല്ലാം സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലൂടെയാണ് അതിന്റെ നിലനില്‍പ്. 1990-1995 കാലഘട്ടത്തില്‍ ജമ്മു കശ്മീരില്‍ ഭരണഘടന സംവിധാനത്തിന് തകര്‍ച്ച സംഭവിച്ചില്ലെങ്കില്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമായിരുന്നില്ല.

2019 ല്‍, നമുക്കറിയാവുന്നതുപോലെ, ഭരണഘടനാപരമായ തകര്‍ച്ച ഉണ്ടായിരുന്നില്ല. 2018ല്‍ നിയമസഭ പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സംശയാസ്പദവും ശക്തവുമായ പ്രതിവിധിക്ക് പകരം പുതിയ തിരഞ്ഞെടുപ്പുകള്‍ തീര്‍ച്ചയായും നടക്കേണ്ടതായിരുന്നു. മോദി സര്‍ക്കാര്‍ പാകിസ്ഥാനുമായി നടത്തുന്ന ചില രഹസ്യ ചര്‍ച്ചകളില്‍ നിന്നാണ് കശ്മീരുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതെന്ന് സൂചിപ്പിക്കുന്ന ചര്‍ച്ചകളും സജീവമാണ്. പുല്‍വാമ ഭീകരാക്രമണ കാലഘട്ടത്തില്‍ ഇരു സര്‍ക്കാരുകളും തമ്മിലുള്ള സമ്പര്‍ക്കം ഇപ്പോഴും തുടരുകയാണ്, അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് ഈ മേഖല സുസ്ഥിരമാക്കാന്‍ അമേരിക്ക ഊന്നല്‍ നല്‍കിയിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ ചരിത്രം ന്യൂഡല്‍ഹിയുടേയും ശ്രീനഗറിന്റേയും ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്. വാസ്തവത്തില്‍ ചര്‍ച്ചകളിലേക്കുള്ള പ്രചാരണമെല്ലാം ഒരു ഭീകരാക്രമണത്തിന്റെ രൂപത്തില്‍ തിരിച്ചടിക്കാന്‍ ഇടയാക്കും. ഈ ഘട്ടത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ട, മുഖ്യധാരാ കശ്മീരി പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് വെല്ലുവിളിക്കാന്‍ സാധ്യതയില്ല.

ഒരു കോടതി വിധി വരാനുള്ള സാധ്യത കൂടാതെ, ഒരു പ്രത്യേക ഗതിയിലേക്ക് ഇങ്ങിനെ സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ കാരണമൊന്നുമില്ല. പുതിയ സംസ്ഥാന രൂപീകരണത്തിന് സമയപരിധികളൊന്നും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടില്ല, ഒന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പുനസ്ഥാപിച്ചേക്കും. ആര്‍ട്ടിക്കിള്‍ 370 നെ സംബന്ധിച്ചിടത്തോളം, അത് യാഥാര്‍ത്ഥ്യത്തെക്കാള്‍ നിഴലായിരുന്നു. ബി.ജെ.പിയുടെ സ്ഥാപക പിതാവ് ശ്യാമ പ്രസാദ് മുഖര്‍ജി ഇതിനെതിരെ പോരാടിയെങ്കിലും അത് ഇനി കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ടുവരാന്‍ സാധ്യതയില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സമ്പൂര്‍ണ്ണ അധികാരം ആസ്വദിച്ച മോദി സര്‍ക്കാര്‍ ദില്ലി പോലുള്ള പുതിയ ഹൈബ്രിഡ് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് രൂപം നല്‍കാനാണ് താല്‍പ്പര്യമെടുക്കുന്നത്. അതിന് സ്വന്തമായി നിയമസഭയുണ്ട്, പക്ഷേ കുറച്ച് അധികാരങ്ങളേ ഉള്ളൂ. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഇത്തരമൊരു രാക്ഷസത്വത്തിന് ഇടമില്ല. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ നിന്ന് പിന്തിരിപ്പിക്കുകയുമില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായോ ഭരണഘടനയുടെ നിര്‍മാണവുമായോ അതിന്റെ രാഷ്ട്രീയത്തിലും യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഭരണഘടനയുടെ മഹത്വവും ചൈതന്യവും അവരെ ആകര്‍ഷിക്കുന്നില്ല.

കശ്മീരികളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവരുടെ സ്വത്വത്തിനും അവകാശങ്ങള്‍ക്കുമായി പോരാടുകയും വില നല്‍കുകയും ചെയ്യുകയാണ്. നിലവിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ മോദിയും അമിത് ഷായും സംസ്ഥാനത്തെ അനുരഞ്ജനത്തിന്റെ പുതിയ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് സൂചിപ്പിക്കുന്ന ഒന്നും തന്നെയില്ല.

ചരിത്രത്തിലും ജീവിതത്തിലുമെന്നപോലെ, തിരിഞ്ഞു നടക്കല്‍ സാധ്യമല്ല. നിലവിലെ അവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നവര്‍ നിരാശരാകും എന്ന് മാത്രം. നിങ്ങള്‍ക്ക് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനായേക്കും എന്ന് മാത്രം.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles