Middle EastPolitics

40ാമത് ജി.സി.സി ഉച്ചകോടി: അനുരഞ്ജനത്തിന്റെ തുടക്കമോ ?

40ാമത് ജി.സി.സി ഉച്ചകോടിക്കുള്ള തയാറെടുപ്പിലാണ് ഗള്‍ഫ് രാഷ്ട്രതലവന്മാര്‍. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടു വര്‍ഷവും കഴിഞ്ഞ അവസരത്തില്‍ പ്രശ്‌നത്തില്‍ സാധ്യമായ പരിഹാരം ഉണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നത്. എന്നാല്‍, ഒരു ദിവസത്തെ ഉച്ചകോടികൊണ്ട് സാഹോദര്യ ബന്ധം പുന:സ്ഥാപിക്കുമെന്ന ഒരു പ്രഖ്യാപനം പ്രതീക്ഷിക്കുന്നില്ല. നിരവധി തടസ്സങ്ങള്‍ ഇവര്‍ക്കിടയില്‍ ഇനിയും പരിഹരിക്കാനുണ്ട്.

2017 ജൂണിലാണ് ഖത്തറിനെതിരെ തീവ്രവാദബന്ധം ആരോപിച്ച് സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് രാജ്യങ്ങള്‍ ചേര്‍ന്ന് സമ്പൂര്‍ണമായ ഉപരോധമേര്‍പ്പെടുത്തിയത്. ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞ് ഖത്തര്‍ നിരന്തരം രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും സമീപകാല സംഭവവികാസങ്ങള്‍ ഖത്തറും ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് കാണിക്കുന്നത്.

ഖത്തറുമായുള്ള നയതന്ത്ര വിള്ളല്‍ അവസാനിപ്പിക്കുന്നതിനായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി കഴിഞ്ഞ ഒക്ടോബറില്‍ സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നതായി കഴിഞ്ഞ മാസം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ഞങ്ങള്‍ പരസ്പരം ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചകള്‍ നമ്മുടെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിസന്ധിക്ക് അന്ത്യമാകുമെന്നും അല്‍താനി പറഞ്ഞു. അതുകൂടാതെ, ഖത്തറില്‍ വെച്ച് നടന്ന ഗള്‍ഫ് കപ്പില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ച സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ടീമുകള്‍ അവസാന നിമിഷം തീരുമാനം പിന്‍വലിക്കുകയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വ്യോമപാതയിലെ ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഈ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ ഖത്തറില്‍ ഇറങ്ങിയിരുന്നു. ഇതും അുരഞ്ജനത്തിലേക്ക് മാറുന്നതിന്റെ മറ്റൊരു അടയാളമാണ്.

നിയന്ത്രിത അനുരഞ്ജനം

നേരത്തെ യു.എ.ഇയില്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് ഇപ്പോള്‍ സൗദിയിലേക്ക് മാറ്റിയത്. ഖത്തര്‍ അമീറിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് സൗദി രാജാവ് കത്തയച്ചിരുന്നു. എന്നാല്‍ ഖത്തര്‍ പങ്കെടുക്കുമോ എന്നത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ സൗദിയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിന്റെ ഭാഗത്ത് നിന്നും വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ അഅദ് അല്‍ മുറൈഖിയാണ് പങ്കെടുത്തത്.

അല്‍ജസീറ അടച്ചുപൂട്ടുക,തുര്‍ക്കിഷ് മിലിട്ടറി ബേസ് അടക്കുക, ഇറാനുമായുള്ള ബന്ധം കുറക്കുക തുടങ്ങിയ 13 ആവശ്യങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വെച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ അനുരഞ്ജനത്തിലെത്തിയാല്‍ ഇവയെല്ലാം പരിമിതപ്പെടുത്തിയേക്കുമെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ അറബ് സെന്റര്‍ ഗവേഷണ തലവന്‍ ഇമാദ് ഹര്‍ബ് പറയുന്നത്. ഖത്തറുമൊത്ത് ഇടഞ്ഞു നില്‍ക്കാനും ഉപരോധം തുടരാനും സല്‍മാന്‍ രാജാവ് ആഗ്രഹിക്കുന്നില്ല. കാരണം ഇത് രാജ്യത്തിന്റെ പ്രതിഛായയെയും പ്രശസ്തിയെയും വ്രണപ്പെടുത്തുന്നുണ്ട്-ഹര്‍ബ് പറയുന്നു.

രണ്ടാമതായി, ഖത്തറുമായി പൂര്‍ണമായും അനുരഞ്ജനത്തിലെത്താന്‍ യു.എ.ഇ ഇപ്പോഴും വിമുഖത കാണിക്കുന്നു. കാരണം അവരുടെ നേതാക്കളുടെ പിടിവാശി തന്നെയാണ്. പ്രധാനമായും അവര്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടത് മുസ്ലിം ബ്രദര്‍ഡഹുഡുമായും തുര്‍ക്കിയുമായുള്ള ബന്ധം വിഛേദിക്കണമെന്നായിരുന്നു. എല്ലാ അംഗരാജ്യങ്ങളും പ്രതിസന്ധി ഘട്ടത്തിനിടയിലും പ്രാദേശിക സംഘടനയെ മുറുകെ പിടിക്കാനും നിലനിര്‍ത്താനും ഉദ്ദേശിക്കുന്നു. ഇനി ഒരു പ്രമേയത്തിലൂടെ അനുരഞ്ജനത്തിലെത്തിയാലും ജി.സി.സിയുടെ പ്രശസ്തിക്കും വിശ്വാസ്യതക്കും വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നതില്‍ നിന്നും ഒളിച്ചോടാന്‍ സാധിക്കില്ല. വിദേശകാര്യ നിരീക്ഷകനായ അബ്ദുല്ല ബഅബൂദ് പറഞ്ഞു.

ഇനി ജി.സി.സിയില്‍ വിശ്വാസവും ഐക്യവും നേടിയെടുക്കാന്‍ കുറച്ചു സമയവും കഠിനാധ്വാനവും വേണ്ടി വരും. അതിന്റെ നയങ്ങളിലും സ്ഥാപനങ്ങളിലും ചില പുനരവലോകനങ്ങളും വേണ്ടി വരും.

അവലംബം: www.aljazeera.com
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Show More
Close
Close