Current Date

Search
Close this search box.
Search
Close this search box.

സക്കരിയയുടെ ജയില്‍വാസത്തിന് പത്ത് വര്‍ഷം

പരപ്പനങ്ങാടിയിലെ സക്കരിയയുടെ ജയില്‍വാസത്തിന് പത്ത് വര്‍ഷം പൂര്‍ത്തിയാവുന്നു. 2008 ലെ ബംഗ്ലുരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 2009 ഫെബ്രുവരി അഞ്ചിനായിരുന്നു തിരൂരില്‍വെച്ച് പത്തൊമ്പത് വയസുള്ള സക്കരിയയെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ യു എ പി എ ചാര്‍ത്തി അറസ്റ്റ് ചെയ്തത്. വ്യാജ സാക്ഷിമൊഴികളും തെളിവുകളുമാണ് കര്‍ണാടക പോലിസ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്. സാക്ഷികള്‍ തന്നെ അത്തരം മൊഴികള്‍ നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. സകരിയയുടെ മോചനമാവശ്യപ്പെട്ടുകൊണ്ട് സകരിയയുടെ കുടുംബവും യുവജന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, സകരിയ്യയുടെ ജയില്‍വാസം, ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരെയുള്ള ചോദ്യചിഹ്നമായി ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.

സകരിയ മാത്രമല്ല, യു എ പി എ അടക്കമുള്ള ഭീകര നിയമങ്ങളില്‍പ്പെടുത്തി നിരവധി മുസ്‌ലിം ചെറുപ്പക്കാരും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലില്‍ കഴിയുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തരും അക്കൂട്ടത്തിലുണ്ട്. നൂറ് കണക്കിന് നിരപരാധികളെ അന്യായമായി ജയിലിലടക്കുകയും അവരുടെ ആയുസിനെ കാര്‍ന്ന് തിന്നുകയും മുസ്‌ലിം, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഭീകരനിയമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരണമെന്നാണ് സകരിയയുടെ പത്ത് വര്‍ഷത്തെ ജയില്‍ജീവിതം ആവശ്യപ്പെടുന്നത്.

കൂടാതെ, ഒരു പൊതുതെരഞ്ഞെടുപ്പിന്റെ മുമ്പിലാണ് രാജ്യം. ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും ധാരാളമായി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന ഭീകരനിയമങ്ങള്‍ക്കെതിരെ നിലപാടെടുക്കാനും അത്തരം നിയമങ്ങളുടെ ഇരകളാകുന്ന മുസ്‌ലിം, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളോട് ഐക്യപ്പെടാനും അവര്‍ക്ക് ബാധ്യതയുണ്ട്. പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഭീകരനിയമങ്ങള്‍ പ്രയോഗിക്കില്ലെന്നും അവ റദ്ദ് ചെയ്യുമെന്നും അവയ്ക്ക് വിധേയമായി തടവില്‍ കഴിയുന്നവരുടെ മോചനം എളുപ്പമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്വന്തം പ്രകടന പത്രികയില്‍ പ്രഖ്യാപിക്കുവാനും പ്രാവര്‍ത്തികമാക്കാനും തീര്‍ച്ചയായും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സന്നദ്ധമാവേണ്ടതുണ്ട്.

Related Articles