Current Date

Search
Close this search box.
Search
Close this search box.

ഹൈദരബാദ് പോലീസിനോട് 22 ചോദ്യങ്ങള്‍

പ്രിയ പോലീസ് കമ്മീഷണര്‍ക്ക്,
അടുത്തിടെ ഹൈദരാബാദിലുണ്ടായ ബോംബ് സ്‌ഫോടനത്തിനുത്തരവാദികള്‍ ഇന്ത്യന്‍ മുജാഹിദീനും ലശ്കറെ ത്വയ്യിബയുമാണെന്ന് പത്രപ്രവര്‍ത്തകര്‍ എന്നോട് പറയുകയുണ്ടായി. എന്നാല്‍ ആരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല എന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചതായി അതേ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വസനീയമായ പോലീസ് കേന്ദ്രങ്ങളില്‍ നിന്നല്ലാതെ ഇനിയും തീരുമാനിക്കപ്പെടാത്ത പേരുകള്‍ ഉപയോഗിച്ച്് മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തോന്നിപ്പോകുന്നത് ഇവര്‍ക്ക് എന്തോ അജണ്ടയുണ്ട് എന്നാണ്.

കഴിഞ്ഞ ഒരാഴ്ചയിലെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഞാന്‍ പരിശോധിച്ചപ്പോള്‍ സംശയിക്കപ്പെടുന്ന എല്ലാ വ്യക്തികളുടെയും സംഘടനയുടെയും പേരുകള്‍ മുസ്ലിം പേരുകള്‍. ഒരു പ്രത്യേക ഉദ്ദ്യേശത്തോടെയുളള രാഷ്ട്രീയ-ഭരണ-പോലീസ്-മാധ്യമ അവിശുദ്ധ കൂട്ടുകെട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കല്‍കൂടി മുസ്ലിംകള്‍ ടാര്‍ജറ്റ് ചെയ്യപ്പെടുകയാണ്. നേരത്തെ പറഞ്ഞ സൂചനകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മനസ്സിലാക്കാന്‍ സാധാരണയില്‍ കവിഞ്ഞ ബുദ്ധി ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ ഇന്ത്യയില്‍ ഇന്നു നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഷ ബുദ്ധിയുടെയും ലജ്ജയുടെയും നീതിയുടെയും സത്യത്തിന്റെയും അപര്യാപ്തത കാരണം ഏറ്റവും മോശമായിത്തീര്‍ന്നിരിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ സാര്‍ താങ്കളോട് ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.
1. തീവ്രവാദ ബന്ധമാരോപിച്ച് പിടിക്കപ്പെട്ട എണ്ണമറ്റ മുസ്ലിംകള്‍ നിരപരാധികള്‍ ആണെന്ന് ബോധ്യപ്പെട്ടിരിക്കെ, വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളുടെ തുറന്നുപറച്ചിലുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിരിക്കെ എന്തുകൊണ്ടാണ് മുസ്ലിംകളെ മാത്രം അന്വേഷണ വിധേയരായി മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്.
2. വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളുടെ തുറന്നുപറച്ചിലുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിരിക്കെ, അത്തരം തുറന്നു പറച്ചിലുകള്‍ക്ക് ശക്തമായ തെളിവുകള്‍ പിന്‍ബലം നല്‍കിയിരിക്കെ എന്തു കൊണ്ടാണ് ഒരു അമുസ്ലിം സഹോദരന്റെ പേരു പോലും സംശയിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഈ പത്രങ്ങള്‍ എടുത്തു കൊടുക്കാത്തത്.
3. ഇത്തരം സംഭവങ്ങളുടെ പേരില്‍ മുസ്ലിം സമൂഹത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്ന രീതിയില്‍ പത്രമാധ്യമങ്ങളും ചാനലുകളും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഏത് നിഗൂഢ കേന്ദത്തില്‍ നിന്നാണ് ഇവര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതല്ലേ എന്ന ചോദ്യം പോലീസ് ഏറ്റെടുക്കണം.
4. ഇത്തരം നിഗൂഢ കേന്ദ്രങ്ങളെക്കുറിച്ച്, എന്ത് വിവരങ്ങളാണ് അവരുടെ കയ്യിലുളളതെന്ന്, അതല്ല ഏതെങ്കിലും അര്‍ഥത്തില്‍ അവര്‍ ഇത്തരം സംഭവങ്ങളില്‍ പങ്കാളികളാണോ, അതുമല്ല പുകമറ സൃഷ്ടിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ തുടങ്ങി ചോദ്യങ്ങള്‍ക്ക് പോലീസ് മറുപടി പറയണം.
5. ഇത്തരം മാധ്യമങ്ങളുടെയും ചാനലുകളുടെയും ഉടമസ്ഥരും അവയെ നിയന്ത്രിക്കുന്നവരും ആരൊക്കെയെന്ന്് ഉറപ്പു വരുത്താന്‍ പോലീസിനു ബാധ്യതയുണ്ട്്. പ്രത്യേകിച്ച് അവര്‍ ബോധപൂര്‍വ്വം വലതു പക്ഷ ഹിന്ദുത്വ ഗ്രൂപ്പില്‍ നിന്നും അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിക്കുമ്പോള്‍.
6. സമൂഹത്തില്‍ മതകീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന രീതിയില്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ.
7. ഒരു എം.എല്‍.യുടെ പ്രഭാഷണം  സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മതകീയ വേര്‍തിരിവുകള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് നടപടിയെടുത്ത പശ്ചാത്തലത്തില്‍ ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല.
8. അന്വേഷണത്തിന്‍മേലുളള ഇത്തരം ഇടപെടലുകള്‍ നടപടിയാവശ്യപ്പെടുന്നില്ലേ. ഇത്തരം വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ എന്ത് നടപടിയാണ് പോലീസ് എടുത്തിട്ടുള്ളത്.
9. ഏതെങ്കിലും അമുസ്ലിം ഈ വിഷയത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് മധ്യമങ്ങള്‍ അത് പ്രസിദ്ധപ്പെടുത്താത്തത്.
10. ഇത്തരം ഗുരുതര വിഷയങ്ങളില്‍ അന്വേഷണ വിധേയമാക്കപ്പെടുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും ജീവിതകാലം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കേണ്ടി വരുന്ന മാനസിക പീഡനത്തെക്കുറിച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ബോധവാന്‍മാരല്ലേ.
11. എന്തുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ പോലീസ് നിശ്ശബ്ദ കാഴ്ചക്കാരാകുന്നു.
12. വി.ഐ.പികള്‍ക്ക് തങ്ങളുടെ പരിവാരങ്ങളുമായി സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കുന്നതിനു പകരം എന്തു കൊണ്ടാണ് പോലീസ് സംഭവം നടന്ന ശേഷം ആ പ്രദേശം വൃത്തിയാക്കാതിരുന്നത്. ലഭ്യമായ തെളിവുകളില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്താന്‍ ഈ വി.ഐ.പി പരിവാരങ്ങളില്‍ പെട്ടവര്‍ ശ്രമിച്ചിട്ടുണ്ടോ.
13. പ്രദേശത്ത് ഘടിപ്പിച്ചിട്ടുളള സി.സി.ടി.വി കാമറയിലെ ചിത്രങ്ങള്‍ വിശകലനത്തിനു വിധേയമാക്കുന്നതിനു മുമ്പ്് ഏങ്ങനെയാണ് പോലീസിന് മുസ്ലിംകളെ മാത്രം സംശയിക്കപ്പെടുന്നവരായി കണക്കാക്കാന്‍ കഴിഞ്ഞത്.
14. സംഝോത എക്‌സ്പ്രസ്, അജ്മീര്‍, മാലേഗാവ് തുടങ്ങി മുന്‍പ് നടന്ന സ്്‌ഫോടനങ്ങളില്‍ വലതു പക്ഷ ഗ്രൂപ്പുകള്‍ക്ക് പങ്കുളളതായി എന്‍.ഐ.എ കണ്ടെത്തിയിരിക്കെ എന്തു കൊണ്ടാണ് ഇത്തരം ഗ്രൂപ്പുകളുടെ പേരുകള്‍  സംശയത്തിന്റെ പേരിലെങ്കിലും പരാമര്‍ശിക്കപ്പെടാത്തത്.
15. സംസ്ഥാന പോലീസ് എന്‍.ഐ.എയെ കേസ് ഏല്‍പിക്കുന്നതിനെ എതിര്‍ത്തു എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണോ എന്‍.ഐ.എക്ക് കൈമാറുന്നതിനെ എതിര്‍ക്കുന്നത്.
16. 2014-ലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസിനോ സൈനിക അര്‍ധസൈനിക വിഭാഗത്തിനോ ഈ സംഭവത്തില്‍ പങ്കുണ്ടോ എന്ന സാധ്യത അന്വേഷിക്കപ്പെടേണ്ടതല്ലേ. മുമ്പ് ഒരു പ്രത്യക നിറത്തിന്റെ ആളുകളോടൊപ്പം ഒരു സൈനികന്‍ ഭീകരപ്രവര്‍ത്തനം നടത്തിയതിനു തെളിവുണ്ടായിരിക്കെ.
17. ഐ.എം ഇംപ്രിന്റ് എന്ന ഒരു പ്രത്യേക തരം കെമിക്കല്‍ ഉപയോഗിച്ചു എന്ന പത്രവാര്‍ത്ത അത്തരം കെമിക്കല്‍ ഉപയോഗിക്കുന്ന ചില ഗ്രൂപ്പുകളിലേക്ക് മാത്രം അന്വേഷണം തിരിച്ചു വിടാന്‍ കാരണമാകില്ലേ.
18. മാധ്യമങ്ങള്‍ പറയുന്ന അതേ ശൈലിയില്‍ തന്നെയാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് നാം വിശ്വസിക്കേണ്ടി വരുകയാണ്.
19. മുസ്ലിം വിരുദ്ധരായ പോലീസ് ഉദ്ദ്യോഗസ്ഥരാണോ ഈ കേസ് അന്വേഷിക്കുന്നതെന്ന് ഉറപ്പു വരുത്തിയോ. മുന്‍പ് പല കേസുകളും അന്വേഷിച്ചപ്പോള്‍ മുസ്ലിംകളെ ടാര്‍ജറ്റ് ചെയ്തവരായിരുന്നോ ഇവര്‍.
20. 2014-ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഒരു പദ്ധതിയുടെ ഭാഗമാണോ ഇത്.
21. ഇത് മുന്‍പ് നടന്നതിന്റെ ആവര്‍ത്തനമാണോ. കുറെ ചെറുപ്പക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ട് അവസാനം കോടതിയില്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റ വിമുക്തമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.
22. രാജ്യത്ത് ഓരോ 7 പേരിലും ഒരാള്‍ മുസ്ലിം ആണെന്നിരിക്കെ മൊത്തം ലോക മുസ്ലിംകളില്‍ 200 മില്യണ്‍ ഇന്ത്യയിലാണെന്നിരിക്കെ രാജ്യത്തെ ഈ പ്രബല വിഭാഗത്തില്‍ നിന്നും എന്ത് ഡിമാന്‍ഡാണ് താങ്കള്‍ യഥാര്‍ഥ അന്വേഷണത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്.
                         എന്ന്,
                                   അഡ്വ. ശഫീഖ് റഹ്മാന്‍ മുഹാജിര്‍

വിവ: അതീഖുര്‍റഹ്മാന്‍

Related Articles