Current Date

Search
Close this search box.
Search
Close this search box.

ഹമാസ് വിരുദ്ധ നിലപാടില്‍ നിന്ന് ഈജിപ്ത് പിന്നോട്ടടിക്കുന്നുവോ?

ഹമാസിനെ ഭീകരസംഘടനയായി മുദ്രകുത്തികൊണ്ടുള്ള ഈജിപ്ഷ്യന്‍ കോടതി വിധിക്കെതിരെ ഈജിപ്ത് ഭരണകൂടം ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് ശ്രദ്ധേയമായ ഒരു കാല്‍വെപ്പായിട്ടാണ് കരുതേണ്ടത്. ഇരുപക്ഷത്തിനും ഇടയിലെ തകര്‍ന്നു കിടന്നിരുന്ന ബന്ധത്തിലെ പുനരാലോചനയെയാണത് പ്രതിഫലിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഫലങ്ങളാണ് അതുണ്ടാക്കുക. വിഷയത്തിലുള്ള ആക്ഷേപം ഈ മാസം 28-ന് പരിഗണിക്കാനാണ് കെയ്‌റോ കോടതി നിശ്ചയിച്ചിരിക്കുന്നത്. പ്രസ്തുത ആക്ഷേപം സ്വീകരിക്കുമെന്ന സൂചനകളാണ് നാം കാണുന്നത്. ‘ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ചേര്‍ത്ത കോടതിവിധിക്ക് രാഷ്ട്രീയ അംഗീകാരം നല്‍കിയിട്ടില്ലെന്ന്’ ഈജിപ്തിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെ അറിയച്ചതായി ഇസ്മാഈല്‍ ഹനിയ്യ കഴിഞ്ഞ ആഴ്ച്ച ജുമുഅ ഖുതുബയില്‍ പറഞ്ഞിരുന്നു.

ഹമാസിനോടുള്ള തീവ്ര നയത്തില്‍ മാറ്റം വരുത്താന്‍ ഈജിപ്ത് ഭരണകൂടത്തെ പ്രേരിപ്പിച്ചതും ഇപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി കാരണങ്ങളുണ്ട്. അവയെ കുറിച്ച് വളരെ സംക്ഷിപ്തമായി വിവരിക്കുകയാണ് ചുവടെ.

ഒന്ന്, ‘അല്‍-ജിഹാദുല്‍ ഇസ്‌ലാമിയുടെ’ ജനറല്‍ സെക്രട്ടറി റമദാന്‍ അബ്ദുല്ലാ ശല്‍ഹും ഉപാധ്യക്ഷന്‍ സിയാദ് നഖാലയും നടത്തിയ കെയ്‌റോ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി അവര്‍ ഈജിപ്ത് ഭരണകൂടത്തിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥരുമായും സുരക്ഷാകാര്യ മേധാവികളുമായും കൂടിക്കാഴ്ച്ചകള്‍ നടത്തി. ഹമാസുമായുള്ള ബന്ധം മയപ്പെടുത്തണമെന്നും അതിനെ ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നതുമായിരുന്നു പ്രസ്തുത കൂടിക്കാഴ്ച്ചകളുടെ ഉള്ളടക്കം. ഉപരോധത്തില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ പ്രയാസം ലഘുകരിക്കാന്‍ റഫ അതിര്‍ത്തി തുറക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത കൂടിക്കാഴ്ച്ചകള്‍ ഈരണ്ട് വിഷയങ്ങളിലും ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഈ ആഴ്ച്ചയില്‍ മൂന്ന് ദിവസത്തേക്ക് റഫ അതിര്‍ത്തി തുറന്നു കൊടുത്തിട്ടുണ്ട്.

രണ്ട്, ഹനിയ്യയുടെ പ്രസ്താവനകള്‍. ഈജിപ്തിന്റെ സുരക്ഷയും പരമാധികാരവും സുസ്ഥിരതയുമാണ് ഹമാസ് താല്‍പര്യപ്പെടുന്നതെന്നാണ് അതില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. സീനായിലെ ‘ഭീകരപ്രവര്‍ത്തനങ്ങളെ’ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ഈജിപ്തിന്റെ ആവശ്യത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പ്രസ്താവനയാണിത്. ബന്ധം നന്നാക്കുന്നതിനും വിരോധത്തിന്റെ തീവ്രത കുറക്കുന്നതിനുമായി അല്‍-ജിഹാദുല്‍ ഇസ്‌ലാമി പ്രതിനിധി സംഘം ഹനിയ്യയെ അറിയിച്ചു.

മൂന്ന്, അബ്ദുല്ല രാജാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയ ശേഷം സൗദിയുടെ നിലപാടിലുണ്ടായ മാറ്റം. താന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് വിരോധിയല്ല എന്നതിന്റെ സൂചനകളാണ് വിദേശകാര്യമന്ത്രി സഊദ് ഫൈസല്‍ മുഖേനെ നല്‍കിയിരിക്കുന്നത്. അപ്രകാരം അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ ഹമാസ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനുശോചിക്കാനായി റിയാദിലെത്തിയ ശൈഖ് റാശിദുല്‍ ഗന്നൂശിക്ക് പുതിയ ഭരണാധികാരി നല്‍കിയ സ്വീകരണവും മറ്റൊരു സൂചനയാണ്. ഹമാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബ്രദര്‍ഹുഡ് നേതാക്കളിലൊരാളാണ് ഗന്നൂശി. ‘പുതിയ ഭരണത്തില്‍ സൗദി ഹമാസിനെ ഭീകരസംഘടനയായിട്ടല്ല, ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായിട്ടാണ് കാണുന്നതെന്ന്’ ചില സൗദി കേന്ദ്രങ്ങള്‍ തങ്ങളെ അറിയിച്ചതായി ഹമാസ് നേതാക്കളും പറഞ്ഞിട്ടുണ്ട്.

നാല്, സീനായിലുണ്ടായ ആക്രമണങ്ങളില്‍ ഹമാസിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഈജിപ്തിന്റെ പക്കലില്ല. അത്തരം ആക്രമണങ്ങളെ അപലപിക്കുകയാണ് ഹമാസിന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ ചെയ്തിട്ടുള്ളത്. അതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് ഡോ. മൂസാ അബൂമര്‍സൂഖ് നടത്തിയ പ്രസ്താവന. ഈജിപ്ത് ഭരണകൂടം റഫ അതിര്‍ത്തി തുറന്ന ദിവസം തന്നെ അടച്ചിടാന്‍ വേണ്ടി നടത്തിയിട്ടുള്ള ആക്രമണമാണിതെന്നാണ് അതില്‍ അദ്ദേഹം പറഞ്ഞത്.

ചുരുക്കത്തില്‍, ഹമാസിനെയും ഗസ്സയെയും ശ്വാസം മുട്ടിക്കുക എന്ന തങ്ങളുടെ നയം ഒരു എടുത്തുചാട്ടമായിരുന്നു എന്ന് ഈജിപ്ഷ്യന്‍ ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുന്നു. ബ്രദര്‍ഹുഡ് വിരോധമല്ലാത്ത മറ്റൊന്നും അതിന് പിന്നിലില്ല. സീനായി തീവ്രമുസ്‌ലിം ഗ്രൂപ്പുകളെ അവര്‍ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്തതിന്റെ ഒരു തെളിവും ഇല്ല. സീനായിലെ ‘ഇസ്‌ലാമിക് സ്‌റ്റേറ്റി’നും (ISIS) ഹമാസിനും ഇടയിലുള്ള വിയോജിപ്പാണ് മറ്റൊരു കാര്യം. ആദര്‍ശപരമായി തന്നെ പരസ്പരം വിയോജിക്കുന്ന രണ്ട് വിഭാഗങ്ങളാണ് അവ രണ്ടും.

അല്‍-ജിഹാദുല്‍ ഇസ്‌ലാമിയുടെ മധ്യസ്ഥത ഹമാസിനെയും ഈജിപ്തിനെയും ഒരേ സമയം വലിയൊരു അപകടത്തില്‍ നിന്ന രക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല. ഗസ്സക്ക് മേലുള്ള ഉപരോധവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും ഗസ്സക്കാരുടെ പട്ടിണിയിലും സഹികെട്ട് കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ വക്കിലായിരുന്നു ഹമാസിന്റെ സൈനിക വിംഗായ അല്‍-ഖസ്സാം. ഗസ്സക്ക് വ്യാപകമായ ഇസ്രയേല്‍ ആക്രമണത്തിലേക്കാണത് വഴിമാറുക. ഗസ്സക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണവും ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുക ഈജിപ്തിനായിരിക്കും. പ്രദേശത്തെ ഒന്നടങ്കം അത് ബാധിക്കുകയും ചെയ്യും. ഹമാസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
അവലംബം: raialyoum.com

മൊഴിമാറ്റം: നസീഫ്‌

Related Articles