Current Date

Search
Close this search box.
Search
Close this search box.

സെമിറ്റിക് വിരുദ്ധതയായി പരിണമിക്കുന്ന ഇസ്രയേല്‍ വിരുദ്ധത

ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് പ്രഖ്യാപിക്കുകയുണ്ടായി ‘ബ്രിട്ടനില്‍ നിലനില്‍ക്കുന്ന സെമിറ്റിക്-വിരുദ്ധതയെ തുടച്ചു നീക്കുവാന്‍ വേണ്ടി നാം നമ്മുടെ പരിശ്രമങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്’. അവരുടെയും, സര്‍ക്കാര്‍ തലത്തിലെ അവരുടെ അടുപ്പക്കാരുടെയും വീക്ഷണത്തില്‍ ഇതു കൊണ്ടര്‍ത്ഥമാക്കുന്നത് എന്താണെന്ന് വെച്ചാല്‍, അക്രമാസക്തമായ ഇസ്‌ലാമിക മൗലികവാദത്തിന്റെ എല്ലാതരത്തിലുള്ള ആവിഷ്‌കാരങ്ങളോടും ഏറ്റുമുട്ടാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരും എന്നു തന്നെയാണ്. ഇസ്രായേല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനവും, ഫലസ്തീനികളോട് കാണിക്കുന്ന ക്രൂരമായ നീതിനിഷേധവുമാണ് ഇസ്രായേല്‍-വിരുദ്ധത എന്ന സാങ്കേതികപദം സെമിറ്റിക്-വിരുദ്ധതയായി പരിണമിക്കുന്നതിനുള്ള മുഖ്യകാരണം എന്ന വസ്തുതയെ അവഗണിച്ചു തള്ളുന്നു എന്നതാണ്, എല്ലാ പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും പൊതുവായുള്ള ഇത്തരം ചിന്താരീതിയുടെയും, നയരൂപീകരണത്തിന്റെയും പ്രധാന പ്രശ്‌നം.

ഇസ്രായേല്‍-വിരുദ്ധത രൂപാന്തരം പ്രാപിച്ച് സെമിറ്റിക്-വിരുദ്ധതയായി മാറാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ മുന്‍ ഇസ്രായേലി മിലിറ്ററി ഇന്റലിജന്‍സ് ഡയറക്ടര്‍ യെഹോഷഫത് ഹര്‍കാബിയിലൂടെ മുഴങ്ങി കേട്ടിരുന്നു. 1986-ല്‍ ‘ഹാര്‍പ്പര്‍ ആന്റ് റോ’ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘ഇസ്രായേല്‍സ് ഫേറ്റ്ഫുള്‍’ എന്ന ഹര്‍കാബി രചിച്ച പുസ്തകത്തില്‍ അദ്ദേഹം എഴുതി :

‘ഇസ്രായേല്‍ എന്ന മാനദണ്ഡം മുന്നില്‍ വെച്ചുകൊണ്ടാണ് ഇനി മുതല്‍ എല്ലാ ജൂതന്‍മാരുടെയും വിധിനിര്‍ണയിക്കപ്പെടുക. ഒരു ജൂത രാഷ്ട്രമെന്ന നിലക്ക് ഇസ്രായേല്‍ ജൂത വ്യക്തിത്വത്തിന്റെ ഉദാഹരണമാണ്. ജൂതന്റെ സ്വഭാവം ഇസ്രായേല്‍ എന്ന രാഷ്ട്രത്തില്‍ കേന്ദ്രീകരിച്ചാണ് എളുപ്പത്തില്‍ ആവിഷ്‌കരിക്കപ്പെടുക. സെമിറ്റിക്-വിരുദ്ധതക്ക് ആഴമേറിയതും ചരിത്രപരവുമായ വേരുകളുണ്ട്. ഇസ്രായേലിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റദൂഷ്യം അല്ലെങ്കില്‍ അരുതായ്മ, സെമിറ്റിക്-വിരുദ്ധതത തികച്ചും ന്യായമാണെന്നതിനുള്ള അനുഭവജ്ഞാനപരമായ തെളിവായി മാറാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റദൂഷ്യത്തിന്റെ അനന്തരഫലം നിങ്ങള്‍ മാത്രമല്ല അനുഭവിക്കുക. മറിച്ച് ലോകത്താകമാനമുള്ള ജൂതന്‍മാര്‍ മുഴുവനും നിങ്ങള്‍ ചെയ്തു കൂട്ടുന്ന അപരാധങ്ങള്‍ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നതിനെ കുറിച്ച് ഓരോ ഇസ്രായേല്‍ പൗരനും നിര്‍ബന്ധമായും ബോധവാനാകേണ്ടതുണ്ട്’.

ഹര്‍കാബി മുന്നറിയിപ്പ് നല്‍കിയ ഇസ്രായേലികളുടെ ‘പെരുമാറ്റദൂഷ്യം’ ഇന്ന് നമുക്ക് കാണുവാന്‍ സാധിക്കും-അധിനിവിഷ്ഠ വെസ്റ്റ്ബാങ്കില്‍ നടന്നു കൊണ്ടിരിക്കുന്ന കോളനിവല്‍ക്കരണം, ഫലസ്തീനികളുടെ ഭൂമിയും വെള്ളവും കവര്‍ന്നെടുക്കലും, ഫലസ്തീനികളുടെ വീടുകളും മുഖ്യസാമ്പത്തിക സ്രോതസ്സായ ഒലീവ് മരങ്ങളും നശിപ്പിക്കുന്നതുമെല്ലാം കോളനിവല്‍ക്കരണത്തിന്റെ ഭാഗമാണ്; കൂടാതെ ഉപരോധത്തില്‍ കഴിയുന്ന ഗസ്സാ മുനമ്പില്‍ താമസിക്കുന്ന ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കുന്നതിന് വേണ്ടി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ നടപടികളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ആഗോളതലത്തില്‍ ഇസ്രായേല്‍-വിരുദ്ധതയുടെ കൂറ്റന്‍ തിരമാലകള്‍ സൃഷ്ടിക്കുന്നതിനും, ഇസ്രായേല്‍-വിരുദ്ധ മനോഭാവം ഇളക്കിവിടുന്നതിനും ഇടയാക്കിയത് ഇസ്രായേലിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ ‘പെരുമാറ്റദൂഷ്യം’ തന്നെയാണ്. പ്രസ്തുത ഇസ്രായേല്‍-വിരുദ്ധതയാണ് ഇപ്പോള്‍ സെമിറ്റിക്-വിരുദ്ധത എന്ന പദമായി പരിണമിക്കുന്നതിന്റെ മുന്‍ സൂചനകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

അന്താരാഷ്ട്രാ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇസ്രായേലിനെ വിളിപ്പിക്കാനും, കുറ്റം ചുമത്താനും അവര്‍ വിസ്സമതിച്ചു. ഇസ്രായേല്‍-വിരുദ്ധത എന്ന പ്രതിഭാസത്തിന്റെ സെമിറ്റിക്-വിരുദ്ധത എന്ന പദത്തിലേക്കുള്ള രൂപമാറ്റത്തിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്യുന്നത് പാശ്ചാത്യ ലോകത്തെ സര്‍ക്കാറുകളാണ്.

ഈ സഹായസഹകരണങ്ങള്‍ക്ക് പ്രധാനമന്ത്രി നെതന്യാഹു എന്നും നന്ദിയുള്ളവന്‍ തന്നെയായിരിക്കും. കാരണം ഇസ്രായേലിന്റെ നയനിലപാടുകളെയും, നടപടികളെയും ന്യായീകരിക്കാന്‍ സയണിസ്റ്റുകള്‍ക്ക് സെമിറ്റിക്-വിരുദ്ധത എന്ന പദം എന്തു കൊണ്ടും അത്യാവശ്യമാണെന്ന് മറ്റാരേക്കാളും കൂടുതല്‍ നന്നായി നെതന്യാഹുവിന് അതറിയാം.

നാസികള്‍ ഹോളോകോസ്റ്റ് നടപ്പിലാക്കുന്നതിനും മുമ്പ് തന്നെ ലോകത്താകമാനമുള്ള ജൂതന്‍മാര്‍ പ്രകടിപ്പിച്ചിരുന്ന ഭയത്തിന്റെ ഒരു പ്രതിധ്വനി മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ ഹര്‍കാബിയുടെ മുന്നറിയിപ്പ്. ഹോളോകോസ്റ്റിന് തൊട്ടുമുമ്പ് വരെ ഒട്ടുമിക്ക ജൂതന്‍മാരും, പ്രത്യേകിച്ച് അമേരിക്കയിലേയും ബ്രിട്ടനിലേയും ജൂതന്‍മാര്‍, സയണിസ്റ്റുകളുടെ കോളനിവല്‍ക്കരണ സംരഭങ്ങള്‍ക്കെതിരെ നിലക്കൊണ്ടവരായിരുന്നു. അത് ധാര്‍മികമായി തെറ്റാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷത്തിലേക്കും സംഘട്ടനത്തിലേക്കും അത് നയിക്കുമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷെ ലോകശക്തികള്‍ സയണിസത്തെ അതിന് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, സെമിറ്റിക്-വിരുദ്ധതയെ അത് ഒരു ദിവസം പ്രകോപിപ്പിച്ച് ഇളക്കിവിടുമെന്ന് ജൂതന്‍മാരില്‍ ഭൂരിഭാഗവും ഭയപ്പെട്ടിരുന്നു. നാസികള്‍ നടത്തിയ ഹോളോകോസ്റ്റ് കാരണമാണ് ഭൂരിഭാഗം ജൂതന്‍മാരും തങ്ങളുടെ ധാര്‍മിക വിശുദ്ധി വലിച്ചെറിഞ്ഞത്.

മൊഴിമാറ്റം: ശുഐബ് മുഹമ്മദ് പഴയങ്ങാടി

Related Articles