Current Date

Search
Close this search box.
Search
Close this search box.

സിറിയ; കിഴക്കിനോ പടിഞ്ഞാറിനോ?

മുപ്പത് രാഷ്ട്രങ്ങള്‍ നിലവില്‍ ബോംബാക്രമണം നടത്തി കൊണ്ടിരിക്കുന്ന സിറിയയിലേക്ക് ബ്രിട്ടനും തങ്ങളുടെ ഫൈറ്റര്‍ജെറ്റുകളുമായി എത്തിച്ചേര്‍ന്നിരിക്കുന്നു. നിരപരാധികളായ സാധാരണ ജനങ്ങള്‍ ഒരുപാട് പേര്‍ കൊല്ലപ്പെടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. സഖ്യസേന നടത്തിയ പതിനാല് വ്യോമാക്രമണങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇന്നലെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ കേടുപാടുകള്‍ സംഭവിച്ചതും, തകര്‍ന്നതുമായ കെട്ടിടങ്ങളെയും വാഹനങ്ങളെയും കുറിച്ച വിവരങ്ങള്‍ മാത്രമാണ് പ്രസ്തുത പട്ടികയില്‍ ഉണ്ടായിരുന്നത്. പ്രസ്തുത ബോംബാക്രമണത്തില്‍ ജീവഹാനി സംഭവിച്ച നിരപരാധികളെ കുറിച്ച് അതിലൊന്നുമുണ്ടായിരുന്നില്ല. ഉദാഹരണത്തിന് ‘അല്‍ഹസാക്കക്ക് സമീപം നടന്ന വ്യോമാക്രമണത്തില്‍ ഒരു ഐ.എസ് ടാക്റ്റിക്കല്‍ യൂണിറ്റും, മൂന്ന് ഐ.എസ് കെട്ടിടങ്ങളും, ഒരു ഐ.എസ് വാഹനവും തകര്‍ന്നു’ എന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം ഐ.എസിന്റെ കെട്ടിടങ്ങളാണെന്ന് അവര്‍ക്ക് എങ്ങനെ അറിയാം?

അത്തരത്തിലുള്ള അവര്‍ക്ക് മാത്രമായ കെട്ടിടസംവിധാനങ്ങളൊന്നും തന്നെ ഐ.എസ്സിന് ഇല്ലെന്നാണ് സിറിയയിലെ ഞങ്ങളുടെ മാധ്യമപ്രതിനിധികള്‍ തറപ്പിച്ച് പറയുന്നത്. അവര്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കിടയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ വ്യോമാക്രമണത്തിലൂടെ അവരെ മാത്രം ലക്ഷ്യവെക്കുക എന്നത് തികച്ചും പ്രയാസകരമായ ദൗത്യം തന്നെയാണ്. ഇനി അവരെ ആക്രമിക്കുകയാണെങ്കില്‍ തന്നെ, അവരുടെ കൂടെ നിരപരാധികളായ ഒരുപാട് കൊല്ലപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതാകട്ടെ, സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയരുന്നതിനും, ഐ.എസിനെ ജനങ്ങള്‍ പിന്തുണക്കുന്നതിനും, ഭീകരസംഘത്തിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാകുന്നതിനും മാത്രമേ വഴിവെക്കുകയുള്ളു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ വ്യോമാക്രമണത്തെ ചെറുക്കാന്‍ ഐ.എസ് ഭൂമിക്കടിയില്‍ തുരങ്കങ്ങളും, ഭൂഗര്‍ഭഅറകളും നിര്‍മിച്ചിരുന്നു. ഈ ആളുകള്‍ ബുദ്ധിയില്ലാത്തവരാണെന്നാണോ പാശ്ചാത്യരാഷ്ട്രങ്ങള്‍ കരുതിയത്? പുറത്തിറങ്ങി നിന്ന് ഫൈറ്റര്‍ജെറ്റുകള്‍ക്ക് നേരെ കൈവീശി ഞങ്ങളെ ആക്രമിച്ചോളൂ എന്ന് അവര്‍ പറയുമെന്നാണോ പാശ്ചാത്യര്‍ വിചാരിച്ചത്?

സദ്ദാം ഹുസൈന്റെ റിപ്പബ്ലിക്കന്‍ ഗാര്‍ഡിലെ പരിചയസമ്പന്നരും, വിദഗ്ദപരിശീലനം നേടിയവരുമായ കമാണ്ടര്‍മാരാണ് ഐ.എസിന്റെ ഒട്ടുമിക്ക നേതാക്കളും. കൂടാതെ, ഒരുപാട് നേതാക്കളും പോരാളികളും ഇപ്പോള്‍ തന്നെ വടക്കന്‍ ലിബിയയിലേക്ക് തങ്ങളുടെ താവളം മാറ്റിക്കഴിഞ്ഞു. അവിടെ അവര്‍ക്ക് ശക്തമായ സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ അവിടെയാണെങ്കില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് ഇപ്പോള്‍ ബോംബ് വര്‍ഷിക്കാന്‍ ഉദ്ദേശവുമില്ല.

സിറിയയില്‍ ഐ.എസ്സിനെതിരെ വ്യോമാക്രമണത്തെ പിന്തുണച്ചു കൊണ്ട് വോട്ട് ചെയ്ത ബ്രിട്ടീഷ് എം.പിമാര്‍ വ്യോമാക്രമണം മാത്രം നടത്തിയത് കൊണ്ട് ഉദ്ദേശലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയിട്ടില്ല. സിറിയയിലെ താഴ്‌വാരങ്ങളില്‍ ബോംബ് വര്‍ഷിക്കണമെന്നാവശ്യപ്പെട്ട് വോട്ട് ചെയ്യുന്ന പോലെയല്ല ഐ.എസ്സിനെതിരെ പോരാടാന്‍ കളത്തിലിറങ്ങുന്നത് എന്ന് മനസ്സിലാക്കണം.

റഖ ആയിരിക്കാം ഐ.എസ്സിന്റെ ഇപ്പോഴത്തെ ‘തലസ്ഥാനം’. 2,20,000 ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് റഖ. വടക്കന്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യാന്‍ സാധിക്കും. ഐ.ആര്‍.എ (ഐറിഷ് ഭീകരവാദ സംഘടന)യുടെ മുഖ്യകേന്ദ്രം സ്ഥിതിചെയ്തിരുന്നു എന്ന കാരണത്താല്‍ ബെല്‍ഫാസ്റ്റ് ബോംബ് വര്‍ഷിച്ച് തുണ്ടം തുണ്ടമാക്കാന്‍ പതിനാല് വിദേശരാജ്യങ്ങള്‍ യുദ്ധവിമാനങ്ങള്‍ അയക്കുന്ന കാര്യം ആര്‍ക്കെങ്കിലും ഭാവനയില്‍ കാണാന്‍ സാധിക്കുമോ? എന്നാല്‍ ബ്രിട്ടീഷ് ജനതക്ക് അതിന് കഴിയും.

ഇതുവരെ നടത്തിയ 6000-ത്തോളം വ്യോമാക്രമണങ്ങള്‍ നിരപരാധികളുടെ മരണത്തിന് കാരണമായിട്ടില്ലെന്നാണോ പറയുന്നത്? എന്നാല്‍ സിറിയയിലും ഇറാഖിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്കെതിരെയും, ‘ലോക പോലിസിന്റെയും’ അവരുടെ സുഹൃത്തുക്കളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെയും  അറബ് നേതാക്കളില്‍ ആരും തന്നെ ഒരക്ഷരം പോലും ഇന്നുവരെ മിണ്ടിയിട്ടില്ല. ഭീകരന്‍മാരായ, അതിലേറെ ക്രൂരന്‍മാരായ ശത്രുവിനെതിരെ പട്ടാളക്കാരെ ഇറക്കുന്നതിന് പകരം അങ്ങ് ദൂരെ ആകാശത്ത് നിന്നും ഭീരുക്കളെ പോലെ ബോംബ് വര്‍ഷിക്കാനെ ലോകപോലിസിനും സുഹൃത്തുക്കള്‍ക്കും കഴിയൂ.

അധിനിവേശകാലത്ത് ഇറാഖിലും അഫ്ഗാനിസ്ഥാനിലും ‘സേവനമനുഷ്ഠിച്ചിരുന്ന’ മൂന്നില്‍ രണ്ട് അമേരിക്കന്‍ സൈനികരും കടുത്ത മാനസികരോഗങ്ങള്‍ക്ക് അടിപ്പെട്ടും, മാനസികനില തെറ്റിയും ദുരിതത്തില്‍ കഴിയുകയാണ്. വളര്‍ത്തു പൂച്ച ചത്തുപോകുമ്പോഴും കൗണ്‍സിലിംഗിന് വിധേയരാകുന്ന അവസ്ഥയിലാണ് അമേരിക്കന്‍ സമൂഹം.

അറബ് രാഷ്ട്രങ്ങളുടെ പരമാധികാരത്തിലേക്ക് അധിനിവേശത്തിലൂടെ കടന്ന് കയറുന്ന പാശ്ചാത്യരാഷ്ട്രങ്ങളെ നിലക്ക് നിര്‍ത്തുന്നില്ല എന്നത് പോകട്ടെ, എണ്ണയും, കോടികളും ഉപയോഗിച്ച് പാശ്ചാത്യ രാഷ്ട്രങ്ങളുടെ പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുകയാണ് നമ്മുടെ അറബ് ‘നേതാക്കള്‍’.

‘ഐ.എസിനെ തകര്‍ക്കുക’ എന്ന ബാനറിന് കീഴിലാണ് ദിവസം ചെല്ലും തോറും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും അരങ്ങേറുന്നത്. ഒരിക്കല്‍ എല്ലാ വംശങ്ങളും വിഭാഗങ്ങളും അനുഭവിച്ചിരുന്ന സമാധാനപരമായ സഹജീവനവും ദേശീയഐക്യവും സിറിയക്കും ഇറാഖിനും നഷ്ടപ്പെട്ടു കഴിഞ്ഞു. അധിനിവേശം നടത്തുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്നു, ജനങ്ങളെ ദുര്‍ബലരാക്കി അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണിത്. ചത്ത് പുഴുവരിക്കുന്ന അറബ് ശരീരത്തെ തുണ്ടം തുണ്ടമാക്കാന്‍ കത്തികള്‍ മൂര്‍ച്ചകൂട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിക്ക് സംഭവിച്ചത് പോലെ, കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍, റഷ്യക്കും സഖ്യസേനക്കും ഇടയില്‍ സിറിയ വിഭജിക്കപ്പെടുമോ? അയല്‍പ്പക്കങ്ങളെയും, കുടുംബങ്ങളെയും, പരസ്പരം അകറ്റുന്ന മതിലുകളും ചുമരുകളും നമുക്ക് കാണേണ്ടി വരുമോ? ചിലപ്പോള്‍ ഈ പ്രതിഭാസം സിറിയയിലും ഇറാഖിലും മാത്രം പരിമിതപ്പെട്ടെന്നു വരില്ല. മേഖലയെ മൊത്തത്തില്‍ വലയം ചെയ്യുന്ന ഒരു പദ്ധതിയുടെ ആരംഭമായിരിക്കാമിത്.

ഐ.എസ്സിനെതിരെ തന്ത്രം മെനയുന്നതിന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയെ അമേരിക്ക ബന്ധപ്പെട്ടിരുന്നു. പാശ്ചാത്യ സൈന്യങ്ങളെ ഇറാഖിലേക്ക് പ്രവേശിപ്പിക്കില്ലെന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായാണ് അബാദി എപ്പോഴുമെന്നപോലെ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. താനൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലവനാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഭൂരിഭാഗം അറബ് നേതാക്കളെയും പോലെ, തന്റെ രാജ്യം അധിനിവേശം നടത്തിയ വിദേശികളുടെ കീഴിലുള്ള കേവലം കാര്യസ്ഥന്‍ മാത്രമാണ് താനെന്ന കാര്യം അദ്ദേഹം മറന്ന് പോയിരിക്കുന്നു.

ഫലസ്തീനിലെ മഹ്മൂദ് അബ്ബാസ്, അഫ്ഗാനിസ്ഥാനിലെ ഹാമിദ് കര്‍സായി എന്നിവരില്‍ എന്തായിരിക്കും ഒരു കാര്യസ്ഥപ്പണിക്കാരന്‍ അല്ലെങ്കില്‍ ഒരു പാവഭരണാധികാരി എന്നതിന് മികച്ച ഉദാഹരണം ദര്‍ശിക്കാന്‍ സാധിക്കും. പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് അടിമപ്പണി ചെയ്യുന്ന അന്തസ്സ് കെട്ട ഇവരൊന്നുമല്ല അധികാരം കൈയ്യാളുന്നത്. സ്വന്തം രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല ; അധിനിവേശത്തെ ശക്തിപ്പെടുത്തുകയും ബലപ്പെടുത്തുകയുമാണ് ഇവരുടെ യഥാര്‍ത്ഥ ദൗത്യം.

അത്യധികം മനക്ഷോഭത്തോടെയും ഉത്കണ്ഠയോടെയുമാണ് അറബ് രാഷ്ട്രങ്ങള്‍ക്ക് മേല്‍ ആഞ്ഞ് പതിക്കുന്ന ദുരിതങ്ങളെ കുറിച്ച് നാം എഴുതുന്നത്. എന്നാല്‍ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനൊപ്പം നമ്മെ അപമാനിക്കാനും, അടിമകളാക്കാനുമാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്.

നമുക്ക് വേണ്ടി രക്തസാക്ഷികളായ ധീരന്‍മാര്‍ക്കും, രക്തസാക്ഷികളാവാന്‍ പോകുന്നവര്‍ക്കും ദൈവത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles