Current Date

Search
Close this search box.
Search
Close this search box.

സിറിയയുടെ മിസൈലുകള്‍ : ഇസ്രയേല്‍ അസ്വസ്ഥപെടുന്നതെന്തിന്?

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മുമ്പെങ്ങുമില്ലാത്ത ആശങ്കയിലാണ് കഴിയുന്നത്. സിറിയയില്‍ നിന്നുള്ള അത്യാധുനിക മിസൈലുകള്‍ ലബനാന്‍ ഹിസ്ബുല്ലക്ക് നല്‍കുന്നതിനെ തടയാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. മുമ്പ് കൈകാര്യം ചെയ്തിരുന്ന പോലെ അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ലെന്നും നെതന്യാഹുവിന് നല്ല ബോധ്യമുണ്ട്. മുമ്പ് ചെയ്തിരുന്നത് പോലെ വിമാനങ്ങളുപയോഗിച്ച് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ സിറിയയുടെ ഭാഗത്ത് നിന്നും മുമ്പുണ്ടായിട്ടില്ലാത്ത തിരിച്ചടിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

സിറിയന്‍ സൈന്യം ആധുനിക മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ സിറിയയില്‍ ഏതെങ്കിലും ആക്രമണം നടത്തിയാല്‍ തത്സമയം തെല്‍അവീവിന് നേരെ വിക്ഷേപിക്കാന്‍ അവ ഒരുക്കി വെച്ചിരിക്കുയാണെന്നും കഴിഞ്ഞ ദിവസം സന്‍ണ്ടേ ടൈംസിന്റെ തെല്‍അവീവ് ലേഖകനായ ഉസി റോബിന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍ സുരക്ഷാ വിഭാഗവുമായി അടുത്ത ബന്ധമുള്ളയാളാണ് ലേഖകന്‍. അതുകൊണ്ട് തന്നെ സാറ്റലൈറ്റില്‍ നിന്ന് ലഭിച്ച കേവലം ഒരു വിവരമായി ഇതിനെ കാണാനാവില്ല. സ്ഥാപിച്ചിരിക്കുന്ന മിസൈലുകളെ കുറിച്ചും അതുണ്ടാക്കുന്ന ഭീഷണിയെ കുറിച്ചും നന്നായി അറിയുന്ന ആളാണ് റോബിന്‍.

ആയുധങ്ങളും മിസൈലുകളും ഹിസ്ബുല്ലക്ക് കൈമാറുന്നതിനെ യുദ്ധ പ്രഖ്യാപനമായി പ്രഖ്യാപിക്കുമെന്ന് നെതന്യാഹു സിറിയയെ ഭീഷണിപ്പെടുത്തിയിരുന്നു. അതനുവദിക്കില്ലെന്നും ഇസ്രയേലിന് ആക്രമണമുണ്ടായാല്‍ ദമസ്‌കസ് ഭരണകൂടത്തെ താഴെയിറക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ പോര്‍വിമാനങ്ങളുപയോഗിച്ചും വേണ്ടി വന്നാല്‍ കരമാര്‍ഗവും ആക്രമിക്കുമെന്നായിരുന്നു ഭീഷണി. നെതന്യാഹുവിന്റെ ഭീഷണികളെ മനശാസ്ത്ര യുദ്ധങ്ങളുടെ പരിധിയില്‍ പെടുത്താവുന്നതാണ്. ഇസ്രയേല്‍ നടത്തുന്ന ഏത് ആക്രമണത്തിനും സിറിയയുടെ ഭാഗത്ത് നിന്നും ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് വഌദിമര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ്. 300 ഇനത്തില്‍ പെടുന്ന വിമാനവേധ മിസൈലുകള്‍ സിറിയക്ക് നല്‍കരുതെന്ന് നെതന്യാഹു റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇത്തരം മിസൈലുകള്‍ ഇറാന് നല്‍കുന്നതിനെയും നെതന്യാഹു എതിര്‍ത്തിരുന്നു. യഥാര്‍ഥത്തില്‍ രണ്ടു തവണയും നെതന്യാഹു നിന്ദിതനാവുകയായിരുന്നു.് മിസൈലുകള്‍ സിറിയയില്‍ എത്തുന്നത് തടയാന്‍ സാധിച്ചില്ലെന്നത് തന്നെയാണ്. ദമസ്‌കസില്‍ നിന്നും ഹിസ്ബുല്ലയിലേക്ക് നീങ്ങുന്ന മിസൈലുകളെ ആക്രമിക്കാനും അവര്‍ ഭയപ്പെടുന്നു. തെല്‍അവീവിന് അതുണ്ടാക്കുന്ന തിരിച്ചടിയെ ഭീതിയോടെയാണ് ഇസ്രയേല്‍ കാണുന്നത്. ഒരു യുദ്ധത്തിനായിരിക്കും അത് തിരികൊളുത്തുകയെന്നും അവര്‍ക്കറിയാം. മാത്രമല്ല അമേരിക്കയും മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങളും യുദ്ധത്തെ ഒഴിവാക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. അതുണ്ടാക്കുന്ന ഫലങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയുന്നത് കൊണ്ടു തന്നെയാണത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും സ്‌ഫോടനാത്മമായ അവസ്ഥയിലൂടെയാണ്, പ്രത്യേകിച്ചും സിറിയയെന്ന് നെതന്യാഹു പറയുന്നത് യാഥാര്‍ഥ്യ ബോധ്യത്തോടെ തന്നെയാണ്. ഏത് തിരക്കഥകളെയും നേരിടാനുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഒരുക്കങ്ങള്‍ എത്രത്തോളം തുടരും? ഒരു യുദ്ധമുണ്ടായാല്‍ ഇസ്രയേലിന് അതൊരിക്കലും ഗുണമായിരിക്കില്ലെന്ന് മാത്രമല്ല വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യും.
അവലംബം : alquds.co.uk

വിവ : നസീഫ് തിരുവമ്പാടി

Related Articles