Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ഒളിച്ച് കളിക്കുന്ന അമേരിക്ക

സിറിയന്‍ തലസ്ഥാന നഗരിയെ പിടിച്ച് കുലുക്കിയ, നൂറോളം പേരുടെ മരണത്തിന് കാരണമായ സ്‌ഫോടനപരമ്പരകളെ യുദ്ധക്കുറ്റകൃത്യമെന്നാണ് അറബ്-അന്താരാഷ്ട്ര പ്രതിനിധി അഖഌ ഇബ്രാഹീമി വിശേഷിപ്പിച്ചത്. പ്രസ്തുത സ്‌ഫോടനത്തെക്കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. ഇടക്കിടെ തന്റെ പ്രസ്താവനകളുമായി മീഡിയകള്‍ക്ക് മുന്നില്‍ മുഖം കാണിക്കാറുണ്ടായിരുന്ന ഇബ്രാഹീമി വിസ്മരിച്ച ഒരു കാര്യമുണ്ട്. ആറ് മാസത്തോളം തങ്ങളുടെ പരാജിതമായ ഉദ്യമങ്ങളുമായി സിറിയയിലുണ്ടായിരുന്ന അന്താരാഷ്ട്ര സുരക്ഷാ സമിതി ഈ സ്‌ഫോടനങ്ങളെ അപലപിക്കാന്‍ പോലും തയ്യാറായില്ല എന്നതായിരുന്നു അത്. കാരണം അപ്രകാരം ചെയ്യുന്നതിനോട് അമേരിക്കക്ക് വിയോജിപ്പാണുള്ളത്!

ആര് തന്നെ ആസൂത്രണം ചെയ്തതാണെങ്കിലും സ്‌ഫോടനങ്ങള്‍ യുദ്ധക്കുറ്റം തന്നെയാണ്. കാരണം അതിലെ ഇരകള്‍ നിരപരാധികളാണെന്നത് തന്നെയാണ്. സ്വന്തം സന്താനങ്ങള്‍ക്ക് അന്നം നല്‍കാന്‍ കഷ്ടപ്പെടുന്നവരാണ് അവര്‍. ഏത് നിമിഷവും മരണം പ്രതീക്ഷിച്ച് കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. ഒന്നുകില്‍ ഭരണകൂടത്തിന്റെ ആക്രമണത്താല്‍, അതല്ലെങ്കില്‍ രാഷ്ട്രീയ-സുരക്ഷാ വകുപ്പുകളുടെ ആസ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ള കാര്‍ സ്‌ഫോടനങ്ങളാല്‍.
കുറച്ച് കൂടി ഉള്ള് തുറന്നാല്‍ നമുക്ക് വേദനയോടെ ഇങ്ങനെ പറയാം. ഈ രക്തരൂക്ഷിത പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രതീക്ഷയുടെ ഒരു കിരണം പോലും കാണുന്നില്ല. തൊണ്ണൂറായിരത്തോളം പേരുടെ ജീവന്‍ കുരുതി കൊടുത്തതിന് ശേഷം സൈനിക തീരുമാനം പരിഹാരമാവില്ലെന്ന് അതിന് മുന്‍കയ്യെടുത്തവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു! അന്താരാഷ്ട്ര വിഭാഗങ്ങളെ ഉള്‍പെടുത്തിയുള്ള ചര്‍ച്ചകളിലൂടെ ഒരു ‘രാഷ്ട്രീയ പരിഹാര’ത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് അവരിപ്പോള്‍!

ഇനി ഈ ‘രാഷ്ട്രീയ പരിഹാര’വും അസംഭവ്യമാണെന്ന് ഇവര്‍ തിരിച്ചറിയുമ്പോഴേക്കും എത്ര ആയിരങ്ങളുടെ രക്തം ഒഴുക്കപ്പെട്ടിട്ടുണ്ടാവുമെന്ന് നമുക്കറിയില്ല. അതിനെക്കുറിച്ച എല്ലാ സംസാരവും വൃഥാവിലായ മീഡിയാ ഉപയോഗം മാത്രമാണ്. ഈ കൂപ്പുകുത്തിയ രാഷ്ട്രത്തില്‍ അതിനേക്കാള്‍ വേഗത്തില്‍ നശീകരണത്തിന്റെയും കൊലയുടെയും ഉപകരണങ്ങള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഒരിക്കലും സ്വീകരിക്കാന്‍ സാധ്യതയില്ലാത്ത നിബന്ധനകള്‍ പരസ്പരം സമര്‍പിച്ച് ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍ മറ്റുള്ളവരെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്.

അധികാരത്തില്‍ തന്നെ തുടരുമെന്നും, ഒരു നിലക്കും അത് ഉപേക്ഷിക്കുകയില്ലെന്നുമാണ് തന്നെ സന്ദര്‍ശിച്ച ജോര്‍ദാന്‍ സംഘത്തോട് പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പറഞ്ഞത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമത്രെ. എന്നാല്‍ പ്രതിപക്ഷ മുന്നണിയുടെ പ്രസ്താവനയാവട്ടെ, അസദിന്റെ താഴെയിറക്കമെന്ന നിബന്ധനയില്ലാത്ത ഒരു ചര്‍ച്ചയും സ്വീകാര്യമല്ല എന്ന് വ്യക്തമാക്കുന്നതാണ്. അങ്ങനെയിരിക്കെ പിന്നെ എന്ത് രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്?
വരാനിരിക്കുന്ന ഘട്ടത്തിനെക്കുറിക്കുന്ന ഏറ്റവും വ്യക്തമായ തലവാചകമാണ് രണ്ട് ദിവസം മുമ്പത്തെ സ്‌ഫോടനം. ഇതും ഇതുപോലുള്ളതുമായ സ്‌ഫോടനങ്ങള്‍ ഇറാഖില്‍ പത്ത് വര്‍ഷത്തോളം ആവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അതിന് സമാനമായ പ്രതിസന്ധി തന്നെ നേരിടുന്ന സിറിയയില്‍ അവ എത്ര വര്‍ഷം ആവര്‍ത്തിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്?

സിറിയ രാഷ്ട്രമെന്ന നിലയില്‍ മരണത്തോടടുത്തുവെന്നാണ് പുരാതനമായ ബ്രിട്ടീഷ് മാഗസിനായ ‘എകണോമിസ്റ്റ്’ പ്രവചിക്കുന്നത്. ഭൗതികമായ നശീകരണവും, കൊലയും മാസങ്ങള്‍ക്ക് മുമ്പെ തുടങ്ങിക്കഴിഞ്ഞു. അതിപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. രാഷ്ട്രത്തിലുള്ളവര്‍ തന്നെ പരസ്പരമത് ചെയ്യുന്നു. ആ പ്രദേശം മുഴുവനായി തകര്‍ക്കാനുദ്ദേശിക്കുന്ന അറബ്-വിദേശ ശക്തികളുടെ പൂര്‍ണ പിന്തുണയുമുണ്ട് അതിന്.
ഭരണകൂടത്തെ താഴെയിറക്കാന്‍ നയതന്ത്ര കാമ്പയിന്‍ നടത്തിയ അമേരിക്കന്‍ ഭരണകൂടം മെല്ലെ പിന്‍ലിഞ്ഞു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ എല്ലാ ശ്രമങ്ങളില്‍ നിന്നും, വാഗ്ദാനങ്ങളില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയിരിക്കുന്നു. കാരണം ഒരൊറ്റ അമേരിക്കന്‍ സൈനികനെയും ബലി നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതല്ലെങ്കില്‍ പുറത്ത് കടക്കാനറിയാത്ത, വിജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു യുദ്ധത്തില്‍ പ്രവേശിക്കാന്‍ അവരുദ്ദേശിക്കുന്നുമില്ല. പക്ഷെ ഈ നിലപാട് മാറ്റി പ്രതിപക്ഷത്തിന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതിനും, സഹായിക്കുന്നതിനും ശക്തമായ സമ്മര്‍ദ്ദമുണ്ട് താനും.

രണ്ട് കാരണങ്ങള്‍ കൊണ്ട് പ്രസിഡന്റ് ഒബാമ ഈ സമ്മര്‍ദ്ദത്തെ ചെറുത്ത് നില്‍ക്കുന്നു. രണ്ടാം തവണയും അദ്ദേഹത്തെ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തിരിക്കുന്നത് അമേരിക്കയുടെ ആഭ്യന്തര സംസ്‌കരണത്തിന് വേണ്ടിയാണ് എന്നതാണ് ഒന്നാമത്തെ കാരണം. അതിനാലാണ് വൈദേശിക-പ്രതിരോധ മന്ത്രി സ്ഥാനങ്ങളില്‍ യുദ്ധത്തെ എതിര്‍ക്കുന്നവരെ അദ്ദേഹം തെരഞ്ഞെടുത്തത്. സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ ഭരണകൂടം ഒരു നിലക്കും വിജയിക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹത്തിന് നന്നായറിയാം എന്നതാണ് രണ്ടാമത്തെ കാരണം. പക്ഷെ അത് വളരെ പെട്ടെന്ന് തന്നെ സംഭവിച്ച് കൊള്ളണമെന്നില്ല.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒന്നാം നമ്പര്‍ ശത്രു അസദ് ഭരണകൂടമല്ല. മറിച്ച് ഇസ്‌ലാമിക ജിഹാദീ ഗ്രൂപ്പുകളാണ്. അമേരിക്കിയുടെ തന്നെ കണക്കനുസരിച്ച് സിറിയന്‍ പ്രതിപക്ഷത്തിലെ അഞ്ചില്‍ നാല് ഭാഗത്തെയും പ്രതിനിധീകരിക്കുന്നത് ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകളാണ്. നിലവിലുള്ള ഭരണകൂടത്തെ തുടച്ച് നീക്കി പകരം ഇസ്‌ലാമിക രാഷ്ട്രം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അവര്‍. മാലിയിലും ലിബിയയിലും സംഭവിച്ച തിരക്കഥ സിറിയയില്‍ ഉണ്ടാവരുതെന്നാണ് ഒബാമയുടെ ആഗ്രഹം. കാരണം സിറിയന്‍ ജനതയെക്കാള്‍ അദ്ദേഹത്തിന് ഭയം ഇസ്രായേലിനെയാണ്. സിറിയന്‍ രാസായുധങ്ങളെക്കുറിച്ച ആശങ്കക്കും, അത് തീവ്രവാദ സംഘടനകളുടെ കയ്യിലെത്തുമോ എന്ന ഭയത്തിനും കാരണം അതാണ്.

സിറിയ, ലിബിയയെപ്പോലെ തകര്‍ന്ന രാഷ്ട്രമായി മാറുന്നുവെന്നതല്ല ഏറ്റവും അപകടകരം. മറിച്ച് അവിടത്തെ തീപ്പൊരി ലബനാന്‍, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ അയല്‍രാഷ്ട്രങ്ങളിലേക്ക് പടരുമോ എന്നതാണ് പ്രശ്‌നം. ഈ പോരാട്ടം ലബനാനിലേക്ക് കൂടി വ്യാപിക്കുമെന്നതിനെ ബലപ്പെടുത്തുന്ന ഏതാനും സൂചനകളുമുണ്ട്.
അതിര്‍ത്തികളിലുള്ള ഏതാനും ലബനാന്‍ ഗ്രാമങ്ങളിലെ ഹിസ്ബുല്ലക്ക് നേരെ സ്വതന്ത്ര സിറിയന്‍ സൈന്യം ആക്രമണം അഴിച്ചുവിടുകയുണ്ടായി. പ്രതിപക്ഷവുമായുള്ള പോരാട്ടത്തില്‍ ഹിസ്ബുല്ല ഭരണകൂടത്തോട് ചേര്‍ന്ന് നിന്നു എന്ന കാരണത്താലായിരുന്നു അത്. ഈയൊരു മാറ്റം ഒന്ന് കൂടി വിശാലമായാല്‍ ആഭ്യന്തരയുദ്ധം ലബനാനിലും തുടര്‍ന്ന് പ്രദേശത്താകമാനവും പടരാനുള്ള സാധ്യത വിദൂരമല്ല.

വംശീയ കലാപം രൂപപ്പെടുന്ന പക്ഷം ആ പ്രദേശം ഒന്നടങ്കം കത്തിച്ചാമ്പലായേക്കാം. തുര്‍ക്കി, ഇറാന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടങ്ങി സിറിയന്‍ വിപ്ലവത്തിന്റെ കുട്ടയില്‍ മുട്ട നിക്ഷേപിച്ച എല്ലാ രാഷ്ട്രങ്ങളും അതില്‍ ഭാഗവാക്കായേക്കാം. ഏതാനും ആഴ്ചകള്‍ കൊണ്ടോ, മാസങ്ങള്‍ കൊണ്ടോ തങ്ങള്‍ പിന്തുണച്ചവര്‍ യുദ്ധത്തില്‍ വിജയം നേടുമെന്ന് പ്രതീക്ഷിച്ചവരായിരുന്നു അവര്‍. പക്ഷെ വിപ്ലവം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അത് വിജയത്തോട് അടുത്തത് പോലുമില്ല.
അറബ് പ്രദേശങ്ങള്‍ അതിനോട് ചേര്‍ന്ന ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അവയൊക്കെ അരാജകത്വത്തിന്റെയും രക്തരൂക്ഷിത യുദ്ധത്തിന്റെയും അരികെയാണുള്ളത്. വംശീയ സംഘട്ടനവും, മറ്റുള്ളവരോടുള്ള വെറുപ്പും, പ്രതികാരത്തിനുള്ള ആഗ്രഹവുമാണ് കാരണം. സാമ്പത്തിക അഭിവൃദ്ധിയെയോ, വികസനത്തെയോ കുറിച്ച് അവര്‍ ഓര്‍ക്കുന്നുപോലുമില്ല.
ഇസ്രായേല്‍… ഈ ദിവസങ്ങളില്‍ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നേയില്ല. അത് അറുപതുകളിലെ അവിവേകമായി വിലയിരുത്തപ്പെടുന്നു. വംശീയ മാനദണ്ഡമാണ് ശത്രുവിനെയും മിത്രത്തെയും വേര്‍തിരിക്കുന്നത്.
ഈ ദുരന്തത്തിന്റെ ഉത്തരവാദികളെക്കുറിച്ച് നാമിവിടെ സംസാരിക്കുന്നില്ല. പരസ്പരം ആക്ഷേപിക്കുന്നുമില്ല. ഭരണകൂടമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്ന് നാം നൂറ് തവണ പറഞ്ഞതാണ്. പക്ഷെ നാമിപ്പോള്‍ സംസാരിക്കുന്നത് രാഷ്ട്രത്തിന്റെയും പ്രദേശത്തിന്റെയും ഭാവിയെയും, ഉമ്മത്തിന്റെ പരിണിതിയെയും കുറിച്ചാണ്. നമ്മുടെ മുന്നിലുള്ളത് രക്തം കൊണ്ട് ചുവപ്പിക്കപ്പെട്ട ഭാവിയാണ്. അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നതില്‍ നാമെല്ലാവരും ഉത്തരവാദികളാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles