Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ജനതക്കുള്ള സന്ദേശം

badeeu33.jpg

അറബ് വസന്തത്തില്‍ അറേബ്യന്‍ ജനത ഉയര്‍ത്തിയ അതേ ആവശ്യങ്ങളുന്നയിച്ച് സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി സിറിയന്‍ ജനത തുടങ്ങിവെച്ച പോരാട്ടം ഒരു വര്‍ഷത്തോടടുക്കുകയാണ്. പക്ഷെ ധിക്കാരികളായ സിറിയന്‍ ഭരണകൂടം അതില്‍ നിന്നു മുഖം തിരിച്ചുവെന്ന് മാത്രമല്ല ആയിരങ്ങളെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും നിരപരാധികളുടെ രക്തമൊഴുക്കുകയും ധാരാളം പട്ടണങ്ങളുടെ അടിസ്ഥാനകെട്ടിടങ്ങള്‍ തകര്‍ക്കുകയുമാണ് ചെയ്തത്. ലോക രാജ്യങ്ങളും നേതാക്കളും ജനാധിപത്യപരമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ കുറ്റവാളികളായ സിറിയന്‍ ഗവണ്‍മെന്റിനോട് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് പഴയകാലമല്ല. ജനങ്ങള്‍ ഇഛാശക്തി വീണ്ടെടുത്തിരിക്കുന്നു. മറ്റുള്ളവരുടെ അജണ്ടകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് മുന്നോട്ട് സഞ്ചരിക്കാന്‍ ഇന്നവര്‍ തയ്യാറല്ല. പക്ഷെ സിറിയന്‍ ഭരണകൂടം അവരുടെ സൈന്യങ്ങളുമായി പൈശാചികമാര്‍ഗത്തില്‍ ബഹുദൂരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയോ രാഷ്ട്രത്തിന്റെ സംരക്ഷണമോ അവര്‍ക്ക് പ്രശ്‌നമല്ല. സേഛ്വാധിപത്യത്തിന്റെയും ഭീകരതയുടെയും അക്രമത്തിന്റെയും ദുഷിച്ച രൂപമായിത്തീര്‍ന്നിരിക്കുകയാണവര്‍. അക്രമം അതിന്റെ കണ്ണുകളെ അന്ധരും സേഛ്വാധിപത്യം കാതുകളെ ബധിരരുമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ താക്കീത് അവരുടെ മേല്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ‘അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല. ‘അല്ലാഹുവെ സൂക്ഷിക്കുക’ എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം!’ (അല്‍ബഖറ: 206) നിഷ്‌കളങ്കരായ ജനതയുടെ വിളിക്ക് കാതോര്‍ക്കാനോ ഗുണകാംക്ഷികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനോ കഴിയാതെ അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രീഭൂതരായിരിക്കുന്നു. ദുഷിച്ച രാഷ്ട്രീയം ഭരണത്തെ ശക്തിപ്പെടുത്തുകയാണെന്ന ധാരണയില്‍ തങ്ങളുടെ തന്നെ അടിത്തറകളെ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണവര്‍. എല്ലാ കാലത്തെയും ധിക്കാരികള്‍ പിന്തുടരുന്ന ഫറോവയുടെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചമാത്രമാണിത്. ‘ഫറവോന്‍ പറഞ്ഞു: ‘നാം അവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടും. തീര്‍ച്ചയായും നാം അവരുടെ മേല്‍ മേധാവിത്വമുള്ളവരായിരിക്കും. (അല്‍ അഅ്‌റാഫ്:127).

 

രക്തസാക്ഷികളുടെ ചോരയും മുറിവേറ്റവരുടെ വേദനകളും പീരങ്കികളുടെ ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും എല്ലാ ധിക്കാരികളുടെയും നാശത്തിന്റെ തുടക്കമാണ്. ഇനിയൊരിക്കലും മടങ്ങിവരാത്ത രീതിയില്‍ അവരുടെ സിംഹാസനം നീങ്ങിപ്പോകുന്നതിന്റെ സൂചന കൂടിയാണിത്. തുല്ല്യതയില്ലാത്ത ജനതയുടെ നേതാവാണ് ഞാന്‍ എന്നുധരിച്ച ഭരണാധികാരിയുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയാണിതെന്ന് നാം പ്രത്യേകം മനസ്സിലാക്കണം.

 

സിറിയന്‍ഭരണകൂടത്തിന്റെ രാഷ്ട്രീയനിലപാടുകളും ജനതയുടെ വിപ്ലവത്തോടുളള അവരുടെ സമീപനവും നാം തുടക്കത്തിലെ നിരാകരിച്ചതാണ്. സിറിയന്‍ ജനതയുടെ വിളിക്കുത്തരം നല്‍കാനും ആവശ്യമായ സംരക്ഷണങ്ങള്‍ നല്‍കാനും അവരെ സേവിക്കാനും നാം നിരവധിതവണ ആവശ്യപ്പെട്ടതാണ്. പക്ഷെ അന്ന് ഇതാരും ചെവിക്കൊണ്ടില്ല. മറിച്ച് രാഷ്ട്രീയ കൊലപാതകത്തിലൂടെയും അക്രമത്തിലൂടെയും കുഴപ്പങ്ങളിലൂടെയും ഈ വിശുദ്ധമായ വിപ്ലവത്തെ കൂഴിച്ചുമൂടാമെന്നാണവര്‍ ധരിച്ചത്. ഇതിലൂടെ സിറിയന്‍ ജനത മുട്ടുമടക്കുമെന്നും പിന്നോട്ടടിക്കുമെന്നാണ് അവര്‍ കരുതിയത്. പോരാളികളുടെ ചോരകള്‍ വിപ്ലവത്തിന്റെ ഇന്ധനമായിത്തീരുമെന്ന യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിച്ചു. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം അവരുടെ അന്ത്യം അടുത്തുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം അവര്‍ ഉള്‍ക്കൊണ്ടില്ല. എന്തായിരുന്നു ഈജിപ്ത്, തുണീഷ്യ, ലിബിയ, യമന്‍… തുടങ്ങിയരാഷ്ട്രങ്ങളിലെയും അവര്‍ക്ക് മുമ്പ് ഫിര്‍ഔന്‍, ഹാമാന്‍ തുടങ്ങിയ ധിക്കാരികളുടെയും ചരിത്രം?!

 

പ്രിയപ്പെട്ട സിറിയന്‍ ജനതക്കുള്ള സന്ദേശം
അറബ്-ഇസ്‌ലാമിക ജനതയുടെ പ്രതാപവും യശസ്സുമുയര്‍ത്തുന്ന പുതുചരിത്രം രചിക്കുന്ന പ്രക്ഷുബ്ദ സിറിയന്‍ സമൂഹമേ! അല്ലാഹു നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥന കേള്‍ക്കുകയും ത്യാഗങ്ങള്‍ വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസവും നിങ്ങള്‍ രക്തസാക്ഷികളെ അര്‍പ്പിച്ച്‌കൊണ്ടേയിരിക്കുന്നു! സ്വാതന്ത്ര്യത്തിന്റെ പാതയില്‍ രക്തംനല്‍കുന്നതില്‍ ഒരുവൈമനസ്യവും നിങ്ങള്‍ കാണിച്ചിട്ടുമില്ല. പ്രതാപിയും മഹാനുമായ അല്ലാഹു നിങ്ങളെ സഹായിക്കുകതന്നെ ചെയ്യും. അവന്റെ സഹായം വളരെ സമീപത്താണ്. നിങ്ങളതിനാല്‍ ഭയപ്പെടുകയോ ദൂഖിക്കുകയോ ചെയ്യേണ്ടതില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഐക്യത്തോടെ നിലകൊള്ളുക. ഐക്യമാണ് നിങ്ങളുടെ ശക്തിയുടെ കരുത്ത്. ഭൂമിയില്‍ വിജയത്തിന്റെ മുന്നോടിയായി നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ നാം ചെയ്തുതീര്‍ക്കുക. നിങ്ങളുടെ നേതാവിനെ നിങ്ങള്‍ ലക്ഷ്യമാക്കുക. വ്യക്തി താല്‍പര്യങ്ങളേക്കാള്‍ രാഷ്ട്രത്തിന്റെ ഉന്നതമായ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. വിപ്ലവത്തിന്റെ തനിമ നിങ്ങള്‍ നിലനിര്‍ത്തുക! വൈദേശിക ഇടപെടലുകള്‍ നിങ്ങള്‍ സ്വീകരിക്കരുത്. മാധ്യമങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള വ്യവസ്ഥയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടുക. ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ വേദികളിലും നിങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുക.

 

എല്ലാ സഹായവും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുക തന്നെ ചെയ്യും. നിങ്ങളുടെ വ്യക്തി തലത്തിലും സംഭവലോകത്തും അല്ലാഹുവിന്റെ പ്രീതിയും സഹായവും കാംക്ഷിച്ചു അവനെ സഹായിക്കുക! നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അവന്‍ നിങ്ങളെ സഹായിക്കുകയും, സൈന്യങ്ങളെയിറക്കി ശക്തിപ്പെടുത്തുകയും ചെയ്യും. ശത്രുവിന്റെ ശക്തിയിലും ആയുധങ്ങളിലും പീഢനങ്ങളിലും നിങ്ങളൊരിക്കലും വഞ്ചിതരാവരുത്. ‘എത്രയെത്ര ചെറുസംഘങ്ങളാണ് ദിവ്യാനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ'(അല്‍ ബഖറ: 249). നിങ്ങളുടെ ലക്ഷ്യം അല്ലാഹു മാത്രമാവുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. തീര്‍ച്ചയായും വിജയം സഹനത്തിന്റെ സന്ദര്‍ഭത്തിലാണ്. ‘വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുക. അസത്യവാദികള്‍ക്കെതിരെ സ്ഥൈര്യമുള്ളവരാവുക. സത്യസേവനത്തിന് സന്നദ്ധരാവുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം’ (ആലു ഇംറാന്‍ :200).

 

ധിക്കാരികളായ സിറിയന്‍ ഭരണകൂടത്തോട്
നിങ്ങളുടെ ഹൃദയങ്ങളില്‍ ലജ്ജയുടെ വല്ല അംശവും ശേഷിക്കുന്നുവെങ്കില്‍ അല്ലാഹുവിന്റെ മുന്നില്‍ നിങ്ങളത് പ്രകടിപ്പിക്കുക. അടിമകളുടെ കാര്യത്തില്‍ അവനെ സൂക്ഷിക്കുക. നിങ്ങളുടെ ജനതയിലേക്ക് അഭയം തേടേണ്ടവരാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. രാഷ്ട്രത്തിന്റെ അവശേഷിക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തുക. നിയമപരമായ അവരുടെ ആവശ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുക. അവരുടെ താല്‍പര്യപ്രകാരം ഭരണം ഒഴിയുകയും സ്വതന്ത്രമായ തെരഞ്ഞടുപ്പിന് അവസരം നല്‍കുകയും ചെയ്യുക. ദീനിന്റെ ശത്രുക്കള്‍ക്കെതിരെ പോലും ഉപയോഗിക്കാത്ത മാരകായുധങ്ങള്‍ ഉപയോഗിച്ച് ജനതയെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുക.

 

നിങ്ങള്‍ അറിയുക! രാത്രികള്‍ പുതിയ പകലുകളെ ഗര്‍ഭംധരിച്ചുകൊണ്ടിരിക്കുന്നു. ഗോളങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ദുന്‍യാവ് ആരുടെയും സ്ഥിരസങ്കേതമല്ല. ‘നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് അവര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്.'(ആലു ഇംറാന്‍: 140). നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കുറ്റകൃത്യങ്ങള്‍ അധികം മുന്നോട്ട് പോവുകയില്ല. നിരപരാധികളായ രക്തസാക്ഷികളുടെ പേരില്‍ ജനങ്ങള്‍ പ്രതികാരം ചോദിക്കുക തന്നെ ചെയ്യും. ‘അക്രമികള്‍പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ'(ഇബ്‌റാഹീം: 41). മധ്യനൂറ്റാണ്ടുകളിലെ കറുത്ത ദിനങ്ങളില്‍ യൂറോപ്പില്‍ അരങ്ങേറിയ കുറ്റകൃത്യങ്ങളേനിങ്ങള്‍ തെമ്മാടിത്തംകൊണ്ട് അതിജയിച്ചിരിക്കുന്നു. കൂട്ടക്കൊലകളും പകപോക്കലുകളും പീഢനങ്ങളുമായി നിരപരാധിയായ കുട്ടികളെയും പ്രായമായ ദുര്‍ബലരെയും നിരന്തരമായി പീഢിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ധിക്കാരികള്‍ക്കും മര്‍ദ്ദകര്‍ക്കും ഐഹികലോകത്ത് വെച്ച് തന്നെ നിന്ദ്യമായ ശിക്ഷനല്‍കുക എന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍ പെട്ടതാണ്. ‘അവര്‍ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും’.(അല്‍ ബഖറ: 114)

 

സിറിയന്‍ അക്രമവ്യവസ്ഥയെ പിന്തുണക്കുന്നവര്‍ അറിയാന്‍
സിറിയയിലെ സഹോദരന്‍മാരുടെ രക്തക്കറപുരണ്ട നീചന്മാരായ ഭരണാധികാരികള്‍ക്ക് കരുത്ത് പകരുന്നവരെല്ലാം രാഷ്ട്രീയമായും നിയമപരമായും അതിന് കനത്ത വില നല്‍കേണ്ടിവരും. ആഭ്യന്തരകാര്യങ്ങളിലെ നിങ്ങളുടെ ഇടപെടലുകളും നിഷ്ഠൂരമായ ഭരണാധികാരികള്‍ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും ഈ ജനത ഒരിക്കലും പൊറുപ്പിക്കുകയില്ല. ജനങ്ങളുടെ ഇഛാശക്തി സുദൃഢവും എന്നെന്നും നിലനില്‍ക്കുന്നതുമാണ്. ഒരു ജനതയുടെ അവബോധം ഊഹങ്ങളില്‍ കെട്ടിപ്പെടുക്കപ്പെട്ട വഞ്ചനാത്മക ന്യായവാദങ്ങള്‍ക്കപ്പുറമാണ്.

 

അറബ് ഭരണാധികാരികളോട്
നിങ്ങളുടെ ജനതയോടും, സഹോദരങ്ങളായ സിറിയന്‍ ജനതയോടുമുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി നിറവേറ്റുക. ക്രിയാത്മക നടപടികളുമായി സിറിയന്‍ ഭരണകൂടത്തിനെതിരെ ജനപക്ഷത്ത് നിലയുറപ്പിക്കുക. മനുഷ്യത്വമില്ലാത്ത കുറ്റവാളികള്‍ക്ക് ശക്തിയും പിന്തുണയും നല്‍കുന്ന സഭകളെ ബഹിഷ്‌കരിക്കുക. സിറിയന്‍ ജനതക്ക് നിങ്ങളുടെ പിന്തുണയും സഹായവും ഏറ്റവും അനിവാര്യമായ ഘട്ടമാണിത്. അതിന് വേണ്ട ഗൗരവതരമായ ആലോചനകള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടിയിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അക്രമവ്യവസ്ഥക്ക് മേല്‍ നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു.

 

സിറിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിപ്ലവകരമായ ചലനങ്ങള്‍ ഖുദ്‌സില്‍ നിന്നും നമ്മുടെ ശ്രദ്ധ തെറ്റിക്കരുത്. ഖുദ്‌സിനെ ജൂത വല്‍ക്കരിക്കാനും മസ്ജിദുല്‍ അഖ്‌സ്വായെ തകര്‍ക്കുന്നതിനും വേണ്ടി സയണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട ശ്രമങ്ങളെ നാം കണ്ടില്ലെന്ന് നടിച്ച് കൂടാ. ഇത്തരം പ്രതിസന്ധികളെ ലോകത്തെ മുഴുവന്‍ അറബ്-ഇസ്‌ലാമിക സമൂഹവും സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. ഫലസ്തീന്‍ പ്രസിഡന്റ് ഇസ്മാഈല്‍ ഹനിയ്യ അല്‍ അസ്ഹറിലെ മിമ്പറില്‍ കയറി സംസാരിച്ചതില്‍ നിന്നും അസ്ഹറും അഖ്‌സായും ഒന്നാണെന്ന പ്രതീകാത്മകസൂചനകളാണ് നല്‍കപ്പെട്ടിട്ടുള്ളത്. പ്രിയപ്പെട്ട ഫലസ്തീന്‍; അത് നമ്മുടെ അന്തസ്സും അഭിമാനവുമാണ്, നമ്മുടെ സ്വാതന്ത്ര്യവും പുരോഗതിയും വിപ്ലവവും നിലകൊള്ളുന്നത് ഫലസ്തീന് കരുത്തുപകരുന്നതിലും നഷ്ടപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിലുമാണ്.

 

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

 

Related Articles