Current Date

Search
Close this search box.
Search
Close this search box.

സഊദി-ഇറാന്‍ ചര്‍ച്ചയെ എതിര്‍ക്കുന്നവര്‍ ബദല്‍ സമര്‍പ്പിക്കട്ടെ

ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഔദ്യോഗികമായി ചര്‍ച്ചക്ക് ക്ഷണിച്ചു കൊണ്ടുള്ള സഊദി വിദേശകാര്യ മന്ത്രിയുടെ ക്ഷണത്തെ സഊദിയിലെ എഴുത്തുകാരും നിരീക്ഷകരും സംശയത്തോടെയാണ് നോക്കികാണുന്നത്. സഊദി സന്ദര്‍ശിക്കാനും വിയോജിപ്പുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ക്ഷണിച്ചതായാണ് പത്രസമ്മേളനത്തിലൂടെ സഊദി വിദേശകാര്യ മന്ത്രി സഊദ് ഫൈസല്‍ അറിയിച്ചത്. എന്നാല്‍ ചര്‍ച്ച പരാജയമായിരിക്കുമെന്നാണ് പലരും പറയുന്നത്. അതിന് അവരുടെ അടുക്കല്‍ ന്യായങ്ങളും തെളിവുകളുമുണ്ട് താനും.

തുല്ല്യ ശക്തികള്‍ തമ്മിലുള്ള ഒരു ചര്‍ച്ചയല്ല ഇതെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ന്യായം. ഇറാനുമായി താരതമ്യം ചെയ്യുമ്പോള്‍ സഊദി വളരെ ദുര്‍ബലമാണെന്നാണ് അവരുടെ വാദം. ഇറാന് ഉയര്‍ന്ന സൈനിക ശേഷിയും പ്രാദേശികവും അന്താരാഷ്ട്രവുമായ സഖ്യങ്ങളും ഉണ്ട്. മാത്രമല്ല ഇറാനെയും അതിന്റെ ഉദ്ദേശ്യങ്ങളിലും അവര്‍ക്ക് വിശ്വാസവുമില്ല.

ഇറാനുമായി അടുക്കാനുള്ള ശ്രമത്തില്‍ സഊദി എഴുത്തുകാരും പ്രാസംഗികരും പരസ്യമായി സംശയം പ്രകടിപ്പിച്ചിരിക്കുന്നത് ആരോഗ്യകരമായ ഒരു പ്രതിഭാസം തന്നെയാണ്. മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ശ്രദ്ധേയമായ നീക്കമാണിത്. സഊദിയില്‍ അഭിപ്രായ സ്വാതന്ത്യം മുമ്പുള്ള അവസ്ഥയേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണിത് വ്യക്തമാക്കുന്നത്. അമേരിക്കയിലെ ‘ഫ്രീഡം ഹൗസ്’ നടത്തിയ സര്‍വെ പ്രകാരം സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തില്‍ സഊദിക്ക് 186-ാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നല്‍കിയിരിക്കുന്നത്.

സഊദി അറേബ്യ ഈ ചര്‍ച്ചയില്‍ കൂടുതല്‍ ദുര്‍ബലരായിരിക്കാം, അതില്‍ നാം തര്‍ക്കിക്കുന്നില്ല. സഖ്യമായിരുന്ന അമേരിക്ക അവരുടെ കാലുവാരി ഇറാനും സിറിയയുമായി ചര്‍ച്ച നടത്തി. അവിടത്തെ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടിയെ അവര്‍ ഇല്ലാതാക്കി. സഊദി ഒരു തരത്തില്‍ ഒറ്റക്കാണ്, ചുറ്റുമുള്ളത് എതിരാളികളും. ഇറാനെ ഒറ്റക്ക് എതിരിടാന്‍ സഊദിക്ക് സാധിക്കില്ല. ഇറാഖും സിറിയയും സഖ്യമായി നിലകൊണ്ടിട്ടും അവര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടതാണ്. വാഷിംഗ്ടണിന്റെ പ്രേരണയെ തുടര്‍ന്ന് ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കുകയെന്ന വലിയ പാതകവും അവര്‍ ചെയ്തു. മറ്റ് ഗള്‍ഫ് നാടുകള്‍ക്ക് നേരെയും കാര്യമായ കളികള്‍ കളിക്കാന്‍ ഇറാന് സാധിച്ചിട്ടുണ്ട്. ഈജിപ്തും സിറിയയും ഇറാഖുമെല്ലാം ആഭ്യന്തര പ്രശ്‌നങ്ങളില്‍ കിടന്ന് ഉഴറുന്ന ഈ പശ്ചാത്തലത്തില്‍ ഇറാനോട് ഒരു യുദ്ധകാഹളം മുഴക്കി നിലകൊള്ളുന്നത് സഊദിക്ക് ഗുണം ചെയ്യില്ല. ഇറാന്റെ കരങ്ങള്‍ ചുറ്റിലും വ്യാപിച്ചിരിക്കുന്നതാണെന്നത് തന്നെ കാരണം.

ഇറാനുമായുള്ള ചര്‍ച്ചയെ എതിര്‍ക്കുന്നവരോട് ചോദിക്കാനുള്ളത് നിങ്ങള്‍ക്ക് ബദല്‍ സമര്‍പ്പിക്കാനാവുമോ എന്നാണ്. ഇറാനെയും അതിന്റെ ആണവപദ്ധതികളെയും ഇല്ലായ്മ ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഇസ്രയേലുമായി സഖ്യമുണ്ടാക്കല്‍ ഒരു ബദലാണോ? അല്ലെങ്കില്‍ സഊദിയുടെ പഴയ സഖ്യങ്ങളിലേക്ക് മടങ്ങുകയും ഇറാന്റെയും ഇറാഖിന്റെയും സിറിയയുടെയും സഖ്യമായ മോസ്‌കോയിലേക്കും മടങ്ങുകയെന്നതാണോ ബദല്‍?

സംന്തുലിതത്തിന്റെ അഭാവത്തില്‍ ഇറാനുമായി നടത്തുന് ചര്‍ച്ച ഏറ്റവും ഉത്തമമായ ഒരു നിര്‍ദേശമാണെന്ന് അഭിപ്രായമില്ല. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതെങ്കിലും നടക്കേണ്ടതുണ്ട്. ഗള്‍ഫ് നാടുകള്‍ക്കും പ്രദേശത്തിനും ഇറാന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇസ്രയേല്‍ അതിനേക്കാള്‍ വലിയ അപകടമായി മാറാതിരിക്കുന്നതിനും, അറബ് നാടുകള്‍ക്കും അയല്‍ നാടുകള്‍ക്കും നേരെ അതിക്രമങ്ങളും കയ്യേറ്റങ്ങളും നടത്തുന്നതില്‍ നിന്നും അതാവശ്യമാണ്. ഹറം ഇബ്‌റാഹീമിനെ ഇസ്രേയല്‍ വിഭജിച്ചത് പോലെ മസ്ജിദുല്‍ അഖ്‌സയെയും വിഭജിക്കാനാണ് ഇപ്പോള്‍ അവര്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്. പിന്നെയും എന്തിനാണ് അറബികള്‍ ഇസ്രയേലുമായി സഹകരിച്ച് പോകുന്നത്? അവരുദ്ദേശിക്കുന്ന എല്ലാം നേടിയെടുക്കുന്നതിന് സഹായിക്കുന്ന രീതിയില്‍ എന്തിനാണ് സഊദി അവര്‍ക്കൊപ്പം നിലകൊള്ളുന്നത്? അതേസമയം മുസ്‌ലിം രാഷ്ട്രമായ ഇറാനോട് എന്തുകൊണ്ട് സഹകരണം ആയിക്കൂടാ? അതല്ല, തെഹ്‌റാനുമായി ചര്‍ച്ചയുടെ മാര്‍ഗം സ്വീകരി്ച്ചിരിക്കുന്ന അമേരിക്കയേക്കാള്‍ വലിയ ശക്തിയാണോ സഊദി അറേബ്യ?

ഇസ്രയേലിനെതിരെയല്ല, ഇറാനെതിരെയാണ് സഊദി യുദ്ധ കാഹളം മുഴക്കികൊണ്ടിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 200 ബില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ആയുധങ്ങള്‍ അവര്‍ വാങ്ങികൂട്ടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും സഊദിയെ പ്രദേശത്തെ വലിയൊരു ശക്തിയാക്കി മാറ്റിയില്ല. ഉദ്ദേശിച്ച് നിര്‍ഭയത്വം ഉണ്ടാക്കാനും അതിലൂടെ സാധിച്ചില്ല. സിറിയന്‍ യുദ്ധത്തിലെ ഇടപെടല്‍ ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയര്‍ത്തി. തങ്ങളുടെ പൗരന്മാര്‍ പുറത്തു പോയി പോരാടുന്നതിനെതിരെ ഉണ്ടാക്കിയ നിയമവും രാജ്യത്തെ പൊതുസംവിധാനങ്ങള്‍ക്ക് നേരെ ആക്രമണവും സ്‌ഫോടനവും നടത്താന്‍ പദ്ധതിയിടുന്ന തീവ്രഇസ്‌ലാമിക ഗ്രൂപ്പുകളെ കുറിച്ച വെളിപ്പെടുത്തലുമെല്ലാം അതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്.

സദ്ദാം ഹുസൈന്റെ കാലത്തെ ഇറാഖിന് ഇറാനുമായി സംന്തുലിതത്വം സാധിച്ചിരുന്നു. അത്യാധുനിക ആയുധങ്ങളും ശക്തമായ സൈന്യവും ഒരുക്കിയാണത് സാധ്യമായത്. അതോടൊപ്പം ശക്തമായ രാഷ്ട്രീയ സഖ്യങ്ങളും അദ്ദേഹം ഉണ്ടാക്കി. അതുകൊണ്ടാണ് എട്ടുവര്‍ഷം യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇറാഖിന് സാധിച്ച്ത്. എന്നാല്‍ ഇന്നെവിടെയാണ് അവലംബിക്കാവുന്ന അറബ് – ലോക സഖ്യങ്ങളുള്ളത്?

കഴിഞ്ഞകാലത്തെ വീഴ്ച്ചകളെ നിരൂപണം ചെയ്തതില്‍ നിന്നുണ്ടായ ഒരു തീരുമാനമായിരിക്കാം ഇറാനുമായുള്ള ചര്‍ച്ച. താല്‍ക്കാലികമായെങ്കിലും സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ഒരു പരിഹാരവുമായിരിക്കാം. അവക്കിടയിലെ സംഘര്‍ഷം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും ആര്‍ക്കും അത് വിജയം നല്‍കിയില്ലെന്നും എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.

അറബ് കേന്ദ്രീകൃത വിഷയങ്ങളിലേക്ക് സഊദി മടങ്ങണമെന്നാണ് വീണ്ടും ആവര്‍ത്തിച്ച് പറയാനുള്ളത്. കുവൈത്ത് യുദ്ധം മുതല്‍ അവര്‍ അറബ് വിഷയങ്ങളോട് പുറം തിരിഞ്ഞിരിക്കുകയാണ്. സഊദിയുടെ അഭാവത്തിലുള്ള ഒഴിവിലേക്കാണ് ഇറാന്‍ കടന്നു കയറുന്നത്. അതവര്‍ക്ക് ശക്തിയും അന്തസും പകര്‍ന്ന് നല്‍കുകയും ചെയ്തു.

വിവ: അഹ്മദ് നസീഫ്‌

Related Articles