Current Date

Search
Close this search box.
Search
Close this search box.

ശൈഖുല്‍ അസ്ഹര്‍ , മുബാറകിനോട് പുലര്‍ത്തിയ നിലപാടെങ്കിലും മുര്‍സിയോട് സ്വീകരിക്കാമായിരുന്നു!

അല്ലാഹുവിനെ തങ്ങളുടെ നാഥനായും ഖുര്‍ആനിനെ ജീവിത സരണിയായും ശരീഅത്തിനെ മാനദണ്ഡമായും സ്വീകരിക്കുന്ന എല്ലാ ഈജിപ്ഷ്യന്‍ വിഭാഗങ്ങള്‍ക്കുമുള്ള ഫതവയാണിത്. ജനങ്ങളുടെ മുമ്പില്‍ അപരിഹാര്യമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ യഥാര്‍ഥ വെളിച്ചവും മാര്‍ഗദര്‍ശനവും ലഭിക്കാന്‍ വിശുദ്ധ ഖുര്‍ആനിലേക്കുള്ള മടക്കം മാത്രമാണ് പരിഹാരം. ഈജിപ്തിലെ അല്‍ അസ്ഹറിലെ പണ്ഡിതന്മാരും അറബ് ലോകത്തെ ഇസ്‌ലാമിക പണ്ഡിതന്മാരും ലോക മുസ്‌ലിം പണ്ഡിത വേദിയിലെ പണ്ഡിതരും എന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഫതവയാണിത്.

മുപ്പത് വര്‍ഷമായി ഈജിപ്ഷ്യര്‍ക്ക് അവരുടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. അതിന് ശേഷം അവരുടെ പ്രസിഡന്റിനെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചപ്പോള്‍ അവര്‍ മുഹമ്മദ് മുര്‍സിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സന്തോഷത്തിന്റെയും പ്രയാസത്തിന്റെയും പ്രതിസന്ധിയുടെയും ഘട്ടത്തില്‍ അദ്ദേഹത്തെ അനുസരിക്കുമെന്നും ആഹ്വാനങ്ങള്‍ക്ക് ചെവികൊടുക്കുമെന്നും അദ്ദേഹത്തിന് അവര്‍ കരാര്‍ ചെയ്തു. പട്ടാളവും ജനവുമടങ്ങുന്ന എല്ലാ സംഘങ്ങളും അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കുകയും ചെയ്തു. ഹിശാം ഖിന്‍ദീലിന്റെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയും സൈനിക തലവനുമായ അബ്ദുല്‍ ഫത്താഹ് സീസി ഈ കരാര്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥമായ പ്രഥമ വിഭാഗമാണ്. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് അവര്‍ സത്യപ്രതിജ്ഞ ചെയ്തത് നാം നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടതാണ്.  അബ്ദുല്‍ ഫത്താഹ് സീസി ഉള്‍പ്പെടെ സൈനിക നേതൃത്വവും സിവില്‍ സമൂഹവും അംഗീകരിച്ച യാഥാര്‍ഥ്യം ഇതായിരിക്കെ  തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സ്ഥാന ഭ്രഷ്ടനാക്കി, കേവലം ഒരു മന്ത്രിയായ അദ്ദേഹം രാഷ്ട്രത്തിന്റെ പരമാധികാര തലവനായി സ്വയം അവരോധിതനാകുന്നത് നിയമപരമായും ഭരണഘടനാ പരമായും സ്വീകാര്യമല്ല.

സീസിയുടെ വിഭാഗവും ഈ ഭരണമാറ്റത്തെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ ഭരണഘടനാ പരമായും നിയമപരമായും വലിയ അപരാധം ചെയ്തവരാണ്. ഭരണഘടനാ വശം പരിശോധിക്കുമ്പോള്‍ പ്രസിഡന്റ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള കഴിവും ആരോഗ്യവും ഉണ്ടാകുകയും നിരന്തരം ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ഭരണഘടന അനുശാസിക്കുന്ന പ്രകാരം നാല് വര്‍ഷം ഭരണത്തില്‍ തുടരാന്‍ അദ്ദേഹത്തെ അനുവദിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. അദ്ദേഹത്തിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ -ചില വിഷയങ്ങളില്‍ അദ്ദേഹം അത് അംഗീകരിച്ചതാണ്- വ്യത്യസ്ത രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും അദ്ദേഹത്തെ തിരുത്തുകയും ഉപദേശിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടതാണ്. കാരണം അദ്ദേഹം എല്ലാവരുടെയും പ്രസിഡന്റാണ്.  പ്രസിഡന്റിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കലാണ് ജനാധിപത്യത്തിന്റെ അന്തസത്തയോട് ചേരുന്ന നിലപാട്. മുര്‍സിയെ നീക്കിയും ഭരണഘടന റദ്ദാക്കിയും ജനതയുടെ മേല്‍ പുതുതായി അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തോടും ജനങ്ങളോടും ചെയ്ത കരാര്‍ ലംഘിക്കുകയാണ്.   വര്‍ഷങ്ങളായി രക്തം നല്‍കിയും ജീവന്‍നല്‍കിയും മഹത്തായ വിപ്ലവത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യത്തെയും ജനാധിപത്യ വ്യവസ്ഥയെയുമാണ് അവര്‍ അപഹരിച്ചുകൊണ്ട് അല്ലാഹുവിനോടും ജനങ്ങളോടുമുള്ള കരാറിനെ അവര്‍ ലംഘിച്ചിരിക്കുന്നു.

നിയമപരമായി ഇതിനെ നാം വിശകലനം ചെയ്യുകയാണെങ്കില്‍ സിവില്‍ രാഷ്ട്രമാണ് ഈജിപ്ത്. മതാധിപത്യ രാഷ്ട്രമല്ല, അതിനാല്‍ തന്നെ സിവില്‍ സമൂഹം തെരഞ്ഞെടുത്ത പ്രസിഡന്റിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ നടപ്പിലാക്കുകയും നിര്‍ദ്ദേശങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുക എന്നത് രണ്ടു നിബന്ധനകള്‍ ലംഘിക്കാത്ത കാലത്തോളം എല്ലാവരുടെയും ബാധ്യതയാണ്.
ജനതയെ പരസ്യമായി ദൈവധിക്കാരത്തിന് കല്‍പിക്കാതിരിക്കുക എന്നതാണ് ഇതില്‍ ഒന്നാമത്തെ നിബന്ധന. ഇത് സഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഹമ്മദ് മുര്‍സി പരസ്യമായി അല്ലാഹുവിനെ ധിക്കരിക്കാന്‍ ജനതയോട് ആഹ്വാനം ചെയ്യുന്ന ഒരു സംഭവം പോലും ഉദ്ധരിക്കപ്പെട്ടിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ സുകൃതങ്ങളാണ് ഈജിപതിന്റെ തെരുവോരങ്ങളില്‍ നമുക്ക് മുഴങ്ങിക്കേള്‍ക്കാന്‍ കഴിഞ്ഞത്.
ജനതയോട് അവരുടെ മതത്തില്‍ നിന്നും പുറത്ത് പോകാനും വ്യക്തമായ സത്യനിഷേധം സ്വീകരിക്കാന്‍ കല്‍പിക്കാതിരിക്കുക എന്നതാണ് ഭരണാധികാരിയെ അനുസരിക്കാതിരിക്കാനുള്ള രണ്ടാമത്തെ നിബന്ധന. ഇതും പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയില്‍ നിന്ന് സത്യനിഷേധത്തിന് പ്രേരിപ്പിക്കുന്ന ഒരു കല്‍പനയും ഉണ്ടായിട്ടില്ല എന്ന് നമുക്കുറപ്പിച്ചുപറയാനാവും. മാത്രമല്ല, അദ്ദേഹം അല്ലാഹുവിനെ അനുസരിക്കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടരുക എന്നത് നിര്‍ബന്ധമാണ്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള അനുവാദം തനിക്കുണ്ടെന്ന് വാദിക്കാന്‍ ഒരാള്‍ക്കും അതിനാല്‍ അനുവാദമില്ല.

ജനത രണ്ടായി വിഭജിക്കപ്പെടുന്നത് തടയാനാണ് പ്രസിഡന്റിനെ നീക്കിയതെന്നാണ് സൈന്യത്തലവന്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ വാദമെങ്കില്‍, അതിലൊരു സംഘത്തിന് പിന്തുണ നല്‍കുന്ന നിലാടിന് നീതീകരണമില്ല. അദ്ദേഹം പിന്തുണക്കുന്ന വിഭാഗം ഈജിപ്ഷ്യന്‍ ജനതയില്‍ ന്യൂനപക്ഷമാണ് താനും.  ഈജിപ്ഷ്യന്‍ പണ്ഡിതനും മുന്‍ അസ്ഹര്‍ മേധാവിയുമായ ഡോ. അഹ്മദ് അല്‍ ത്വയ്യിബ് ഇതിനു കുട്ടുനിന്നതിനും ന്യായീകരണമില്ല. ഞാനടക്കമുള്ള (ഹൈഅതു കിബാരില്‍ ഉലമ) ഉന്നത പണ്ഡിതസഭയുടെ മേധാവിയാണദ്ദേഹം. ഈ പ്രശ്‌നം ഞങ്ങളോടദ്ദേഹം കൂടിയാലോചിക്കുകയോ ഇത്തരമൊരു നിലപാടിന് ഞങ്ങളദ്ദേഹത്തെ ഉത്തരവാദപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിച്ച നിലപാടിനെ പിന്തുണച്ചു എന്നത് ഗുരുതരമായ തെറ്റാണ്. വിജ്ഞാനത്തെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കാന്‍ തയ്യാറില്ലാത്ത ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണിത്. ഖുര്‍ആനും സുന്നത്തും പണ്ഡിതന്മാരും പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കൊപ്പമാണ്. തന്റെ നിലപാടിന് ന്യായീകരണമായി അഹ്മദ് ത്വയ്യിബ് ഉന്നയിച്ചത് അദ്ദേഹം രണ്ടുതിന്മകളില്‍ ലഘുവായത് സ്വീകരിച്ചു എന്നാണ്. മൂന്നില്‍ രണ്ടു ജനതയുടെ അംഗീകാരമുള്ള ഭരണഘടന അട്ടിമറിക്കുകയും നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സ്ഥാന ഭ്രഷ്ടനാക്കുകയും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളുകയും ചെയ്യുന്നത് ലഘുവായ തിന്മയാണെന്ന് ആരാണ് അദ്ദേഹത്തെ പഠിപ്പിച്ചത്! വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിതന്മാരുടെ വീക്ഷണവുമെല്ലാം ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട ഗുരുതരമായ തിന്മക്കാണ് കൂട്ടുനിന്നത്. ഹുസ്‌നി മുബാറകിനോട് പുലര്‍ത്തിയ നിലപാടെങ്കിലും മുര്‍സിയോടും അദേഹത്തിന് ആകാമായിരുന്നു. സേഛ്വാധിപതികളായ ഭരണാധികാരികളോടൊപ്പം നില്‍ക്കാതെ ജനതയുടെ പക്ഷത്ത് നിലകൊള്ളുക എന്ന അല്‍ അസ്ഹറിന്റെ ദൗത്യത്തെ തകിടം മറിക്കുന്ന നിലപാടാണിത്.

മുഴുവന്‍ കോപ്റ്റുകള്‍ക്കും വേണ്ടി സംസാരിക്കാന്‍ ബാബ ടോവാദ്രൂസിനെയും ആരും ചുമതലപ്പെടുത്തിയിട്ടില്ല. മുര്‍സിയെ പിന്തുണയ്ക്കുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുകയും ചെയ്ത നിരവധി കോപ്റ്റുകള്‍ അവിടെ ഉണ്ട്. ബറാദഗിയെ ഇതിന് ആരും ചുമതല ഏല്‍പിച്ചിട്ടില്ല. ജനപിന്തുണ ഏറ്റവും കുറഞ്ഞ നേതാവാണദ്ദേഹം, പ്രതിപക്ഷം പോലും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ഥ്യം. ഹിസ്ബുന്നൂറിന്റെ പേരില്‍ രംഗത്ത് വന്നവര്‍ അവരിലെ ന്യൂനപക്ഷം മാത്രമാണ്. സലഫികളും അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യയും മറ്റു സ്വതന്ത്ര കക്ഷികളും രാഷ്ട്രത്തെ സേഛ്വാധിപത്യത്തിലേക്കും മനുഷ്യാവകാശ ധ്വംസനത്തിലേക്കും നയിക്കുന്ന ഈ അട്ടിമറിക്ക എതിരാണ്.

സീസിയുടെ വിഭാഗത്തെയും അവരോടൊപ്പമുള്ളവരോടും, ഈജിപ്തിലെ എല്ലാ രാഷ്ട്രീയ ശക്തികളോടും ലോകത്തിലെ പണ്ഡിത സുഹൃത്തുക്കളോടും നീതിയും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന എല്ലാവരോടും സത്യത്തിന്റെ വിജയത്തിന് വേണ്ടി മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അവരോടുള്ള എല്ലാ സ്‌നേഹവും ആത്മാര്‍ഥതയും നിലനിര്‍ത്തിക്കൊണ്ട് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ രക്തവും ജീവനും നല്‍കിക്കൊണ്ട് നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും പരിരക്ഷിക്കാന്‍ പ്രായോഗികമായ ആസൂത്രണങ്ങളിലേര്‍പ്പെടാനും അതില്‍ ഒരു വീഴ്ച സംഭവിക്കാതിരിക്കാനും ഞാന്‍ ഉപദേശിക്കുകയാണ്.

മുപ്പത് വര്‍ഷം ഭരണം നടത്തിയ ഹുസ്‌നി മുബാറക് രാഷ്ട്രത്തെ അധപ്പതനത്തിലേക്ക് നയിക്കുകയും ജനങ്ങളെ നിന്ദ്യരാക്കുകയും രാഷ്ട്രത്തിന്റെ പൊതുമുതല്‍ കട്ടുമുടിച്ചുകൊണ്ട് വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തു. എല്ലാവിധ തമ്മാടിത്തങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും ചെയ്തുകൊണ്ട് പൂര്‍ണമായി നശിപ്പിച്ച രാഷ്ട്രത്തെയാണ് പിന്‍മുറക്കാര്‍ക്ക് വേണ്ടി ബാക്കിവെച്ചത്. എന്നിട്ടൊരിക്കല്‍ പോലും സൈന്യം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയില്ല. മുബാറക്കിനെ മുപ്പത് വര്‍ഷം സഹിച്ച നമ്മള്‍ക്ക് മുര്‍സിയെ ഒരു വര്‍ഷം പോലും സഹിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? ജനാധിപത്യ വ്യവസ്ഥക്കല്ല യഥാര്‍ഥത്തില്‍ കുഴപ്പമുള്ളത്, മറിച്ച് ആര് അത് കൈകാര്യം ചെയ്യുന്നു എന്നതിലാണ്. അതിന്റെ അടിസ്ഥാനങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് തകര്‍ക്കുന്നതിനല്ല നാം ശ്രമിക്കേണ്ടത്.

ഭരണഘടനയോടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനോടും ദൈവിക ശരീഅത്തിനോടും ഇത്തരം നിലപാട് സ്വീകരിക്കുക എന്നത് ഈജിപ്ഷ്യരുടെ മേല്‍ ഹറാമാണ്. അല്ലാഹുവിന്റെ ശിക്ഷയും കോപവും ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തനമാണിത്. തീര്‍ച്ചയായും അക്രമികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും അല്ലാഹു അശ്രദ്ദനല്ല. വിപ്‌ളവത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കുന്നതിന് രംഗത്തുവരാന്‍ മത- ജാതി രാഷ്ട്രീയ കക്ഷികള്‍ക്കതീതമായി ആബാലവൃദ്ധം ഈജിപ്തുകാരോടും ഞാന്‍ ആവശ്യപ്പെടുകയാണ്. സേഛ്വാധിപതികളില്‍ നിന്ന് രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക എന്ന വിപ്ലവത്തിന്റെ മഹത്തായ ലക്ഷ്യം സാധൂകരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സേഛ്വാധിപതിയായ ഒരു ഭരണാധികാരിക്കും സൈനികര്‍ക്കും അത് നാം അടിയറവ് വെക്കരുത്. ഇത്തരത്തില്‍ ഭരണം അപഹരിച്ചെടുത്ത രാഷ്ട്രങ്ങളില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ പിന്നിടേണ്ടി വന്നു എന്ന യാഥാര്‍ഥ്യവും നാം വിസ്മരിക്കരുത്. അല്ലാഹുവെ, ഈജിപ്തിനെ നീ കാക്കുകയും ജനതയെ സംരക്ഷിക്കുകയും ചെയ്യേണമേ! ഞങ്ങളിലെ ചില അവിവേകികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം നീ ഞങ്ങളെ പിടികൂടരുതേ….!

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles