Current Date

Search
Close this search box.
Search
Close this search box.

ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന ഹിന്ദുത്വ ഭീകരവാദികള്‍

mecca-masjid.gif

അവസാനം, പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസിന്റെ വിധി പുറത്തുവന്നിരിക്കുകയാണ്. വളരെക്കാലമായി പ്രതീക്ഷിച്ചിരുന്നത് പോലെതന്നെ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള കുറ്റവാളികള്‍ എല്ലാവരും വെറുതെ വിടപ്പെട്ടു. 2007 മെയ് 18-ന് വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്താണ് ബോംബ് പൊട്ടിയത്. സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ പോലിസ് വെടിയേറ്റ് മറ്റു അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2018 ഏപ്രില്‍ 16-ന് ഹൈദരാബാദില്‍ വെച്ച് വിധിപുറപ്പെടുവിച്ച സ്‌പെഷ്യല്‍ എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) കോടതി ജഡ്ജി രവീന്ദ റെഡ്ഢിയുടെ അഭിപ്രായത്തില്‍, ‘കേസ് തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് സാധിച്ചിട്ടില്ല’ കാരണം ‘ഗൂഢാലോചന തെളിയിക്കാന്‍ ആവശ്യമായ തെളിവുകളൊന്നും തന്നെ ഹാജറാക്കിയിട്ടില്ല’.

ഹിന്ദുത്വരിലെ പ്രമുഖനായ സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ചു പ്രധാന കുറ്റാരോപിതരെയാണ് എന്‍.ഐ.എ കോടതി വെറുതെവിട്ടത്. ദേവേന്ദ്ര ഗുപ്ത ഏലിയാസ് ബോബി ഏലിയാസ് രമേശ്, ലോകേഷ് ശര്‍മ ഏലിയാസ് അജയ് തീവാരി ഏലിയാസ് അജയ് ഏലിയാസ് കാലു, ഭരത് മോഹന്‍ലാല്‍ രഥേശ്വര്‍ ഏലിയാസ് ഭാരത് ഭായ് മോഹന്‍ലാല്‍ രഥേശ്വര്‍, രജേന്ദര്‍ ചൗധരി ഏലിയാസ് സമുന്ദര്‍ ഏലിയാസ് ദശരഥ് ഏലിയാസ് ലക്ഷ്മണ്‍ ദാസ് മഹാരാജ് എന്നിവരാണ് മറ്റുള്ളവര്‍. വേറെ മൂന്നു പേര്‍ കൂടിയുണ്ട്. അതിലൊരാളായ, മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകായിരുന്ന സുനില്‍ ജോഷിയെ 2007 ഡിസംബര്‍ 29-ന് മധ്യപ്രദേശിലെ ദേവാസില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം മറ്റു രണ്ടു പേരായ സന്ദീപ് വി ദാംഗെ, രാമചന്ദ്ര കല്‍സാംഗ്ര എന്നിവര്‍ ഒളിവിലാണ്. 2017 മാര്‍ച്ച് 8-ന് ജയ്പൂരിലെ എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതി 2007 അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച ആര്‍.എസ്.എസ് (മുഴുസമയ) പ്രചാരക് ദേവേന്ദ്ര ഗുപ്തയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടുണ്ട് എന്നത് അവിശ്വസനീയമാണെങ്കിലും പക്ഷെ സത്യം തന്നെയാണ്.

ഭീകരവാദികളെ രക്ഷപ്പെടുത്താനുള്ള കുറ്റാന്വേഷണം

അപ്പോള്‍, മക്കാ മസ്ജിദ് കൂട്ടക്കുരുതിക്ക് ഒരു സംഘടനയും അല്ലെങ്കില്‍ ഒരാളും ഉത്തരവാദിയല്ല! എത്രത്തോളം പക്ഷപാതപരവും കാര്യക്ഷമതയില്ലാത്തതുമായിരുന്നു സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ കുറ്റാന്വേഷണം എന്ന് മൂന്ന് ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ആദ്യമായി, സ്‌ഫോടനം നടന്ന തൊട്ടുടനെ തന്നെ 58 മുസ്‌ലിം യുവാക്കളെ പൊക്കിയ ഹൈദരാബാദ് പോലിസ്, കസ്റ്റഡിയില്‍ വെച്ച് അവരുടെ മേല്‍ മൂന്നാം മുറ പ്രയോഗിച്ചതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഹിന്ദുത്വ ഭീകരവാദികളുടെ മുഖം വെളിപ്പെട്ടതിന് ശേഷം മാത്രമാണ് ആ മുസ്‌ലിം യുവാക്കള്‍ക്ക് ലഭിച്ചത്.

രണ്ടാമതായി, കുറ്റവാളികള്‍ക്കെതിരായ സുപ്രധാന തെളിവിന്റെ അപ്രത്യക്ഷമാകല്‍. ബോംബ് സ്ഥാപിച്ച ആളുകളില്‍ ഒരാളുടെതെന്ന് സംശയിക്കപ്പെടുന്ന, സ്‌ഫോടന സ്ഥലത്ത് നിന്നും ലോക്കല്‍ പോലിസ് കണ്ടെടുത്ത ഒരു ചുവന്ന ഷര്‍ട്ട്, അന്വേഷണത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായി. കേസിന്റെ അവസാന ഘട്ടങ്ങളില്‍ മേല്‍നോട്ടം വഹിച്ച മുന്‍ എന്‍.ഐ.എ സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്‍.ആര്‍ വാസന്‍, ചുവന്ന ഷര്‍ട്ട് ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു, ഈ വസ്തുത പക്ഷെ എന്‍.ഐ.എ-യുടെ സമക്ഷം എത്തിയില്ല. ഷര്‍ട്ടിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും അത് സൂക്ഷിക്കാനുള്ള ചുമതല ആര്‍ക്കായിരുന്നുവെന്നും തനിക്കറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ആ ചുവന്ന ഷര്‍ട്ട് വളരെ പ്രധാനമായിരുന്നു. കാരണം 2007 മെയ് 18-ന് മക്കാ മസ്ജിദില്‍ ബോംബ് അടങ്ങിയ രണ്ടു ബാഗുകള്‍ അവര്‍ സ്ഥാപിച്ചിരുന്നു. പക്ഷെ അതില്‍ ഒന്നു മാത്രമാണ് പൊട്ടിയത്. ഒരു പൊട്ടാത്ത ഐ.ഇ.ഡിയുടെ കൂടെ ഒരു ചാവിയും ചുവന്ന ഷര്‍ട്ടും രണ്ടാമത്തെ ബാഗില്‍ നിന്ന് പോലിസ് കണ്ടെടുത്തു. 2013 ജൂലൈയില്‍ നടന്ന ബോധ് ഗയ സ്‌ഫോടനക്കേസില്‍ ഉണ്ടായത് പോലെ, ബോംബ് സ്ഥാപിച്ച വ്യക്തിയുടെ ഡി.എന്‍.എ പ്രസ്തുത ചുവന്ന ഷര്‍ട്ടില്‍ നിന്നും ലഭിക്കുമായിരുന്നു. ഒരു സന്യാസിയുടെ വസ്ത്രമടങ്ങിയ ബാഗും പ്രതികള്‍ ഉപേക്ഷിച്ച് പോയിരുന്നു. ബോംബ് സ്ഥാപിച്ച ആള്‍ എന്ന സംശയത്തിന്റെ പേരില്‍ ഹൈദറലി എന്നയാളെ എന്‍.ഐ.എ പിന്നീട് അറസ്റ്റ് ചെയ്തപ്പോള്‍, സന്യാസിയുടെ വസ്ത്രത്തില്‍ നിന്നും ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകളും അയാളുടെ രക്തവും തമ്മില്‍ ഒത്തുവന്നിരുന്നു. പ്രസ്തുത തെളിവ് നശിപ്പിച്ചവര്‍ക്ക് അതിന്റെ പ്രധാന്യം നന്നായിട്ടറിയാം.2

മൂന്നാമതായി, പ്രോസിക്ക്യൂഷന്‍ വിസ്തരിച്ച 230 സാക്ഷികളില്‍, 35 പേര്‍ കൂറുമാറി. കൂറുമാറിയ പ്രധാനസാക്ഷികളില്‍ ഒരാളാണ് ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്. എന്‍.ഐ.എ ആയിരുന്നു അദ്ദേഹത്തെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

മറ്റൊരു നാടകീയ രംഗത്തിനും കേസ് സാക്ഷിയായി, മക്കാ മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച സ്‌പെഷ്യല്‍ എന്‍.ഐ.എ ജഡ്ജി രവീന്ദര്‍ റെഡ്ഢി, വിധിപുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജുഡീഷ്യറിയില്‍ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവെക്കുന്നത് എന്നായിരുന്നു മെട്രോപോളിറ്റന്‍ സെഷന്‍ ജഡ്ജ് മുമ്പാകെയും ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ് മുമ്പാകെയും അദ്ദേഹം നല്‍കിയ വിശദീകരണം.

ഇരട്ട നീതി

എപ്പോഴൊക്കെ രാജ്യം ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും എതിരെ വ്യാപകമായ തോതിലുള്ള അക്രമങ്ങള്‍ക്ക് സാക്ഷിയാകുന്നുവോ, അപ്പോഴൊക്കെയും കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനമില്ലാത്ത വിധം നീണ്ടുപോവുമെന്നും കുറ്റവാളികള്‍ വളരെ അപൂര്‍വ്വമായി മാത്രമെ ശിക്ഷിക്കപ്പെടുകയുള്ളുവെന്നുമാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് വിധി ഒരിക്കല്‍ കൂടി തെളിയിക്കുന്നത്. നെല്ലി കൂട്ടക്കൊല (1983), സിഖ് കൂട്ടക്കൊല (1984), ഹാഷിംപുര മുസ്‌ലിം യുവാക്കളുടെ കസ്റ്റഡി കൂട്ടക്കൊല (1987), അയോധ്യ ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ അക്രമങ്ങള്‍ (1990-92), ഗുജറാത്ത് വംശഹത്യ (2002), കണ്ടമാല്‍ ക്രിസ്ത്യന്‍ വംശീയ ഉന്മൂലനം (2008) തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അരങ്ങേറിയ പ്രധാന അക്രമസംഭവങ്ങള്‍ ഈ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ തെളിവുകളാണ്.

ദലിത് വിരുദ്ധ അക്രമങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 1968-ലെ കില്‍വെണ്‍മണി കൂട്ടക്കൊല, 1997-ലെ മെലാവളവു കൂട്ടക്കൊല, 2013-ലെ മാറക്കാനം ദലിത് വിരുദ്ധ അക്രമം, 2012-ലെ ധര്‍മപുരി ദലിത് വിരുദ്ധ അക്രമം (എല്ലാം തമിഴ്‌നാട്ടില്‍), 1985-ലെ കരംച്ചേഡ് കൂട്ടക്കൊല, 1991-ലെ സുന്ദര്‍ കൂട്ടക്കൊല (എല്ലാം യു.പിയില്‍), 1996-ലെ ബഥാനി തൊല കൂട്ടക്കൊല, 1997-ലെ ലക്ഷ്മണ്‍പൂര്‍ ബാതെ കൂട്ടക്കൊല (എല്ലാം ബിഹാറില്‍), 1997-ല്‍ മുംബൈയിലെ രമാഭായ് കൊലപാതകങ്ങള്‍, 2006-ല്‍ കര്‍ണാടകയില്‍ നടന്ന ജാതി അക്രമങ്ങള്‍, 2006-ല്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരില്‍ അഞ്ചു ദലിതുകള്‍ മര്‍ദ്ദനത്തിന് ഇരയായി ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം, 2011-ല്‍ മിര്‍ച്ച്പൂരില്‍ നടന്ന ദലിത് കൊലപാതകങ്ങള്‍ (എല്ലാം ഹാരിയാനയില്‍), 2015-ല്‍ ഡംഗവാസില്‍ (രാജസ്ഥാന്‍) നടന്ന ദലിത് വിരുദ്ധ അക്രമം തുടങ്ങിയവ ദലിതുകള്‍ക്കെതിരെ നടന്ന ആയിരക്കണക്കിന് അക്രമസംഭവങ്ങളില്‍ ചിലതു മാത്രമാണ്. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിയ കേസുകളില്‍ തന്നെ ശിക്ഷിക്കപ്പെട്ടവയുടെ എണ്ണം 20 ശതമാനത്തില്‍ കൂടില്ല.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, കുറ്റവാളികള്‍ ദലിതുകളോ ന്യൂനപക്ഷ വിഭാഗങ്ങളോ ആണെങ്കില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘങ്ങള്‍ വളരെ കാര്യക്ഷമമായി കേസ് അന്വേഷിക്കുകയും വിചാരണ ചെയ്യുകയും അതിവേഗ കോടതികള്‍ മുഖേന ശിക്ഷിക്കപ്പെടുകയും ചെയ്യും. നീതി നടപ്പാക്കുന്നതിനും, ദേശീയ സുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തിയും അവര്‍ തടവിലിടപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യും. പക്ഷെ ഇരകള്‍ ദലിതുകളോ ന്യൂനപക്ഷങ്ങളോ ആണെങ്കില്‍ അത്തരത്തിലുള്ള യാതൊരു വിധ ധൃതിയും കാണില്ല. അത്തരം കേസുകളില്‍ കമ്മീഷന്‍-കമ്മീഷന്‍ കളിക്കാണ് ഇന്ത്യന്‍ ഭരണകൂടത്തിന് താല്‍പര്യം. അധീശത്വ വര്‍ഗം നടത്തുന്ന ദലിത്-ന്യൂനപക്ഷ വിരുദ്ധ ക്രൂരകൃത്യങ്ങള്‍ പൊതുമനസ്സില്‍ നിന്നും മായുന്നത് വരേക്കും ഭരണകൂടങ്ങള്‍ കമ്മീഷന് പിന്നാലെ കമ്മീഷനുകളെ നിയോഗിച്ചു കൊണ്ടേയിരിക്കും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വര്‍ഗീയ/ജാതീയ മനോഭാവത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ ഭീകരവാദികളെ വെറുതെ വിട്ട വിധി.

ദല്‍ഹി സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസറാണ് ശംസുല്‍ ഇസ്‌ലാം.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  countercurrents.org

 

Related Articles