Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തലിന് ധൃതിപിടിക്കുന്ന ഇസ്രായേല്‍

israel.jpg

ഗസ്സക്ക് മേല്‍ യുദ്ധം തുടങ്ങി ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം തന്നെ ഇസ്രായേല്‍ വെടിനിര്‍ത്തലിനായി മധ്യവര്‍ത്തികള്‍ക്ക് സന്ദേശമയച്ചുവെന്നത് അവഗണിക്കാനാവാത്ത, സുപ്രധാനമായ ചില സൂചനകളാണ് നല്‍കുന്നത്. കാരണം ഗസ്സക്ക് മേല്‍ റോക്കറ്റുകളുടെ പെരുമഴ വര്‍ഷിച്ച് ആക്രമണമാരംഭിച്ച ഇസ്രായേല്‍ രണ്ടാമത്തെ ദിവസം തന്നെ വെടിനിര്‍ത്തലിനാവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ -ഫ്രഞ്ച് ഭരണകൂടങ്ങള്‍ക്ക് കത്തയക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൂടാതെ, മൂന്നാം കക്ഷി മുഖേന തങ്ങളുടെ ആഗ്രഹം തുര്‍ക്കി ഭരണകൂടത്തെയും ഇസ്രായേല്‍ അറിയിച്ചിരിക്കുന്നു. എന്നല്ല, ഇസ്രായേലിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഡോ. മുഹമ്മദ് മുര്‍സിയുമായി സംഭാഷണം നടത്തുകയും വെടിനിര്‍ത്താന്‍ ഹമാസിനോട് ആവശ്യപ്പെടണമെന്ന് നിര്‍ദേശിക്കുക കൂടി ചെയ്തിരിക്കുന്നു.

ഇവരുടെ ആവശ്യം ഹമാസിനെ ഞെട്ടിച്ചിരിക്കുകയാണ്. 2008-ല്‍ ഇസ്രയേല്‍ ഗസ്സക്ക് മേല്‍ അതിക്രമം പ്രവര്‍ത്തിച്ചപ്പോള്‍, ഹമാസില്‍ നിന്നും ചെറുത്ത് നില്‍പ് പ്രസ്ഥാനങ്ങളില്‍ നിന്നും മുഖം തിരിക്കുകയായിരുന്നു എല്ലാവരും ചെയ്തത്. ഒരാഴ്ചയോളം ഇസ്രയേല്‍ ഗസ്സയില്‍ നരനായാട്ട് നടത്തി. ഈജിപ്ത് അടക്കമുള്ള ഒരു രാഷ്ട്രവും അന്ന് ചെറുവിരല്‍ പോലുമനക്കിയില്ല. എന്നല്ല, ഗസ്സയിലെ പോരാളികളുടെ പതനം കാത്തിരിക്കുകയായിരുന്നു അവര്‍. പക്ഷെ അത് സംഭവിച്ചില്ല. അക്കാലത്തെ ഈജിപ്ഷ്യന്‍ ഇന്റലിജന്റ്‌സ് മേധാവിയായിരുന്ന ഉമര്‍ സുലൈമാന്‍ ഒന്നാമത്തെ ആഴ്ച തന്നെ ഹമാസ് നേതൃത്വവുമായി ടെലഫോണ്‍ സംഭാഷണം നടത്തി. അദ്ദേഹത്തിനായിരുന്നു ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ചുമതലയുണ്ടായിരുന്നത്. വെടിനിര്‍ത്തലിന് വേണ്ടി നിന്ദ്യകരമായ വാഗ്ദാനങ്ങള്‍ മുന്നില്‍ വെച്ചു. ആക്രമണം പോരാളികളെ ദുര്‍ബലപ്പെടുത്തുയും അവരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് അയാള്‍ കരുതിയത്. ഇക്കാര്യമത്രയും ഹമാസിലെ ഔദ്യോഗിക വക്താവ് എന്നെ അറിയിച്ചതാണ്. ഗസ്സക്കുള്ളില്‍ ഇസ്രായേല്‍ സൈന്യം എത്തിയിടത്ത് തന്നെ നിലകൊള്ളും എന്ന നിബന്ധനയായിരുന്നുവത്രെ വെടിനിര്‍ത്തലിന് അയാള്‍ സമര്‍പിച്ചത്. ഹമാസിന് ഒട്ടുമാലോചിക്കേണ്ടതുണ്ടായിരുന്നില്ല. അവരത് തള്ളിക്കളഞ്ഞു പോരാട്ടം തുടര്‍ന്നു. ഗസ്സ തകര്‍ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചേക്കും, പക്ഷെ ഗസ്സാനിവാസികളുടെ മനോദാര്‍ഢ്യം ദുര്‍ബലപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഇസ്രായേല്‍ തിരിച്ചറിഞ്ഞത് ആ യുദ്ധത്തിലായിരുന്നു.

ഇത്തവണ എന്താണ് സംഭവിച്ചത്? ഇസ്രായേല്‍ എന്ത് കൊണ്ടാണ് വെടിനിര്‍ത്തലിന് ധൃതിപിടിക്കുന്നത്? ഈ ചോദ്യത്തിനുള്ള എന്റെ മറുപടി ഇസ്രായേലിന്റെ പ്രതീക്ഷളെല്ലാം തകിടംമറിഞ്ഞിരിക്കുന്നുവെന്നതാണ്. ചിലത് അവരെ ഞെട്ടിക്കുകയും, മറ്റ് ചിലത് അവര്‍ക്ക് മുറിവേല്‍പിക്കുകയും ചെയ്തിരിക്കുന്നു. അവയില്‍ സുപ്രധാനം കൈറോയുടെ സമീപനം തന്നെയാണ്. പുതിയ ഈജിപ്ത് എങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഗസ്സയെ ഒറ്റക്ക് പോരാടാന്‍ വിടില്ലെന്ന് പ്രസിഡന്റ് മുര്‍സി പ്രഖ്യാപിച്ചതും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗസ്സയിലേക്ക് അയച്ചതും ഇസ്രായേല്‍ ഒട്ടും പ്രതീക്ഷിച്തായിരുന്നില്ല. തുര്‍ക്കി പ്രധാനമന്ത്രിയും, ഖത്തര്‍ അമീറും ഈജിപ്തിന്റെ ചേരിയിലേക്ക് ചേര്‍ന്നത് കനത്ത അടിയായി. ഡോ. മുഹമ്മദ് മുര്‍സിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ സൗദിരാജകുടുംബം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും, ഇസ്രായേലുമായുണ്ടായിക്കിയിട്ടുള്ള സമാധാനക്കരാറുകളില്‍ പുനപരിശോധന നടത്തണമെന്ന് അറബ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ആവശ്യപ്പെട്ടതും ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം നിനച്ചിരിക്കാത്ത കാര്യങ്ങളായിരുന്നു. ഈജിപ്ത് മാറിയിരിക്കുന്നുവെന്നും, തങ്ങളുടെ തെമ്മാടിത്തങ്ങളോടുള്ള സമീപനത്തില്‍ അറബ് വസന്തം കാതലായ മാറ്റം വരുത്തിയിരിക്കുന്നുവെന്നും ഇസ്രായേല്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തുര്‍ക്കിയുടെ നിലപാട് തീര്‍ത്തും എടുത്ത്പറയേണ്ടത് തന്നെയാണ്. തുര്‍ക്കി വിദേശകാര്യമന്ത്രിയും, ഇന്റലിജന്‍സ് മേധാവിയും സജീവമായി രംഗത്തുണ്ട്.

തങ്ങളുടെ പൈലറ്റില്ലാ ചാരവിമാനവും, എഫ് 16 വിമാനവും തകര്‍ക്കപ്പെട്ടത് ഇസ്രായേലിന് സംഭവിച്ച ദുരന്തം തന്നെയായിരുന്നു. തെല്‍അവീവിലും അധിനിവിഷ്ട ഖുദ്‌സിലും പോരാളികളുടെ റോക്കറ്റ് എത്തുന്നുവെന്നത് അതിനേക്കാള്‍ ഗുരുതരമായ കാര്യമാണ്. അതിനാല്‍ തന്നെ യുദ്ധത്തില്‍ തങ്ങളുടെ കണക്ക്കൂട്ടലുകള്‍ പിഴക്കുന്നുവെന്ന് ഇസ്രായേല്‍ തിരിച്ചറിയുന്നു. മാത്രമല്ല, പ്രസ്തു ദീര്‍ഘദൂര മിസൈലുകള്‍ ഗസ്സയില്‍ തന്നെ നിര്‍മിച്ചതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അപകടത്തിന്റെ ആഴം മനസ്സിലാക്കിയിരിക്കുന്നു. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആയുധശേഷി ശത്രുവിനുണ്ടെന്ന് ഇസ്രായേലിന് ബോധ്യപ്പെട്ടിരിക്കുന്നു.

തങ്ങള്‍ ഭീമമായ സംഖ്യ ചെലവഴിച്ച് വികസിപ്പിച്ചെടുത്ത ലോഹകവചം പ്രയോജനരഹിതമാണെന്നും ഇസ്രായേല്‍ തിരിച്ചറിഞിട്ടുണ്ട്. അവയുണ്ടായിരിക്കെത്തന്നെ തങ്ങളുടെ നെഞ്ചകത്ത് പോരാളികളുടെ റോക്കറ്റുകള്‍ വന്ന് പതിച്ചിരിക്കുന്നു. തങ്ങള്‍ക്ക് നേരെ വരുന്ന റോക്കറ്റുകളില്‍ കേവലം അമ്പത് ശതമാനം പ്രതിരോധിക്കാന്‍ പോലും അവയ്ക്കാവുന്നില്ല. എന്നല്ല ഗസ്സയില്‍ നിന്ന് വരുന്ന എല്ലാ റോക്കറ്റുകളും കൃത്യമായി ഇസ്രയേലില്‍ തന്നെ പതിക്കുന്നു. ഇസ്രായേലിന്റെ സുരക്ഷിത കവചങ്ങള്‍ നിഷ്‌ക്രിയമാണെന്നത് ഇറാനെ സംബന്ധിച്ചിടത്തോളം ശുഭവാര്‍ത്തയാണ്.

ഫലസ്തീനികളുടെ റോക്കറ്റ് കേന്ദ്രങ്ങളെ സ്പര്‍ശിക്കാന്‍ പോലും ഇസ്രായേലിനായില്ല എന്നത് പരാജയത്തിന്റെ വലിപ്പം വ്യക്തമാക്കാന്‍ പര്യാപ്തമാണ്. ഇസ്രായേലിന്റെ ആക്രമണത്തില്‍ നിന്നും തീര്‍ത്തും അകലെയാണ് പോരാളികളുടെ സൈനിക സജ്ജീകരണങ്ങളെന്ന് വ്യക്തം. ഇതുവരെ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണെന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 
 

Related Articles