Current Date

Search
Close this search box.
Search
Close this search box.

വിജയം കൊണ്ട് പരിമളം തീര്‍ത്ത ഗസ്സ

gaza963.jpg

ലോകത്ത് നിന്നിരുന്ന എല്ലാ മാനവ നാഗരികതകളെയും, മൂല്യങ്ങളെയും തകര്‍ക്കുന്നതായിരുന്ന രണ്ടാം ലോക ഭീകരയുദ്ധത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ച ആക്രമണങ്ങള്‍. ഭൂമിക്ക് മുകളിലുണ്ടായിരുന്ന സര്‍വതിനെയും അത് തകര്‍ത്ത് കളഞ്ഞു. ജപ്പാനും, ലോകത്തെ മറ്റ് വന്‍ശക്തികളും പരാജയപ്പെട്ട് തലകുനിച്ചു.

തങ്ങളുടെ പുതിയ ആയുധം പരീക്ഷിക്കുകയെന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. കൂടാതെ രണ്ട് പട്ടണങ്ങളെ ഭൂപടത്തില്‍ നിന്ന് മായ്ച് കളഞ്ഞ് തങ്ങളുടെ ശത്രുക്കളെ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുക എന്നതും അവരുടെ ഉദ്ദേശ്യമായിരുന്നു. ആ രണ്ട് പ്രദേശങ്ങള്‍ക്കും സംഭവിച്ച കനത്ത നാശനഷ്ടങ്ങളും, അവിടത്തെ ആളുകള്‍ ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുന്ന ശാരീരിക വൈകല്യങ്ങളും പരിഗണിക്കുമ്പോള്‍ അമേരിക്ക തങ്ങളുടെ ഉദ്യമത്തില്‍ വിജയിക്കേണ്ടതായിരുന്നു. പക്ഷെ, അമേരിക്കയുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ച, അവരുടെ ആയുധങ്ങള്‍ക്ക് തകര്‍ക്കാന്‍ സാധിക്കാത്ത മറ്റൊരു ഘടകം ജപ്പാന്‍കാരുടെ കയ്യിലുണ്ടായിരുന്നു. ദുര്‍ബലപ്പെടാത്ത നിശ്ചദാര്‍ഢ്യമായിരുന്നു അത്. അതിലൂടെ കെട്ടുകഥയെ ലോകത്തിന് മുന്നില്‍ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കാനും, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനും അവര്‍ക്ക് സാധിച്ചു. സൈനിക പരീക്ഷണങ്ങളില്‍ നിന്നും, മുന്നേറ്റത്തില്‍ നിന്നും തടയപ്പെട്ട ഒരു രാഷ്ട്രം ടെക്‌നോളജിയില്‍ ലോകത്തിന് മുന്നേ നടന്നു.

ജപ്പാനെ തകര്‍ക്കാന്‍ ശ്രമിച്ച അമേരിക്കയുടെ നിലപാടും, അമേരിക്കയോടും ഇതര മുതലാളിത്ത ഭരണകൂടങ്ങളോടും മത്സരിക്കാന്‍ മടങ്ങിവെന്ന ജപ്പാന്റെ നിലപാടും ഭിന്നമാവുന്നത് ഇവിടെയാണ്. ജപ്പാന്‍ ജനത ജീവിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ ദുരന്തത്തില്‍ നിന്നും വീര്യം നേടി, ഇനിയൊരിക്കലും ജീവനോടെ കുഴിച്ച്മൂടപ്പെടരുത് എന്ന് തീരുമാനിച്ചു. സര്‍വവിധ ടെക്‌നോളജിയും വ്യവസായവും അവര്‍ കരസ്ഥമാക്കി. പ്രതിഭാശാലികളായ ജപ്പാന്‍കാര്‍ എല്ലാറ്റിനുമേലും, എല്ലായിടത്തും തങ്ങളുടെ നാമം കൊത്തിവെച്ചു. പ്രവര്‍ത്തനത്തിലും ഉല്‍പാദനത്തിലും അമേരിക്ക മുന്നിട്ട് നില്‍ക്കെത്തന്നെ ജപ്പാന്‍ ഉല്‍പന്നങ്ങള്‍ വീടുകളുടെ അകത്തളങ്ങളില്‍ ഇടം പിടിച്ചു. തങ്ങളെ ബാധിച്ച ദുരന്തത്തിനും, ആക്രമണത്തിനും മുന്നില്‍ ആര്‍ക്കെങ്കിലും കീഴടങ്ങാന്‍ അവകാശമുണ്ടെങ്കില്‍ അത് ജപ്പാന്‍കാര്‍ക്ക് തന്നെയായിരുന്നു. അവരപ്രകാരം ചെയ്തിരുന്നുവെങ്കില്‍ ആരുമവരെ ആക്ഷേപിക്കുമായിരുന്നില്ല. പക്ഷെ, അവര്‍ അങ്ങനെയായിരുന്നില്ല. അവരുടെ കൈവശം നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.

പ്രായോഗിക ഭൂമികയിലെ കര്‍മത്തിന് മുമ്പെ ഹൃദയത്തിലെ വികാരവും, മാനസികാവസ്ഥയുമാണ് വിജയം. അതിന് വേണ്ട ആസൂത്രണവും, ജനങ്ങളെ അതിനനുസരിച്ച് പരിശീലിപ്പിക്കലും വിജയത്തിന്റെ പകുതിയാണ്. അവശേഷിക്കുന്നത് പോരാട്ടഗോഥയിലെ അവസാന അങ്കം മാത്രമാണ്. വിജയത്തെക്കുറിച്ച ദൃഢവിശ്വാസവും, അതിനായുള്ള പരിശീലനവും അത് സാക്ഷാല്‍ക്കരിക്കുന്നതിന് മനുഷ്യനെ ഒരുക്കുന്നു.

മാനസികമായി തകര്‍ന്ന സംഘം സൈനികമായും തകര്‍ന്നവരാണ്. അവരുടെ കയ്യില്‍ ശക്തമായ ആയുധമുണ്ടെങ്കില്‍ പോലും അതങ്ങനെത്തന്നെയാണ്. അതിനാല്‍ തന്നെ യുദ്ധത്തില്‍ മാനസിക യുദ്ധം എന്ന ഒരു സവിശേഷ ഇനം തന്നെയുണ്ട്. അതിന് ആയുധങ്ങളും, തന്ത്രങ്ങളുമുണ്ട്.

അതിനാല്‍ സ്വയം വിജയികളായി വിലയിരുത്തുന്ന ജനതയെ ഒരു സാഹചര്യത്തിലും പരാജയപ്പെടുത്താന്‍ സാധിക്കുകയില്ല. രക്തസാക്ഷിത്വം അവരുടെ ഏറ്റവും വലിയ സ്വപ്‌നവും, താല്‍ക്കാലിക പിന്മാറ്റം അവരുടെ അടുത്ത് മറ്റൊരു ആക്രമണത്തിനുള്ള ഒരുക്കവുമാണ്.

ത്യാഗത്തെ പനിനീര്‍ പുഷ്പത്തെപ്പോലെ സ്വീകരിക്കുന്ന, കണ്ണുനീര്‍ കൂടുതല്‍ ത്യാഗത്തെ അടയാളപ്പെടുത്തുന്ന ജനത പരാജയപ്പെടുകയില്ല. ശത്രുവിന്റെ ഭൗതികമോ, സൈനികമോ ആയ മികവുകള്‍ കണ്ട് പേടിക്കാത്ത, ധാരാളിത്തം കൊണ്ട് വിജയം ലഭിച്ചേക്കില്ലെന്ന് വിശ്വസിക്കുന്ന ജനത ഒരിക്കലും തലകുനിക്കുകയില്ല. ‘പുളിയുള്ള ചെറുനാരങ്ങയില്‍ നിന്ന് എങ്ങനെ മധുരപാനീയമുണ്ടാക്കാം എന്ന തലക്കെട്ടില്‍ മഹാനായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ഒരു ലേഖനം എഴുതുകയുണ്ടായി. ഈ ലളിതമായ ചിന്തയില്‍ നിന്നാണ് ജീവിതത്തെ നേരിടാനും, പ്രതിസന്ധികള്‍ തരണം ചെയ്യാനും, ദുര്‍ബലമായതിനെ ശക്തിപ്പെടുത്താനും, പ്രതികൂലമായവയില്‍ നിന്നും അനുകൂലമായത് കണ്ടെത്താനും, പ്രതീക്ഷയോടെ നില കൊള്ളാനും മനുഷ്യന്‍ പഠിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
ഈയര്‍ത്ഥത്തില്‍ വിജയത്തില്‍ നിന്നും ത്യാഗത്തില്‍ നിന്നും വേദനയില്‍ നിന്നും സംസ്‌കാരത്തെയും, ജീവിതരീതിയെയും കെട്ടിപ്പടുക്കുന്ന ജനത പരാജയപ്പെടില്ല. തങ്ങളുടെ പ്രശോഭിതമായ അനുഭവങ്ങള്‍ എല്ലാനിലക്കും ആഘോഷിക്കുന്നവരാണ് അവര്‍.

വിജയികളായ സമൂഹത്തെ കാണണമെങ്കില്‍ ലോകത്തിന് മുന്നില്‍ വിജയികളുടെ വേഷമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന, പ്രതാപത്തിന്റെ ഭാഷയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ജനതയെയാണ് നോക്കേണ്ടത്. അപ്രകാരമാണ് അല്‍ഖസ്സാമിന്റെ പേരില്‍ ഗസ്സയില്‍ പുറത്തിറക്കപ്പെട്ട എം 75 അത്തര്‍ ഫലസ്തീനികളുടെ ഭൗതികമായ അര്‍ത്ഥത്തിലുള്ള വിജയത്തിന്റെ കാരണമായി മാറുന്നത്. അത് കേവലം ഒരു സുഗന്ധലേപനമോ, കച്ചവട ഉല്‍പന്നമോ അല്ല. മറിച്ച് ചെറുത്ത് നില്‍പ് പോരാട്ടത്തില്‍ ജീവിതരീതി കണ്ടെത്തിയ ഗസ്സയിലെ സാംസ്‌കാരിക അന്തരീക്ഷത്തെയും, സാമൂഹിക ഉള്ളടക്കത്തെയുമാണ് അത് പ്രതിനിധാനം ചെയ്യുന്നത്. കേവലം ത്യാഗവും, രക്തവുമല്ല അത് അടയാളപ്പെടുത്തുന്നത്. മറിച്ച് ഉള്‍ക്കാഴ്ചയുള്ളവര്‍ക്കും, പോരാട്ടത്തിന്റെ പാഠശാലയില്‍ വളര്‍ന്നവര്‍ക്കും മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന മനോഹരമായ ആവിഷ്‌കാരം കൂടിയാണ് അത്.

ഗസ്സയിലെ എം75 എന്ന സുഗന്ധലേപനം പോരാട്ടത്തിന്റെ മറ്റൊരു മുഖമാണ്. തോക്കുകള്‍ മുറുകെപ്പിടിക്കുന്ന ജനത കൂടെ ജീവിതവും മുറുകെ പിടിക്കുന്നുണ്ട്. ദൈവികസരണിയിലെ ജീവിതവും മരണവും ഒരുപോലെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. മുഹമ്മദുല്‍ ഗസ്സാലി പറഞ്ഞത് പോലെ അവരണ്ടും പവിത്രമായ സമരമാണെന്ന് മനസ്സിലാക്കുന്നു. മരണം ആഗ്രഹിക്കുന്നവനും കൂടെയുള്ളവനും ഏറ്റവും ശോഭനമായ, സുന്ദരവും ആനന്ദകരവുമായ ജീവിതം നല്‍കപ്പെടുക തന്നെ ചെയ്യും.

പ്രസ്തുത സുഗന്ധലേപനത്തില്‍ പുരുഷന്മാര്‍ക്കുള്ളതിന്മേല്‍ ‘വിജയത്തെ പ്രണയിക്കുന്നവര്‍ക്ക്’ എന്ന് എഴുതി വെച്ചിരിക്കുന്നു. മണവാളന് തന്റെ വിവാഹനാളിലും, വിജയിക്ക് തന്റെ അവാര്‍ഡ്ദാന സമ്മേളനത്തിലും, സുഹൃത്തിനും, മറ്റുള്ളവര്‍ക്കും നല്‍കാവുന്നതാണ് അത്. ഇത് എല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാണ്. ഗസ്സയുടെ വിജയം ഏതാനും ചില പോരാളികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. മറിച്ച് എല്ലാവരും അതില്‍ പങ്കാളികളാണ്. എല്ലാവരും അവരുടെ കഴിവും, യോഗ്യതയുമനുസരിച്ച്.

സ്ത്രീകള്‍ക്കുള്ള ലേപനത്തിന്റെ മേല്‍ എഴുതിയിരിക്കുന്നത് ‘ചെറുത്ത് നില്‍ക്കാനാവത്ത പരിമളം’ എന്നാണ്. വിജയത്തിന്റെ എല്ലാ ഘട്ടങ്ങളില്‍ അവരും പങ്കാളികളാണ്. നിങ്ങള്‍ പുരുഷനെ തെരഞ്ഞെടുക്കുമ്പോള്‍ ശുഐബ് പ്രവാചകന്റെ മകള്‍ മൂസായെ തെരഞ്ഞെടുത്തത് പോലെയായിരിക്കണം. സ്വഭാവവും, ശക്തിയും, വിശ്വസ്തതയുമായിരിക്കണം അതിന്റെ മാനദണ്ഡം.

 വിവ : അബ്ദുല്‍ വാസിഅ് ധര്‍മിഗിരി

Related Articles