Current Date

Search
Close this search box.
Search
Close this search box.

റാബീനും ഷാരോണും തിരിച്ചറിഞ്ഞത് നെതന്യാഹുവിന് തിരിഞ്ഞിട്ടില്ല

1995-ല്‍ അല്‍-ഖസ്സാമിന്റെ എഞ്ചിനീയര്‍ യഹ്‌യ അയ്യാശിന്റെ രക്തസാക്ഷിത്വത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു പ്രഭാഷണം നടത്തുന്നതിനായി എത്തിയ ഞാന്‍ അതിന്റെ ഭാഗമായി രാഷ്ട്രീയ, സൈദ്ധാന്തിക കൂടിക്കാഴ്ച്ചകളും നടത്തി. സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിലെ മുതിര്‍ന്ന ഒരു അംഗം എന്നെ വിളിച്ചു. അന്ന് സജീവ ചര്‍ച്ചയായിരുന്ന ചില വിഷയങ്ങളില്‍ ഹമാസിന്റെ നിലപാട് അറിയിക്കുന്നതിന് ഒരു കൂടിക്കാഴ്ച്ച വേണം എന്നതാണ് അവരുടെ ആവശ്യം.

വളരെ രഹസ്യമായി അയാള്‍ വന്നു. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിനടത്ത് വെച്ച് അയാളുടെ പഴയ ടയോട്ട കാറില്‍ വെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച്ച. ഹമാസിന്റെ ചാവേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ആ സമയത്ത് ജോര്‍ദാനില്‍ അവരുടെ പ്രവര്‍ത്തനത്തിന് നിരോധമുണ്ടായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. ജോര്‍ദാന്‍ ഭരണകൂടമാണ് അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മറ പിടിക്കുന്നത് എന്ന ആരോപണവും ശക്തമായി ഉയര്‍ന്ന് വന്നിരുന്ന സമയമാണത്. സാങ്കേതിക വിദഗ്ദന്‍ അയ്യാശിന്റെ രക്തസാക്ഷിത്വത്തിന് പകരമായി ശത്രുവിനെ വിറപ്പിക്കുന്ന നാല് ചാവേറാക്രമണങ്ങള്‍ നടത്തുമെന്ന് ശപഥം ചെയ്തിരിക്കുകയാണ്. എന്നെ കാണാനെത്തിയ ആള്‍ ഉറച്ച വാക്കുകളോടെ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. സംഘടന തീരുമാനിച്ച കാര്യം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നടപ്പാക്കുക തന്നെ ചെയ്യും. യഹ്‌യ അയ്യാശിന്റെ മരണത്തിന് പകരം ഒരിക്കലും മറക്കാത്ത ഒരു പാഠം ഇസ്രയേലിനെ ഞങ്ങള്‍ പഠിപ്പിക്കും.

നാല് ആക്രമണങ്ങളാണ് അവര്‍ പറഞ്ഞിരുന്നതെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ചാവേറാക്രമണങ്ങള്‍ അവര്‍ നടത്തി. ഹദീറയിലായിരുന്നു അതില്‍ ഒന്നാമത്തേത്. പിന്നീട് അധിനിവിഷ്ട ജറൂസലേമിലും തെല്‍അവീവിലും ആക്രമണം നടത്തി. ഇസ്രയേലിന് കനത്ത ആള്‍ നഷ്ടവും ഭൗതിക നഷ്ടവും ഉണ്ടാക്കിയ ആക്രമണങ്ങളായിരുന്നു അവ.

കഴിഞ്ഞ ദിവസം റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി മൂന്ന് അല്‍-ഖസ്സാം നേതാക്കളെ വധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം ഓര്‍ത്തത്. രക്തസാക്ഷികളായ റാഇദ് അത്വാര്‍, മുഹമ്മദ് അബൂശമാല, മുഹമ്മദ് ബര്‍ഹൂം എന്നീ അല്‍-ഖസ്സാം നേതാക്കള്‍ തെക്കന്‍ പ്രദേശങ്ങളിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരായിരുന്നു. തുരങ്കങ്ങളുടെയും റോക്കറ്റുകളുടെയും നിര്‍മാണത്തില്‍ കാര്യമായ പങ്ക് വഹിച്ചിരുന്നവരാണവര്‍. മുമ്പ് ഇസ്രയേല്‍ സൈനികന്‍ ഗിലാഡ് ശാലീതിനെയും ഇപ്പോഴത്തെ ആക്രമണത്തില്‍ ഹദാര്‍ ഗോള്‍ഡനെയും ബന്ധിയാക്കിയതിന് പിന്നിലും ഇവരുണ്ടായിരുന്നു.

നേതാക്കളുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് മുമ്പത്തെ പോലെ ഹമാസ് വീണ്ടും ശപഥമെടുത്തിരിക്കുന്നു. മുമ്പ് നടത്തിയത് പോലെ അത് നടത്തുമെന്നും ഉറപ്പാണ്. ഫലസ്തീന്‍ ജനതയെ പോലെ കരുത്തരായ പോരാളികള്‍ക്ക് ജന്മം നല്‍കുന്ന സംഘമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് അവര്‍ നടപ്പാക്കുക തന്നെ ചെയ്യും. പിന്നെ രക്തസാക്ഷികളുടെ സംഘത്തില്‍ ചേര്‍ന്ന ഈ മൂന്ന് പോരാളികള്‍, അവര്‍ ആഗ്രഹിച്ചിരുന്നതും ഉറ്റുനോക്കിയിരുന്നതുമായ ഒന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അവര്‍ക്കത് വേഗത്തില്‍ ലഭിച്ചു എന്ന് മാത്രം. ഇക്കാര്യം ഇസ്രയേലിനോ അവരുടെ വാലാട്ടികളായ അറബികള്‍ക്കോ പാശ്ചാത്യര്‍ക്കോ മനസ്സിലാവില്ല.

രക്തസാക്ഷികളായ നേതാക്കള്‍ക്ക് പകരം ചെറുത്തുനില്‍പ്പിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അവരേക്കാള്‍ ശക്തരും പ്രാപ്തരുമായ നേതാക്കള്‍ കടന്നു വരുന്നതാണ് മുന്നനുഭവങ്ങള്‍ കാണിക്കുന്നത്. ഇക്കാര്യം ഇസ്രയേല്‍ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന് അറിയില്ല. യഹ്‌യ അയ്യാശിന് പകരക്കാരനായി വന്നത് മുഹമ്മദ് ദൈഫായിരുന്നു. പിന്നീട് 2012-ല്‍ അല്‍-ഖസ്സാം തലവനായിരുന്ന അഹ്മദ് അല്‍-ജഅ്ബരി രക്തസാക്ഷിയായപ്പോള്‍ നല്ല പകരക്കാരനായി ദൈഫിനെയാണ് തെരെഞ്ഞെടുത്തത്. ശഹീദ് ജഅ്ബരി നേതൃസ്ഥാനം വഹിക്കുമ്പോഴാണ് സലാഹ് ശഹാത രക്താസാക്ഷിയാവുന്നത്. 2002-ല്‍ അദ്ദേഹത്തിന്റെ വീട് പൂര്‍ണമായും തകര്‍ത്ത് മുഴുവന്‍ കുടുംബാംഗങ്ങളെയും ഇസ്രയേല്‍ വധിച്ചു. അതിന് അടുത്തുണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങളും അതിലുള്ളവരെയും തകര്‍ത്താണ് ഇസ്രയേല്‍ ആ ലക്ഷ്യം നേടിയത്. ഏറ്റവും നീചമായ കൂട്ടകൊലകളില്‍ ഒന്നായിട്ടാണതിനെ കണക്കാക്കുന്നത്.

ഷാരോണും അയാളുടെ മുന്‍ഗാമി റാബീനും മനസ്സിലാക്കിയ, എന്നാല്‍ നെതന്യാഹുവിനും അയാളുടെ ജനറല്‍മാര്‍ക്കും ഇതുവരെയും മനസ്സിലാവാത്ത ഒരു കാര്യമുണ്ട്. ഗസ്സയെയും അവിടത്തെ ജനതയെയും തങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ല എന്നതാണത്. തങ്ങളുടെ കൈവശം എന്തൊക്കെ ശേഷിയുണ്ടെങ്കിലും ഗസ്സക്കാര്‍ ജീവിക്കുന്നത് പ്രതിരോധത്തിനും രക്തസാക്ഷിത്വത്തിനുമാണ്. ഗസ്സയിലെ സ്ത്രീകള്‍ ഈ യാഥാര്‍ത്ഥ്യമാണ് വിളിച്ചു പറയുന്നത്. രക്തസാക്ഷികളായ മക്കളുടെയും ഭര്‍ത്താവിന്റെയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അന്തസ്സിന്റെയും സ്ഥൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പാഠമാണ് അതിലൂടെ അവര്‍ അറബ് സൈന്യാധിപന്‍മാര്‍ക്കും നേതാക്കള്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നത്.

നെതന്യാഹുവിന് ഭീഷണി മുഴക്കി ഏറ്റുമുട്ടാന്‍ മാത്രം വലിയ ഒരു രാഷ്ട്രമൊന്നുമല്ല ഗസ്സ. ലോകത്തെ മികച്ച സൈന്യമായി കണക്കാക്കപ്പെടുന്ന ഒരു സൈനിക നിരയും ഹമാസിനില്ല. അറബ് ലോകത്തിന്റെ സഹായമില്ലാതെ ഒറ്റക്കാണ് അവര്‍ പോരാടുന്നത്. മാത്രമല്ല നിലകൊള്ളുന്നത് അവരുടെ ശത്രുവായ ഇസ്രയേലിനോട് ചായ്‌വ് പുലര്‍ത്തിയുമാണ്. ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവിടത്തെ ആളുകളുടെ ശക്തിയിലും വിശ്വാസത്തിലും ചെറുത്തു നില്‍ക്കാനും വിജയിക്കാനും അവര്‍ക്ക് സാധിക്കുന്നു. ഷാരോണെതിരെ വിജയം നേടിയവരാണവര്‍. രാത്രിയുടെ മറവില്‍ സൈന്യത്തെയും കുടിയേറ്റക്കാരെയും പിന്‍വലിക്കുകയാണ് ഷാരോണ്‍ ചെയ്തത്. തന്റെ ശക്തമായ സൈന്യവും സുരക്ഷാ സംവിധാനവും ഉപയോഗിച്ച് ഗസ്സയെ ഒന്നടങ്കം കടലില്‍ മുക്കികളയാന്‍ വന്ന ഇസ്ഹാഖ് റാബീനെ പരാജയപ്പെടുത്തിയവരാണവര്‍.

150 ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണമുള്ള ഗസ്സക്ക് നേരെയാണ് ഇസ്രയേലും സഖ്യകക്ഷികളും അവരുടെ എല്ലാ സംവിധാനങ്ങളുമായി ഏറ്റുമുട്ടുന്നത്. ഇത് നല്‍കുന്നൊരു പാഠമുണ്ട്. പ്രദേശത്തിന്റെ വലുപ്പം ചെറുതാവട്ടെ, വലുതാവട്ടെ അതിനെ സംരക്ഷിക്കുന്ന ആളുകളുടെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് പ്രധാനം. അവസാനമായി മുമ്പ് ആ പഴഞ്ചന്‍ കാറിലിരുന്ന് ഹമാസ് അംഗം എന്നോട് പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കുകയാണ്.

വിവ : നസീഫ്

Related Articles