Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ അരാജകത്വം

political-anarchy.jpg

നമ്മുടെ ചരിത്രത്തെ ഗ്രസിച്ച പുരാതനമായ അര്‍ബുദമാണ് രാഷ്ട്രീയ അരാചകത്വം. തങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇടയില്‍ കിടങ്ങ് കുഴിച്ച ഭരണാധികാരികള്‍ കഴിഞ്ഞ് പോയിട്ടുണ്ട്. കാരണം തങ്ങളുടെ താല്‍പര്യങ്ങളും വികാരങ്ങളുമായിരുന്നു അവര്‍ക്ക് പ്രധാനം. അല്ലാഹുവിന്റെ ദീനോ, ജനങ്ങളുടെ ദുന്‍യാവോ അവര്‍ വിശ്വാസ്യതയോടെ കൈകാര്യം ചെയ്തില്ല.

പ്രജകള്‍ നിരന്തരമായി ശപിച്ച് കൊണ്ടേയിരുന്ന ഭരണാധികാരികളുടെ കാലത്ത് ഞാന്‍ ജീവിച്ചിട്ടുണ്ട്. അവരെക്കൊണ്ട് പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കും ലഭിച്ച നേട്ടം പൊതു ജനങ്ങളെ ഇസ്‌ലാമിലേക്ക് വരുന്നതില്‍ നിന്നും പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു എന്നതാണ്. മൂല്യബോധം വളരാത്ത രൂപത്തില്‍ സമൂഹത്തെ ഷണ്ഡീകരിച്ചുവെന്നതും ഇവരുടെ സേവനമത്രെ.

ഈ അക്രമങ്ങളോടൊപ്പം അവര്‍ തങ്ങളുടെ നിലപാടുകളെ ഇസ്‌ലാമിലേക്ക് ചേര്‍ത്ത് കൊണ്ട് ഇപ്രകാരം പറയുന്നത് കാണാം. ഭരണാധികാരിക്ക് ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ അഭിപ്രായം സ്വീകരിക്കുകയോ, അതല്ല സ്വന്തം അഭീഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യാം.

ഇതാണോ ഇസ്‌ലാം നിയമമാക്കിയ ശൂറാ സംവിധാനം? അപ്പോള്‍ പിന്നെ എന്താണ് സ്വേഛാധിപത്യം? അവരില്‍ ചിലര്‍ ഇസ്‌ലാമിക ഭരണഘടന പ്രതിഷ്ഠിച്ച് ശേഷം ഭരണാധികാരിക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി. നേരത്തേ ഉദ്ധരിച്ച വാചകത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മൂന്ന് കാര്യങ്ങളാണ് ഓര്‍മ്മ വന്നത്.
1. ശൂറയെ സംബന്ധിച്ച തെറ്റായ ധാരണ. ഭരണകാര്യങ്ങള്‍ സംവിധാനിക്കുന്നതിലും ഇത് സ്വാധീനം ചെലുത്തി.
2. വര്‍ഷങ്ങളായി സ്വേഛാധിപത്യത്തിന്റെയും ശൂറയുടെ അഭാവത്തിന്റെയും ഫലമായി മുസ്‌ലിങ്ങളെ ബാധിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ തമസ്‌കരിക്കല്‍.
3. ആധുനിക നാഗരികത കെട്ടിപ്പടുക്കപ്പെട്ട മാനവിക മൂല്യങ്ങളെക്കുറിച്ച അജ്ഞത.
മുസ്‌ലിം ഉമ്മത്തിന്റെ ഭരണ ചരിത്രത്തില്‍ നിന്നും ഹജ്ജാജിന്റയും ഉബൈദുല്ലാഹിബ്‌നു സിയാദിന്റെയും മറ്റ് ചില അബ്ബാസി ഭരണകര്‍ത്താക്കളുടെയും ചരിത്രങ്ങള്‍ നീക്കപ്പെടേണ്ടിയിരക്കുന്നു.
ചില ഭരണാധികാരികള്‍ പറയാറുണ്ട്. ഹുദൈബിയയില്‍ റസൂല്‍(സ) അനുചരന്‍മാരുടെ അഭിപ്രായത്തെ അവഗണിക്കുകയാണ് ചെയ്തത്. അതിനാല്‍ എന്ത് കൊണ്ട് നമുക്ക് ജനങ്ങളുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് കൂടാ.
ഇസ്‌ലാമിനെ സംബന്ധിച്ച ഇത്തരം അജ്ഞതകളാണ് അതിന്റെ പ്രചരണത്തിന് മുമ്പിലെ ഏറ്റവും വലിയ വിലങ്ങ്. യഥാര്‍ത്ഥത്തില്‍ റസൂല്‍(സ) ശൂറയെ പരിഗണിക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയുമാണ് ചെയ്തത്. പരിശുദ്ധവേദാലയത്തെ യുദ്ധക്കളമാക്കി മാറ്റാവതല്ല എന്ന ശാഠ്യം തന്നെയായിരുന്നു ഹുദൈബിയയിലെ പ്രസ്തുത തീരുമാനത്തിന് പ്രവാചകനെ പ്രചോദിപ്പിച്ചത്.
പ്രസ്തുത സംഭവത്തെ അവലംബിച്ച് യുദ്ധത്തിനും സമാധാനത്തിനുമുള്ള അവകാശം ഭരണാധികാരിക്ക് തീറെഴുതിക്കൊടുക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും? ആകാശത്ത് നിന്ന് ദിവ്യ വെളിപാട് വന്നെത്തിയിരിക്കെ അവയെ തിരസ്‌കരിച്ച് പ്രവാചകന്‍ ശൂറ ചെയ്യണമായിരുന്നോ. പ്രമാണമില്ലാത്ത വിഷയത്തിലല്ലെ കൂടിയാലോചനക്ക് പ്രസക്തിയുള്ളൂ.

ഭൂമിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും രാജാക്കന്മാരും, പ്രഭുക്കന്‍മാരും മറ്റ് ഭൂവുടമകളും അന്യായമായി നേടിയെടുത്തതാണ്. ഇസ്‌ലാം ഉള്ളതോടൊപ്പം മുസ്‌ലിങ്ങള്‍ക്കാണ് തങ്ങളുടെ മതമൂല്യങ്ങളും പ്രമാണങ്ങളും സംരക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങളാവശ്യം എന്നത് നമ്മുടെ ദുരന്തത്തെയാണ് കുറിക്കുന്നത്.
ഇസ്‌ലാമിക രാഷ്ട്രത്തിലെ പ്രഥമകര്‍മ്മം-ഈമാനിന്റെ സംരക്ഷണത്തിന് ശേഷം- സകാത്ത് ശേഖരിക്കലായിരുന്നു. ധനികരില്‍ നിന്നും ധനം ശേഖരിക്കുന്നതിനര്‍ത്ഥം ജനങ്ങളുടെ ഉത്തരവാദിത്തം ഭരണകൂടം നിറവേറ്റാന്‍ തയ്യാറാണ് എന്നതാണ്. അതാവട്ടെ അല്ലാഹുവിനോടും പൊതുജനങ്ങളോടും എടുക്കുന്ന കരാറുമാകുന്നു.
സമ്പത്തിന്റെ കുത്തകവല്‍ക്കരണം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തടയുന്നതിന് വേണ്ടിയല്ലേ അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍. പ്രസ്തുത നിര്‍ദ്ദേശലംഘനങ്ങള്‍ സൃഷ്ടിച്ച പരിണിതഫലങ്ങളല്ലേ കമ്യൂണിസത്തിന് വേരോട്ടം നല്‍കിയത്.
യൂറോപ്പിലെയും അമേരിക്കയിലെയും ചില പ്രദേശങ്ങള്‍ ഭരണവും സാമ്പത്തികവും ആസൂത്രണം ചെയ്യാന്‍ സൂക്ഷ്മമായ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തതായി അറിവുണ്ട്. എന്ത് കൊണ്ട് അവരുടെ ചിന്തകളെ കടമെടുത്തുകൂടാ.
ചില ആളുകള്‍ ചോദിക്കാറുണ്ട്. നാം എന്തിന് അവരില്‍ നിന്നു സ്വീകരിക്കണം. അവര്‍ നമ്മുടെ ആദര്‍ശശത്രുക്കളല്ലേ?
ദീനിന് വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കടമെടുക്കാം എന്നല്ല മറിച്ച് ചിലയവസരങ്ങളില്‍ അവ നിര്‍ബന്ധ ബാധ്യതയുമാവും. റോക്കറ്റും മിസൈലും ബിദ്അത്താണെന്ന് വാദിച്ച് അവയെ ജിഹാദിന് ഉപയോഗിക്കാതിരിക്കാന്‍ ന്യായമില്ലല്ലോ.
ഇടപാടുകളെ ഇസ്‌ലാം പുതുതായി രൂപപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച് അവയെ സംസ്‌കരിക്കുകയാണുണ്ടായത്. കച്ചവടവും വിവാഹവും ഇസ്‌ലാം ആവിഷ്‌കരിക്കുകയല്ല അവക്കാവശ്യമായ പരിവര്‍ത്തനങ്ങള്‍ നടത്തുകയാണല്ലോ ചെയ്തത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles