Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തെ ഭരണ സംവിധാനത്തില്‍ മുസ്‌ലിംകളുടെ സ്വാധീനം

നമ്മുടെ രാജ്യത്തിന്റെ ഭരണ സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്ക് വളരെ കുറച്ച്  ഇടം മാത്രമേയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കേവലം 2.5 ശതമാനം മാത്രമാണ് അത്തരം മേഖലയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം. ഇത് ജനസംഖ്യാനുപാതികമായി ഉണ്ടാവേണ്ടുന്ന പ്രാതിനിധ്യ ശതമാനമായ 15 ല്‍ നിന്നും ഭീമമായത രീതിയില്‍ താഴെയാണ് എന്നതാണ് വസ്തുത. ഐ. എ. എസ്, ഐ. പി. എസ് തുടങ്ങിയ മേഖലകളില്‍ മാത്രമല്ല, സംസ്ഥാന തല ഭരണ മേഖലയിലും ഇതു തന്നെയാണ് അവസ്ഥയെന്നു കാണാം. ജുഡീഷ്യറിയിലും അങ്ങനെ വളരെ കുറച്ച് പ്രാതിനിധ്യമേ മുസ്‌ലിം സമൂഹത്തിനുള്ളൂ. ഇതേയവസ്ഥ നമുക്ക് ഇലക്ട്രോണിക് പ്രന്റ് മാധ്യമ രംഗങ്ങളിലും കാണാവുന്നതാണ്. മുസ്‌ലിം മന്ത്രിമാര്‍, എം. എല്‍. എമാര്‍, എം. പിമാര്‍ തുടങ്ങിയവരുടെ കാര്യവും തഥൈവ. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ അതും വളരെ കുറവാണ്. രാജ്യത്തിന്റെ നയരൂപീകരണത്തിലും മറ്റും സ്വാധീനം ചെലുത്താന്‍ മാത്രമുള്ള പ്രാതിനിധ്യം അതുകൊണ്ടുതന്നെ അവര്‍ക്കില്ല. അതിനെല്ലാമുപരി, തങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ചു നിര്‍ത്തുന്ന ഒരു രീതി രാജ്യത്ത് വ്യാപകമായി നിലനില്‍ക്കുന്നതായി കാണാം. അത് അവരെ മാനസികമായി തളര്‍ത്തുകയും തങ്ങളുടെ മനസ്സില്‍ അനുഭവിക്കുന്ന തോന്നലുകള്‍ തുറന്നു പറയാന്‍ മടികാണിക്കുകയും ചെയ്യുന്നു. തങ്ങളുടെ സമുദായത്തിനനുകൂലമായോ ഇസ്‌ലാമിക ആദര്‍ശങ്ങള്‍ക്ക് യോജിച്ച രീതിയിലോ നിലപാടുകള്‍ രൂപപ്പെടുത്താന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. അല്ലെങ്കില്‍ അതിനവര്‍ മടിച്ചു നില്‍ക്കുന്നതായി കാണാം.
അതോടൊപ്പം അവരുടെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍, അവര്‍ക്ക് കിട്ടുന്ന പരിശീലനങ്ങള്‍, അവരുടെ ചുറ്റുമുള്ളവര്‍ അവര്‍ക്ക് കൊടുക്കുന്ന ഉപദേശങ്ങള്‍, മീഡിയകളില്‍ നിന്നും അവര്‍ വായിച്ചെടുക്കുന്ന കാര്യങ്ങള്‍ തുടങ്ങി എല്ലാം തന്നെ അവരെ തങ്ങളുടെ സ്വത്വത്തിനു വിപരീതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അപ്പോള്‍ ഭരണ സംവിധാനത്തില്‍ നടേ പരാമര്‍ശിക്കപ്പെട്ട ഒരിടത്തും അവശ്യം വേണ്ട പ്രാതിനിധ്യം മുസ്‌ലിം സമൂഹത്തിനു ലഭ്യമല്ല എന്നിരിക്കെ എങ്ങനെയാണ് അവര്‍ രാജ്യത്തിന്റെ ഭരണത്തില്‍ തങ്ങളുടെ ഇടം കണ്ടെത്തുക?
വളരെ ഗൗരവത്തോടെ ഇനിയും സമയം കളയാതെ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ടുന്ന വിഷയമാണിത്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സമുദായവും ചേര്‍ന്ന് വേണ്ടത് ആലോചിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിലും അസ്സംബ്ലിയിലും മുസ്‌ലിം സമൂഹത്തിന്റെ പ്രാതിനിധ്യം കുറഞ്ഞു പോകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സംവരണമാണ്. പക്ഷെ അതിന് ഭരണഘടനയുടെ ഭേതഗതിയാവശ്യമാണ്. അതാകട്ടെ എളുപ്പത്തില്‍ സാധ്യമല്ലതാനും. അങ്ങനെയിരിക്കെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്ന മുസ്‌ലിംകളുടെ ഏകദേശ കണക്ക് വച്ച് അവരുടെ സീറ്റില്‍ ഇത്ര എന്ന രീതിയില്‍ സംവരണം നടപ്പാക്കാവുന്നതാണ്. ബി. ജെ. പിയുടെ വോട്ടില്‍ കൂടുതലും ഹിന്ദു വോട്ടായതുകൊണ്ട് രാജ്യത്തെ മുസ്‌ലിംകളുടെ വോട്ട് കൂടുതലും ഗുണം ചെയ്യുന്നത് മതേതര പാര്‍ട്ടികള്‍ക്കാണ്. ആ അര്‍ഥത്തില്‍ അത്തരം ഒരു സമീപനം സ്വീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അങ്ങനെ വന്നാല്‍ എല്ലാ പാര്‍ട്ടികളുടെയും സംവരണം ചേര്‍ത്തുവച്ചാല്‍ ജനസംഖ്യാനുപാതികമായ 15 ശതമാനത്തിലെത്തിച്ചേരാവുന്നതാണ്. തങ്ങളുടെ സമുദായത്തിന്റെ വളര്‍ച്ച ലക്ഷ്യം വച്ചാണ് പണിയെടുക്കേണ്ടതെന്നും അവരുടെ ഉത്തരവാദിത്ത്വ നിര്‍വഹണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവരുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുകയുള്ളൂ എന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. വരുന്ന തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് അത്തരമൊരു ആവശ്യം രാഷ്ട്രീയ പാര്‍ട്ടികളുടെ മുമ്പില്‍ വക്കാന്‍ മുസ്‌ലിം നേതാക്കള്‍ തയ്യാറാകണം.

വിവ: അത്തീഖുറഹ്മാന്‍

Related Articles