Current Date

Search
Close this search box.
Search
Close this search box.

യമനില്‍ സൗദിക്ക്‌ കാലിടറുന്നുവോ?

ഹൂഥി റിബലുകളെ നേരിടാന്‍ തുറമുഖ നഗരമായ ഏദനില്‍ ഏതാനും കരസേനാ ട്രൂപ്പുകളെ നിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്ത സൗദി നിഷേധിച്ചിരിക്കുന്നു. എന്നാല്‍ അല്‍ അറബിയ, അല്‍ ജസീറ, സ്‌കൈ ന്യസ് അറബിക് എന്നീ ചാനലുകള്‍ പ്രത്യേക സൈനികര്‍ ഏദനിലുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. യമന്‍ സൈനികര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം ആയുധങ്ങളാണ് സഖ്യസേന ഉപയോഗിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ഏദനില്‍ വിദേശസേനകള്‍ ഇല്ലെന്ന് സൗദിയുടെ വ്യക്താവ് ബ്രഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി പറയുന്നു. എന്നാല്‍ സഖ്യസേന ഹൂഥികള്‍ക്കെതിരെയുള്ള പോരാട്ടത്തെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തില്‍ കരസേനയെ ഉപയോഗിച്ചേക്കാനുള്ള സാധ്യതയെ അദ്ദേഹം തള്ളിക്കളയുന്നില്ല.

യമനിലെ സൈനിക നീക്കം പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കാത്ത ഘട്ടത്തില്‍ അവിടെ കരയുദ്ധത്തിന്റെ ഘട്ടത്തിലേക്ക് സഖ്യകക്ഷികള്‍ നടത്തുമോ എന്ന കാര്യത്തില്‍ ഇനിയും തീര്‍ച്ചയായിട്ടില്ല. എന്നാല്‍ യമനിലെ മനുഷ്യജീവിതം അനുദിനം പരിതാപകരമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂഥികള്‍ ശക്തമായ വടക്കന്‍ യമനിലെ സഅദാ പ്രവിശ്യയില്‍ അമേരിക്കയും സൗദിയും മാത്രം നിരോധിച്ചിട്ടില്ലാത്ത വിനാശികാരിയായ ക്ലസ്റ്റര്‍ ബോംബുകളാണ് സഖ്യകക്ഷികള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യോമാക്രമണത്തിലൂടെ മാത്രം ഹൂഥികളെ കീഴടക്കാനാവില്ലെന്ന് തിരച്ചറിഞ്ഞ്, ഏദനിലും സൗദി അതിര്‍ത്തി മേഖലകളിലും കരയുദ്ധത്തിലേക്ക് കടക്കാന്‍ സൗദിയും സഖ്യകക്ഷികളും തീരുമാനിച്ചിരിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളിന്മേല്‍ കരുതേണ്ടത്.

എന്നാല്‍ മറ്റൊരു വിശദീകരണമാണ് പ്രമുഖ പത്രപ്രവര്‍ത്തകനും നിരീക്ഷകനുമായ പീറ്റര്‍ സാലിസ്ബറി നല്‍കുന്നത്: അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്ന സൈനികര്‍ വിദേശത്ത് പരിശീലനം നേടിയ യമന്‍ സേനാംഗങ്ങള്‍ തന്നെയാണെന്നാണ്. അവര്‍ സഖ്യസക്ഷികളുമായി സഹകരിക്കുന്നുണ്ട്. ഇവര്‍ മുമ്പ് സൗദിയുടെയും യുഎഇയുടെ സൈന്യത്തിലുണ്ടായിരുന്നവരാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ വിശദീകരണം വിചിത്രമാണ്. സൗദിയുടെയും യുഎഇയുടെ ദേശീയ സൈന്യത്തില്‍ ഇവര്‍ പരിശീലനം നേടിയെന്നും ശേഷം സൗകര്യം പോലെ ഹൂഥികള്‍ക്കും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെതിരെയും യുദ്ധം നയിക്കാന്‍ ഇവര്‍ തിരിച്ചുപോയെന്നും പറയുന്നത് സാമാന്യബുദ്ധിക്ക് മനസില്ലാവില്ല. സ്വന്തം പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സൗദിയും യുഎഇയും ഇഷ്ടപ്പെടുകയില്ലെന്നത് വാസ്തവം തന്നെയെങ്കിലും, സൈന്യത്തില്‍ യമനികള്‍ തുച്ഛം പേരേ കാണൂ.

ഇന്ന് റിയാദില്‍ ചേരുന്ന ജിസിസി രാജ്യങ്ങളുടെ മീറ്റിംഗ് യമന്‍ പ്രശ്‌നത്തിന്റെ ഭാവിപരിഹാരങ്ങള്‍ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ എടുക്കാറുണ്ട്. പരാജയം അംഗീകരിച്ച് മാന്യമായ വിടുതലാണോ ഉത്തരവാദപ്പെട്ടവര്‍ ആഗ്രഹിക്കുന്നത്? അതല്ല, അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ കീഴിലുള്ള സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ അവര്‍ കരയുദ്ധത്തിലേക്ക് കടക്കുമോ?

ചികിത്സാസഹായവുമായി ഒരു വിമാനം സന്‍ആ എയര്‍പ്പോര്‍ട്ടില്‍ ഇറക്കാന്‍ ശ്രമിച്ചത് മുതല്‍ ഇറാനുമായുള്ള നേര്‍ക്ക് നേരെയുള്ള ഒരു ഏറ്റുമുട്ടല്‍ എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. വിമാനത്തിന് അനുമതി നിഷേധിച്ച സൗദി മേലില്‍ അത്തരമൊരു ശ്രമമില്ലാതാക്കാന്‍ റണ്‍വേ ബോംബിട്ട് തകര്‍ത്തു. എന്നാല്‍ യമന്‍ പ്രശ്‌നത്തില്‍ നിഷ്പക്ഷത പാലിക്കുന്ന ഒമാന്‍ വഴി കരമാര്‍ഗം സഹായമെത്തിക്കാന്‍ ഇറാന്‍ റെഡ് ക്രസന്റിന് കഴിയുന്നുണ്ട്.

യമനില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥക്ക് അറുതിവേണമെന്ന യുഎന്‍ ഉള്‍പ്പടെ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സൗദിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആണവകരാര്‍ ഒപ്പിട്ടതിന് ശേഷം ഉപരോധങ്ങള്‍ ഓരോന്നായി പിന്‍വലിക്കപ്പെട്ടു കൊണ്ടിരിക്കെ ഇറാന്‍ പഴയപോലെ ദുര്‍ബലരല്ല. മുമ്പത്തെ പോലെ, ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങളുടെ നിരുപാധികമായ പിന്തുണ ലഭ്യമാക്കുക എളുപ്പമായിരിക്കുകയില്ല. അഭൂതപൂര്‍വ്വമായ സൗദി ആക്രമണത്തിന് നേരെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണവും വര്‍ധിതവീര്യമുള്ളതാണ്.

യമന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തിലായിരിക്കില്ല തെഹ്‌റാന്റെ സൈനിക നീക്കങ്ങള്‍. പ്രതിസന്ധി നീണ്ടുകൊണ്ടിരിക്കുകയും സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ കൂടുതല്‍ അകപ്പെടുകയും ചെയ്താല്‍ സഖ്യകക്ഷികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവൈരുധ്യം ശക്തമാവുകയും സൈനികനീക്കം ദുര്‍ബലപ്പെടുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

വ്യോമ, കരയുദ്ധങ്ങളെ കുറിച്ചാണ് നാം പറഞ്ഞത്. എന്നാല്‍ ഇറാന്റെയും അമേരിക്കയുടെയും യുദ്ധകപ്പലുകള്‍ മേഖയിലേക്ക് കുതിക്കുന്നത് അടുത്ത് തന്നെ ഉടലെടുത്തേക്കാവുന്ന നാവിക സംഘര്‍ഷങ്ങളിലേക്കാണ് സൂചന നല്‍കുന്നത്. ദിനംപ്രതി 18 മില്യണ്‍ ബാരല്‍ എണ്ണയുടെ നീക്കം നടക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്താന്‍ ഒരു വന്‍ശക്തിയും ആഗ്രഹിക്കുന്നില്ല. ബാബുല്‍ മന്‍ദിബ്, സൂയസ് കനാല്‍ തുടങ്ങിയ മാര്‍ഗങ്ങളെ കുറിച്ചും സമാനമായ കാഴ്ചാടുണള്ളത്.

എണ്‍പതുകളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ ആവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്ന് എണ്ണക്കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്ക യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു. അത്തരം സംരക്ഷണങ്ങള്‍ ഒരിക്കലും സൗജന്യമല്ലെന്ന് ഓര്‍ക്കുക.

ഈ ഊരാക്കുടുക്കില്‍ നിന്നുള്ള ഏകമോചനം ജയിച്ചുവെന്നുള്ള പ്രഖ്യാപനം മാത്രമാണ്. ശേഷം, അമേരിക്ക വിയറ്റനാമില്‍ ചെയ്തത് പോലെ പരിക്കുകള്‍ കുറക്കാനുള്ള വഴികള്‍ ആരായുക.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles