Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മര്‍ : ജനാധിപത്യത്തിലേക്കുളള ഒരു തിരിച്ചു പോക്കാണ് പരിഹാരം

മതന്യൂനപക്ഷങ്ങള്‍ക്കെതിരിലുളള അക്രമങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തെക്കനേഷ്യന്‍ രാജ്യങ്ങളിലധികവും ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധിയാണ്. അക്രമത്തിന്റെ രൂപവും രീതിയും വ്യത്യസ്തമാണെങ്കിലും അനന്തരഫലം എപ്പോഴും ഒന്നു തന്നെ, നിഷ്‌കളങ്കരായ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുക, ന്യൂനപക്ഷങ്ങള്‍ എപ്പോഴും ആക്രമിക്കപ്പെടുക. ഇപ്പോള്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഏറിയോ കുറഞ്ഞോ ഏകദേശം ഒരേ സമയം ഇത്തരം ക്രൂരമായ അതിക്രമങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. പലപ്പോഴും അക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ മുസ്‌ലിംകള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയും ഇസ്‌ലാമിനെ നിഘൂഢമായി അക്രമവുമായി ചേര്‍ത്ത് പറയുകയും ചെയ്യുന്നത് കാണാം. അതേ പോലെ ചിലര്‍ ഹിന്ദുത്വം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയുന്നു. ഒരു പൊതു പരിപ്രേക്ഷ്യത്തില്‍ ബുദ്ധമതത്തെക്കുറിച്ച വിലയിരുത്തല്‍ സമാധാനത്തിന്റെ മതം എന്നതാണ്.
ഗൗതമ ബുദ്ധനെ സമാധാനത്തിന്റെ പ്രവാചകനായി മനസ്സിലാക്കപ്പെടുമ്പോള്‍ തന്നെ ശ്രീലങ്കയിലും തായലന്റിലും ഇപ്പോള്‍ മ്യാന്‍മറിലും ബുദ്ധമത സന്ന്യാസിമാര്‍ നടത്തുന്ന അക്രമങ്ങള്‍ നാം കാണുന്നു. ഔദ്യോഗിക കണക്കുകളും അനൗദ്യോഗിക കണക്കുകളും തമ്മിലെ ഭീമമായ വ്യത്യാസം ഇപ്പോഴും മരണസംഘ്യ കൃത്യപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു.
ഒരു മുസ്‌ലിം സ്വര്‍ണ്ണ വ്യാപാരിയും ബുദ്ധമത വിശ്വാസികളായ രണ്ടു പേരും തമ്മിലുണ്ടായ തര്‍ക്കമാണ് 2012 ലെ കലാപത്തിന്റെ തുടക്കമായി കരുതപ്പെടുന്നത്. പശ്ചിമ മ്യാന്‍മറില്‍ റഖീനെ എന്ന പ്രദേശത്ത് റോഹങ്ഗ്യ മുസ്‌ലിംകള്‍ക്കു നേരെ നടന്ന 110 പേര്‍ കൊല്ലപ്പെടുകയും 120000 പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്ത ആ കലാപം ഇപ്പോഴും മ്യാന്‍മറിനെ വിട്ടുപോയിട്ടില്ല എന്നു കരുതാം. ലോകത്തു തന്നെ ഏറ്റവുമധികം പീഠിപ്പിക്കപ്പെട്ട ജനതയാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. ബ്രിട്ടീഷ് കോളനിവല്‍കരണ കാലം തൊട്ട് കഴിഞ്ഞ കുറച്ച് നൂറ്റാണ്ടികളായി അവരിലധികവും മ്യാന്‍മറിലാണ് വാസമുറപ്പിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ റാഖേനിലാണ് അവരുടെ വാസസ്ഥലം. മനുഷ്യാവകാശത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ട് 1982 ലെ പൗരത്വ നിയമത്തിലൂടെ പൗരത്വമില്ലാത്ത ഒരു സമൂഹമായി അവര്‍ മാറി. മാത്രമല്ല സര്‍ക്കാര്‍ തലത്തിലും അല്ലാതെയും വേതനമില്ലാതെ തൊഴിലെടുക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. ഒരു രണ്ടാംകിട പൗരന്‍മാരെ പോലെ അവര്‍ പരിഗണിക്കപ്പെട്ടു. അങ്ങനെ അവഗണനയും പീഠനവും സഹിക്കവയ്യാതെ അവരില്‍ കുറെ പേര്‍ തായ്‌ലന്റ് മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറി. മ്യാന്‍മറില്‍ 5% മുസ്‌ലിംകളാണ്. നൂറ്റാണ്ടുകളായി അവരിലധികപേരും അവിടെ ജീവിക്കുന്നവരാണ്. അവരുടെ പൗരത്വത്തെ നിഷേധിക്കുന്നത് യഥാര്‍ഥത്തില്‍ ഒരു ആധുനിക ജനാധിപത്യ രാജ്യത്തിന് ചേരാത്ത നടപടിയാണ്.
ദശകങ്ങളോളം മ്യാന്‍മര്‍ ഭരിച്ചിരുന്ന സൈനിക ജുന്തയുടെ കാലത്താണ് മതാടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കുന്ന രീതി വന്നത്. കാലങ്ങളായി തുടര്‍ന്ന പോരാട്ടത്തിലൂടെ അവിടെ ഈയടുത്ത് ജനാധിപത്യം വന്നു. പക്ഷെ മതാടിസ്ഥാനത്തിലുളള വിഭജനം ഇപ്പോഴും ആ നാടിനെ അസ്വസ്ഥമാക്കുന്നു. ഇങ്ങനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഒരു കൊളോണിയല്‍ പൈതൃകത്തില്‍ പെട്ട ഒന്നാണ്. യഥാര്‍ഥത്തില്‍ മ്യാന്‍മര്‍ കലാപം തെക്കനേഷ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മതത്തെ കൂട്ടു പിടിക്കുകയും ചിലപ്പോള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടു പോകേണ്ടതാണ്. പ്രദേശത്തെ സമാധാനം എന്നത് പ്രദേശത്തെ പുരോഗതി തന്നെയാണ്. അതു കൊണ്ടു തന്നെ തെക്കനേഷ്യന്‍ രാജ്യങ്ങള്‍ അവരുടെ ഒരു ഫെഡറേഷന്‍ രൂപീകരിക്കുന്ന വിഷയത്തില്‍ ശുഷ്‌കാന്തി കാണിക്കണം. എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന എല്ലാ വിശ്വാസികളെയും ആദരിക്കുന്ന മനുഷ്യാവകാശങ്ങളെ മാനിക്കുന്ന പ്രത്യേകിച്ച് സമൂഹത്തിന്റെ താഴെത്തട്ടിലുളളവരെ പരിഗണിക്കുന്ന ഒരു നല്ല നാട് നമുക്കാവശ്യമുണ്ട്.

വിവ : അതീഖുറഹ്മാന്‍

Related Articles