Current Date

Search
Close this search box.
Search
Close this search box.

മോസ്‌കോയിലേക്ക് ഒഴുകുന്ന അറബ് നേതാക്കള്‍ പഠിക്കേണ്ടത്

മിഡിലീസ്റ്റിലെ നേതാക്കളുടെ, പ്രത്യേകിച്ചും അറബികളുടെ ‘ഖിബ്‌ല’യായി മാറികൊണ്ടിരിക്കുകയാണ് മോസ്‌കോ. പതിറ്റാണ്ടുകളുടെ ആധിപത്യത്തിനും സൈനികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ക്ക് ശേഷം അമേരിക്കയുടെ റോള്‍ ചുരുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. മൂന്ന് പ്രമുഖ അറബ് നേതാക്കള്‍ ഇപ്പോള്‍ റഷ്യയിലുണ്ട്. ‘മാക്‌സ്-2015’ വ്യോമ പ്രദര്‍ശനത്തോടനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ അതിഥികളായെത്തിയവരാണവര്‍. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിലാണ് അതില്‍ മുന്നിലുള്ളത്. (അദ്ദേഹം ഈ വര്‍ഷം മൂന്ന് റഷ്യാ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.) ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമനാണ് മറ്റൊരാള്‍. (അധികാരം ഏറ്റതിന് ശേഷം അദ്ദേഹം 13 തവണ റഷ്യ സന്ദര്‍ശിച്ചു). അബൂദാബി കിരീടാവകാശിയും സായുധ സൈന്യത്തിന്റെ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദാണ് മൂന്നാമന്‍. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് കൂടി അവരോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറബികള്‍ മോസ്‌കോക്ക് തിരിക്കുന്നതിന് രണ്ട് സുപ്രധാന ലക്ഷ്യങ്ങളാണുള്ളതെന്ന് കാണാം. അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍, പ്രത്യേകിച്ചും എസ്-300, എസ്-400 ഇനത്തില്‍ പെട്ട വിമാനവേധ മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍, ആണവ റിയാക്ടറുകള്‍ തുടങ്ങിയവരുടെ ഇടപാടിനുള്ള കരാറുകള്‍ ഒപ്പുവെക്കുകയാണ് ഒന്നാമത്തേത്. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കലാണ് രണ്ടാമത്തെ കാര്യം. സിറിയന്‍ പ്രശ്‌നത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ശക്തിയാണ് മോസ്‌കോ. മോസ്‌കോക്കും മിഡിലീസ്റ്റ് രാജ്യങ്ങള്‍ക്കും ഇടയിലെ പൊതു സവിശേഷതയായ പെട്രോളിയം സമ്പത്താണ് അവഗണിക്കാനാവാത്ത മൂന്നാമത്തെ പ്രേരകം. ലോകത്ത് ഏറ്റവുമധികം ഗ്യാസ് കയറ്റുമതിയും ശേഖരവുമുള്ള രാജ്യമാണ് റഷ്യ.

സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം മിഡിലീസ്റ്റില്‍ റഷ്യക്ക് കാര്യമായ ഇടമൊന്നുമുണ്ടായിരുന്നില്ല. പാശ്ചാത്യ ഏജന്റായ റഷ്യന്‍ പ്രസിഡന്റ് ഗോര്‍ബച്ചേവിന്റെയും മുഴുക്കുടിയനായ ബോറിസ് യെല്‍റ്റ്‌സിന്റെയും കാലത്തെ അഴിമതികളും അരാജകത്വവും അതിന് വഴിയൊരുക്കി. ചില സയണിസ്റ്റുകള്‍ ഈയവസരം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു.

റഷ്യക്ക് വന്‍ശക്തിയെന്ന നിലയിലുള്ള അതിന്റെ പ്രതാപവും അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അതിന്റെ പങ്കും വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് പ്രസിഡന്റ് പുടിന്‍. സഖ്യകക്ഷികളെ സഹായിക്കുക എന്ന വാതിലിലൂടെ വീണ്ടും മിഡിലീസ്റ്റിലേക്ക് മടങ്ങിയെത്താന്‍ അവര്‍ക്ക് സാധിച്ചു. പ്രദേശത്തെ അമേരിക്കയുടെ സ്വാധീനത്തെ ചെറുക്കാനും പ്രദേശത്തെ നേതാക്കളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞു. അതിലൂടെ അവരിലെ വലിയൊരു വിഭാഗത്തിന്റെ ആദരവ് പിടിച്ചു പറ്റുകയും ചെയ്തു.

യുഎന്‍ രക്ഷാസമിതിയുടെ അശ്രദ്ധ മുതലെടുത്ത് ലിബിയയെ ആക്രമിക്കാന്‍ അമേരിക്ക പ്രമേയം പാസ്സാക്കുകയും നാറ്റോ സഖ്യവും അതിന്റെ വിമാനങ്ങളും അവിടെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ചെയ്തപ്പോള്‍ അതിലൂടെ കടുത്ത വഞ്ചനക്ക് വിധേയമാക്കപ്പെടുകയായിരുന്നു റഷ്യന്‍ ഭരണകൂടം. അതിനെ തുടര്‍ന്ന് ലിബിയ അരാജകത്വം വാഴുന്ന രാജ്യമായി മാറുകയും പതിനായിരക്കണക്കിന് ലിബിയയിലെ ജനങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ വഞ്ചന റഷ്യയുടെ ഉണര്‍ച്ചയുടെയും അമേരിക്കയോടുള്ള പ്രതികാരത്തിന്റെയും തുടക്കമായിരുന്നു.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്നും മാറ്റുന്നതിനും ഭാവി സിറിയയില്‍ അദ്ദേഹത്തിന് ഒരു പങ്കും ഇല്ലാതിരിക്കുന്നതിനും മോസ്‌കോ സന്ദര്‍ശിക്കുന്ന അറബ് നേതാക്കള്‍ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. അതിന് വലിയ സാമ്പത്തിക വാഗ്ദാനങ്ങളും അവര്‍ ആതിഥേയനായ പുടിന്റെ മുന്നില്‍ വെക്കുന്നു. എന്നാല്‍ ഈ സമ്മര്‍ദങ്ങള്‍ എത്രത്തോളം വിജയിക്കുന്നുവെന്നത് സംശയാസ്പദമാണ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ മൂന്നാഴ്ച്ച മുമ്പ് നടത്തിയ മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനൊപ്പം നടത്തിയ സംയുക്ത പത്ര സമ്മേളനത്തില്‍ നേരിട്ട നയതന്ത്ര ‘അവഹേളനം’ ഒരു പക്ഷെ അതിന്റെ തെളിവായിരിക്കാം.

സിറിയന്‍ പ്രസിഡന്റ് പ്രതിസന്ധിയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ ഭാവി സിറിയയില്‍ അദ്ദേഹത്തിന് ഒരു പങ്കുമുണ്ടായിരിക്കില്ലെന്നും അദ്ദേഹത്തെ പരിഹാര ശ്രമത്തിന്റെ ഭാഗമാക്കാന്‍ പറ്റില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സൗദി മന്ത്രി അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ അതിന് കടുത്ത മറുപടിയാണ് റഷ്യന്‍ മന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടായത്. സിറിയന്‍ പ്രസിഡന്റിന്റെ ഭാവി തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണെന്നും പ്രദേശത്ത് ഭീകരതക്കെതിരെയുള്ള ഏത് പോരാട്ടത്തിലും പ്രധാന പങ്കുവഹിക്കുന്നത് സിറിയന്‍ ഭരണകൂടമാണെന്നും അദ്ദേഹം മറുപടി നല്‍കി. ഈ മറുപടിക്ക് ശേഷം തന്റെ അതിഥിയെ അവഗണിച്ച് തന്റെ ഈ-മെയില്‍ പരിശോധിക്കുന്നതിലും മൊബൈല്‍ ഫോണിലും വ്യാപൃതനാവുകയാണ് റഷ്യന്‍ മന്ത്രി ചെയ്തത്.

സിറിയന്‍ വിഷയത്തില്‍ മോസ്‌കോയുടെ നിലപാടിനോട് വളരെയേറെ വിയോജിക്കുന്നവരാണ് മൂന്ന് അറബ് സന്ദര്‍ശനകരെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈജിപ്തും സിറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. അടുത്ത് തന്നെ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത് തള്ളിക്കളയാനാവില്ല. ഈജിപ്തിന്റെ ആയുധങ്ങള്‍ സിറിയന്‍ ഭരണകൂടം തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതായി സിറിയന്‍ പ്രതിപക്ഷം റിപോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിന് ശേഷം സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് മുഅല്ലിം ഈജിപ്ഷ്യന്‍ പത്രത്തിന് അഭിമുഖം അനുവദിച്ചതും ശ്രദ്ധേയമാണ്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ സുരക്ഷാ സഹകരണത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മറ്റ് രണ്ട് അതിഥികളുടെ കാര്യത്തിലും ഇതുതന്നെ പറയാവുന്നതാണ്. ജോര്‍ദാനിലും അബൂദാബിയിലും സിറിയന്‍ എംബസി തുറന്നു തന്നെ കിടക്കുകയാണ്. സിറിയന്‍ ഭരണകൂടവുമായി ഇരു രാഷ്ട്രങ്ങളും രഹസ്യ സംഭാഷണങ്ങളും തുടരുന്നുണ്ട്.

‘ഇസ്‌ലാമിക് സ്‌റ്റേറ്റി’നെതിരെയുള്ള യുദ്ധം ഒരുപക്ഷേ ഈ മൂന്ന് അതിഥികളെയും മോസ്‌കോയെയും തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്നുണ്ടാവാം. സൗദി, ജോര്‍ദാന്‍, തുര്‍ക്കി, സിറിയ എന്നീ രാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളുന്ന പുടിന്‍ മുന്നോട്ടുവെച്ച ചതുര്‍സഖ്യം ചര്‍ച്ചയില്‍ പ്രധാന വിഷയമായിരിക്കാം. ഈ നാല് രാഷ്ട്രങ്ങളും ഐസിസ് ലക്ഷ്യം വെക്കുന്നതും അവരുടെ അപകടത്തെ ഭയക്കുന്നവയുമാണ്.

സിറിയയുടെയും ഈജിപ്തിന്റെയും കവാടത്തിലൂടെയാണ് പുടിന്റെ റഷ്യ പ്രദേശത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുന്നത്. അത്യാധുനിക ആയുധങ്ങളുടെ ഉടമ്പടിയിലൂടെ ഈ മടക്കത്തിന് കൂടുതല്‍ ശക്തിപകരുകയും ചെയ്തു. പുടിന്‍ തന്റെ ശക്തിയും ധീരതയും തന്റെ രാജ്യത്തിന്റെ പ്രതാപത്തെയും സ്ഥാനത്തെയും കുറിച്ച വിശ്വാസവും ഉപയോഗപ്പെടുത്തി ലോകത്തിന് മുന്നില്‍ ആദരവ് നേടിയിരിക്കുകയാണ്. ഇപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തി കൊണ്ടിരിക്കുന്നവരും ഇനി സന്ദര്‍ശിക്കാനിരിക്കുന്നവരുമായ അറബ് നേതാക്കള്‍ അദ്ദേഹത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അതുപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles