Current Date

Search
Close this search box.
Search
Close this search box.

മോഡിയെ മിശിഹയാക്കുന്ന ഫത്‌വകള്‍

പതിനായിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും ഗര്‍ഭിണിയുടെ വയര്‍ കുത്തിപ്പിളര്‍ത്തി ചാപ്പിള്ളയെ അഗ്നിയിലേക്കെറിഞ്ഞ് താണ്ഡവമാടുകയും ചെയ്ത ഏരിയല്‍ ഷാരോണിനെ തെമ്മാടി രാഷ്ട്രമായ ഇസ്രായേല്‍ പ്രധാന മന്ത്രി സ്ഥാനത്തേക്ക് വാഴിച്ചതുപോലെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയെ വികസനത്തിന്റെ പ്രവാചകനായി ചിത്രീകരിച്ച മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി വാഴിക്കാനുള്ള മണ്ണൊരുക്കങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലം മുതല്‍ പ്രാദേശികതലം വരെ അതിനനുകൂലമായി ഫതവകള്‍ ചുട്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ ഏതാനു ഉദാഹരണങ്ങള്‍:

മോഡിയെ അനുകൂലിച്ച് വീണ്ടും ദയൂബന്ദ് ആത്മീയ നേതാവ്
ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ ജനറല്‍ സെക്രട്ടറിയും ദയൂബന്ദ് ആത്മീയ നേതാവുമായ മഹ്മൂദ് മദനി വീണ്ടും ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ ന്യായീകരിച്ച് രംഗത്തെത്തി. ഘോധ്ര സംഭവത്തിനു ശേഷം നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് ഒന്നുകില്‍ നീതി ലഭിച്ചതായും അല്ലെങ്കില്‍ അവര്‍ മോഡിസര്‍ക്കാരിനോട് ക്ഷമിച്ചതായും മദനി പറഞ്ഞു. ഗുജറാത്തിലുളളതിനേക്കാള്‍ കൂടുതല്‍ മുസ്ലിംകള്‍ മഹാരാഷ്ട്ര ജയിലിലുണ്ട്.പശ്ചിമ ബംഗാളില്‍ മുസ്ലിംകളുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമാണ്.ഇതിനേക്കാള്‍ ഭേദം മോഡിയാണ്.മോഡിയെ ന്യായീകരിച്ചു കൊണ്ട് മദനി പറഞ്ഞു.

നരേന്ദ്ര മോഡി പുലിയെന്നു കോണ്‍ഗ്രസ് എംപി
അഹമ്മദാബാദ്: നരേന്ദ്ര മോഡി ഗുജറാത്തിലെ പുലിയെന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംപി വിജയ് ദാര്‍ദ. മോഡിയുടെ പ്രവര്‍ത്തനശൈലിയാണ് ഈ വിശേഷണത്തിനു തന്നെ പ്രേരിപ്പിച്ചതെന്നു ദാര്‍ദ പറഞ്ഞു. ഒരു അവാര്‍ഡ്ദാന ചടങ്ങിലാണു രാജ്യസഭാംഗമായ ദാര്‍ദ മോഡിയെ പുകഴ്ത്തിയത്.

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: അമേരിക്ക
വാഷിംങ്ടണ്‍: ഇന്ത്യന്‍ വികസനത്തിന് മികച്ച സംഭാവന നല്‍കിയ സംസ്ഥാനമാണ് ഗുജറാത്തെന്ന് യു.എസ്. ഇന്ത്യയെക്കുറിച്ചുള്ള കോണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സര്‍വ്വീസിന്റെ റിപ്പോര്‍ട്ടിലാണ് ഗുജറാത്തിന്റെ വികസനത്തെയും മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും പുകഴ്ത്തി പരാമര്‍ശമുള്ളത്.നരേന്ദ്രമോഡിയുടെ കീഴിലുള്ള ഗുജറാത്താണ് ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ പ്രധാനമായും നയിക്കുന്നതെന്നാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുജറാത്ത് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബീഹാറാണ് ഇന്ത്യയുടെ പുരോഗതിയില്‍ പ്രധാന പങ്കാളി.
ഇന്ത്യയില്‍ ഏറ്റവും നല്ല ഭരണവും വികസനവും കാണുന്നത് ഗുജറാത്തിലാണ്. സാമ്പത്തിക പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചുവപ്പുനാട ഒഴിവാക്കുകയും, അഴിമതി ഇല്ലാതാക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രവര്‍ത്തനങ്ങളാണ് ദേശീയ സാമ്പത്തികവളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നത്. സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസ് കോണ്‍ഗ്രസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് സി.ആര്‍.എസ്. യു.എസ് നിയമനിര്‍മാതാക്കള്‍ക്കുവേണ്ടി വര്‍ഷാവര്‍ഷം ഇവര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കാറുണ്ട്. സെപ്റ്റംബര്‍ 1നാണ് 96 പേജുള്ള ഈ റിപ്പോര്‍ട്ട് സി.ആര്‍.എസ് യു.എസ് നിയമനിര്‍മാതാക്കള്‍ക്ക് സമര്‍പ്പിച്ചത്. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഫെഡറേഷന്‍ ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി പരസ്യമാക്കുകയായിരുന്നു.

2002ലെ കലാപവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നിലനില്‍ക്കുന്ന അശുദ്ധി ഇല്ലാതാക്കാനായി ഗുജറാത്തില്‍ നൂതന റോഡുകള്‍ക്കും, ഊര്‍ജ്ജപദ്ധതികള്‍ക്കും വേണ്ടി വിദേശത്തുനിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചു. അതുവഴി 11%ത്തിലധികം വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ അവര്‍ നേടിയത്. പ്രധാന അന്താരാഷ്ട്ര നിക്ഷേപകരായ ജനറല്‍ മോട്ടോഴ്‌സ്, മിറ്റ്‌സുബിഷി, തുടങ്ങിയവയെ ഗുജറാത്തിലേക്ക് ആകര്‍ഷിക്കാന്‍ മോഡിക്ക് കഴിഞ്ഞു. ഇന്ത്യന്‍കയറ്റുമതിയുടെ അഞ്ചിലൊന്നിലധികവും ഗുജറാത്തില്‍ നിന്നാണ്.

വികസനത്തിന്റെ  പ്രവാചകനായി മോഡിയെ അവതരിപ്പിച്ചുകൊണ്ടുള്ള എ പി അബ്ദുല്ലക്കുട്ടി, കെ എം ഷാജി, അമിതാ ബഛന്‍…തുടങ്ങിയവരുടെ പ്രസ്താവനകളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ചുരുക്കത്തില്‍, 2002-ല്‍ ഭരണകൂട സ്‌പോണ്‍സേര്‍ഡ് വംശഹത്യനടന്ന ഗുജറാത്തില്‍ കത്തിച്ചാമ്പലായ ആയിരക്കണക്കിന് മനുഷ്യമാംസങ്ങളുടെ ഗന്ധം കെട്ടടങ്ങുന്നതിന് മുമ്പ് അതിന് നേതൃത്വം നല്‍കിയ നരഭോജിയായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി മിശിഹാ ആയി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കുത്സിതശ്രമങ്ങള്‍ രാജ്യത്ത് ദ്രുതഗതിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് വികസനത്തെ ഇന്ത്യന്‍ വികസന മാതൃകയായും മോഡിയെ വികസനനായകനായും അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ സമുന്നത മതകലാലയമായ ദയൂബന്ദിലെ ആത്മീയ നേതാവ് മുതല്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എം എല്‍ എമാര്‍ വരെ മോഡിക്ക് സ്തുതിഗീതങ്ങളുമായി അറിഞ്ഞോ അറിയാതെയോ രംഗത്തെത്തിയിരിക്കുന്നു.

അന്തച്ഛിദ്രങ്ങള്‍ കൊണ്ടും മതേതര ഇന്ത്യയുടെ പ്രതിരോധം കൊണ്ടും വീര്യം കുറഞ്ഞ ഫാഷിസം നരേന്ദ്രമോഡിയില്‍ ഒരു മിശിഹയെ കാണുന്നുണ്ടാവും. എന്നാല്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന കേരളത്തിലെ രാഷ്ട്രീയസാംസ്‌കാരിക നേതൃത്വം പോലും വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ നരോന്ദ്രമോഡിയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണോ?.വികസനമെന്ന മുദ്രാവാക്യം മാത്രം വിളിക്കുന്ന ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജനസമൂഹത്തിനിടയില്‍ ഈ മോഡി വാഴ്ത്തല്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണോ?. മതേതരത്വത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന ഫാഷിസം വികസനത്തിന്റെ കപട മുഖം മൂടിയണിഞ്ഞു വരുമ്പോള്‍ ആ മുഖം മൂടി പൊളിച്ചുമാറ്റേണ്ടത് മതേതര വിശ്വാസികളുടെ ബാധ്യതയാണ്.

ഗുജറാത്ത്‌മോഡല്‍: ആരുടെ വികസനം
‘നരേന്ദ്രമോഡി നടത്തുന്ന വികസനത്തോട് ഞാനൊരിക്കലും യോജിക്കില്ല. സമൂഹത്തിലെ സമ്പന്ന വിഭാഗത്തെ ഉയര്‍ത്തുന്നതും, അവരെ കൊഴുപ്പിക്കുന്നതിനും സഹായിക്കുന്നതാണ് മോഡിയുടെ വികസനം. ഇതിനെയാണ് മോഡിയുടെ വികസന വിസ്മയമെന്ന് ഇവിടുത്ത രാഷ്ട്രീയക്കാരും മാധ്യമങ്ങളും വാഴ്ത്തുന്നത്. ഗുജറാത്ത് നേരിട്ടു കണ്ടാല്‍, അവിടുത്തെ ജനതയെ അടുത്തറിഞ്ഞാല്‍ ആര്‍ക്കും മനസിലാക്കിയെടുക്കാവുന്നതേയുള്ളൂ ഇവിടുത്തെ വികസനമെന്താണെന്ന്.
മോഡി പുരോഗതിയുണ്ടാക്കി നല്‍കിയത് ഗുജറാത്തിനല്ല, അംബാനി, അതാനി, ടാറ്റ, പോലുള്ള മൂന്ന്, നാല് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണ്. അവര്‍ക്ക് വ്യവസായ സംരഭങ്ങള്‍ തുടങ്ങാനായി മുന്‍പിന്‍ നോക്കാതെ ഭൂമി അനുവദിച്ചു. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി അവര്‍ക്ക് നല്‍കിയത് തുച്ഛമായ വിലയ്ക്കാണ്. വികസനാവശ്യത്തിനായി ഇവിടെ നിന്നും കൈമാറിയ 40% ഭൂമികളും ഈ വന്‍കിട കമ്പനികളുടെ കൈകളിലാണ്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ അഴിമതിയാണ് ഇതില്‍ നടന്നിട്ടുള്ളത്.
ദൃശ്യമായ പ്രദേശങ്ങളില്‍ എന്തൊക്കെയോ കാട്ടികൂട്ടി ഗുജറാത്ത് മുഴുവന്‍ ഇങ്ങനെയാണെന്ന തോന്നലുണ്ടാക്കിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ അദ്ദേഹം കോര്‍പ്പറേറ്റ് ലോകത്തിന്റെ കണ്ണിലുണ്ണിയായി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങി പ്രമുഖരായ നിരവിധി പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അവരെയാരെയും ഉത്തമമാതൃകയായി കോര്‍പ്പറേറ്റുകളോ, യു.എസോ ഉയര്‍ത്തിക്കാട്ടിയിട്ടില്ല. ഇപ്പോള്‍ മോഡിയെ ആ നിലയിലേക്ക് ഉയര്‍ത്തുന്നത് മോഡി അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളായതിനാലാണ്. മോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാനാണ് ഇവരുടെ ശ്രമം. അതിന് ഗുജറാത്ത് കലാപത്തിന്റെ കറ അദ്ദേഹത്തില്‍ നിന്നും കഴുകി കളയേണ്ടിയിരിക്കുന്നു. അതിനായുള്ള ശ്രമങ്ങളാണ് ഈ കപടവികസന മുഖത്തിലൂടെ നടത്തുന്നത്.
ഒറീസയിലേതിനെക്കാള്‍ മോശം സ്ഥിതിയാണ് ഗുജറാത്തിലെ ജനങ്ങളുടേത്. മാനവവിഭവശേഷിയും, പോഷകാഹാരക്കുറവും, സത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെ പിന്നോക്കാവസ്ഥയും ഗുജറാത്തിലുള്ളത്ര ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. ഇവിടെ ചെയ്യുന്നത് വന്‍കിട ഗ്രൂപ്പുകള്‍ക്ക് കള്ളക്കടത്തുനടത്താനും, കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ അനധികൃതമായി ഇവിടെയെത്തിക്കാനും, മറ്റും സഹായം നല്‍കുകയാണ്. വില്ലേജ് ഓഫീസുകളിലും, പോലീസ് സ്‌റ്റേഷനുകളിലും, തഹസില്‍ ദാര്‍ ഓഫീസുകളിലുമെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലിയാണ് ഒഴുകുന്നത്.
ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ആര്‍.എസ്.എസിന്റെ നയം നടപ്പാക്കുകയാണ് മോഡി ചെയ്യുന്നത്. ഇന്ത്യയില്‍ മറ്റെവിടെയും ആര്‍.എസ്.എസ് പ്രചാരകന്‍ മുഖ്യമന്ത്രിയായിട്ടില്ല. മോഡിയിലൂടെ ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രത്തെ സ്വപ്‌നംകാണുകയാണ്. മോഡി ചെയ്ത കുറ്റകൃത്യങ്ങളെ മറയ്ക്കാന്‍ അവര്‍ വികസനത്തെ ഉപയോഗിക്കുന്നു.
കോര്‍പ്പറേറ്റുകളും മോഡിയെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മോഡിയ്‌ക്കെതിരായ കേസില്‍ അന്വേഷണം വേണമോ എന്ന കാര്യം തീരുമാനിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ ആര്‍.കെ രാഘവന്‍ ടാറ്റയുടെ വൈസ് പ്രസിഡന്റാണ്. ഈ കേസുമായി ബന്ധപ്പെട്ട ഒരു സാക്ഷിയെപ്പോലും ചോദ്യം ചെയ്യാതെയാണ് അയാള്‍ മോഡിക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. ഒന്നരലക്ഷത്തോളം പ്രതിഫലം പറ്റിയ ഇയാള്‍ ഒരാഴ്ചപോലും ഗുജറാത്തില്‍ നില്‍ക്കാതെയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.
മോഡിയെ വളര്‍ത്താന്‍ ചില മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. നാളെ മോഡി പ്രധാനമന്ത്രിയായാലോ എന്ന് കണ്ട് ഒരു മുഴം നീട്ടിയെറിയാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം മോഡിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കണ്ടാല്‍ തന്നെ ഇത് വ്യക്തമാകും. മോഡി രക്ഷപ്പെട്ടു എന്ന തരത്തിലാണ് പല മാധ്യമങ്ങളും ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ കേസില്‍ നടപടിയെടുക്കാനുള്ള അധികാരം മജിസ്‌ട്രേറ്റ് കോടതിക്ക് വിടുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. മജിസ്‌ട്രേറ്റ് കോടതി മോഡിക്കെതിരെ അന്വേഷണം വേണ്ടെന്ന് പറയുകയാണെങ്കില്‍ പരാതിക്കാരന് വീണ്ടും മേല്‍ക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതൊന്നു പറയാതെ മോഡിക്ക് ആശ്വാസമായി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ഈ വിധിയെ കൈകാര്യം ചെയ്തത്.’
( ആര്‍.ബി ശ്രീകുമാര്‍, ഗുജറാത്ത് മുന്‍ ഡി.ജി.പി)

ആരൊക്കെയാണ് നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നത്
‘ആരൊക്കെയാണ് നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നത് എന്ന് നമ്മള്‍ ആദ്യം ആലോചിക്കണം. അമേരിക്ക മോഡിയെ പുകഴ്ത്തുന്നതില്‍ അത്ഭുതമൊന്നുമില്ല. മോഡി എന്ന ഭരണാധികാരിയെ ആണ് അവര്‍ പുകഴ്ത്തുന്നത്. പക്ഷേ അതേ രാജ്യം മോഡിക്ക് മുന്‍പ് വിസ നിഷേധിച്ചിട്ടുമുണ്ട്. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ നവസാമ്പത്തിക ശക്തികള്‍ക്ക് വില്‍ക്കുകയാണ് മോഡി ചെയ്തു കൊണ്ടിരിക്കുന്നത്. അതാണ് അമേരിക്കക്കാവിശ്യം. അത്‌കൊണ്ടാണ് അവര്‍ മോഡിയെ പുകഴ്ത്തുന്നത്. ഗുജ്‌റാത്തില്‍ നിന്നു തന്നെ മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മിദ്ദീ വിരുദ്ധി ആണവനിലയം, നിര്‍മ്മ സിമന്റ് ഫാക്ടറി, നദീസംയോജന പദ്ധതി, സര്‍ദാര്‍ സരോവര്‍ ഡാം തുടങ്ങിയ പദ്ധതികള്‍ക്കെതിരെയെല്ലാം സാമൂഹിക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഇന്ത്യയില്‍ വേണ്ട വികസനം എന്നത് സമത്വത്തിലും നീതിയിലും അതിഷ്ഠിതമായ സുസ്ഥിരമായ വികസനമാണ്. രാജ്യത്തെ മുസ്ലിംകളോട് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്, എന്നാല്‍ മാപ്പു പറയുകയല്ല വേണ്ടത്, മോഡിയുടെ കൈയ്യില്‍ രക്തം പുരണ്ടിരിക്കുന്നു, മുസ്ലിംകള്‍ക്ക് വേണ്ടത് നീതിയാണ്.
അയോധ്യ സംഭവത്തില്‍ അദ്വാനിക്ക് പങ്കുള്ളതിനാലാണ് പ്രധാനമന്ത്രി സ്ഥാനം വാജ്‌പേയിക്ക് നല്‍കേണ്ടി വന്നത്. ഒട്ടേറെ കലാപങ്ങളുടെ കറ നരേന്ദ്ര മോഡിയില്‍ ഉള്ളതിനാല്‍ അത്ര പെട്ടന്ന് ബി. ജെ. പി.ക്ക് പ്രധാനമന്ത്രി പദത്തിലേക്ക് മോഡിയെ ഉയര്‍ത്താനായില്ല. മതേതര ഇന്ത്യ ഒരിക്കലും നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കില്ല.’  (മധുരേഷ് കുമാര്‍, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍ മൂവ്‌മെന്റ് കോഓര്‍ഡിനേറ്റര്‍)

ഭ്രാന്തുള്ള അമേരിക്കന്‍ വികസനം നരേന്ദ്ര മോഡിയുടെ വികസനം പ്രധാനമായും നാലു തരത്തിലാണ്. തൊഴില്‍ രഹിത വികസനം, ഫലഭൂയിഷ്ഠമായ ഭൂമി ഇല്ലാതാക്കുന്ന വികസനം, പാരിസ്ഥിതികമായ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വികസനം, സാധരണക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന വികസനം എന്നിവയാണ്. നരേന്ദ്ര മോഡിയുടെ വികസന മാതൃകയെ അമേരിക്ക പുകഴ്ത്തിയതില്‍ അതിശയമൊന്നുമില്ല. ഒരു ആക്ടിവിസ്റ്റ് എന്ന നിലക്ക് യുദ്ധ ഭ്രാന്തുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വികസനം എനിക്ക് അംഗീകരിക്കാനാവില്ല. നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ ഫാസിസ്റ്റ് രൂപത്തിലുള്ള സര്‍ക്കാറാണ്. മോഡി ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്.
വ്യാവസായിക വത്കരണം ഒരു ഫാസിസ്റ്റ് ഗവണ്‍മെന്റിന് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. വളരെ തന്ത്രപരമായ ഒരു നീക്കമാണിത്. ഒരേസമയം വര്‍ഗ്ഗീയമായ ലഹളകള്‍ ഉണ്ടാക്കുകയും മറുവശത്ത് വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാന്‍ വേണ്ടിയാണ്. ഉപരിമധ്യവര്‍ഗ്ഗം മാത്രമേ മോഡിയെ പിന്തുണക്കുകയുള്ളൂ. ഭട്ട്‌വാരിയ, ബെറൂച്ച്, ബറോഡ, അഹമ്മദാബാദ്, സൂറത്ത്, കച്ച്, ഗുജ്‌റാത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ വളരെയധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയാണ്.
(രോഹിത് പ്രജാപതി, ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍- കടപ്പാട് ഡ്യൂല്‍ ന്യൂസ്)

തയ്യാറാക്കിയത്: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles