Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിഷയങ്ങളിലെ ആപിന്റെ മൗനം

കഴിഞ്ഞ ഡല്‍ഹി നിയമസഭാ ഇലക്ഷനില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ ആപ് നേതാക്കള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായിട്ടില്ല. മുസ്‌ലിം വോട്ടുകള്‍ ഉറപ്പാക്കാന്‍ ആപ് പരമോന്നത നേതാവ് ബറേലിയിലെ മൗലവി തൗഖീര്‍ റസാ ഖാനെ പോലുള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിക്ക് വരെ മുസ്‌ലിം സ്ഥാനാര്‍ഥികളെ ലഭിക്കുന്നിടത്ത് ആപിന് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ ഇതൊന്നും മുസ്‌ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപകരിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ അവബോധം രാജ്യത്തെ മുഖ്യധാരാ പൗരസമൂഹത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നാണിത് കുറിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവനായതു കൊണ്ട് അവര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നവരല്ല അവര്‍. ആപിന്റെ നേതാക്കള്‍ വിരിയുന്നതിന് മുമ്പ് പറക്കാന്‍ ആഗ്രഹിക്കുകയാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ അവബോധം പഴഞ്ചനാണെന്ന ചേതന്‍ ഭഗതിന്റെ ധാരണ തന്നെയാണ് അവരും വെച്ചു പുലര്‍ത്തുന്നത്.

അവസാനത്തെ മൂന്ന് ദശാബ്ദങ്ങളില്‍ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നവലിബറല്‍ വാദത്തിന്റെ ദല്ലാളുകളായി മാറിയിരിക്കുന്നു. അതിന്റെ ഉല്‍പന്നമാണ് ആപ്. ഇന്ത്യന്‍ ഭരണഘടനയെ മാറ്റി നിര്‍ത്തി നവലിബറല്‍ വാദവും വര്‍ഗീയതയും കൈകോര്‍ത്തത് 1980 കളിലാണ്. 1991-ലെ സാമ്പത്തിക നയങ്ങളിലൂടെ ശക്തിപ്പെട്ട അത് 1992-ലെ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായി. ഡല്‍ഹിയില്‍ രൂപീകരിക്കപ്പെട്ട ആപ് മുസ്‌ലിം വിരുദ്ധമാണെന്ന തരത്തിലുള്ള പ്രചരണം ഉണ്ടായതിനാല്‍ മുസ്‌ലിം വോട്ടുകള്‍ നേടിയെടുക്കാന്‍ ഒരു പ്രത്യേക ദൗത്യസംഘത്തെ തന്നെ അവര്‍ രൂപീകരിച്ചു.

ഡല്‍ഹി ഇലക്ഷന് മുമ്പ് തന്നെ കുറച്ച് മുസ്‌ലിം പേരുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആപിന് സാധിച്ചു. മുസ്‌ലിംകളെ മറ്റു പൗരന്‍മാരെ പോലെ കാണുന്നതിന് പകരം ഒരു വോട്ടുബാങ്കായിട്ടാണ് ആപ് കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചത് ഈ അഭിപ്രായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഈ പുതിയ രാഷ്ട്രീയവും ജനങ്ങളെ മതങ്ങളും ജാതികളുമായിട്ടാണ് സമീപിക്കുന്നതെന്ന് അതിന്റെ വിജയമാഘോഷിക്കുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്. ഡല്‍ഹി ഇലക്ഷനിലെ 12-ല്‍ ഒമ്പത് റിസര്‍വ് സീറ്റുകളിലും ആപ് വിജയിച്ചു. എന്നാല്‍ ഒരൊറ്റ പിന്നോക്ക വിഭാഗക്കാരനെയും ജനറല്‍ സീറ്റില്‍ അവര്‍ മുന്നോട്ടു വെച്ചില്ല. ആപിന്റെ അടുത്ത ലക്ഷ്യം ഹരിയാനയാണ്. ഇതിനോടകം തന്നെ ആപ് അവിടെ ജാതി സമവാക്യങ്ങളുടെ രാഷ്ട്രീയം തുടങ്ങി കഴിഞ്ഞു. ജാട്ട് മേധാവിത്വമുള്ള ഹരിയാന രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി പദത്തിലേക്ക് യാദവ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടി ആത്യന്തികമായി ജാട്ടുകളെ പുണരുന്നതിനാണവിടെ മുന്‍ഗണന നല്‍കിയിട്ടുള്ളത്. തങ്ങളുടെ രാഷ്ട്രീയ മോഹം സാക്ഷാത്കരിക്കാന്‍ ‘സംശുദ്ധ രാഷ്ട്രീയം’ പയറ്റി ജാട്ടുകള്‍ പരസ്പരം കെട്ടിമറിയുകയാണ്. വിജയം സുനിശ്ചിതമാക്കാന്‍ ഒരു ജാട്ടിന്റെ കൂടി പേര് പിന്നീട് തീരുമാനിക്കാമെന്ന് അവര്‍ കരുതുന്നു.

സെക്യുലര്‍ എന്നവകാശപ്പെടുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ഹിന്ദുക്കളെ മുറുകെ പിടിക്കുമ്പോള്‍ തന്നെ നരേന്ദ്ര മോഡി എന്ന ഭീഷണി ചൂണ്ടിക്കാണിച്ച് മുസ്‌ലിം വോട്ടുകള്‍ വാരിക്കൂട്ടാനാണ് AAP ഉദ്ദേശിക്കുന്നത്. ഇതുവരെ എ.എ.പി. സ്വീകരിച്ച തന്ത്രം കൂടുതലും സമരമാണ്. ഇതിന്റെ നേതാക്കള്‍ ഇതുവരെ നവലിബറല്‍ വാദത്തോടും വര്‍ഗീയതയോടുമുള്ള നിലപാട് കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. സുപ്രധാന വിഷയങ്ങളില്‍ വ്യക്തത പ്രകടിപ്പിക്കാതെ ഇവരുടെ തൊട്ടുമുന്നിലുള്ള ലക്ഷ്യം ലോകസഭാ തെരെഞ്ഞെടുപ്പ് വിജയം നേടുകയാണ്. വരുന്ന തെരെഞ്ഞെടുപ്പില്‍ ഇതിന്റെ ബഹുമുഖത്വം ആര്‍.എസ്.എസ്സിനെ തോല്‍പിക്കുന്നതായിരിക്കാം.

ആര്‍.എസ്.എസ് പിന്തുണയുള്ള ആപിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചതു മുതല്‍ തന്നെ ഒരുപാട് നവലിബറല്‍ വര്‍ഗീയ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. ഡല്‍ഹി തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഒരുപാട് ബി.ജെ.പി, കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി നേതാക്കള്‍ അതില്‍ ചേര്‍ന്നു. ഡല്‍ഹി തെരെഞ്ഞെടുപ്പ് വിജയത്തിനും ഗവണ്‍മെന്റ് രൂപീകരണത്തിനും ശേഷം അവസരവാദപരവും അധികാര ദാഹത്തിന്റെയും അംശങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരുണത്തില്‍ തങ്ങളുടെ കൂടെ കുറെ മതേതര മുഖങ്ങളുണ്ടെന്ന് മുസ്‌ലിംകള്‍ക്ക് നല്‍കിയ ഉറപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരു നവലിബറലിന് സത്യസന്ധമായി മതനിരപേക്ഷകനാവില്ല. മുസ്‌ലിംകള്‍ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. ആപ് അല്ലാതെ ഇവിടെ ധാരാളം മതേതര പാര്‍ട്ടികളുണ്ട്. അവര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് കേന്ദ്രത്തിലോ സംസ്ഥാനത്തിലോ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മടിക്കാത്തവരാണ്. മുസ്‌ലിം വോട്ടുകള്‍ കിട്ടിയതിന് ശേഷം ആപും അത് ചെയ്‌തേക്കാം. കോണ്‍ഗ്രസിന് പകരം ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ആപിന്റെ മതേതര നേതാവായ പ്രശാന്ത് ഭൂഷന്‍ വാദിച്ചിരുന്നു. മാത്രമല്ല സി.പി.എം അഴിമതിക്കാരാണെന്ന ഒരു വലിയ പ്രസ്താവനയും അദ്ദേഹം നടത്തി.

പല മാര്‍കിസ്റ്റ് സെക്യുലറിസ്റ്റ് ബുദ്ധിജീവികളും പ്രസ്ഥാനങ്ങളും മുസ്‌ലിംകളെ ആപിന് കീഴിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് ഖേദകരമാണ്. അവരെല്ലാം മുസ്‌ലിംകളെ ഒരു വോട്ടുബാങ്കായിട്ട് മാത്രമാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചില മുസ്‌ലിം പുരോഹിതന്‍മാരും നേതാക്കളും ഇവരുടെ കാമ്പയിനില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ആപ് സ്ഥാനാര്‍ഥികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. ഭരണഘടനയില്‍ പറയുന്ന മതേതര മൂല്യം ഗുരുതരമായ അപകടത്തിന് മുന്നില്‍ നില്‍ക്കവെ മുസ്‌ലിം നേതാക്കളും ബുദ്ധിജീവികളും ചിന്തിച്ച് ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ഇതൊരു ജീവന്‍മരണ പ്രശ്‌നം തന്നെയാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രയാസം ഏറ്റവും അധികം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളാണ്. മതേതര കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പോലും നിരന്തരം വര്‍ഗീയ കലാപങ്ങള്‍ അഴിച്ചു വിടാന്‍ മാത്രം ശക്തരാണ് വര്‍ഗീയ ശക്തികള്‍.

നവലിബറലിസത്തോടൊപ്പം നിന്നാണ് വര്‍ഗീയത വളര്‍ന്നത്. എല്ലാ മതങ്ങളിലും സഹവര്‍ത്തിത്വത്തിന് പകരം മൗലിക വാദത്തിനാണ് അടിയുറപ്പിക്കാന്‍ കഴിയുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഡല്‍ഹിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ്. അവിടെ നിന്നും വെറും 100 കിലോമീറ്റര്‍ മാത്രം അകലെയാണ് 60 പേര്‍ കൊല്ലപ്പെടുകയും 60,000 പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത വര്‍ഗീയ കലാപം നടന്ന മുസഫര്‍ നഗര്‍, ഷംലി ജില്ലകള്‍. നാലു മാസം പിന്നിട്ടിട്ടും ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറല്ല. ഗവര്‍ണറുടെ വസതിയില്‍ വെച്ച് ലളിതമായി നടത്താവുന്ന ഒരു ചടങ്ങാണ് രാം ലീല മൈതാനില്‍ വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയത്.

ആപിന് അനുകൂലമായി സെക്യുലറിസ്റ്റുകള്‍ നടത്തുന്ന വാദം മുസ്‌ലിംകള്‍ ഗൗരവത്തില്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്. മോഡിയുടെ തിളക്കത്തിന്റെ മാറ്റ് കുറക്കാന്‍ കെജ്‌രിവാളിനായിട്ടുണ്ട് എന്നാണവര്‍ പറയുന്നത്. ആപിലുള്ള ചില മുസ്‌ലിം നേതാക്കളെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും എത്തിക്കാന്‍ ഈ വാദം സഹായിച്ചെന്നിരിക്കും. എന്നാല്‍ ഇതൊരിക്കലും മതേതരത്വത്തെ ശക്തിപ്പെടുത്തില്ല. മോഡിയുടെ തിളക്കം കുറയുന്നത് കൊണ്ട് വര്‍ഗീയ ഫാഷിസത്തിന്റെ തിളക്കം കുറയില്ല. അടുത്ത പ്രധാനമന്ത്രിയായി മോഡിയെ ഉയര്‍ത്തി കാട്ടിയ അതേ കോര്‍പറേറ്റുകള്‍ തന്നെയാണ് ഇപ്പോള്‍ കെജ്‌രിവാളിന് സ്തുതി പാടുന്നതെന്നും നാം മനസ്സിലാക്കണം.

മോഡി കേവലം ഒരു പേരല്ലെന്ന് മുസ്‌ലിം വോട്ടര്‍മാര്‍ തിരിച്ചറിയേണ്ടതുണ്ട്. മോഡി ഇലക്ഷനില്‍ തോറ്റാല്‍ പോലും വര്‍ഗീയ ഫാഷിസം പരാജയപ്പെടുന്നില്ല. ആര്‍.എസ്.എസിന്റെ തീവ്രവാദ കാഴ്ച്ചപാടുകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു നേതാവിലൂടെ സമയാ സമയങ്ങളില്‍ പ്രത്യക്ഷപ്പെടും. ഇപ്പോള്‍ മോഡിയാണ് അതിന്റെ ഏറ്റവും വലിയ പ്രതീകം എന്നു മാത്രം. ഈ തീവ്രവാദ ലൈനില്‍ ഒരു നിരീക്ഷണം നടത്തേണ്ടതുണ്ട്. ചെറിയ താതിലാണെങ്കിലും കെജ്‌രിവാളിലും അത് കാണാം. അതിനെ ശക്തിപ്പെടുത്തുന്ന ചില തെളിവുകളുമുണ്ട്.

ഗുജറാത്തിലെ മൂന്നാമത്തെ നിയമസഭാ തെരെഞ്ഞെടുപ്പിലും മോഡി നിഷ്പ്രയാസം വിജയിച്ചു. സംസ്ഥാനത്തിന്റെ പിന്തുണയോടെ 2002 ല്‍ നടന്ന കൂട്ടകശാപിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഒരു പാട് വ്യക്തികളും സംഘടനകളും ശ്രമം നടത്തിയിരുന്നു. രാജ്യത്തെ രക്ഷിക്കാന്‍ രംഗപ്രവേശം ചെയ്ത കെജ്‌രിവാളും അനുയായികളും ഇതുവരെ ഇതിനെതിരെ സംഭവം നടന്ന സമയത്തോ ശേഷമോ പറഞ്ഞിട്ടില്ല. ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെയും ഒരു പ്രസ്താവന അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ ഗുരുവായ അണ്ണാ ഹസാരെയുടെയോ ഭാഗത്ത് നിന്ന് കേട്ടിട്ടില്ല. രാംദേവിനെ പിന്തള്ളിക്കൊണ്ട് കെജ്‌രിവാള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന അണ്ണാഹസാരെ ജന്ദര്‍മന്ദിറില്‍ ആദ്യം ചെയ്തത് മോഡിയെ പ്രശംസിക്കുകയാണ്. മോഡി തന്റെ നന്ദി ഒരു കത്തിലൂടെ അറിയിക്കാനും മറന്നില്ല. വിമര്‍ശകര്‍ നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അണ്ണക്ക് മോഡി മുന്നറിയിപ്പും നല്‍കി. പ്രശ്‌ന പരിഹാരത്തിന് ചില മതേതരവാദികള്‍ ശ്രമിച്ചെങ്കിലും കെജ്‌രിവാള്‍ അതിന് വഴങ്ങിയില്ല.

ആര്‍.എസ്.എസ് മോഡിയെ ഉയര്‍ത്തി കൊണ്ട് വരുന്നതിന് മുമ്പ് തന്നെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ (IAC) പ്രമുഖ അംഗമായ ചേതന്‍ ഭഗത് മോഡിക്ക് വേണ്ടി കാമ്പയിന്‍ നടത്തിയിരുന്നു. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. മോഡിക്ക് വേണ്ടി മുസ്‌ലിം യുവാക്കളെ ‘ബോധവല്‍കരിക്കാനുള്ള’ ശ്രമവും ഭഗത് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ അംഗവും കെജ്‌രിവാളിന്റെ അനുയായിയുമായ രാംദേവിന്റെ വാക്കുകളും എഴുത്തുകളും എല്ലാവര്‍ക്കും മുമ്പില്‍ തുറന്നു കിടക്കുകയാണ്. രാംദേവ് ഹരിദ്വാറിലെ തന്റെ ആശ്രമത്തിലേക്ക് മോഡി ക്ഷണിച്ചു വരുത്തി ഹിന്ദുക്കളുടെ നേതാവാണ് മോഡിയെന്ന് പ്രഖ്യാപിച്ചു. അതിന് ശേഷവും കെജ്‌രിവാള്‍ അതിനെ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടും അതിന്റെ നിര്‍ദേശങ്ങളും പുറത്തു വരുന്നത് 2006 ലാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി റിപോര്‍ട്ട് മാറുകയും ചെയ്തു. ആര്‍.എസ്.എസും ബി.ജെ.പിയും ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആപ് ഇതില്‍ അവരുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ആപിനെ ബി.ജെ.പിയുടെ ഗണത്തില്‍ പെടുത്താം. മുസ്‌ലിംകളെ ശാക്തീകരിക്കാനുള്ള ചില നിര്‍ദേശങ്ങള്‍ സച്ചാര്‍ റിപോര്‍ട്ട് മുന്നോട്ടു വെക്കുന്നുണ്ട്. ഫോര്‍ഡ് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കെജ്‌രിവാള്‍ അടക്കമുള്ള ആപ് നേതൃത്വം അമേരിക്കന്‍-ഇസ്രയേല്‍ അച്ചുതണ്ടില്‍ നിന്നുള്ള നവസാമ്രാജ്യത്വത്തിനെതിരെയും ഒന്നും ഉരിയാടിയിട്ടില്ല.

മോഡിയെ കുറിച്ച് കെജ്‌രിവാള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നിരിക്കെ മോഡിക്കെതിരെയുള്ള തുരുപ്പു ചീട്ടായി കെജ്‌രിവാളിലെ ചില മതേതര വാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നത് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണ്. സോഷ്യലിസ്റ്റുകളെയും മതേതരവാദികളെയും പിന്തള്ളി നവലിബറല്‍ -വര്‍ഗീയ കൂട്ടുകെട്ടിനൊപ്പം ചങ്ങാത്തം കൂടുന്ന ആപിനോട് മുസ്‌ലിം പൊതുസമൂഹം എന്ത് നിലപാട് സ്വീകരിക്കുമെന്നത് താല്‍പര്യമുണ്ടാക്കുന്ന കാര്യമാണ്.

വിവ : കെ.പി.എം. ഹാരിസ്‌

Related Articles