Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയെയല്ല, വിപ്ലവത്തെയാണ് അവര്‍ അപഹരിക്കുന്നത്

oipp[.jpg

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സിയും ഇഖ്‌വാനും മുന്നോട്ട് വെക്കുന്ന ശക്തമായ ജനാധിപത്യ നിലപാടുകളാണ്  അദ്ദേഹത്തിനും ഇഖ്‌വാനുമെതിരെ ഏകാധിപതിയെന്ന ശക്തമായ ക്യാമ്പയിനുമായി രംഗത്തെത്തുന്നവരെ അലോസരപ്പെടുത്തുന്നത് . ഏകാധിപത്യ ഭരണമാണ് അദ്ദേഹം നടത്തുന്നുവെങ്കില്‍ അവര്‍ മൂന്ന് പതിറ്റാണ്ട് ഹുസ്‌നി മുബാറക്കിന് പിന്തുണ നല്‍കിയത് പോലെ അദ്ദേഹത്തിനെയും ശക്തമായി തുണക്കുമായിരുന്നു. രാഷ്ട്രത്തിന്റെ എല്ലാ മേഖലകളെയും അധപ്പതനത്തിലേക്കു നയിച്ച ഭരണാധികാരിക്ക് മുപ്പത് വര്‍ഷം സമയം നല്‍കിയവര്‍ തന്നെയാണ് ഇദ്ദേഹത്തെ മാസങ്ങള്‍ ഭരണം നടത്താന്‍ അനുവദിക്കാത്തത്. നാല് വര്‍ഷം പോലും ഭരണം പൂര്‍ത്തിയാക്കാതെ എളുപ്പത്തില്‍ ഈ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനാണ് അവര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മുര്‍സിയുടെ ഭരണപരിഷ്‌കാരങ്ങളെയോ വിപ്ലവകരമായ നടപടികളെയോ ഇതുവരെ പ്രശംസിക്കാന്‍ പോലും തയ്യാറാകാത്തവരാണ് ഈ കാമ്പയിനുമായി രംഗത്തുവന്നിട്ടുള്ളത് എന്നത് ശ്രദ്ദേയമാണ്. ജനകീയവിപ്ലവത്തിലൂടെ അദ്ദേഹം അധികാരത്തിലേറിയതാണ് മുബാറക്ക് ഭരണകൂടത്തിന്റെ പരിലാളനത്തില്‍ വളര്‍ന്ന അംറുമൂസയെയും  ബറാദഗിയെയും അഹ്മദ് ശഫീഖിനെയും  അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവരാന്‍ പ്രേരിപ്പിക്കുന്നത്. അതേ സമയം പ്രസിഡന്റിനെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ടെന്നതും ആശ്വാസകരം തന്നെയാണ്.അന്യഗ്രഹത്തില്‍ നിന്നും ഈജിപ്ഷ്യന്‍ മണ്ണിലേക്ക് അറ്റുവീണ വിഭാഗംപോലെയാണ് ഇഖവാനുല്‍ മുസ്‌ലിമിനിനോടുള്ള അവരുടെ നിലപാട്. വിപ്ലവം മോഷ്ടിച്ച് ഭരണം കയ്യാളിയായ ഒരുവിഭാഗമായിട്ടും അവരെ അവര്‍ കാണുന്നു. മുബാറക്കിന്റെ സേഛ്വാധിപത്യ ഭരണകൂടത്തിന്റെ കിരാതമായ മര്‍ദ്ധന പീഢനങ്ങള്‍ക്കും ജയില്‍ വാസത്തിനും കൂട്ടക്കൊലക്കും വിധേയമായ ഒരുവിഭാഗമാണ് ഇഖവാനികള്‍ എന്ന്  ഇവരിലെ ഓരോരുത്തര്‍ക്കും ഓരോ മണല്‍ത്തരിക്കും പകല്‍ വെളിച്ചം പോലെ അറിയുന്ന യാഥാര്‍ഥ്യമാണ്. ഈജിപ്തിന്റെ വിമോചനത്തിന് വേണ്ടി ഒന്നാം നാള്‍മുതല്‍ ശക്തമായ പോരാട്ടത്തിലേര്‍പ്പെട്ടവരാണവര്‍. അധികാരത്തിലെത്തുന്നതിന് മുമ്പ് നിരവധി പ്രതിസന്ധികളെ തരണം ചെയ്തവരും. യഥാര്‍ഥത്തില്‍ അധികാരത്തിലെത്താനുള്ള പാലം പണിയലായിരുന്നു ഇവയെങ്കില്‍ ഇത്രത്തോളം ത്യാഗങ്ങള്‍ക്കും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും എന്തിനവര്‍ തയ്യാറായി?. മാത്രമല്ല, നിലവില്‍ ഒരു സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാതെ സാമ്പ്രദായിക ഭരണവ്യവസ്ഥയെ മെല്ലെ ചലിപ്പിച്ചാല്‍ മതിയാകുമായിരുന്നല്ലോ!

മുര്‍സിയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ രാപ്പകല്‍ ഭേദമന്യേ ഉറക്കമൊഴിച്ചിരിക്കുന്നവര്‍ക്ക് കിട്ടിയ ഒരു വടിയായിരുന്നു മുര്‍സിയുടെ പുതിയ തീരുമാനം. ഹുസ്‌നി മുബാറക്ക് നിയമിച്ച ഭരണഘടനാ കോടതി ഭരണഘടനാ നിര്‍മാണസമിതിയെയും മജിലിസുശ്ശൂറയെയും നിഷ്പ്രഭമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് പ്രസിഡന്റ് തന്റെ അധികാരം അതിനുമേല്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിതനായത്. ഭരണഘടന നിലവില്‍ വരുന്നതുവരെ അവരുടെ ഇടപെടലുകളെ നിയന്ത്രിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

മുര്‍സി സേഛ്വാധിപതിയാണെന്ന് ബഹളം വെക്കുന്നവര്‍ അദ്ദേഹം പുതിയ ഭരണഘടന എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന കാര്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്. പിന്നീട് നിയമനിര്‍മാണം പുതുതായി വരുന്ന ജനകീയ സഭയായിരിക്കും ഏറ്റെടുക്കുക. എന്നാല്‍ ഇത്തരം യാഥാര്‍ഥ്യങ്ങളെല്ലാം അവര്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണ്. നിലവില്‍ പ്രസിഡന്റ് ഇതിനായുള്ള ഓരോ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ് ചെയ്യുന്നത്. സമൂഹത്തിലെ എല്ലാതുറകളിലുള്ളവരെയും ഉള്‍പ്പെടുത്തി ഭരണഘടനാ നിര്‍മാണ സമിതി നിലവില്‍ വന്നിരിക്കുകയാണ്. എന്നാല്‍ ഇവരിലധികപേരും അതില്‍ പങ്കാളിയാകാതെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പ്രത്യയശാസ്ത്രപരവും ചിന്താപരവും രാഷ്ട്രീയപരവുമായ വ്യത്യസ്ത വിഭാഗങ്ങള്‍ സജീവമായ ഒരു രാജ്യത്ത് ഇത്തരത്തിലല്ലാതെ എപ്രകാരമാണ് ഭരണഘടന രൂപീകരിക്കേണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ വേണ്ടത്ര ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയതും ഭാവിയില്‍ എത്താനുള്ള സാധ്യതകളുമാണ് അക്ഷരാര്‍ഥത്തില്‍ അവരെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഏത് രീതിയിലുള്ള സേഛ്വാധിപത്യത്തെ കുറിച്ചാണ് ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തെ അരാജകത്വത്തില്‍ നിന്ന് രക്ഷിച്ച് അഞ്ചോ ആറോ മാസത്തെ ഭരണത്തെയാണോ ഇവര്‍ ഇത്തരത്തില്‍ വിലയിരുത്തുന്നത്! അതല്ല, വിപ്ലവകാരികളെ അറുകൊല ചെയ്യാന്‍ കൂട്ടുനിന്ന കഴിഞ്ഞ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളുമായി പുതിയ പ്രസിഡന്റ് മുന്നോട്ട് പോകണമെന്നാണോ ഇവര്‍ കരുതുന്നത്? അത് ഈജിപ്ഷ്യന്‍ ജനതയോടും വിപ്ലത്തിനായി രക്തസാക്ഷ്യം വഹിച്ചവരോടും ചെയ്യുന്ന ക്രൂരതയായിരിക്കില്ലേ!.

പ്രസിഡന്റിനെതിരെ നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് ഹുസ്‌നി മുബാറക്കിനോടൊപ്പം ചേര്‍ന്ന് രാഷ്ട്രത്തിന്റെ ഖജനാവ് കൊള്ളയടിക്കാന്‍ കൂട്ടുനിന്നവരും ശത്രുതാപരമായി മുന്നോട്ടുപോകുന്ന ചില കക്ഷികളുമാണ്. മാത്രമല്ല ഈജിപ്തില്‍ പുലരുന്ന ജനാധിപത്യത്തെ ഭയപ്പെടുന്ന മറ്റൊരു രാഷ്ട്രമാണ് ഇറാന്‍. പ്രവിശ്യയിലെ തങ്ങളുടെ വികാസത്തിന് തടസ്സമായിക്കൊണ്ട് തുര്‍ക്കിയുമായി ചേര്‍ന്ന് രൂപീകരിച്ചേക്കാവുന്ന വിശാല സുന്നി ഐക്യത്തെയും അവര്‍ ഭയപ്പെടുന്നു. സിറിയന്‍ വിപ്ലവത്തില്‍ മുര്‍സി സ്വീകരിച്ച ധീരമായ നിലപാടും അവരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെയും പശ്ചാത്യ രാഷ്ട്രങ്ങളുടെയും സിയോണിസത്തിന്റെയും കുല്‍സിത ശ്രമങ്ങളെയും നാം വിസ്മരിക്കാന്‍ പാടില്ല.

പ്രസിഡന്റിന്റെ ഭരണപരിഷ്‌കരണ നടപടികള്‍ ചിലരിലെങ്കിലും ചില അവ്യക്തതകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള ജൈത്രയാത്രയാണ് പ്രസിഡന്റിനെതിരെ രംഗത്തുവരാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനോട് ശത്രുതവെച്ചുപുലര്‍ത്തുന്ന ഈജിപ്തിലെയും അറേബ്യയിലെയും മാധ്യമങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ചുക്കന്‍ പിടിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നും ആരുടെ ഫണ്ടിംഗാണെന്നും എല്ലാവര്‍ക്കും അറിയുന്നതാണ്.

യഥാര്‍ഥത്തില്‍ മുര്‍സിയോട്  അസൂയ വെച്ചപുലര്‍ത്തേണ്ട ഒരാവശ്യവും ഇപ്പോഴില്ല. ഭീമാകാരമായ കടബാധ്യതയും കാലിയായ ഖജനാവുമായാണ് ഹുസ്‌നി മുബാറക്ക് പടിയിറങ്ങിയത്. ഈ കയത്തില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പ്രസിഡന്റിന് സര്‍വ്വപിന്തുണയും നല്‍കുക എന്നതാണ് ജനങ്ങളുടെ ബാധ്യത.

മുര്‍സിയെയോ ഇഖവാനെയോ പ്രതിരോധിക്കുകയല്ല എന്റെ ലക്ഷ്യം. മറിച്ച് മഹത്തായ ഒരു വിപ്ലവത്തിന്റെ കാവല്‍ക്കാരനാവുകയാണ്. അറബ് രാഷ്ട്രങ്ങള്‍ ഒരുമിച്ചുനിന്ന് ഒരു പുതുയുഗപ്പിറവിക്കായി തങ്ങളുടെ ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ മുര്‍സി ഏകാധിപതിയായിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരെ ആദ്യം രംഗത്തുവരിക നാമായിരിക്കും. അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴവും ഗൂഢാലോചനകളുടെ പരപ്പും നാം തിരിച്ചറിയുന്നു. അദ്ദേഹത്തിനെതിരെയോ ഇഖവാനെതിരെയോ മാത്രമല്ല, അറബ് വസന്തത്തെ തന്നെ നിഷ്പ്രഭമാക്കുകയാണ് അവരുടെ ലക്ഷ്യം.

പിന്‍കുറി: മുര്‍സി പുറപ്പെടുവിച്ച ചില തീരുമാനങ്ങളില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയാല്‍ അദ്ദേഹത്തിനെതിരെയുള്ള കാമ്പയിനില്‍ നിന്ന് അവര്‍ പിന്തിരിയുമോ? ഇല്ല, ഇവര്‍ പുതിയ കോലത്തിലും രൂപത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles