Current Date

Search
Close this search box.
Search
Close this search box.

‘മുബാറക് പത്രങ്ങള്‍’ ഈജിപ്ഷ്യന്‍ വിപ്ലവ ചരിതമെഴുതുമ്പോള്‍

ഈജിപ്ഷ്യന്‍ വിപ്ലവ ചരിത്രത്തിന് ഇപ്പോള്‍ പുതിയ അധ്യായങ്ങള്‍ രചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ ചരിത്ര അന്വേഷണത്തില്‍ ഹുസ്‌നി മുബാറക് നിരപരാധിയും മര്‍ധിതനുമാണ്. തന്റെ മകന് അനന്തരമായി അധികാരം നല്‍കാന്‍ അദ്ദേഹം ഉദ്ദേശിച്ചിട്ട് പോലുമില്ല. തഹരീര്‍ സ്‌ക്വയറിലേക്ക് പുറപ്പെട്ട യുവാക്കളോട് അങ്ങേയറ്റത്തെ ദയാവായ്പുള്ളവനായിരുന്നു. അവിടെ കൊല്ലപ്പെട്ട വിപ്ലവകാരികളുടെ രക്തത്തിന് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ക്കോ ഒരു പങ്കുമില്ല. കെട്ടിടത്തിനു മുകളില്‍ കയറിയിട്ട് വിപ്ലവകാരികളെ കൊല ചെയ്തത് ഇഖവാനികളാണ്. ജമല്‍ സംഭവം ആസൂത്രണം ചെയ്തതും അവര്‍ തന്നെയാണ്.

തഹരീര്‍ സ്‌ക്വയറിലേക്ക് പുറപ്പെടുകയും ഭരണ വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തവര്‍ മുഴുവനും ഈജിപ്ഷ്യന്‍ വിപ്ലവകാരികളായിരുന്നില്ല എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍. അവിടെയുണ്ടായിരുന്ന ഹമാസിന്റെ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ് ഈ വിജയം. ഇത് ഞാന്‍ വെറുതേ പറഞ്ഞതോ എന്റെ ഭാഗത്ത് നിന്ന് കെട്ടിച്ചമച്ചതോ അല്ല. മുന്‍ പ്രസിഡണ്ടിന്റെ വക്കീലുമായി ചിലര്‍ നടത്തിയ സംഭാഷണം പ്രസിദ്ധീകരിച്ച ‘അല്‍ മിസരി അല്‍ യൗം’ പത്രത്തില്‍ വന്നിട്ടുള്ള കാര്യങ്ങളാണ്. ഇഖ്‌വാന്റെ നേതൃത്വവും ഹമാസിന്റെ ഘടകങ്ങളും ആണ് ഇതിനു പിന്നില്‍ എന്നും പത്രം വിവരിക്കുന്നു. ഹമാസിനൊപ്പം ചേര്‍ന്ന് ഇഖ്‌വാന്‍ ആസൂത്രണം ചെയ്ത കേവല ഗൂഢാലോചനകളാണ് ഈജിപ്ഷ്യന്‍ വിപ്ലവം എന്നാണ് കണ്ടുപിടുത്തത്തിന്റെ പൊരുള്‍.
 
വിപ്ലവത്തെ ഒറ്റിക്കൊടുക്കാനും അതിന്റെ യഥാര്‍ഥ ചിത്രത്തെ വികൃതമാക്കാനും ഉദ്ദേശിച്ചിട്ടുള്ള വാര്‍ത്തയാണിത്. വിപ്ലവത്തെ അപമാനിക്കുന്നതും അതിനുവേണ്ടി രക്തസാക്ഷിത്വവരിച്ചവരെയും പരിക്കുപറ്റിയ ആയിരങ്ങളെയും അവരര്‍പ്പിച്ച സമര്‍പ്പണത്തെയും കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഇത്.
ഇഖ്‌വാനിനെ നിരാകരിക്കുകയും ഹമാസിനെ വെറുക്കുകയും ചെയ്യുന്ന ഒരു വിഭാഗം അവിടെയുണ്ട്. നിരാകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഹമാസ് വിരോധം എന്നത് മുബാറക്കിന്റെ വ്യവസ്ഥ നട്ടുവളര്‍ത്തിയതും എന്നാല്‍ ഇന്നുവരെ ന്യായീകരണമില്ലാതെ തുടരുന്നതുമായ ഒന്നാണ്. ഈജിപ്തില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കു പിന്നിലും ഹമാസാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒച്ചവെക്കുന്ന ചിലരുണ്ട്. ഹമാസിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വരുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ യാഥാര്‍ഥ്യമോ ഔദ്യേഗിക സ്ഥിരീകരണമോ അവര്‍ നല്‍കുന്നില്ല. പക്ഷെ ജനങ്ങള്‍ക്കിടയില്‍ ഹമാസ് വിരുദ്ധ വികാരം സൃഷ്ടിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.

പേജുകളിലൂടെ വെളിപ്പെടുത്തുന്ന ശുദ്ധ കളവും നിര്‍ലജ്ജമായ ഇത്തരം ആരോപണങ്ങളും ആരെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണോ എഴുതുന്നത് എന്നതിനേക്കാള്‍ എഴുതുന്നവരുടെ പരാജയവും നിരാശയും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നതാണ്. അവരുടെ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസാന ഉദാഹരണമാണ് ഈ സംഭാഷണത്തിലൂടെ പുറത്ത് വന്നത്. ഈ സംഭാഷണം നാം നിരീക്ഷിച്ചാല്‍ ആരോപണങ്ങളുടെ നീചമായ അവസ്ഥ നമുക്ക് മനസ്സിലാകും. നിലവാരമുള്ള പത്രങ്ങള്‍ ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരത്തില്‍ കല്ലുവെച്ച നുണകളിന്മേല്‍ പുതിയ ചരിത്രം രചിക്കാനുള്ള തത്രപ്പാടിലാണവര്‍.

2010 സെപ്തംബര്‍ 17-ന് അല്‍ അഹ്‌റാം ദിനപത്രം അതിന്റെ ഒന്നാം പേജില്‍ തന്നെ ഒബാമ, ഹുസൈന്‍ രാജാവ്, മഹ്മൂദ് അബ്ബാസ്, നെതന്യാഹു എന്നിവരേക്കാള്‍ ഹുസ്‌നി മുബാറക്കിന് സ്ഥാനം നല്‍കിക്കൊണ്ട് ശറമുശ്ശൈഖ് എന്ന് അഭിസംബോധന ചെയ്യുകയുണ്ടായി. എന്നാല്‍ അതിലെ വഷളത്തരം പിന്നീട് ലോകമാധ്യമങ്ങളിലൂടെ വെളിപ്പെടുകയുണ്ടായി. ഇതേ വഷളത്തരത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഈ കല്‍പിത സംഭാഷണം പ്രസിദ്ധീകരിച്ചതിലൂടെ പ്രകടമായിട്ടുള്ളത്. മുബാറകിന്റെ പത്രപ്രവര്‍ത്തന പാഠശാല അതേ ശൈലിയിലും ലക്ഷ്യത്തിലും കാലങ്ങളോളം അവശേഷിക്കും എന്നത് വിശദാംശങ്ങളില്ലാതെ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles