Current Date

Search
Close this search box.
Search
Close this search box.

മാലി: ഇസ്രായേലിന്റെ ആഫ്രിക്കന്‍ കവാടം

മാലിയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഫ്രാന്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ഇടപെടല്‍ ആഫ്രിക്കന്‍ വന്‍കരയിലെ ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചവിട്ടുപടിയാണെന്നാണ് നയതന്ത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അറബ്-ഇസ്‌ലാമിസ്റ്റുകളുടെ പേര് പറഞ്ഞ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നുഴഞ്ഞ് കയറുകയെന്നത് ഇസ്രായേല്‍ തന്ത്രമാണ്. പ്രസ്തുത ലക്ഷ്യപൂര്‍ത്തീകരണത്തിനായി ഇസലാമിസ്റ്റുകള്‍ക്കെതിരെ ആഫ്രിക്കന്‍ രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും ഒരുക്കിയെടുക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. അതിന് വേണ്ടി ഇസ്രായേലിന്റെ അന്താരാഷ്ട്ര വകുപ്പും, രാഷ്ട്രീയ വിദഗ്ദരും ഭീമമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു. മാലി പ്രസിഡന്റിന് അറബ് രാഷ്ട്രങ്ങളോട് ഒരു തരം നീരസവും വെറുപ്പുമാണെന്ന് ഒരു ഇസ്രയേല്‍ പഠനം വ്യക്തമാക്കുന്നു. ആ പഠനത്തിന്റെ പ്രസക്തഭാഗങ്ങള്‍ അല്‍ഖുദ്‌സുല്‍ അറബി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാലിയിലെ ഫ്രഞ്ച് അധിനിവേശത്തെ ശക്തമായി വിമര്‍ശിക്കുന്ന അറബ് രാഷ്ട്രങ്ങള്‍, അവിടത്തെ മുസ്‌ലിം സംഘടനകളുടെ തീവ്രവാദത്തെ ഒന്ന് അപലപിക്കുക പോലും ചെയ്തില്ല എന്നാണ് അവരുടെ പരാതി. മാത്രമല്ല, നാല് രാഷ്ട്രങ്ങളൊഴികെ മറ്റെല്ലാ ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇസ്രായേലുമായുള്ള ബന്ധം വിഛേദിക്കാനുള്ള കാരണവും അറബികളുടെ നിര്‍ബന്ധമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
യാഥാര്‍ത്ഥ്യത്തിന് തീര്‍ത്തും വിരുദ്ധമായ ചില ഇസ്രായേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട് മാലി പ്രസിഡന്റ്. കൈറോയില്‍ അറുപതോളം അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്ത മൂന്നിലൊന്ന് രാഷ്ട്രങ്ങളും മാലിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഫ്രഞ്ച് അധിനിവേശമാണെന്നതിനെ പിന്തുണക്കുകയും, രാഷ്ട്രത്തെ വിഭജിക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയും ചെയ്തു.

ഇസ്രായേലിനോടുള്ള ബന്ധം വിഛേദിക്കുകയെന്നതും, ബഹിഷ്‌കരണം ഏര്‍പെടുത്തലും എല്ലാ മതങ്ങളും അംഗീകരിക്കുന്ന ധാര്‍മിക സദാചാരനയമാണ്. മാനവിക മൂല്യങ്ങളും, നാട്ടുസമ്പ്രദായങ്ങളും അതിനെ പിന്തുണക്കുന്നതാണ്. കാരണം ഇസ്രായേല്‍ അക്രമരാഷ്ട്രമാണ്. ഒരു അറബ് നാട് പിടിച്ചടക്കി, അവിടത്തെ സംസ്‌കാരം മാറ്റിമറിച്ച്, ലക്ഷക്കണക്കിന് പേരെ നാടുകടത്തുകയും വകവരുത്തുകയും ചെയ്ത, അയല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ നിരന്തരമായി യുദ്ധം ചെയ്ത പാരമ്പര്യമാണ് അവര്‍ക്കുള്ളത്. എന്നാല്‍ മാലിയും മറ്റ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമാവട്ടെ, ഖുദ്‌സിനെ പവിത്രമായി കണക്കാക്കുകയും അവിടത്തെ അധിനിവേശം നടത്തുകയും ചെയ്യുന്നത് ലോകത്തുള്ള കോടിക്കണക്കിന് മുസ്‌ലിംകളെ അപമാനിക്കുന്നതായി വിലയിരുത്തുകയും ചെയ്യുന്നവരാണ്.

നൈലിന്റെ തീരത്തുള്ള രാഷ്ട്രങ്ങളില്‍ നുഴഞ്ഞുകയറുകയാണ് ഇസ്രായേല്‍. നൈലിന്റെ ഒഴുക്ക് തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ തിരിച്ച് വിടുന്നതിനായി അണകെട്ടാന്‍ ഫണ്ട് നല്‍കി സഹായിക്കുന്നു. ജലവിതരണവുമായി ബന്ധപ്പെട്ട കരാറുകളില്‍ മാറ്റം വരുത്താനുള്ള ശ്രമവും മറുപുറത്ത് നടക്കുന്നുണ്ട്. നദീമുഖമായ ഈജിപ്തിലേക്കും സഞ്ചാരപാതയായ സുഡാനിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ തോത് കുറക്കുന്നതിന് വേണ്ടിയാണത്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ഈജിപ്ത് ഭരണകൂടം ഇക്കാരത്തെക്കുറിച്ച് തികഞ്ഞ അശ്രദ്ധയിലാവുകയോ, അറിഞ്ഞോ അറിയാതെയോ ഇസ്രായേല്‍ ഗൂഢാലോചനക്ക് പിന്തുണയര്‍പ്പിക്കുകയോ ആണ് ചെയ്തത്.
അറബ് രാഷ്ട്രങ്ങളുടെ പൊതുവായവസ്ഥ മുന്‍പില്ലാത്തവിധം ദുര്‍ബലമാണെന്നത് വളരെ ദുഖകരമാണ്. ആഫ്രിക്കന്‍ വന്‍കരയില്‍ ഇസ്രായേലിന് നുഴഞ്ഞ് കയറാന്‍ അനുകൂലമായ വിധമാണ് സാഹചര്യമെന്നര്‍ത്ഥം.
ഈജിപ്ത് വിപ്ലവാനന്തരമുള്ള ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. തുനീഷ്യയിലാവട്ടെ അങ്ങേയറ്റത്തെ രാഷ്ട്രീയ പ്രതിസന്ധിയാണുള്ളത്. ലിബിയ ഒരു പരാജിത രാഷ്ട്രമായി മാറിയിരിക്കുന്നു. മുന്‍ഭരണകൂടത്തെ താഴെ ഇറക്കിയ നാറ്റോ സഖ്യത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് അവിടത്തെ ദുര്‍ബല ഭരണകൂടം. ആഫ്രിക്കന്‍ വന്‍കരയില്‍ നന്നായി സ്വാധീനിക്കാന്‍ കഴിയേണ്ടിയിരുന്ന അള്‍ജീരിയയാവട്ടെ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുകയാണ്.
നമുക്കിവിടെ ആഫ്രിക്കന്‍ അറബ് രാഷ്ട്രങ്ങളെക്കുറിച്ച് സംസാരിക്കാം. കാരണം മാലിയിലെ ഇസ്രായേല്‍ അധിനിവേശം നേരിടുകയെന്നത് അവരുടെ ബാധ്യതയാണ്. മറ്റ് രാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. ആഭ്യന്തരകലാപത്തില്‍ ജീവിച്ച് മരിക്കുന്ന സിറിയക്കും, വര്‍ഗീയമായി വിഭജിക്കപ്പെട്ട ഇറാഖിനും, ചിന്നഭിന്നമായ യമനിനും ആഫ്രിക്കന്‍ വന്‍കരക്ക് ഒന്നും ചെയ്യാനാവില്ലല്ലോ.
സഊദിയുടെയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെയും നിര്‍ണായകമായ പങ്കോ, സാധ്യതയോ നാം വിസ്മരിച്ചിട്ടില്ല. പക്ഷെ ഇവയൊക്കെയും ആഭ്യന്തര ചിദ്രതയിലോ, ഈജിപ്തിലെ വിപ്ലവ ഭരണകൂടത്തിനെതിരെ പ്രതിപക്ഷത്തെ സഹായിക്കുന്നതിലോ വ്യാപൃതരാണ്. അവയില്‍ തന്നെ ചില രാഷ്ട്രങ്ങള്‍ ജനാധിപത്യത്തെയോ, മനുഷ്യാവകാശ മൂല്യത്തെയോ മാനിക്കുന്നവരുമല്ല.
അറബ് ലോകത്തിന്റെ നിസ്സംഗത മുതലെടുക്കുന്നത് ഇസ്രായേലാണ്. അധികം താമസിയാതെ ആഫ്രിക്കയില്‍ നിന്ന് ലാഭവുമായി അവര്‍ മടങ്ങും. ഏത് മാനദണ്ഡം വെച്ച് പരിശോധിച്ചാലും തീര്‍ത്തും വേദനാജനകമായ കാര്യമാണത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles