Current Date

Search
Close this search box.
Search
Close this search box.

മലബാര്‍ കേരളത്തിന് ബാധ്യതയാവുന്നു

മലബാറില്‍ ഹയര്‍ സെക്കണ്ടറി പഠനത്തിന് കൂടുതല്‍ സീറ്റുകളും സ്‌കൂളുകളും ബാച്ചുകളും ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഇപ്പോഴും തീരുമാനമാവാതെ തുടരുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓരോ എസ്.എസ്.എല്‍.സി റിസള്‍ട്ട് വരുമ്പോഴും ഉയരുന്നതാണ് ഹയര്‍ സെക്കണ്ടറി പഠനത്തിന് കേരളത്തിന്റെ വടക്കാന്‍ മേഖലയില്‍, വിശേഷിച്ചും പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമല്ലെന്നത്. മാത്രമല്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അപേക്ഷകരേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നതും. കൃത്യമായി പറഞ്ഞാല്‍ 2006 മുതലാണ് ഇക്കാര്യം സംസ്ഥാനത്തെ വിദ്യാഭ്യാസ സമൂഹവും മാധ്യമങ്ങളും ചര്‍ച്ചയ്‌ക്കെടുത്തത്. തുടക്കത്തില്‍ ഒന്ന് രണ്ട് വിദ്യാര്‍ഥി സംഘടനകളടെ പോസ്റ്റര്‍ പതിക്കലിലും ഡി.ഡി ഓഫീസ് മാര്‍ച്ചിലും പരിമിതമായിരുന്നെങ്കിലും പിന്നിടത് കേരളം ഗൗരവ പൂര്‍വം ചര്‍ച്ച ചെയ്യുന്ന ഒരു സാമൂഹ്യ വിഷയമായി വളര്‍ന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് കേരളം ഭരിച്ച ഇടതു സര്‍ക്കാറിന് പൂര്‍ണമായ അഞ്ചു വര്‍ഷം ലഭിച്ചു. ഏതാനും ബാച്ചുകള്‍ വര്‍ധിപ്പിച്ച് സീറ്റുകള്‍ കുറവെന്ന ആവശ്യത്തെ അഭിമുഖീകരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ഇടതു സര്‍ക്കാറിന് സാധിച്ചു. ഓരോ വര്‍ഷവും സീറ്റുകളില്ലെന്ന പരാതി ഉയരുന്നതോടെ ഇരുപത് ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് സമാധാനം കണ്ടെത്തി. അതല്ലാതെ മലബാറിലെ ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തതയെ സമഗ്രമായി അഭിമുഖീകരിക്കാനും നയപരമായ തീരുമാനമെടുക്കാനും ഇടതു സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അന്ന് പ്രതിപക്ഷത്തായിരിക്കുകയും ഈ വിഷയത്തില്‍ ഇതര സംഘടകനകള്‍ക്കും കൂട്ടായ്മകള്‍ക്കും ശേഷമാണെങ്കിലും രംഗത്തു വന്ന മുസ്‌ലിം ലീഗാണ് ഇന്ന് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത്. മൂന്ന് വര്‍ഷം അധികാരം കയ്യാളിയിട്ടും തങ്ങളെ വിജയിപ്പിച്ചു വിടുന്ന മലബാറിന്റെ വിദ്യാഭ്യാസ പ്രതിസന്ധിയെ ഏറ്റെടുക്കാനോ പരിഹരിക്കാനോ ലീഗിന് സാധിച്ചിട്ടില്ലെന്നത് ഈ വര്‍ഷം പ്ലസ് വണിന് പ്രവേശം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.

പാലക്കാട്- 9796, മലപ്പുറം- 16784, കോഴിക്കോട്- 7608 എന്നിങ്ങനെയാണ് അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം. പുതിയ സ്‌കൂളുകളും ബാച്ചുകളും സീറ്റുകളും മലബാറിലാണ് അനുവദിക്കേണ്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കിയിട്ടും ഇതിന് സാധിക്കാത്തതെന്തുകൊണ്ടാണ്? മാത്രമല്ല, അതിന്റെ മറവില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ എന്ന സര്‍ക്കാര്‍ നിലപാട് ഉണ്ടായി വന്നതെങ്ങനെയാണ്? നൂറ്റി നാല്‍പത്തെട്ട് പഞ്ചായത്തുകളാണ് സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ഇല്ലാത്തത്. ഇതില്‍ 134 എണ്ണത്തില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

എങ്ങനെയാണ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡം പഞ്ചായത്തുകളാകുന്നത്? കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ അനുവദിക്കുകയെന്നതല്ലേ സാമാന്യ ന്യായം. പക്ഷേ സര്‍ക്കാര്‍ തീരുമാനം തിരിച്ചാണ്. ഈ വര്‍ഷം ഏക ജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണത്തേക്കാള്‍ 1267 സീറ്റുകള്‍ കൂടുതലാണ് പത്തനംതിട്ട ജില്ലയില്‍. എന്നാല്‍ പതിനേഴ് പുതിയ സ്‌കൂളുകളാണ് ഈ ജില്ലയില്‍ അനുവദിക്കുക. ഇടുക്കിയില്‍ 185 സീറ്റുകള്‍ ഇപ്പോള്‍ കൂടുതലാണ്. പുതുതായി പതിനൊന്ന് സ്‌കൂളുകള്‍ ജില്ലയ്ക്ക് ലഭിക്കും. കോട്ടയത്ത് 541 സീറ്റുകള്‍ കൂടുതല്‍. പുതുതായി അനുവദിക്കക പതിനാല് സ്‌കൂളുകള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എര്‍ണാകുളം ജില്ലകളില്‍ സീറ്റുകളേക്കാള്‍ അപേക്ഷകരുടെ എണ്ണം അല്‍പം കൂടുതലാണെങ്കിലും ഇപ്പോള്‍ അനുവദിക്കുന്ന സ്‌കൂളുകളടെ അത്രയും എണ്ണം ആവശ്യമായി വരില്ല. ഇനി മലബാറിലേയ്ക്ക് വരുമ്പോള്‍ 16784 പേര്‍ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുമ്പോള്‍ പുതിയ സ്‌കൂളും അപ്ഗ്രഡേഷനുമടക്കം പരമാവധി ഇരുപത്തി ഒന്ന് സ്‌കൂളുകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. 13600 ഓളം പേര്‍ അപ്പോഴും പുറത്തു തന്നെ. കോഴിക്കോട് ലഭിക്കുക പതിനഞ്ച് സ്‌കൂളുകള്‍. അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ അപ്പോഴും പുറത്ത്. പാലക്കാട് 14 സ്‌കൂളുകള്‍ ലഭിച്ചാലും ഏഴായിരം വിദ്യാര്‍ഥികള്‍ പുറത്ത് തന്നെ.

എത്രമേല്‍ ഭീകരമാണ് ഈ വിവേചനം! യഥാര്‍ഥത്തില്‍ തെക്കന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയും പറഞ്ഞു നില്‍ക്കാന്‍ അല്‍പം മലബാറിനും എന്നതായിരുന്നോ സര്‍ക്കാര്‍ പദ്ധതിയെന്നുപോലും സംശയിക്കാവുന്നതാണ് ഈ അന്തരം കാണുമ്പോള്‍! തീര്‍ത്തും വിവേചനപൂര്‍ണമായ ഇത്തരമൊരു തീരുമാനത്തില്‍ സര്‍ക്കാറിനെ എത്തിക്കുന്നതിനു പിന്നിലെ നീതിബോധം പകല്‍ പോലെ വ്യക്തമാണ്. മലബാര്‍ എന്ന ഭൂപ്രദേശം കേരള സംസ്ഥാനത്തിന്റെ അകത്തായി പരിഗണിക്കാനും വിഭവ വിതരണത്തില്‍ തുല്യമായ പങ്കാളിത്തം അനുവദിച്ചു നല്‍കാനും തയാറാകാത്ത മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ വ്യൂഹത്തിന്റെയും മാധ്യമങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ട്. വിദ്യാഭ്യാസത്തില്‍ മാത്രമല്ല, വികസനത്തിന്റയും സാമൂഹ്യ വികസനത്തിന്റെയും സൂചികകളുടെ ഏതു തലമെടുത്താലും ഇത് വ്യക്തമാണ്. വികസനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഇടത് വലത് വ്യത്യാസമില്ല (ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ പ്രാദേശിക ആവശ്യങ്ങളോ പരിഗണിക്കാതെ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ച ഇടതു ഭരണകാലത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫ് ഇപ്പോള്‍ യു.ഡി.എഫിലും സ്‌കൂള്‍ അനുവദിക്കുന്നതിനുള്ള മന്ത്രിതല ഉപസമിതി അംഗവുമാണല്ലോ). കേരളമെന്ന തിരുകൊച്ചിയും പിന്നെ മലബാറുമെന്ന മാനസികാവസ്ഥയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് മലബാറില്‍ നേരത്തെ അനുവദിച്ച പുതിയ ബാച്ചുകളിലെ അധ്യാപക തസ്തിക നിര്‍ണയത്തിലും പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തിലും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുമെന്ന് ധനവകുപ്പിന് പറയാന്‍ സാധിക്കുന്നത്. മലബാറിന്റെ കാര്യങ്ങള്‍ എന്നും കേരളത്തിന് ഒരു ബാധ്യതയായാണ് കരുതിപ്പോരുന്നത്. തിരുകൊച്ചി വെച്ചു നീട്ടുന്ന ഔദാര്യങ്ങള്‍ താമസം വരുത്താതെ വാങ്ങിയെടുക്കാനാണ് മലബാര്‍ സമൂഹത്തിന്റെ വിധി. ഇത്തരം ഔദാര്യങ്ങള്‍ ലഭിച്ചുവെന്നത് സ്വന്തം ഭരണ നേട്ടങ്ങളായി ചിത്രീകരിക്കുന്നതോടെ അവസാനിക്കുന്നു മലബാറില്‍ നിന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദൗത്യവും.

ഹയര്‍ സെക്കണ്ടറി പഠനത്തിന് സീറ്റുകള്‍ അപര്യാപ്തമെന്ന പ്രശ്‌നം വരും വര്‍ഷങ്ങളിലും ഇതുപോലെ തുടരുമെന്ന് കണക്കുകള്‍ തന്നെ പറയുന്നു. എസ്.എസ്.എല്‍.സി വിജയ ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ കൂടുതല്‍ രൂക്ഷമാവും. അപ്പോഴും പ്രശ്‌ന പരിഹാരത്തിന് പുതിയ ഫോര്‍മുല കണ്ടെത്തും. അതുപ്രകാരം കൂടുതല്‍ സ്‌കൂളുകളും സീറ്റുകളും കേരളം(ക്ഷമിക്കണം, തെക്കന്‍ ജില്ലകള്‍) അടിച്ചെടുക്കും. മലബാറിന് അല്‍പമെന്തെങ്കിലും കിട്ടിയെന്നിരിക്കും.

Related Articles