Current Date

Search
Close this search box.
Search
Close this search box.

മത രാഷ്ട്രമല്ല ഇസ്ലാമിക രാഷ്ട്രം 1

specs.jpg

വിഷയം വളരെ പഴക്കമുള്ളതാണ് പക്ഷെ ആവര്‍ത്തനയോഗ്യവുമാണ്. തുനീഷ്യയിലും മറ്റും ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയതോടെ ഇവ്വിഷയകമായ ചര്‍ച്ചകള്‍ അധികരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈജിപ്തിലും ചര്‍ച്ച മറ്റൊന്നല്ല. പ്രസിഡന്‍്‌റ് തെരഞ്ഞടുപ്പിന് ശേഷം രുപപ്പെടുന്ന ഭരണവ്യവസ്ഥയെകുറിച്ച് സംവാദങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക ഭരണമായിരിക്കും രംഗത്ത് വരികയെന്നതില്‍ സംശയമേതുമില്ല. അത് കൊണ്ട് തന്നെ മതേതരവാദികളുടെയും മറ്റ് ഇസ്‌ലാമിനെ എതിര്‍ക്കുന്നവരുടെയും പേനകള്‍ ഇസ്‌ലാമിന് പരിചിതമല്ലാത്ത ‘മതരാഷ്ട്രം’ എന്ന പ്രയോഗവുമായി വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക ഭരണം എന്നത് മധ്യകാല യൂറോപ്പിലെ ചര്‍ച്ചിന്റെ സ്വേഛാധിപത്യ വ്യവസ്ഥയെപ്പോലെയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രചണ്ഡമായി നടക്കുന്നത്. ഇഖ്‌വാന്റെ മൂന്നാമത്തെ മുര്‍ശിദുല്‍ ആമായ ഉസ്താദ് ഉമര്‍ തില്‍മിസാനി തന്റെ ഗംഭീരമായ പഠനത്തിലൂടെ ഇത്തരക്കാര്‍ക്ക് മുമ്പ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. രണ്ട് കാരണങ്ങളാല്‍ നാമത് ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.

 

1. മറ്റുള്ളവരെ വഴിതെറ്റിക്കുകയും കുപ്രചാരണങ്ങള്‍ അഴിച്ച് വിടുകയും ചെയ്യുന്നവര്‍ക്കുള്ള സന്ദേശമാണ് ഇത്. ഇസ്‌ലാമിസ്റ്റുകളുടെ പ്രത്യേകിച്ച് ഇഖ്‌വാനികളുടെ ഭരണത്തെ കുറിച്ച സങ്കല്‍പം വളരെ വ്യക്തമാണ്. അതാവട്ടെ ശരിയായ ഇസ്‌ലാമിക കാഴ്ചപ്പാടുമാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുക, അവരുടെ അവകാശങ്ങള്‍ പൂര്‍ത്തികരിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. മറിച്ച് ജനങ്ങളെ പീഢിപ്പിക്കുവാനോ ശിക്ഷിക്കുവാനോ അല്ല.
2. നിരന്തരം വര്‍ഷക്കാലം പ്രചണ്ഡമായ പ്രചാരണം അഴിച്ച് വിട്ടിട്ടും അവ ഒന്നും സമൂഹത്തില്‍ ഏശിയില്ല എന്നതാണ് വസ്തുത. ആഗോള മീഡിയകളെല്ലാം സ്വന്തം വരുതിയിലായിട്ട് കൂടി അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്‌ലിങ്ങളാവട്ടെ അവയെല്ലാം നിഷേധിക്കപ്പെട്ടവരുമാണ്. അവരുടെ കയ്യിലാണ് അധികാരവും ശക്തിയുമുള്ളത്. എന്നാല്‍ ഇന്ന് എണ്ണമറ്റ മുസ്‌ലിം രാഷ്ട്ര്ങ്ങള്‍ അക്രമഭരണാധികാരികളില്‍ നിന്നും സ്വേഛാധിപതികളില്‍ നിന്നും സ്വതന്ത്രരായിരിക്കുന്നു. തങ്ങളുടെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കാനും, തങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീക്കാനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. വഴി തെറ്റിക്കുന്നതിനും, സംശയം ജനിപ്പിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ പാഴായിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രസ്തുത പഠനം പുനഃപ്രസിദ്ധീകരിക്കുന്നതില്‍ പ്രസക്തിയുണ്ട്. അല്ലാഹു അദ്ദേഹത്തിനും മറ്റ് പ്രബോധകര്‍ക്കും മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
പത്രകോളങ്ങളില്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്ന പുതിയ പ്രയോഗമാണ് മതരാഷ്ട്രം എന്നത്. അതിന്റെ ചിന്താപരമായ ധ്വനിയും ആശയപരമായ അര്‍ത്ഥവും ഏകദേശം എല്ലാവര്‍ക്കും അറിയുന്നതുമാണ്. പക്ഷെ ഈ പ്രയോഗം ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അന്യമാണ്. ഇസ്‌ലാം അതിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല നിഷേധിക്കുക കൂടി ചെയ്യുന്നുണ്ട്. ഇസ്‌ലാം അതിന്റെ അധ്യാപനങ്ങളില്‍ മതവക്താവ് അല്ലെങ്കില്‍ അതല്ലാത്തത് എന്ന വിഭജനം പഠിപ്പിച്ചിട്ടില്ല. ജനങ്ങളുടെ മനസ്സില്‍ അങ്ങനെ ഒരു ധാരണ ഉണ്ടെന്നത് ശരി തന്നെയാണ്. മധ്യകാലഘട്ടത്തില്‍ പോപ്പിന്റെ കീഴിലുണ്ടായിരുന്ന സ്വേഛാധിപത്യഭരണത്തെയാണ് ഈ പ്രയോഗം കൊണ്ട് ഇക്കൂട്ടര്‍ പുനഃപ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. പോപ്പും ക്രൈസ്തവ പുരോഹിതരും തങ്ങള്‍ക്കിഷ്ടമുള്ളത് അനുവദനീയവും, താല്‍പര്യങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്നത് നിഷിദ്ധവുമായി പ്രഖ്യാപിക്കുകയും തങ്ങളിഛിക്കുന്നവരെ സ്വര്‍ഗവാസികളും അല്ലാത്തവരെ നരകാര്‍ഹരുമായി മുദ്ര കുത്തുകയും ചെയ്ത കാലമായിരുന്നു അത്. പൊറുക്കാനും ജനങ്ങളെ ചര്‍ച്ചില്‍ നിന്ന് തടയാനുമുള്ള അധികാരവും അവകാശവും പുരോഹിതര്‍ കൈയ്യടക്കി വെച്ചു. ഏതെങ്കിലും ഒരു നേതാവിനോടോ, ഭരണാധികാരിയോടോ പോപ്പ് കോപിച്ചാല്‍ അത് മാത്രം മതിയായിരുന്നു ജനങ്ങള്‍ അവര്‍ക്കെതിരെ പ്രക്ഷോഭം നടത്താന്‍. ഈയൊരു സംവിധാനത്തിന്റെ തുടര്‍ച്ചയായി ഇസ്‌ലാമിക ഭരണത്തെ മുദ്രകുത്തി ജനങ്ങളെ തിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘മതരാഷ്ട്രം’ എന്ന പ്രയോഗം കൊണ്ട് തല്‍പരകക്ഷികള്‍ ആഗ്രഹിക്കുന്നത്. ഇസ്‌ലാം ഉദ്ദേശിക്കുന്ന ദൈവിക നിയമങ്ങളനുസരിച്ചുള്ള ഭരണത്തെയാണ് അവരുദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ഇത്രയൊന്നും പറയേണ്ടതില്ല. കാരണം മേല്‍പറഞ്ഞത് ഇസ്‌ലാമിലില്ലാത്ത സംവിധാനമാണ്. കാരണം അല്ലാഹു ഇസ്‌ലാമിലൂടെ എല്ലാ ജനങ്ങളെയും ഒരുമിപ്പിക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ എല്ലാ അവകാശങ്ങളിലും ബാധ്യതകളിലും തുല്യത കല്‍പിച്ചിരിക്കുന്നു. ഭരണാധികാരിയും ഭരണീയരും തുല്യരാണ്. അസ്ഹറിലെ ഫത്‌വ നല്‍കുന്ന ശൈഖിന് അവിടത്തെ കാവല്‍കാരനെക്കാള്‍ യാതൊരു മഹത്വവുമില്ല. ഒരു രാഷ്ട്രത്തിന്റെ നായകനും അദ്ദേഹത്തിന്റെ പരിചാരകനുമിടയില്‍ വ്യത്യാസമില്ല. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ച മാനദണ്ഡമല്ലാതെ. ‘അല്ലയോ ജനങ്ങളെ, നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ നാം ഗോത്രങ്ങളും ജനവിഭാഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും ദൈവഭക്തിയുള്ളവനാകുന്നു.’ അല്‍ ഹുജുറാത്ത്:13
മുസ്‌ലിങ്ങള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും പ്രസ്തുത മാനദണ്ഡത്തിനനുസരിച്ച് ജീവിക്കുകയും ചെയ്തു. നബി തിരുമേനി(സ) തന്റെ മകള്‍ ഫാത്വിമയോട് പറഞ്ഞു. ‘അല്ലയോ ഫാത്വിമാ, നിനക്ക് വേണ്ടി നീ തന്നെ പ്രവര്‍ത്തിച്ച് കൊള്ളുക. അല്ലാഹുവിന്റെ അടുത്ത് നിനക്ക് പ്രയോജനം ചെയ്യുവാന്‍ എനിക്ക് കഴിയില്ല.’ അതായത് ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനും അവന് പ്രിയപ്പെട്ടവനുമാണെങ്കില്‍ പോലും എന്റെ പ്രസ്തുത സ്ഥാനം അല്ലാഹുവിന്റെ അടുത്ത് നിനക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. മറിച്ച് നിന്റെ പ്രവര്‍ത്തനം മാത്രമാണ് നിനക്ക് പ്രയോജനപ്പെടുക. പ്രവാചന്‍ ജനങ്ങളോട് പറയാറ് ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ് എന്നായിരുന്നു. അതായത് പ്രവാചകനും, രാഷ്ട്രത്തിന്റെ നായകനും, മുഫ്തിയുമായ എനിക്ക് പ്രത്യേകമായി ഒരു മഹത്വവും അല്ലാഹുവിന്റെ അടുത്ത് ഇല്ല. എന്റെ ഈ സ്ഥാനം ജനഹൃദയങ്ങള്‍ കീറിമുറിച്ച് അവക്കുള്ളിലുള്ളത് മനസ്സിലാക്കാന്‍ എന്നെ സഹായിക്കുകയില്ല. ഈയൊരു പ്രഖ്യാപനും അത് സമര്‍പ്പിക്കുന്ന ആശയവും നബി തിരുമേനി (സ) ക്ക് പോലും അല്ലാഹുവിന്റെ കല്‍പനയനുസരിച്ചല്ലാതെ ഒരു കാര്യം നിഷിദ്ധമാക്കാനോ, അനുവദനീയമാക്കാനോ അവകാശമില്ല എന്നാണ്. ഒരാളെയും സ്വര്‍ഗാവകാശിയോ നരകാവകാശിയോ ആക്കാനും അര്‍ഹതയില്ല. പിന്നെ എങ്ങനെയാണ് ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കപ്പെടുന്ന ഭരണക്രമം മതരാഷ്ട്രമാവുക? വിശുദ്ധ വേദം, തിരുസുന്നത്ത്, പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായം തുടങ്ങിയ സ്രോതസ്സുകളെ അവലംബിച്ച ഭരണവ്യവസ്ഥയില്‍ നിന്നും ജനങ്ങളെ അകറ്റാനുള്ള ശ്രമമാണത്.
ഇപ്രകാരമായിരുന്നു സഹാബാക്കളും മുന്നോട്ട് നീങ്ങിയത്. അവരാരും തങ്ങള്‍ വിശുദ്ധരും പാപമുക്തരുമാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. തങ്ങളെ ആരും വിമര്‍ശിക്കരുതെന്നും നിരൂപിക്കരുതെന്നും അവര്‍ ശഠിച്ചില്ല. ജനങ്ങള്‍ക്കില്ലാത്ത പ്രത്യേകത തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടില്ല. മാത്രമല്ല ഞങ്ങള്‍ നിങ്ങളേക്കാള്‍ ഉത്തമരല്ല എന്ന് കൂടി അവര്‍ വ്യക്തമാക്കി. ഖിലാഫത്ത് ഏറ്റെടുത്തതിനെ തുടര്‍ന്ന് നടത്തിയ പ്രഥമ പ്രഭാഷണത്തില്‍ അബൂബക്ര്‍(റ) ഇപ്രകാരമാണ് പറഞ്ഞത്. ‘ഞാന്‍ അധികാരമേല്‍പിക്കപ്പെട്ടിരിക്കുന്നു. ഞാനാവട്ടെ നിങ്ങളില്‍ ഉത്തമനുമല്ല. ഞാന്‍ നേരായി ഭരിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ സഹായിക്കണം. ഞാന്‍ വഴി തെറ്റിയാല്‍ എന്നെ നേരെയാക്കണം.’ ഇസ്‌ലാമിക ഭരണമെന്നത് പോപ്പുമാരുടെയും അവരുടെ പ്രതിനിധികളുടെയും ഭരണമല്ല എന്നതിന് ഇനി മറ്റൊരു തെളിവിന്റെ ആവശ്യമില്ല. എന്നല്ല അബൂബക്ര്‍ ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ഗോത്രത്തിലെ പെണ്‍കുട്ടികളുടെ ആവലാതി ഇനി ഞങ്ങളുടെ ഒട്ടകങ്ങളെ ആര് കറക്കും എന്നതായിരുന്നു. അദ്ദേഹം അവരെ ആശ്വസിപ്പിക്കുന്നത് ഖിലാഫത്തിന് മുമ്പ് ഞാന്‍ ചെയ്തത് പോലെ തന്നെ തുടര്‍ന്നും ചെയ്യാം എന്ന് പറഞ്ഞായിരുന്നു. ഇദ്ദേഹമാണോ സ്വന്തം ഇഷ്ടത്തിനനുസരിച്ച് അനുവദനീയവും നിഷിദ്ധവുമാക്കുന്നവന്‍? ഈ ഭരണകൂടത്തെയാണോ മതരാഷ്ട്രം എന്ന പ്രയോഗം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഭയപ്പെടുന്നത്? ഇസ്‌ലാമിക ഭരണം ഈ വിധത്തില്‍ കേവലം പ്രവാചകനും അബൂബക്‌റും മാത്രമല്ല കാണിച്ചു തന്നത്. ഭരണാധികാരിയായ ഉമര്‍ തന്നെ ജനങ്ങളുടെ മുമ്പില്‍ സമര്‍പിച്ചിരിക്കുന്നു. എന്റെ എല്ലാ തെറ്റുകളും നിങ്ങള്‍ക്ക് തിരുത്താവുന്നതാണ്. അദ്ദേഹത്തിന്റെ പ്രജ നല്‍കുന്ന മറുപടിയോ, താങ്കള്‍ തെറ്റു ചെയ്യുന്നതായി കണ്ടാല്‍ ഞങ്ങള്‍ വാള്‍ കൊണ്ട് അത് നേരെയാക്കും എന്നായിരുന്നു. ഖലീഫ ഉമര്‍ കോപിക്കുന്നതിന് പകരം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ‘അല്ലാഹുവിന് സ്തുതി. മുഹമ്മദ്(സ) പ്രവാചകന്റെ ഉമ്മത്തില്‍ ഉമറിന്റെ പിഴവ് വാള്‍ കൊണ്ട് നേരെയാക്കാന്‍ തയ്യാറാവരെ അവന്‍ ഒരുക്കിയിരിക്കുന്നുവല്ലോ.’

മതപരമെന്ന് പറഞ്ഞ് നിങ്ങള്‍ ഭയപ്പെടുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്ത ഭരണം ഇതാണോ? ചരിത്രത്തില്‍ നിന്നും മതരാഷ്ട്രത്തിന്റെ കയ്പുറ്റ ചിത്രങ്ങള്‍ നിങ്ങള്‍ വായിച്ചെടുത്തിട്ടുണ്ടാവും. എന്നിട്ട് ദൈവിക നിയമങ്ങള്‍ നടപ്പാക്കുന്ന എല്ലാ ഭരണകൂടത്തെയും അവയിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. നിങ്ങള്‍ പോപ്പിന്റെ ഭരണകൂടങ്ങള്‍ക്ക് കൊടുത്ത ശ്രദ്ധയുടെ ഒരു ചെറിയ ശതമാനമെങ്കിലും ഇസ്‌ലാമിക ഭരണ ചരിത്രത്തിന് നല്‍കിക്കൂടെ. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കുന്ന ഭരണത്തെ നിങ്ങള്‍ക്ക് മുന്നില്‍ വികൃതമാക്കാനുള്ള ശ്രമത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു. പ്രയോഗത്തില്‍ വ്യതിചനലം ചിലപ്പോള്‍ സംഭവിച്ചിട്ടുണ്ടാവാം. പക്ഷെ അത് അടിസ്ഥാനത്തിന്റെ കുറ്റമല്ലല്ലോ. അല്ലാഹുവിന്റെ നിയമങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ഭയത്വവും സമാധാനവും, സ്വാതന്ത്ര്യവും സുഭിക്ഷതയും ഉറപ്പ് നല്‍കുന്നു. ഇസ്‌ലാമില്‍ ഭരണാധികാരികള്‍ ത്യാഗ സന്നദ്ധരാണ്. മൂന്നാം ഖിലീഫ ഉസ്മാന്‍(റ) വിന്റെ അവസാന കാലത്ത് ചിദ്രതയുണ്ടാവുന്നു. ചിലയാളുകള്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ഉപരോധിക്കുന്നു. ചില സഹാബാക്കള്‍ അദ്ദേഹത്തിന് സംരക്ഷണം വാഗ്ദാനം ചെയ്തു. അദ്ദേഹം അത് വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് വേണ്ടത് അവര്‍ ചെയ്യട്ടെ. ഇതാണ് മുസ്‌ലിം ഭരണാധികാരി. സ്വന്തം ജീവന്‍ പോലും സമൂഹത്തിന്റെ ഐക്യത്തിന് ബലിയര്‍പ്പിക്കുന്നു. അവര്‍ പരസ്പരം പോരാടരുത് എന്നാശിക്കുന്നു. ഇതാണോ മതരാഷ്ട്രം എന്ന് വിളിക്കപ്പെടുന്നത്. ഇത് നടപ്പാക്കപ്പെടുന്നതാണോ നിങ്ങള്‍ ഭയപ്പെടുന്നത്. ഉസ്മാന്‍(റ) വിന്റെ സമീപനം സ്വീകരിക്കുന്ന ഏതെങ്കിലും ഭരണാധികാരിയെ നിങ്ങളുടെ ചരിത്രത്തിലോ, സമൂഹത്തിലോ കാണിക്കാന്‍ കഴിയുമോ? പിന്നെ എന്തിനാണ് ഈ പക്ഷപാതിത്വം? ഇപ്പോള്‍ നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍, പ്രചരിപ്പിക്കുന്ന വ്യാജകഥകള്‍ ഇവയില്‍ നിന്നെല്ലാം ഇസ്‌ലാം മുക്തമാണ്. നിങ്ങള്‍ എത്ര തന്നെ എതിര്‍്ത്താലും, നിങ്ങളുടെ പേനകള്‍ എത്രതന്നെ വിഷം വമിച്ചാലും ഇസ്‌ലാമിക ഭരണം നടപ്പാക്കുക തന്നെ ചെയ്യും.
അലി (റ) ഖിലാഫത്ത് ഏറ്റെടുത്തു. വിഷം പുരട്ടിയ വാള്‍ കൊണ്ട് ഒരാള്‍ അദ്ദേഹത്തെ കുത്തി. അദ്ദേഹത്തിന്റെ സന്തതികള്‍ പ്രതികാരം ചെയ്യാന്‍ നിശ്ചയിച്ചു. പക്ഷെ അദ്ദേഹം അവരെ തടഞ്ഞു. കാരണം അദ്ദേഹം നടപ്പിലാക്കുന്ന ദൈവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണല്ലോ അത്. ജനങ്ങള്‍ക്കിടയില്‍ ശരീഅത്ത് നടപ്പിലാക്കുന്ന ഭരണകൂടമാണിത്. എന്നാല്‍ ഇവിടെയോ? തനിക്കെതിരെ ഗുഢാലോചന നടത്തിയെന്നാരോപിച്ച് ഭരണാധികാരികള്‍ ആയിരക്കണക്കിന് പ്രജകളെ ക്രൂരമായി പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളവരെ പ്രശംസിക്കുകയും അവരുടെ ജന്മദിനങ്ങള്‍ കൊണ്ടാടുകയും ചെയ്യുന്നു. സംസ്‌കാര സമ്പന്നരും നാഗരികരുമായ നിങ്ങളുടെ അടുത്ത് ഇതാണോ ആദരവിനും ബഹുമാനത്തിനുമുള്ള അളവ് കോല്‍?
നിങ്ങളുടെ തന്ത്രങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്ക് അജ്ഞാതമല്ല. നിങ്ങളുടെ ലക്ഷ്യങ്ങളുടെ പരിണിത നാശമായിരിക്കും. കാരണം കേവലം ഊഹങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ നിങ്ങളുടെ പ്രവര്‍ത്തനം? ജനങ്ങള്‍ക്ക് പ്രയോജനകരമായതെ ഭൂമിയില്‍ അവശേഷിക്കുകയുള്ളൂ. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്നതാണ് ജനങ്ങള്‍ക്ക് പ്രയോജനകരം. നിങ്ങളുടെ തെറ്റുകളില്‍ നിന്നും വൃത്തികേടുകളില്‍ നിന്നും പാശ്ചാത്തപിക്കുക. ഇസ്‌ലാം അതിന്റെ ചരിത്രത്തിലൊരിക്കലും മതരാഷ്ട്രം എന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്ത് കൊണ്ട് ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ നിങ്ങള്‍ ആ പേര് വിളിക്കുന്നു? നിങ്ങള്‍ മതരാഷ്ട്രം എന്ന് പേര് വിളിക്കുന്ന വ്യവസ്ഥയെകുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്ക് വിജ്ഞാനത്തിന്റെയോ പഠനത്തിന്റെയോ കഴിവിന്റെയോ അഭാവമില്ലല്ലോ. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്ന എല്ലാ ഭരണക്രമങ്ങളെയും നിങ്ങള്‍ മത രാഷ്ട്രമെന്നാണോ വിളിക്കുക? ഇതാണ് ഉദ്ദേശമെങ്കില്‍ നിങ്ങളെന്ത് കൊണ്ട് അത് വ്യക്തമാക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങളും, ലക്ഷ്യങ്ങളും തുറന്ന് പറയാനുള്ള സാഹിത്യമൂല്യം പോലും നിങ്ങള്‍ക്കില്ലാതെ പോയോ? നിങ്ങളുടെ ആശയങ്ങള്‍ നിങ്ങള്‍ തുറന്ന് പറയുക. ഞങ്ങള്‍ക്കത് മനസ്സിലാക്കാമല്ലോ. ഒരു പക്ഷേ ഞങ്ങള്‍ക്കത് തൃപ്തിപ്പെട്ടേക്കാം അല്ലെങ്കില്‍ ഞങ്ങള്‍ തൃപ്തിപ്പെടുത്തിയേക്കാം.

 

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

 

 

 

Related Articles