Current Date

Search
Close this search box.
Search
Close this search box.

മത രാഷ്ട്രമല്ല ഇസ്ലാമിക രാഷ്ട്രം 2

la-ilaha.jpg

നബി തിരുമേനി (സ)യെ കുറിച്ച് നാം ധാരാളമായി വായിക്കാറുണ്ട്. അദ്ദേഹത്തില്‍ നിന്നും കൃത്യവും വ്യക്തവുമായി ഉദ്ധരിക്കപ്പെട്ടത് വിശ്വസിക്കുന്നവരും മുറുകെ പിടിക്കുന്നവരുമാണ് നാം. പ്രവാചകന്‍ നമ്മോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘അക്രമിയോട് താങ്കള്‍ അക്രമിയാണെന്ന് പറയുന്നതില്‍ എന്റെ ഉമ്മത്ത് ഭയപ്പെടുന്നുവെങ്കില്‍ അവര്‍ അതില്‍ നിന്നും പുറത്ത് പോയിരിക്കുന്നു.’ ഇസ്‌ലാമിക ഭരണം നീതിയിലും കൂടിയാലോചനയിലും അധിഷ്ഠിതവും അക്രമത്തില്‍ നിന്നും വ്യക്തിതാല്‍പര്യത്തില്‍ നിന്നും അകന്നതുമാണെന്നതിന് ഇതിനെക്കാള്‍ വ്യക്തമായ തെളിവ് ആവശ്യമാണെന്ന് തോന്നുന്നില്ല. മാത്രമല്ല ഭരണാധികാരിയെ നീതിപൂര്‍വ്വം ഭരിക്കാന്‍ പ്രേരിപ്പിക്കേണ്ടത് പ്രജകളുടെ ബാധ്യതയാണെന്ന് കൂടി ഇവിടെ വ്യക്തമാണ്. നാം വര്‍ഷങ്ങളായി അനുഭവിച്ച സ്വഛാധിപത്യത്തെക്കാളും അക്രമത്തെക്കാളും ശ്രേഷ്ഠകരമായ മാര്‍ഗമല്ലേ ഇത്. പിന്നെ എന്ത് കൊണ്ട് അതിനെ മതരാഷ്ട്രം എന്ന് പേര് വിളിക്കുന്നു? ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കുന്നതില്‍ നിന്നും എന്ത് കൊണ്ട് ജനങ്ങളെ അകറ്റുന്നു? പ്രജകളും ഭരണാധികാരികളും തമ്മിലെ ഉന്നതമായ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അഭിപ്രായസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും അവിടെ പ്രജകളുടെ അവകാശമാണ്. നബി തിരുമേനി(സ)തുടരുന്നു. ‘നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും ഭക്ഷണത്തെ തടയുകയോ, മരണത്തെ അടുപ്പിക്കുകയോ ഇല്ല.’ ഇപ്രകാരം വ്യക്തമാക്കിയ പ്രവാചകന്റെ ഭരണ ക്രമത്തെയാണോ പരിഹാസത്തോടെയും ആക്ഷേപത്തോടെയും മതരാഷ്ട്രം എന്ന് നിങ്ങള്‍ പേര് വിളിക്കുന്നത്. എന്തിന് വേണ്ടിയാണിത്? നിങ്ങള്‍ സ്വന്തത്തോട് കരുണ കാണിക്കുക. നിങ്ങള്‍ ചെയ്യുന്നതിന്റെ ന്യായം ഞങ്ങള്‍്ക്ക് വിശദീകരിച്ച് തരിക. പാര്‍ട്ടികളും, പ്രതിനിധി സഭകളും സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നുവെങ്കില്‍ ഇസ്‌ലാം ഒരിക്കലും കൂടിയാലോചനക്ക് എതിരല്ല. എന്നല്ല ഇസ്‌ലാം അത് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. കൂടിയാലോചനക്ക് അനുയോജ്യമായ ഏത് ഘടനയും കാലത്തിനനുസരിച്ച് സ്വീകരിക്കാവുന്നതുമാണ്. ഓരോ തലമുറയിലും സംഭവിക്കുന്ന പുതിയ മാറ്റങ്ങളും കണ്ടെത്തലുകളും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ അതിനെ വ്യവസ്ഥപ്പെടുത്താവുന്നതാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്ന ഭരണം പ്രജകള്‍ക്ക് സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. പൗരന്‍മാരുടെ രഹസ്യങ്ങള്‍ ചൂഴ്ന്നന്വേഷിക്കുന്നതില്‍ നിന്നും അത് ഭരണാധികാരിയെ തടയുന്നു. ഈ അവസ്ഥയെ കുറിച്ച് പ്രവാചകന്‍ ഇപ്രകാരം വ്യക്തമാക്കുന്നു. ‘തന്റെ പൗരന്മാരില്‍ സംശയമുളവാക്കുന്നവനാണ് ഭരണാധികാരിയെങ്കില്‍ അദ്ദേഹം അവരെ നശിപ്പിച്ചിരിക്കുന്നു.’ അനുവാദമില്ലാതെ വീട്ടില്‍ കടന്ന് ചൂഴ്ന്നന്വേഷിച്ചു കണ്ടെത്തിയതാണെന്ന കാരണത്താല്‍ ഉമര്‍ (റ) മദ്യം കഴിച്ചവനുള്ള ശിക്ഷ നടപ്പാക്കിയില്ല.

 

മുസ്‌ലിം ലോകത്തെ പണ്ഡിതര്‍ തങ്ങളുടെ ഭരണാധികാരികളുടെ തെറ്റുകളും അക്രമങ്ങളും തുറന്ന് പറയുന്നവരായിരുന്നു. അതിന്റെ പേരില്‍ അവരെ ഭയപ്പെടേണ്ടതില്ല എന്നതായിരുന്നു അവരുടെ നയം. പരലോകത്താവട്ടെ അവര്‍ യാതൊരു വിധ പ്രയോജനവും ചെയ്യില്ല എന്നും അവര്‍ക്കറിയാമായിരുന്നു. ചീത്ത കൂട്ടുകെട്ടിനെ കുറിച്ച് ഭരണാധികാരികളെ അവര്‍ ഉപദേശിച്ചിരുന്നു. ഭരണാധികാരി ഇസ്‌ലാമിക നിയമങ്ങള്‍ മുറുകെ പിടിക്കുകയും നീതി പൂര്‍വ്വം ഭരിക്കുകയും ചെയ്താല്‍ അത് ഇസ്‌ലാമിക ഭരണമാണെന്ന് നമുക്ക് തറപ്പിച്ച് പറയാവുന്നതാണ്. നിങ്ങള്‍ മതരാഷ്ട്രം എന്ന് പേര് വിളിക്കുന്നതും അത് തന്നെ. ഭൂമിക്ക് മുകളിലെ ഏറ്റവും ഉത്തമമായ ഭരണക്രമമാണ് അത്. കാര്യം ഇത്രത്തോളം സുവ്യക്തമാണെന്നിരിക്കെ പ്രതിയോഗികളുടെ വാദങ്ങളെല്ലാം തകര്‍ന്നടിയുന്നു. ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ടല്ലോ. ഒരു ഗ്രാമീണ അറബി അബൂബക്ര്‍(റ)വിന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു. ‘ഞാന്‍ ഇഹ്‌റാം കെട്ടിയിരിക്കെ വേട്ടയാടിയിരിക്കുന്നു. തന്റെ സദ്ദസിലുണ്ടായിരുന്ന ഉബയ്യ് ബിന്‍ കഅബിനോട് അബൂബക്ര്‍ ചോദിച്ചു. ‘എന്താണ് താങ്കളുടെ അഭിപ്രായം?’ ഇത് വന്നയാളെ ചൊടിപ്പിച്ചു. ‘താങ്കളാണ് ഖലീഫ എന്നത് കൊണ്ടാണ് ഞാന്‍ ഇവിടെക്ക് വന്നത്. താങ്കളാവട്ടെ മറ്റുവരോട് ചോദിക്കുന്നു. അബൂബകര്‍(റ) കോപിച്ചില്ല. അദ്ദേഹം ശാന്തതയോടെ പറഞ്ഞു. ‘അല്ലയോ സഹോദരാ, വിശുദ്ധ ഖുര്‍ആന്‍ ഇതിന് നല്‍കുന്ന മറുപടി കൊല്ലപ്പെട്ട മൃഗത്തിന്റെ വില പിഴയായി നല്‍കണമെന്നാണ്. അത് ശരിയല്ലേ എന്നര്‍ത്ഥത്തിലാണ് ഞാന്‍ കൂടിയാലോചന നടത്തിയത്. ഇപ്രകാരം ഊഷ്മളമായ ഒരു ബന്ധം ഭരണാധികാരിക്കും ഭരണീയര്‍ക്കും ഇടയില്‍ രൂപപ്പെടുത്തിയ ചരിത്രം വേറെ എവിടെയുണ്ട്.

നിങ്ങളുടെ ആശയം തുറന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളെകുറിച്ച് അറിയേണ്ടതുണ്ട്. ഇസ്‌ലാമിനെ കുറിച്ച് നിങ്ങളുടെ നിലപാടും വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതല്ല എത്ര തന്നെ സുവ്യക്തമാണെങ്കിലും ഇസ്‌ലാമിക നിയമങ്ങളെ ആക്രമിക്കണമെന്നത് നിങ്ങളുടെ അജണ്ഡയാണോ? പിച്ചിച്ചീന്തപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുഖത്തടിച്ച് നിലവിളിക്കുകയും ധൈഷണിക തീവ്രവാദത്തിന്റെ പേരില്‍ വസ്ത്രം കീറിയെറിയെറിയുകയും ചെയ്ത് ഇസ്‌ലാമിനെതിരെ പ്രധിഷേധിക്കുന്നതിന്റെ ന്യായമെന്താണ്? ഇസ്‌ലാമിക മുന്നേറ്റമുണ്ടാക്കിയ പരിഭ്രാന്തിയല്ലേ യഥാര്‍ത്ഥത്തില്‍ നിങ്ങളെ മതരാഷ്ട്രം എന്ന ലേബല്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്. ഇമാം ഹസനുല്‍ ബന്നാ ഇഖ്‌വാനുമായി രംഗത്ത് വന്നതോടെ, മുസ്‌ലിങ്ങള്‍ ലോകത്തെ ഉത്തമ ജനവിഭാഗമാണെന്ന് സ്വയം തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ, ലോകത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട നാഗരികവും, വികസനോന്മുഖവുമായ, പ്രതാപമുള്ളതുമായ സ്ഥാനം വീണ്ടെടുക്കാന്‍ അവര്‍ രംഗത്ത് വരികയും ചെയ്തതോടെ നാനാഭാഗത്ത് നിന്നും അമര്‍ഷങ്ങളും, വിഷം ചീറ്റുന്ന പേനകളും പ്രത്യക്ഷപ്പെടുകയുണ്ടായി. ഇസ്‌ലാമികമായ എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്ന, അവരുടെ എല്ലാ ഉദ്യമങ്ങളെയും ദൈവികഭരണമെന്ന പേരില്‍ പുഛിക്കുന്ന, അവയെ പോപ്പിന്റെ ഭരണവുമായി താരതമ്യം ചെയ്യുന്ന പ്രവണത രൂപപ്പെട്ടു. ഭരണത്തെയും അതിന്റെ അടിസ്ഥാനങ്ങളെയും വിശദമായി കൈകാര്യം ചെയ്ത ഇസ്‌ലാമിക കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയാത്ത പുതിയ പ്രയോഗമാണ് മതരാഷ്ട്രമെന്നത്. കാരണം അവര്‍ക്കത് അപരിചിതമായിരുന്നു.
ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്ന വ്യവസ്ഥകള്‍ക്ക് തടസ്സം നില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇഖ്‌വാനികളാവട്ടെ അവരുടെ പ്രാരംഭം മുതല്‍ പരിശുദ്ധമായ ഈ ആശയത്തിലേക്കാണ് ക്ഷണിക്കുന്നത്. ജനങ്ങളെല്ലാവരും സമന്‍മാരാണെന്ന സിദ്ധാന്തമാണ് അത് സമര്‍പിക്കുന്നത്. എല്ലാ മുസ്‌ലിമും ദീനീ ബോധമുള്ളവനും അവന്റെ ഭരണവ്യവസ്ഥ ഇസ്‌ലാമികവുമാണ്. കാരണം അതിലെ വ്യക്തികള്‍ മതബോധമുള്ളവരാണ്.
ഇസ്‌ലാമില്‍ അക്രമികളും ധിക്കാരികളുമായ ഭരണാധികാരികള്‍ കഴിഞ്ഞ് പോയിട്ടുണ്ട്. ചരിത്രഗ്രന്ഥങ്ങളില്‍ അത് വ്യക്തവുമാണ്. അവര്‍ക്കിടയില്‍ ഹജ്ജാജ് ബ്‌നു യൂസുഫ് ഉണ്ടായിരുന്നു. പക്ഷെ അവരൊക്കെയും സത്യം മുന്നില്‍ കണ്ടാല്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്നവരും -അവര്‍ എത്ര തന്നെ അക്രമം പ്രവര്‍ത്തിച്ചാലും- മറ്റുള്ളവരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇവിടെയാണ്. നീതി അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇസ്‌ലാമിക നിയമങ്ങളിലല്ലാതെ കാണാനാവില്ല. സ്വാതന്ത്ര്യം അതിന്റെ പൂര്‍ണവും സമഗ്രവുമായ രൂപത്തില്‍ ഇസ്‌ലാമിക ശരീഅത്തിലല്ലാതെ കാണുകയില്ല. വ്യക്തിയുടെ മഹത്വവും സമൂഹത്തിന്റെ താല്‍പര്യവും കാത്ത് സൂക്ഷിക്കാന്‍ പ്രാപ്തമായ മറ്റൊരു കുറ്റമറ്റ നിയമം സമര്‍പ്പിക്കാവതല്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles