Current Date

Search
Close this search box.
Search
Close this search box.

ഭൂമി ഇസ്രായേലിനും ‘രാഷ്ട്രം’ ഫലസ്തീനികള്‍ക്കും

plui.jpg

ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക രാഷ്ട്രമെന്ന സ്ഥാനം ലഭിച്ചതില്‍ ഫലസ്തീനികള്‍ അങ്ങേയറ്റം സന്തോഷവാന്‍മാരാണ്. വിശന്ന് വലഞ്ഞവന്റെ മുന്നില്‍ പയറിന്റെ പൊട്ടുകള്‍ പോലും ചുട്ടെടുത്ത ആട്ടിന്‍കുട്ടിയെപ്പോലെയാണല്ലോ അനുഭവപ്പെടുക. അതിനാല്‍ ഫലസ്തീനികള്‍ ആഘോഷിച്ചു. ഗസ്സയിലെ ചെറുത്ത് നില്‍പ് പോരാളികള്‍ നേടിയതിനേക്കാള്‍ മഹത്തരമായ വിജയമായി അവര്‍ ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ കണ്ടു. റാമല്ലയില്‍ വെച്ച് തങ്ങളുടെ പ്രസിഡന്റിനെ ധീരജേതാവിനെപ്പോലെ അവര്‍ സ്വീകരിച്ചാനയിച്ചു. സലാഹുദ്ധീന്‍ അയ്യൂബിയെപ്പോലെ, മഹാനായ വിജയിയായി അദ്ദേഹത്തെ കണക്കാക്കി. ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തില്‍ ഫലസ്തീന്‍ രാഷ്ട്രീയ നേതൃത്വവും ആഹ്ലാദിച്ചു. ജീവിതകാലത്തിനിടയില്‍ ഇതുവരെ വിജയമെന്തന്ന് അറിയാത്തവരായിരുന്നു അവര്‍. അമ്പത് വര്‍ഷത്തോളമായി അവരുടെ രാഷ്ട്രീയഗോഥയിലെ തീരുമാനത്തോട് യോജിച്ച തീരുമാനമായിരുന്നു അത്.

റാമല്ലയില്‍ ഫലസ്തീന്‍ ജനതയെ അഭിംസബോധന ചെയ്ത് കൊണ്ട് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞത് ഇപ്രകാരമായിരുന്നു ‘ഇപ്പോള്‍ എനിക്കൊരു രാഷ്ട്രമുണ്ടായിരിക്കുന്നു.’
സിറിയന്‍ കവിയായിരുന്ന നസാര്‍ ഖബ്ബാനിയുടെ ഒരു കവിതയാണ് അതെന്നെ ഓര്‍മിപ്പിച്ചത്. അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ എനിക്കൊരു തോക്ക് ലഭിച്ചിരിക്കുന്നു. അല്ലയോ വിപ്ലവകാരികളെ, നിങ്ങളുടെ കൂടെ എന്നെയും ഫലസ്തീനിലേക്ക് കൂട്ടുക.’ ഫലസ്തീന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതില്‍ അതീവ സന്തോഷവാനായിരുന്നു നമ്മുടെ കവി.

ഭൂമിയിലെ മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ ഫലസ്തീനികള്‍ ഒരു രാഷ്ട്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ ഐക്യരാഷ്ട്രസഭ കനിഞ്ഞേകിയ ഈ ‘അംഗീകൃത രാഷ്ട്രത്തെ’ക്കാള്‍ ഉപരിയായി അവര്‍ക്ക് വേണ്ടത് വര്‍ഷങ്ങളായി ശത്രു അധീനപ്പെടുത്തിക്കൊണ്ടിരിക്കുന്ന പിറന്ന് വീണ മണ്ണാണ്.
നിരീക്ഷക രാഷ്ട്രമെന്ന പദവി ഫലസ്തീനിന് നേട്ടം തന്നെയാണ്. പക്ഷെ, ഇസ്രായേലാവട്ടെ കൂടുതല്‍ ഭൂമി ലഭിച്ച് അധിനിവേശം ചെയ്ത് കൊണ്ടേയിരിക്കുകയാണ്. അധിനിവിഷ്ട ഭൂമിയില്‍ കുടിയേറ്റം നടത്താനുള്ള പദ്ധതികള്‍ ഒന്നിന് പിറകെ മറ്റൊന്നായി സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് അവര്‍.

ഫലസ്തീനികള്‍ക്ക് രേഖയില്‍ ഒരു രാഷ്ട്രം ലഭിക്കുമ്പോള്‍ തന്നെ, ഇസ്രായേലികള്‍ പ്രായോഗിക ലോകത്ത് ഭൂമി അപഹരിച്ച് രാഷ്ട്രമൊരുക്കുന്നു. ഖുദ്‌സില്‍ മാത്രം മൂവായിരത്തോളം ജൂത സെറ്റ്ല്‍മെന്റ്‌സ് ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് നെതന്യാഹു. ചുരുക്കത്തില്‍ വസിക്കാന്‍ ഭൂമി ഇസ്രായേലികള്‍ക്കും, രേഖയില്‍ രാഷ്ട്രം ഫലസ്തീനികള്‍ക്കും !
ഇനി നമുക്ക് കണ്ടറിയേണ്ടത് സന്ധികളിലൂടെ ഇസ്രായേല്‍ രാഷ്ട്രം വകവെച്ച് കൊടുക്കാനാണോ, അതോ ചെറുത്ത് നില്‍പ് പോരാട്ടത്തിലൂടെ ഫലസ്തീന്‍ ഭൂമി തിരിച്ച് പിടിക്കാനാണോ മഹ്മൂദ് അബ്ബാസ് തയ്യാറാവുകയെന്നതാണ്.

ശൈഥില്യത്തിന്റെ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് ഖസ്സാമിന്റെ ചെറുത്ത് നില്‍പ് പോരാട്ടത്തില്‍ അണിചേരാന്‍ പ്രസിഡന്റ് അബ്ബാസ് തയ്യാറാവുമോ? അതല്ല ഫലസ്തീനികളെ വ്യാമോഹത്തിന്റെ ആഴക്കടലില്‍ മുക്കാനാണോ അദ്ദേഹത്തിന്റെ ശ്രമം? വരുംനാളുകളില്‍ നമുക്കത് കാത്തിരുന്ന് കാണാം……

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles