Current Date

Search
Close this search box.
Search
Close this search box.

ഭീകര വിരുദ്ധ യുദ്ധം : ബുഷ് മുതല്‍ ജനറല്‍ സീസി വരെ

ജോര്‍ജ് ഡബ്ല്യു ബുഷ് ‘ഭീകരതക്കെതിരായ യുദ്ധം’ പ്രഖ്യാപിച്ച് 10 വര്‍ഷം കഴിഞ്ഞാണ് അറബ് വസന്തം അരങ്ങേറുന്നത്. സെപ്തംബര്‍ 11 സംഭവത്തോടു കൂടിയാണ് അമേരിക്ക ലോകത്താകമാനം ഭീകരതക്കെതിരായ കുരിശു യുദ്ധം പ്രഖ്യാപിച്ചത്. ‘അമേരിക്കയോടൊപ്പം അല്ലെങ്കില്‍ ഭീകരതക്കൊപ്പം’ എന്ന അമേരിക്കന്‍ സിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ ഭീകരതക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ ഭൂരിപക്ഷ രാഷ്ട്രങ്ങളെയും കൂടെ നിര്‍ത്താന്‍ അമേരിക്കക്ക് സാധിച്ചു.  

2011 ലെ അറബ് വസന്തം പതിറ്റാണ്ടുകളായി അധികാരത്തിലിരിക്കുന്ന അറബ് രാജാക്കന്‍മാരുടെയും ഏകാധിപതികളുടെയും സിംഹാസനങ്ങള്‍ക്ക് തീ കൊളുത്തിയപ്പോള്‍, അധികാര കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന് വസന്തത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച അറബ് ഏകാധിപതികളും ആവര്‍ത്തിച്ചു പറഞ്ഞത് മുമ്പ് ബുഷ് ഉയര്‍ത്തിപ്പിടിച്ച അതേ ‘ഭീകരതക്കെതിരായ യുദ്ധ’ തന്ത്രം തന്നെ. അറബ് വസന്തത്തിന്റെ അന്തസത്തയെ ഊതിക്കെടുത്താന്‍ അറബ് ഏകാധിപതികള്‍ പ്രയോഗിച്ച ഏറ്റവും വൃത്തികെട്ടതും അശ്ലീലവുമായ പ്രയോഗമായിരുന്നു ‘ഭീകരതക്കെതിരായ യുദ്ധ’മെന്നത്. പാശ്ചാത്യ നിര്‍മ്മിതമായ ഈ പ്രയോഗത്തെ അനവസരത്തില്‍ ഉപയോഗിച്ച് ലോക ചരിത്രത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായ അറബ് വസന്തത്തെ തന്നെ അട്ടിമറിക്കാനാണ് അറബ് ഭരണാധികാരികള്‍ ശ്രമിച്ചത്. അതുവഴി അധികാര മാറ്റത്തിന് വേണ്ടിയുള്ള ഏതു മുറവിളിയെയും നിഷ്പ്രയാസം ഇല്ലാതാക്കാനും അറബ് ഭരണാധികാരികള്‍ക്ക് വഴിയൊരുങ്ങുന്നു.

ഇസ്‌ലാമിക ചുറ്റുപാടില്‍ വളര്‍ന്ന അറബി ‘അപരിഷ്‌കൃതനും’ അക്രമാസക്തനും ഭീകരവാദിയുമായി മാറുന്നുവെന്ന കൊളോണിയല്‍ പാശ്ചാത്യ നിര്‍മിതികളെ അത്യാവേശത്തോടെ പുണര്‍ന്ന അറബ് ഭരണാധികാരികള്‍ തങ്ങളുടെ സ്വന്തം ജനതയെ പാശ്ചാത്യന്റെ വീക്ഷണ കോണിലൂടെ നോക്കിക്കാണുകയും അവരെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ മുന്നോട്ട് വരികയും ചെയ്യുകയാണ്. ഇപ്രാകാരം ലിബിയയിലെ ഗദ്ദാഫിയും, ഈജിപ്തില്‍ മുബാറകും ഇപ്പോള്‍ സീസിയും, ബാത്തിസ്റ്റ് സിറിയയ, യെമന്‍, ബഹ്‌റൈന്‍ തുടങ്ങി വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഭരണകൂടം പോലും സ്വന്തം ജനതയെ ഭീകരവാദികളാക്കി ചിത്രീകരിക്കാന്‍ സന്നദ്ധരായവരും അങ്ങനെ പാശ്ചാത്യന്റെ ‘ഭീകര വിരുദ്ധ യുദ്ധ’ത്തില്‍ തങ്ങളുടെ പങ്ക് വഹിക്കാന്‍ വെമ്പല്‍ കൊണ്ടവരുമാണ്.

ലിബിയയില്‍ ഏകാധിപത്യത്തെ എതിര്‍ത്ത് രംഗത്ത് വന്നവരെ അടിച്ചമര്‍ത്താന്‍ കുപ്രസിദ്ധവും ക്രൂരവുമായ ‘ഭീകര വിരുദ്ധ ക്യാമ്പയിന്‍’ നടത്തുകയുണ്ടായി കേണല്‍ ഗദ്ദാഫി. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പേരില്‍ രാജ്യത്ത് ഇസ്‌ലാമിക സ്റ്റേറ്റ് രൂപീകരിക്കാനുള്ള ഭീകര സംഘടനയായ അല്‍ ഖാഇദയുടെ ശ്രമത്തെ ഭരണകൂടം തകര്‍ത്തുവെന്നായിരുന്നു സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ കൊന്നൊടുക്കാന്‍ ഗദ്ദാഫി നിരത്തിയ ന്യായവാദം. ലക്ഷണമൊത്ത ഫാഷിസ്റ്റ് വാക്കുകളിലൂടെ ഗദ്ദാഫി തന്റെ പ്രവര്‍ത്തനത്ത ന്യായീകരിക്കുകയും ചെയ്തു: ‘മരുഭൂമിയില്‍ നിന്നുമുള്ള അപരിഷ്‌കൃതരോട് മരുഭൂയിലേക്ക് തന്നെ മടങ്ങാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ലിബിയയിലെ ഓരോ വീടും, ഇടനാഴിയും, ഓരോ ഇഞ്ചും ഈ അപരിഷ്‌കൃത ജനതയില്ലാത്ത വിധം ഞാന്‍ ശുദ്ധീകരിക്കും’.

2011 മാര്‍ച്ചില്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ രാജി ആവശ്യപ്പെട്ട് ഒരു മാസക്കാലം നീണ്ട പ്രക്ഷോഭം അരങ്ങേറിയപ്പോള്‍ അദ്ദേഹവും ഉന്നയിച്ചത് അല്‍ ഖാഇദ ഭീകരവാദികള്‍ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമം നടത്തുന്നു എന്നായിരുന്നു. പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരായ പോരാട്ടം ഗവണ്‍മെന്റിനും രാജ്യത്തിന്റെ വിദേശ താല്‍പര്യങ്ങള്‍ക്കുമെതിരായ തീവ്രവാദികളുടെ പോരാട്ടമായി ചിത്രീകരിക്കാനാണ് അലി അബ്ദുല്ല സ്വാലിഹ് ശ്രമിച്ചത്.
ഇപ്പോള്‍ ഈജിപ്തില്‍ സീസിയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ കണ്‍കണ്ട ദൈവമായി മാറിയിരിക്കുന്നു. ഈജിപ്തിലെ ഭീകര വാദത്തിന്റെയും തീവ്രവാദത്തിന്റെയും ഗര്‍ഭപാത്രം ഇഖ്‌വാന്‍ മുസ്‌ലിമൂനാണെന്നാണ് സീസിയും സമാനമനസ്‌കരും പ്രചരിപ്പിക്കുന്നതും പറഞ്ഞു കൊണ്ടിരിക്കുന്നതും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സൈന്യത്തിന് പിന്തുണ അര്‍പ്പിച്ച് തെരുവുകളില്‍ വമ്പിച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞ ജൂണ്‍ 30 ന് സീസി ഈജിപ്ത് ജനതയോട് ആവശ്യപ്പെടുകയുണ്ടായി. സൈനിക അട്ടിമറി യഥാര്‍ത്ഥത്തില്‍ ‘ഭീകരതക്കെതിരായ പോരാട്ട’ത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാനായിരുന്നു സീസി ഇതിലൂടെ ശ്രമിച്ചത്. സൈനിക അട്ടിമറിക്കെതിരെ ശബ്ദിച്ച ആയിരക്കണക്കിന് മനുഷ്യരെ നിഷ്‌കരുണം കൊന്നൊടുക്കിയ സൈനിക നടപടിക്ക് ‘ഭീകരതക്കെതിരായ യുദ്ധം’ ഒരു മറയാകുകയും ചെയ്തു. അതോടൊപ്പം ജനറല്‍ സീസിക്ക് പിന്തുണയര്‍പ്പിച്ച് സഊദിയിലെ അബ്ദുല്ല രാജാവും രംഗത്തു വരികയുണ്ടായി. അദ്ദേഹവും സീസിയുടെ നടപടിയെ പിന്തുണച്ചത് നേരത്തെ പറഞ്ഞ ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അറബ് വസന്തത്തിലൂടെ അല്ലെങ്കില്‍ ജനുവരി 25 വിപ്ലവത്തിലൂടെ ഈജിപ്ത് ജനത നേടിയെടുത്ത സ്വാതന്ത്ര്യവും, മൂന്ന് പതിറ്റാണ്ട് കാലം മുബാറക് ഭരണം അടിച്ചേല്‍പ്പിച്ച അടിയന്തിരാവസ്ഥയില്‍ നിന്നുള്ള മോചനവുമാണ് ഈ ‘ഭീകര വിരുദ്ധ യുദ്ധ’ ത്തില്‍ ഈജിപ്ത് ജനതക്ക് പകരം നല്‍കേണ്ടി വന്നത്.

സിറിയന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ ഇപ്പോള്‍ ബശ്ശാറുല്‍ അസദും പറയുന്ന ന്യായം മറ്റൊന്നല്ല. ഇവിടെയും ഭീകര വിരുദ്ധ യുദ്ധത്തില്‍ പിടഞ്ഞു വീഴുന്നത് സ്വാതന്ത്ര്യവും അവകാശങ്ങളും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന രാജ്യത്തിന്റെ സ്വന്തം പൗരന്മാര്‍ തന്നെ. 2001 ല്‍ ബുഷ് ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നത് പോലെ അസദും അദ്ദേഹത്തിന്റെ ഓരോ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു ‘ഞാന്‍ നടത്തുന്നത് ഭീകരതക്കെതിരായ യുദ്ധമാണ്. രാജ്യത്തെ തീവ്രവാദികളില്‍ നിന്നും സംരക്ഷിക്കാനുള്ള പോരാട്ടമാണ് എന്റേത്’. അസദിന്റെ ‘ഭീകര വിരുദ്ധ പോരാട്ട’ത്തില്‍ ഇതിനകം സിറിയയില്‍ ഒരു ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും 2 മില്യണ്‍ സിറിയന്‍ പൗരന്‍മാര്‍ അഭയാര്‍ഥികളാവുകയും ചെയ്തു കഴിഞ്ഞു.

അറബ് വസന്തത്തെ തികച്ചും തെറ്റായ രീതിയില്‍ വിശകലനം ചെയ്ത രാഷ്ട്രീയ നിരീക്ഷകരും ‘ഭീകര വിരുദ്ധ യുദ്ധ’ത്തെ പവിത്രമാക്കുന്നതായി കാണാം. 2006 ല്‍ ഫലസ്തീനില്‍ ഹമാസ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയപ്പോള്‍ അതംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന യൂറോപ്യന്‍ യൂണിയന്‍ മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റിയെ പിന്തുണക്കുകയായിരുന്നു. അതിന് അവര്‍ പറഞ്ഞ ന്യായം ഫലസ്തീന്‍ അതോറിറ്റി ഭീകരതക്കെതിരായ പോരാട്ടമാണ് നടത്തി കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റിയെ നാം പിന്തുണച്ചില്ലെങ്കില്‍ മേഖലയില്‍ ഉസമാ ബിന്‍ ലാദന്‍മാര്‍ അധികാരത്തില്‍ വരുന്നത് നാം കാണേണ്ടി വരും എന്നായിരുന്നു.

യഥാര്‍ത്ഥത്തില്‍ മിഡില്‍ ഈസ്റ്റിലെ ഭരണാധികാരികളെ നിയന്ത്രിക്കുന്നത് അമേരിക്കയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുമാണ്. ഭീകര വാദത്തിന്റെ പേരില്‍ ആരെയെല്ലാം ഇല്ലാതാക്കണമെന്ന് അമേരിക്ക തീരുമാനിക്കുകയും അതിനു വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നു തന്നെ ആളുകളെ അവര്‍ കണ്ടെത്തുകയും ചെയ്യും. സഊദിയും മുബാറകും ബശ്ശാറും സീസിയുമെല്ലാം ഇപ്രകാരം മിഡില്‍ ഈസ്റ്റിനെ നിയന്ത്രിക്കാന്‍ അമേരിക്ക ഉണ്ടാക്കി വെച്ച പദ്ധതികള്‍ അതേപടി നടപ്പിലാക്കുന്ന അമേരിക്കയുടെ കളിപ്പാവകള്‍ മാത്രം.

ഭരണാധികാരികളും സൈനിക നേതൃത്വങ്ങളും പടിഞ്ഞാറിന്റെ പോളിസികളെ പിന്തുടരുമ്പോഴും പടിഞ്ഞാറിന്റെ വീക്ഷണകോണുകളൊന്നുമില്ലാതെ തന്നെ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ ഒരു പുതിയ ജനത മിഡില്‍ ഈസ്റ്റില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതാണ് അറബ് വസന്തം നല്‍കുന്ന ഏറ്റവും വലിയ സൂചന. പുതിയ ചിന്തയും പുതിയ തുടക്കവും പുതിയ ലോകവും കെട്ടിപ്പടുക്കാന്‍ വെമ്പുന്ന മിഡില്‍ ഈസ്റ്റിലെ ജനതയെ ഇനിയും അടക്കി ഭരിക്കാന്‍ പടിഞ്ഞാറിന്റെ പദ്ധതികള്‍ക്കാകില്ലെന്ന സന്ദേശം അറബ് വസന്തം നല്‍കുന്നുണ്ട്. അമേരിക്ക സ്വന്തം രാജ്യത്തും വിദേശത്തും അതിവേഗം വിറ്റഴിച്ച ‘ഭീകര വിരുദ്ധ യുദ്ധ’ത്തിലെ അപകടം തിരിച്ചറിഞ്ഞ, കൂട്ടായ്മയുടെ ബലത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു പുതിയ ജനതക്ക് അറബ് വസന്തം ജന്മം നല്‍കിയിട്ടുണ്ടെന്ന് നാം അംഗീകരിക്കേണ്ടി വരും.

വിവ : ജലീസ് കോഡൂര്‍

Related Articles