Current Date

Search
Close this search box.
Search
Close this search box.

ഭരണം നിങ്ങളെ ഏല്‍പ്പിക്കാനല്ല ഇസ്രയേല്‍ സിറിയയെ ആക്രമിക്കുന്നത്

സിറിയക്കുമേലുള്ള ഇസ്രായേലിന്റെ റോക്കറ്റ് ആക്രമണം യുദ്ധപ്രഖ്യാപനവും പരസ്യമായ ശത്രുതയും ആഭ്യന്തര യുദ്ധം അനുഭവിക്കുന്ന ഒരു രാഷ്ട്രത്തന്റെ അഭിമാനത്തിനു നേരെയുള്ള കടന്നു കയറ്റവുമല്ലെങ്കില്‍ പിന്നെ എന്തിനാണ് യുദ്ധം എന്നു പറയുന്നത്?
നാം നാശോന്മുഖമായ പ്രാദേശിക യുദ്ധത്തിന്റെ വക്കിലാണ്. ഇപ്പോള്‍ യുദ്ധം പൊട്ടി പുറപ്പെടുകയാണെങ്കില്‍ ഇസ്രായേലും അതിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളും തദ്ദേശീയരായ അറബ് സമൂഹവും അതിന്റെ ഉത്തരവാദിത്തം വഹിക്കേണ്ടിവരും.  പ്രത്യക്ഷ ശത്രുവായ ഇസ്രായേല്‍ ഇതിനിടയില്‍ നുഴഞ്ഞുകയറിക്കൊണ്ട് സിറിയയെയും ഇറാനെയും ആക്രമിക്കാന്‍ തയ്യാറാവുകയാണ്. സിറിയ ശത്രുവിനെ പ്രതിരോധിക്കണം. ഇല്ലെങ്കില്‍ അതിന്റെയും അവരുടെ പിന്നണിയില്‍ നില്‍ക്കുന്നവരുടെയും ഗാംഭീര്യത്തെ അത് ചോര്‍ത്തിക്കളയും. എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാന്‍ തയ്യാറാകണം. അറേബ്യന്‍ ജനത മൊത്തത്തില്‍ അനുയോജ്യമായ സന്ദര്‍ഭത്തിലും സ്ഥലത്തും ശത്രുവിനെ പ്രതിരോധിച്ചിട്ടില്ല എന്നതാണ് ചരിത്രപരമായയാഥാര്‍ഥ്യം.

ഈ സന്ദര്‍ഭത്തില്‍ എന്തു വിലകൊടുത്തും ആക്രമണങ്ങളെ നാം പ്രതിരോധിക്കേണ്ടതുണ്ട്. സിറിയക്കെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണം വരും ദിനങ്ങളില്‍ കൂടുതല്‍ ശത്രുത പ്രാപിക്കും. ഇതോടൊപ്പം തന്നെ ഒബാമ മുന്നറിയിപ്പ് നല്‍കിയ അമേരിക്കയുടെ ആക്രമണവും അഭിമുഖീകരിക്കേണ്ടി വരും. ‘ഇസ്രായേല്‍ എന്ന ശത്രു പ്രദേശത്ത് കൂടുതല്‍ അപകടം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജനതയും രാഷട്രവും നിന്ദ്യത ഒരിക്കലും സ്വീകരിക്കുകയില്ല എന്ന് അവരെ പിന്തുണക്കുന്ന രാഷ്ട്രങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണെന്ന സിറിയന്‍ വാര്‍ത്താവിനിമയ മന്ത്രി ഉമറാന്‍ സഅബിയുടെ പ്രസ്താവന വളരെ വ്യക്തവും ഗൗരവം നിറഞ്ഞതുമാണ്. ഒളിച്ചോടാനും പിന്മാറാനുമുള്ള വഴികള്‍ സിറിയക്കുമുമ്പില്‍ അടഞ്ഞുകിടക്കുന്നു എന്നു തന്നെയാണ് ഈ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇസ്രായേലും അമേരിക്കയും ദ്രുതഗതിയില്‍ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അവരോടൊപ്പം മിക്ക അറബ് രാഷ്ട്രങ്ങളുമുണ്ട്. മൂന്ന് വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രക്ഷോഭവും ഭരണകൂടത്തിന്റെ കടുത്ത നിലപാടുകളും നിരന്തരമായ കൊലപാതക പരമ്പരകളും ഈ വ്യവസ്ഥ ഇതേ രീതിയില്‍ മുന്നോട്ടു പോകരുത് എന്നതിന് തെളിവാണ്. ഇസ്രായേലിനെതിരെ ശിയാ പക്ഷത്തുള്ള ഹിസ്ബുല്ലയില്‍ നിന്നോ സുന്നിപക്ഷത്തുള്ള പോരാട്ട ഗ്രൂപ്പുകളില്‍ നിന്നോ ഭരണകൂടത്തില്‍ നിന്നോ റോക്കറ്റുകളും രാസായുധങ്ങളും ഉപയോഗിക്കുമെന്ന ഭീഷണിയാണ് ഇസ്രായേലിനെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് ന്യായം.

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് മുമ്പ് എല്ലാ വിധ ആക്രമണങ്ങള്‍ക്കും സിറിയ വിധേയമായിട്ടുണ്ട്. അന്ന് പ്രതിരോധ ശേഷിയും ജനതയുടെ പിന്തുണയുമെല്ലാം സിറിയക്കൊപ്പമുണ്ടായിരുന്നു.  എന്നാല്‍ ഇന്ന് അവസ്ഥകള്‍ ആകെ മാറിയിരിക്കുന്നു. ആത്മവിശ്വാസം തകരുകയും രാഷ്ട്രം കലാപകലുഷിതവുമായി തീര്‍ന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യമക്കള്‍ കൊല്ലപ്പെടുകയും സൈന്യം ഛിദ്രമാകുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. എന്നിട്ട് ഇപ്പോള്‍ മാത്രം സിറിയയെ ഇസ്രായേല്‍ വല്ലാതെ പേടിക്കുന്നതെന്തിനാണ്?

സിറിയ രാസായുധം പ്രയോഗിച്ചത് സുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രയേലിന്റെ സംരക്ഷണത്തിനായി അമേരിക്ക രംഗത്തെത്തും. അത് ചിദ്രതക്കും വംശീയ സംഘട്ടനത്തിലേക്കും വഴിതെളിയിക്കും. ഇസ്രായേല്‍ സിറിയയിലെ ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണം നിങ്ങളെ ഏല്‍പിക്കാനല്ല എന്ന് സിറിയയിലെ പ്രതിപക്ഷ പോരാട്ട സംഘടനകള്‍ തിരിച്ചറിയണം. ഇത് മറ്റൊരു യുദ്ധത്തിന്റെ തുടക്കം മാത്രമാണ്. ഇറാഖിനെ നാമാവശേഷമാക്കിയതുപോലെ അമേരിക്കയുമായി ചേര്‍ന്ന് അറബ് മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പരിശ്രമമാണിത്. നിലവിലെ ഭരണകൂടം തകരുന്ന അവസ്ഥയില്‍ പ്രതിരോധ സംഘടനകളില്‍ നിന്ന് രാഷ്ട്രത്തെ ശുദ്ദീകരിക്കുക എന്ന ന്യായത്തില്‍ പശ്ചാത്യരുടെ പാവകളായിട്ടുള്ള മൂന്നാം കക്ഷിക്ക് അവര്‍ ഭരണം കൈമാറും.

ഈ സന്ദര്‍ഭത്തില്‍ പ്രതിപക്ഷത്തിനെതിരെയുളള എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കാന്‍ സിറിയ തയ്യാറാകണം. രാഷ്ട്രത്തിന്റെ നിലനില്‍പിനും ഭദ്രതക്കും വേണ്ടി ശത്രുവായ ഇസ്രായേലിനെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. പ്രതിപക്ഷത്തിന്റെ ഭീഷണി എത്ര ശക്തമാണെങ്കിലും നിലവില്‍ ഇതിനാണ് മുന്‍ഗണന നല്‍കേണ്ടത്. നമ്മുടെ അഭിപ്രായത്തില്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. മേഖലയുടെ ഭൂപടം തന്നെ മാറ്റി എഴുതാനുള്ള യുദ്ധമാണിത്. ഇസ്രായേല്‍ ഇതില്‍ വിജയിക്കുമെന്ന് നാം കരുതുന്നില്ല. 34 ദിവസം ഹിസ്ബുല്ല ഇസ്രായേലിനെ ചെറുത്തുനിന്നെങ്കില്‍ ശക്തമായ ഭദ്രതയുള്ള ഈ രാഷ്ട്രത്തോട് എങ്ങനെ വിജയിക്കാനാണ് സാധിക്കുക!

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles