Current Date

Search
Close this search box.
Search
Close this search box.

ബുഷിനും ചെനിക്കും അമേരിക്കന്‍ സൈനികന്റെ തുറന്ന കത്ത്

4488 അമേരിക്കന്‍ സൈനികരുടെ മരണത്തിന് ഉത്തരവാദികള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ്, വൈസ് പ്രസിഡന്റ് ഡിക്ക് ചെനി എന്നിവര്‍ തന്നെയാണ്. 9/11 മായി യാതൊരു ബന്ധവുമില്ലാത്ത ഒരു രാജ്യത്തിനെതിരെ നിയമവിരുദ്ധ യുദ്ധം നടത്താനായി അയക്കപ്പെട്ടവരായിരുന്നു ആ സൈനികര്‍. ആ രണ്ട് രാഷ്ട്രീയക്കാരെയും കോടതിയില്‍ ഹാജറാക്കി എന്നെന്നേക്കുമായി ജയിലടക്കുകയാണ് വേണ്ടത്. സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഭീകരവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതിനായാണ് തോമസ് യംങും സൈന്യത്തില്‍ ചേര്‍ന്നു. മറ്റ് ആയിരക്കണക്കിന് വരുന്ന സുഹൃത്തുക്കളെ പോലെ തന്നെ അവനും തെറ്റിധരിപ്പിക്കപ്പെടുകയായിരുന്നു. ബുഷും അയാളുടെ നവയാഥാസ്ഥിത സംഘവുമായിരുന്നു ‘ഭീകരവിരുദ്ധ യുദ്ധം’ എന്ന പേരില്‍ അവരെ വഴിതെറ്റിച്ചത്. 2013 മാര്‍ച്ച് 18 ന് ബുഷിനും ചെനിക്കും യംങ് ഒരു കത്തെഴുതിയിരുന്നു. അതില്‍  അവര്‍ക്കെതിരെ അവന്‍ യുദ്ധംകുറ്റം ആരോപിക്കുകയുണ്ടായി.

ഇറാഖ് യുദ്ധത്തിന്റെ അഞ്ചാം ദിവസം തന്നെ യംങിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലില്‍ തുളച്ച് കയറിയ ‘ശത്രുവിന്റെ’ വെടിയുണ്ട യംങിന്റെ ചലനശേഷി എന്നന്നേക്കുമായി നഷ്ടപ്പെടുത്തി. 2014 നവംബര്‍ 10 ന് മരണത്തിന് കീഴടങ്ങുമ്പോള്‍ യംങ് അമേരിക്കയിലെ പ്രമുഖ യുദ്ധ വിരുദ്ധ പ്രവര്‍ത്തകനാണ്. മരിക്കുന്നതിന് മുമ്പ് ബുഷ് ഭരണകൂടത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്ത് അദ്ദേഹം ലോകത്തിന് വായിച്ച് കേള്‍പ്പിച്ചിരുന്നു. പ്രസ്തുത കത്തിന്റെ ലിപ്യന്തരണം താഴെ ചേര്‍ക്കുന്നു.

‘ഇറാഖ് യുദ്ധത്തില്‍ എന്റെ കൂടെ പങ്കെടുത്തവരുടെ പേരിലാണ് യുദ്ധത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇറാഖില്‍ കൊല്ലപ്പെട്ട 4488 അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടിയാണ് ഈ കത്ത്. യുദ്ധത്തിനിടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വിധം മാനസികമായും, ശാരീരികമായും ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് വരുന്ന എന്റെ സഹപ്രവര്‍ത്തകരുടെ പേരിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. 2004 ല്‍ സദ്ര്‍ പട്ടണത്തില്‍ വെച്ചുണ്ടായ ‘ശത്രുക്കളുടെ’ പെട്ടെന്നുള്ള ആക്രമണത്തിലായിരുന്നു എന്റെ ചലനശേഷി ഇന്ന് കാണുന്ന രൂപത്തില്‍ നഷ്ടപ്പെട്ടത്. എന്റെ ജീവിതത്തിന്റെ അന്ത്യമായിരുന്നു അത്. ഞാനിപ്പോള്‍ ഒരു ആത്മീയധ്യാന കേന്ദ്രത്തില്‍ ചികിത്സയിലാണ്.

ഇണകളെ നഷ്ടപ്പെട്ട ഭാര്യാഭര്‍ത്താക്കന്‍മാര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, സ്വന്തം ആണ്‍മക്കളെയും, പെണ്‍മക്കളെയും നഷ്ടപ്പെട്ട മാതാപിതാക്കള്‍, മാനസിക രോഗം ബാധിച്ച എന്റെ ആയിരക്കണക്കിന് വരുന്ന സഹപ്രവര്‍ത്തകരെ രാപ്പകലെന്ന് വ്യത്യാസമില്ലാതെ ശുശ്രൂഷിക്കുന്നവര്‍, ഇവര്‍ക്കെല്ലാം വേണ്ടിയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇറാഖില്‍ ബോധപൂര്‍വ്വം ചെയ്തു കൂട്ടിയതും, സ്വയം സാക്ഷിയാകേണ്ടി വന്നതുമായ ചോര മരവിക്കുന്ന ക്രൂരതകളുടെ പേരില്‍ സ്വന്തത്തോട് വെറുപ്പ് തോന്നി ആത്മഹത്യ ചെയ്ത എന്റെ സഹപ്രവര്‍ത്തകര്‍, ദിനം പ്രതി ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന ചുറുചുറുക്കുള്ള സൈനികര്‍, ഇവരുടെ പേരിലാണ് എന്റെ ഈ കത്ത്. ക്രൂരമായി കൊലചെയ്യപ്പെട്ട പത്ത് ലക്ഷത്തിലധികം വരുന്ന ഇറാഖികള്‍, എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര വരുന്ന പരിക്കേറ്റവര്‍, നിങ്ങളുടെ നശിച്ച യുദ്ധം ബാക്കിയാക്കിയ ജീവച്ഛവങ്ങള്‍, തീരാത്ത വേദനയും സങ്കടവും സഹിച്ച് ശേഷിച്ച ജീവിതം തള്ളിനീക്കുന്നവര്‍, ഇവര്‍ക്കെല്ലാം വേണ്ടിയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്.

ചെയ്തു കൂട്ടിയ കാര്യങ്ങള്‍ക്ക് ഉത്തരം ബോധിപ്പിക്കാതെ നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ചിലപ്പോള്‍ സാധിച്ചേക്കും. പക്ഷെ ഞങ്ങളുടെ കണ്ണില്‍ നിങ്ങള്‍ യുദ്ധ കുറ്റവാളികളാണ്, മോഷ്ടാക്കളാണ്, അതിലുപരി കൊലയാളികളാണ് നിങ്ങള്‍. അമേരിക്കയിലെ ആയിരക്കണക്കിന് വരുന്ന യുവാക്കളെ കൊലക്ക് കൊടുത്തവരാണ് നിങ്ങള്‍. അവരുടെ ഭാവിയാണ് നിങ്ങള്‍ കവര്‍ന്നെടുത്തത്.

മിസ്റ്റര്‍ ബുഷിനും, ചെനിക്കുമുള്ള എന്റെ അവസാനത്തെ കത്താണിത്. നിങ്ങള്‍ പറഞ്ഞ നുണകള്‍, ഇല്ലാക്കഥകള്‍, സമ്പത്തിനും ശക്തിക്കും വേണ്ടിയുള്ള അടങ്ങാത്ത ആര്‍ത്തി എന്നിവയുടെ ഗുരുതരമായ മാനുഷികവും, ധാര്‍മികവുമായ അനന്തരഫലങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കും എന്ന് കരുതിയല്ല ഇത് എഴുതുന്നത്. മറിച്ച്, ഞാന്‍ മരിക്കുന്നതിന് മുമ്പ്, ആരാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളെന്നും, എന്താണ് നിങ്ങള്‍ ചെയ്തതെന്നും ഞാനടക്കമുള്ള ആയിരക്കണക്കിന് വരുന്ന എന്റെ സഹസൈനികര്‍, ഈ രാജ്യത്തെ ദശലക്ഷകണക്കിന് വരുന്ന പൗരന്‍മാര്‍, ഇറാഖിലും മിഡിലീസ്റ്റിലുമുള്ള കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈ കത്ത്.

നിങ്ങളുടെ അധികാരസ്ഥാനങ്ങള്‍, കോടിക്കണക്കിന് ഡോളര്‍ വരുന്ന നിങ്ങളുടെ സ്വകാര്യസ്വത്ത്, നിങ്ങളുടെ പൊതുജനസമ്പര്‍ക്ക ഉപദേഷ്ടാക്കള്‍ എന്നിവക്കൊന്നും തന്നെ നിങ്ങളുടെ കപടനാട്യങ്ങളെ മറച്ച് വെക്കാന്‍ സാധിക്കില്ല. വിയറ്റ്‌നാമിലേക്ക് യുദ്ധത്തിന് പോകാതെ വീട്ടിലിരുന്ന മിസ്റ്റര്‍ ചെനിയും, ദേശീയ സൈന്യത്തില്‍ നിന്നും അനുവാദം ചോദിക്കാതെ അവധിയെടുത്ത് മുങ്ങിയ മിസ്റ്റര്‍ ബുഷുമാണ് ഞങ്ങളെ ഇറാഖിലേക്ക് യുദ്ധം ചെയ്യാനും നരകിച്ച് മരിക്കാനും അയച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിങ്ങള്‍ രണ്ടു പേരുടെയും ഭീരുത്വവും, സ്വാര്‍ത്ഥതയും തെളിഞ്ഞു കഴിഞ്ഞതാണ്. രാഷ്ട്രത്തിന് വേണ്ടി സ്വന്തം ജീവന്‍ അപകടപ്പെടുത്താന്‍ നിങ്ങള്‍ ഒരുക്കമായിരുന്നില്ല. പക്ഷെ ചവറ്റുകുട്ടയിലേക്ക് ചപ്പുചവറുകള്‍ വലിച്ചെറിയുന്ന ലാഘവത്തോടെയാണ് തികച്ചും അന്യായമായ ഒരു യുദ്ധത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് വരുന്ന യുവതികളെയും, യുവാക്കളെയും നിങ്ങള്‍ അയച്ചത്.

9/11 ലെ ആക്രമണം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈയ്യുള്ളവന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഞങ്ങളുടെ രാഷ്ട്രം ആക്രമിക്കപ്പെട്ടതു കൊണ്ടാണ് ഞാന്‍ സൈന്യത്തില്‍ സേവനമനുഷ്ടിക്കാന്‍ തീരുമാനിച്ചത്. മുവ്വായിരത്തോളം വരുന്ന എന്റെ രാജ്യത്തെ പൗരന്‍മാരെ നിഷ്‌കരുണം കൊല ചെയ്തവരോട് പ്രതികാരം ചെയ്യാനായിരുന്നു എന്റെ തീരുമാനം. സ്വന്തം അയല്‍രാജ്യങ്ങള്‍ക്ക് പോലും ഭീഷണി ഉയര്‍ത്താന്‍ കഴിയാത്ത, 2001 സെപ്റ്റംബര്‍ ആക്രമണവുമായി യാതൊരു ബന്ധവുമില്ലാത്ത ഇറാഖ് എന്ന രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യാനല്ല ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇറാഖികള്‍ക്ക് ‘സ്വതന്ത്ര്യം’ നേടിക്കൊടുക്കാനും, കൂട്ടനശീകരണായുധ നിര്‍മാണ സംവിധാനങ്ങള്‍ നശിപ്പിക്കാനും, ബാഗ്ദാദിലും മിഡിലീസ്റ്റിലും ‘ജനാധിപത്യം’ സ്ഥാപിക്കുന്നതിന് വേണ്ടിയുമായിരുന്നില്ല ഞാന്‍ സൈനിക വേഷം എടുത്തണിഞ്ഞത്. ഇറാഖ് പുനഃനിര്‍മിക്കുന്നതിന് വേണ്ടിയുമായിരുന്നില്ല അത്. ഇറാഖിലെ എണ്ണ വരുമാനം ഉപയോഗപ്പെടുത്തി ഇറാഖിനെ പുനഃനിര്‍മിക്കാമെന്നാണ് ഞങ്ങളോട് നിങ്ങള്‍ അന്ന് പറഞ്ഞിരുന്നത്. പക്ഷെ അതിന് പകരം, മൂന്ന് ലക്ഷം കോടി ഡോളറാണ് അമേരിക്കക്ക് ഈ യുദ്ധത്തിന് വേണ്ടി ചെലവായത്. ഒരു കാരണവുമില്ലാതെ ശത്രുവിനെ ആക്രമിക്കേണ്ടത് അനിവാര്യമാണെന്ന് സ്വയം അവകാശപ്പെട്ട് നടത്തിയ ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. അത്തരം യുദ്ധങ്ങള്‍ അന്താരാഷ്ട്ര നിയമമനുസരിച്ച് നിയമവിരുദ്ധമാണ്. ഇറാഖിലെ ഒരു സൈനികനെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ വിഡ്ഢിത്തങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയായിരുന്നു എന്ന് എനിക്കിപ്പോള്‍ നന്നായി അറിയാം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര പരാജയമായിരുന്നു ഇറാഖ് യുദ്ധം. മിഡിലീസ്റ്റിലെ സന്തുലിതമായ അധികാരസംവിധാനങ്ങളെ അത് ശിഥിലമാക്കി. ഇറാനെ പിന്തുണക്കുന്നതും തികച്ചും ക്രൂരവും അഴിമതി നിറഞ്ഞതുമായ ഒരു ഭരണകൂടത്തെയാണ് യുദ്ധത്തിലൂടെ നിങ്ങള്‍ ബാഗ്ദാദില്‍ പ്രതിഷ്ഠിച്ചത്. മര്‍ദ്ദനം, മരണ സ്‌ക്വാഡുകള്‍, ഭീകരത എന്നിവ ഉപയോഗിച്ചാണ് ആ ഭരണകൂടം അധികാരം ഉറപ്പിച്ചത്. പ്രദേശത്തിന് മേല്‍ ഇറാന് കൂടുതല്‍ ശക്തി സ്വാധീനം യുദ്ധം ഉണ്ടാക്കി കൊടുത്തു. ധാര്‍മികവും, നയതന്ത്രപരവും, സൈനികവും, രാഷ്ട്രീയവുമായ എല്ലാ മേഖലയിലും ഇറാഖ് സമ്പൂര്‍ണ്ണ പരാജയമായി മാറി. മിസ്റ്റര്‍ ബുഷ്, മിസ്റ്റര്‍ ചെനി, നിങ്ങളാണ് ഈ യുദ്ധം തുടങ്ങി വെച്ചത്. ഇതിന്റെ അനന്തരഫലങ്ങള്‍ക്ക് നിങ്ങളാണ് ഉത്തരവാദികള്‍.

കിടക്കയിലേക്ക് ഒന്ന് ചായാന്‍ പോലും എനിക്കിപ്പോള്‍ കഴിയുന്നില്ല. വേദനാസംഹാരികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്റെ ശരീരം. ജീവിതം കൈവിട്ടുപോയി കൊണ്ടിരിക്കുകയാണ്. എണ്ണകമ്പനികളേക്കാള്‍ വര്‍ദ്ധിച്ച തോതിലുള്ള നിങ്ങളുടെ ആര്‍ത്തി, സൗദി അറേബ്യയിലെ എണ്ണ ശൈഖുമാരുമായുള്ള നിങ്ങളുടെ കൂട്ടുകച്ചവടം, നിങ്ങളുടെ ഹിംസാത്മകമായ സാമ്രാജ്യത്വ സ്വപ്‌നങ്ങള്‍ എന്നിവക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഞാനടക്കം, പിഞ്ചുകുഞ്ഞുങ്ങളടക്കം, ആയിരക്കണക്കിന് വരുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ് ഞാനിന്ന് ശബ്ദിക്കുന്നത്. അംഗവൈകല്യം സംഭവിച്ച എന്റെ മറ്റ് സഹപ്രവര്‍ത്തകരെ പോലെ തന്നെ ഞാനും അധികൃതരുടെ കാര്യക്ഷമമല്ലാത്തതും, ദുഃസ്സഹവുമായ പരിചരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഞങ്ങളുടെ മാനസികവും ശാരീരികവുമായ മുറിവുകളില്‍ നിങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ ആരും തന്നെ ഞങ്ങളുടെ കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ല. ഞങ്ങള്‍ ഉപയോഗിക്കപ്പെടുകയായിരുന്നു. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. അവഗണനകള്‍ക്കിരയാവേണ്ടി വന്നു.

മിസ്റ്റര്‍ ബുഷ്, നിങ്ങള്‍ ഒരു യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസിയല്ല. ഒരു ക്രിസ്ത്യാനിയുടെ വേഷം ധരിച്ചെത്തിയ കപടനാണ് നിങ്ങള്‍. കള്ളം പറയുന്നത് പാപമല്ലേ? കൊലപാതകം പാപമല്ലെ? കൊള്ളയും സ്വാര്‍ത്ഥമായ ആഗ്രഹങ്ങളും പാപങ്ങളല്ലേ? ഞാനൊരു ക്രിസ്തുമത വിശ്വാസിയല്ല. പക്ഷെ ക്രിസ്തുമത മൂല്യങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളോട് കാണിച്ച അക്രമങ്ങളൊക്കെയും ആത്യന്തികമായി നിങ്ങള്‍ നിങ്ങളുടെ സ്വന്തത്തോട് തന്നെയാണ് ചെയ്തിരിക്കുന്നത്. എന്റെ വിചാരണ നാള്‍ എന്റെ കര്‍മങ്ങള്‍ അനുസരിച്ചിരിക്കും. നിങ്ങളുടേത് തീര്‍ച്ചയായും വന്നു ഭവിക്കുക തന്നെ ചെയ്യും. നിങ്ങളും അന്ന് വിചാരണ ചെയ്യപ്പെടും. ജീവിച്ച് കൊതിതീരാത്ത എന്നോടും എന്നെ പോലുള്ള മറ്റനേകം പേരോടും നിങ്ങള്‍ കാണിച്ച കൊടും ചെയ്തികളെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് ധാര്‍മിക ശക്തിയുണ്ടാവട്ടെ എന്ന് നിങ്ങളുടെ നന്മയെ മുന്‍നിര്‍ത്തി ഞാന്‍ ആഗ്രഹിക്കുന്നു. മിസ്റ്റര്‍ ബുഷ്, ഭൂമിയില്‍ നിങ്ങളുടെ സമയം അവസാനിക്കുന്നതിന് മുമ്പ്, എന്റേത് അവസാനിച്ചു കൊണ്ടിരിക്കുകയാണ്, അമേരിക്കന്‍ പൊതുസമൂഹത്തിനും, ഇറാഖ് ജനതക്കും മുമ്പാകെ എഴുന്നേറ്റ് നിന്ന് അവരോട് ചെയ്ത കൊടും പാപങ്ങളുടെ പേരില്‍ മാപ്പപേക്ഷിക്കാനുള്ള തന്റേടം നിങ്ങള്‍ കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.

തോമസ് യംങിന്റെ അവസാനത്തെ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കാരണം ധാര്‍മികത എന്താണെന്ന് രാഷ്ട്രീയ നേതൃത്വത്തിന് അറിയില്ല. ഒരു യൂറോപ്യനെ സംബന്ധിച്ച്, അമേരിക്കന്‍ നീതിനിര്‍വഹണ സംവിധാനം ലക്ഷണം കെട്ട ഒന്നാണ്. കറുത്ത വര്‍ഗക്കാര്‍ അകാരണമായി ജയിലടക്കപ്പെടുന്നു. അതേസമയം കുറ്റവാളികളായ വെളുത്ത വര്‍ഗക്കാര്‍ ശിക്ഷിക്കപ്പെടാതെ അനായാസം രക്ഷപ്പെടുന്നു. അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ അയക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷങ്ങളാണ്. യംങിന്റെയും, മറ്റ് 4488 അമേരിക്കന്‍ സൈനികരുടെയും മരണം ഒരു പ്രതികരണവും സൃഷ്ടിക്കാതെ വിസ്മരിക്കാന്‍ പാടില്ല. നീതി നടപ്പിലാവുക തന്നെ വേണം.

ഡോ. ലുഡ്‌വിഗ് വട്‌സല്‍ ജര്‍മനിയിലെ ബോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

കടപ്പാട് : countercurrents.org

Related Articles