Current Date

Search
Close this search box.
Search
Close this search box.

ബഹുഭാര്യത്വത്തിന്നു വേണ്ടി കോളജ് കുമാരികള്‍!

‘സഊദി ഗസറ്റ്’ എന്ന സഊദി പത്രം രസകരമായൊരു വാര്‍ത്ത അടുത്തായി പ്രസിദ്ധീകരിച്ചിരിക്കുന്നു. കുറെ കോളജ് കുമാരികള്‍ ബഹുഭാര്യത്വത്തിന്നു വേണ്ടി കാമ്പെയിന്‍ നടത്തുന്നുവെന്നതത്രെ അത്. ‘ടിറ്ററാ’യിരുന്നു അവര്‍ തങ്ങളുടെ പ്രചാരണ മാധ്യമമായി കണ്ടെത്തിയത്. ശാരീരികവും സാമ്പത്തികവുമായി കഴിവുള്ളവര്‍, ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കണമെന്നായിരുന്നു പുരുഷ ലോകത്തോടുള്ള അവരുടെ സന്ദേശം. പുരുഷന്മാരില്‍ നിന്നായിരുന്നു ഈ സന്ദേശം പുറപ്പെട്ടിരുന്നതെങ്കില്‍, രാജ്യം ഇളകി മറിയുമായിരുന്നു. മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും കുറെ കാലത്തേക്ക് വിഭവമായി കഴിഞ്ഞേനെ. ബഹുഭാര്യത്വം അംഗീകരിക്കുന്ന ഇസ്‌ലാമിനെ പോലുള്ള മതങ്ങള്‍ക്ക് ‘രണ്ട് കൊട്ടു കൊടുക്കാന്‍’ നല്ലൊരവസരമായിരിക്കുമല്ലോ, തദ്വാരാ, ലബ്ധമാകുക. ‘രണ്ടും മൂന്നും നാലും കെട്ടിക്കൂട്ടുന്നു’വെന്നാണല്ലോ, നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ക്ക്, ഇസ്‌ലാമിന്റെ അനുയായികളെ കുറിച്ച് ആക്ഷേപിക്കാനുള്ളത്. ഇസ്ലാമിനോടു താല്‍പര്യം ജനിക്കുന്ന പല അമുസ്‌ലിം സഹോദരിമാര്‍ക്കും, ഇസ്‌ലാമാശ്ലേഷത്തിന്ന് തടസ്സം നിന്നത് പലപ്പോഴും ഈ ‘കെട്ടിക്കൂട്ടല്‍’ ആയിരുന്നുവെന്നതാണ് സത്യം. തീവ്രവാദം, ഭീകരവാദം പോലുള്ള ഒരു വെറുക്കപ്പെട്ട വാക്കായി തീര്‍ന്നിരിക്കുകയാണല്ലോ ഈ പദം.

ആ വശമിരിക്കട്ടെ. ഇവിടെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വന്നത് സ്്ത്രീകള്‍ തന്നെയാണ്. ബഹു ഭാര്യത്വം വഴി, ‘വൃദ്ധകന്യകത്വ'(Spinsterhood)ത്തിന്റെ വളര്‍ച്ചാ നിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് അവരുടെ ന്യായം. വൃദ്ധകന്യക നിരക്കോ? ഒരു പക്ഷെ, നമുക്ക് സുപരിചിതമല്ലാത്ത ഒരു പ്രയോഗം! വിവാഹ പ്രായം കഴിഞ്ഞിട്ടും ഒരു ഭര്‍ത്താവിന്റെ നിഴല്‍ പോലും കാണാന്‍ കഴിയാത്ത യുവതികളുടെ എണ്ണം പെരുകുന്നത് കാണാന്‍ കഴിയാതെ, സാമൂഹ്യ സംസ്‌കരണത്തിന്നും പരിഷ്‌കരണത്തിന്നും ഇറങ്ങി തിരിക്കുന്ന നമുക്കത് മനസ്സിലാക്കാന്‍ കഴിയാതാവുക സ്വാഭാവികം.

2011 ല്‍, സഊദിയിലെ Ministry of Economic and Planning നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ടു വന്നത്. 30 കഴിഞ്ഞ അവിവാഹിതകളുടെ എണ്ണം 1,529,418 അത്രെ. എന്നാല്‍ നമ്മുടെ, അമ്പരപ്പിനെ ശതഗുണീഭവിപ്പിക്കുന്ന മറ്റൊരു കാര്യം, ഇക്കാര്യത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്, ഇസ്‌ലാമിന്റെ ഈറ്റില്ലമായ മക്കയാണെന്നതാണ്. അവിടത്തെ, അവിവാഹിതകളുടെ എണ്ണം 396,248. യഥാക്രമം, 327,427 ഉം 228,093 ഉം അവിവാഹിതകളെ വച്ചുകൊണ്ടിക്കുന്ന രിയാദും പൗരസ്ത്യ പ്രവിശ്യകളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കുന്നുവെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഉയര്‍ന്ന സ്തീധനത്തോതും മോശപ്പെട്ട സാമ്പത്തികാവസ്ഥകളുമാണ് ഈ വര്‍ദ്ധനക്ക് കാരണമെന്നും അത് ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീധനം! കേള്‍ക്കുമ്പോഴെക്കും നമ്മുടെ നെറ്റി ചുളിയും. സമൂഹത്തിലെ ‘പിശാചാ’യാണല്ലോ നാം അതിനെ കാണുന്നത്. വിവാഹത്തോടനുബന്ധിച്ച്, വധു വരന്ന് നല്‍കുന്ന ധനമാണ് നമ്മുടെ സ്ത്രീധനം! കൊടുക്കാന്‍ സ്ത്രീ ഒരിക്കലും ബാധ്യസ്തയല്ലാത്തതും, പുരുഷന്ന് വാങ്ങാന്‍ ഒരിക്കലും അര്‍ഹതയില്ലാത്തതുമായ ധനം! ഇതാണ് നമ്മുടെ സമൂഹത്തിലെ സ്ത്രീവിഭാഗത്തെ നരകീയ യാതനയിലേക്കു നയിക്കുന്നത്.

എന്നാല്‍ സഊദിയിലെ സ്ത്രീധനം അതല്ല.  സ്ത്രീക്ക് പുരുഷന്‍ നല്‍കാന്‍ ബാധ്യസ്തമായൊരു ധനമത്രെ അത്. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന്ന് മഹര്‍ – വിവാഹമൂല്യം – എന്നു പറയുന്നു. അത് അവളുടെ അവകാശമാണ്. അതിന്റെ അഭാവത്തില്‍, അവളെ സമീപിക്കാന്‍ പുരുഷന്ന് അവകാശവും അനുവാദവുമില്ല. ഈ വിവാഹ മൂല്യമാണ് സഊദിയെ വിഷമിപ്പിക്കുന്നത്. അതെ, ഇസ്‌ലാമിക ശരീഅത്ത് കല്‍പിക്കുന്ന ഈ മൂല്യം സഊദിയില്‍ വൃദ്ധകന്യകത്വം (Spinsterhood) വര്‍ദ്ധിപ്പിക്കുന്നു.  

അതെ, ഒരു സ്ത്രീയെ കല്യാണം കഴിക്കണമെങ്കില്‍, വമ്പിച്ചൊരു ധനം പുരുഷന്‍ അവള്‍ക്ക് മൂല്യമായി നല്‍കണം. ഇന്ന് അത്, സാധാരണക്കാരന്നു സഹിക്കാന്‍ കഴിയാത്ത ഒരു ഭാരമായി കഴിഞ്ഞിരിക്കുന്നു. പക്ഷെ, അതിന്റെ കുറ്റം ഇസ്‌ലാമില്‍ അടിച്ചേല്‍പിക്കാന്‍ പറ്റില്ല. ഭാര്യക്ക് സാക്ഷരത ഉണ്ടാക്കുകയോ, അല്ലെങ്കില്‍, ഒരു ഇരുമ്പ് മോതിരമെങ്കിലും അണിയിയിക്കുകയോ ചെയ്യുന്നത്, വിവാഹമൂല്യമായി അംഗീകരിച്ച പ്രവാചകന്റെ അനുയായികള്‍, അക്ഷരങ്ങള്‍ക്കും അഹന്തക്കും മുന്‍ഗണന കല്‍പിക്കുക വഴി, അതൊരു ഭീമ സംഖ്യയായി ഉയര്‍ന്നുവെന്നതാണ് കുഴപ്പം.

ഇത് പുരുഷനെയാണല്ലോ വിഷമിപ്പിക്കുക. ഭാര്യക്ക് ധനം കിട്ടുകയാണല്ലോ എന്ന സംശയം സ്വാഭാവികം. പെണ്‍കുട്ടികള്‍ക്ക് ഈ ധനം നല്‍കാന്‍ പുരുഷന്നു കഴിയുന്നില്ല. അതിനാല്‍ തന്നെ, അവന്‍ നിത്യ ബ്രഹ്മചാരിയായി കഴിയാന്‍ നിര്‍ബന്ധിതനാകുന്നു. പക്ഷെ, സഞ്ചാരിയായ അറബിയെ സംബന്ധിച്ചിടത്തേടത്തോളം, ഈ ഏടാകൂടത്തെ മറികടക്കാന്‍ മറ്റൊരു മാര്‍ഗം തുറന്നു കിടപ്പുണ്ട്. നമ്മുടേത് പോലുള്ള രാജ്യങ്ങളില്‍, പുരുഷന്ന് ഭാരിച്ച ധനം – സ്ത്രീധനം – നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍, ആജീവനാന്തം അവിവാഹിതകളായി തീരാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം അത്ര കുറവല്ലല്ലോ. മാധ്യമങ്ങളുടെയോ, ചാനലുകാരുടെയോ, അത് വഴി ഉത്തരവാദിത്തപ്പെട്ടവരുടെയോ, ശ്രദ്ധ ആ വഴിക്ക് തിരിയുന്നില്ലെന്നു മാത്രം. ഇത് മനസ്സിലാക്കിയ അറബി യുവാവ് – പലപ്പോഴും അയാള്‍ വൃദ്ധനായി കഴിഞ്ഞിട്ടുണ്ടായിരിക്കും – ഒരു വിസ സംഘടിപ്പിച്ച്, നമ്മുടേത് പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഏതെങ്കിലും യതീംഖാനയിലെയോ, ദരിദ്ര കുടുംബങ്ങളിലെയോ, യുവതികളെ കല്യാണം കഴിച്ചു നാടു വിടുന്നു. പുരുഷധനം (നമ്മുടെ നാട്ടിലെ സ്ത്രീധനം) അയാള്‍ക്ക് ആവശ്യമില്ല. തന്റെ നാട്ടിലുള്ളതിന്റെ എത്രയോ ശതമാനം കുറഞ്ഞ വിവാഹമൂല്യമേ അയാള്‍ നല്‍കേണ്ടതുള്ളു താനും. ദുരുപയോഗങ്ങളെ അവഗണിച്ചാല്‍, ഇവിടെ, പുരുഷന്നും സ്ത്രീക്കും ആശ്വാസം!

പക്ഷെ, പ്രശ്‌നം വീണ്ടും അവശേഷിക്കുന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ട പുരുഷന്മാരാണ് ഇത് വഴി അറബി പെണ്‍കുട്ടികള്‍ക്ക് വിനഷ്ടമാകുന്നത്. അത് കാരണം നിത്യ കന്യകത്വം സ്വീകരിക്കുക മാത്രമേ അവര്‍ക്ക് നിര്‍വാഹമുള്ളു. ഏതായാലും പുരുഷധനത്തിന്റെയും സ്ത്രീധന തോത് വര്‍ദ്ധനയുടെയും ഇരകള്‍ പെണ്‍കുട്ടികള്‍ തന്നെ.

ഈ വസ്തുത മനസ്സിലാക്കി, പരിഹാരത്തിന്നു വേണ്ടി രംഗത്തിറങ്ങുകയാണ്, യഥാര്‍ത്ഥത്തില്‍, ഇരു രാജ്യങ്ങളിലെയും പണ്ഡിതന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍, ചാനലുകള്‍ എന്നിവയുടെ ധര്‍മ്മം. പ്രശ്‌നത്തിന്റെ ഏതെങ്കിലും അരിക് പറ്റി ബഹളം വെക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളുവെന്നതാണ് അനുഭവം.

Related Articles