Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശില്‍ സംഭവിക്കുന്നത്

ബംഗ്ലാദേശില്‍ ടെക്‌നിക്കല്‍ മേഖലയില്‍ തല്‍പരരായ യുവതലമുറയുടെ നേതൃത്വത്തില്‍, സമൂഹത്തിന്റെ എല്ലാ മേഖലയിലുമുളള ജനങ്ങള്‍ ഇന്ന് തെരുവില്‍ സമരം ചെയ്യുകയാണ്. 1971 ലെ യുദ്ധക്കുറ്റത്തിന് ഉത്തരവാദികളായവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നതാണ് ഫെബ്രുവരി 5 മുതല്‍ ധാക്കയുടെ മധ്യത്തില്‍ ശഹ്ബാഗ് സ്‌ക്വയറില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ മുഖ്യമായ ആവശ്യം. 9 മാസം നീണ്ടു നിന്ന നൂറുകണക്കിനാളുകള്‍ മരിക്കാനിടയായ യുദ്ധത്തില്‍ പാക് സൈന്യത്തിന് സഹായം ചെയ്ത് കൊടുത്തവരുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളും നേതാക്കളും ഉള്‍പ്പെട്ടിരുന്നെന്ന് പറയപ്പെടുന്നു. നാല്‍പതു വര്‍ഷത്തിനിപ്പുറം ഇന്നു രാജ്യത്തെ നാലാമത്തെ വലിയ പാര്‍ട്ടിയും പ്രതിപക്ഷത്തെ മുഖ്യ പങ്കാളിയുമാണ് ജമാഅത്തെ ഇസ്‌ലാമി. അതിന്റെ നേതാക്കള്‍ രാജ്യത്ത് ശക്തമായ സ്വാധീനമുളള സാമൂഹിക പ്രവര്‍ത്തകരാണിന്ന്. ശഹ്ബാഗ് പ്രതിരോധത്തിനും മതേതര രാഷ്ട്രീയത്തിനും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നല്ല മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ട്.

എന്നാല്‍ ഇവിടെ ചര്‍ച്ചയില്‍ വരേണ്ടുന്ന ചില വിഷയങ്ങള്‍ കൂടിയുണ്ട്. യുദ്ധക്കുറ്റത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജമാഅത്ത് ലീഡര്‍ അബ്ദുല്‍ ഖാദര്‍ മുല്ലയുടെ വധശിക്ഷ ആവശ്യപ്പെട്ടു കൊണ്ടാണ് ഈ പ്രക്ഷോഭം ആരംഭിക്കുന്നത്. ഈ ആവശ്യം അന്താരാഷ്ട്ര വിചാരണക്കോടതി എന്ന പേരില്‍ പ്രാദേശികമായി രൂപം നല്‍കിയ രണ്ടു കോടതികളുടെ വിധിയില്‍ ചില വീണ്ടുവിചാരങ്ങള്‍ ആവശ്യപ്പെടുന്നു.

മുല്ലയുടെ വിചാരണയുടെ മൂന്നു വശങ്ങള്‍
കഴിഞ്ഞ വര്‍ഷം അവസാനം എകണോമിസ്റ്റ് മാഗസിന്‍ പുറത്തു വിട്ട രണ്ടിലൊരു വിചാരണക്കോടതിയുടെ അദ്ധ്യക്ഷനും പ്രോസിക്യൂഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബംഗ്ലാദേശ് അഭിഭാഷകനും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണങ്ങളും ഇ-മെയില്‍ ബന്ധങ്ങളും സൂചിപ്പിക്കുന്നത് കോടതി വിധികളുടെ പകര്‍പ്പ് ഈ മൂന്നു പേര്‍ക്കിടയില്‍ കൈമാറ്റം ചെയ്തിരുന്നു എന്നാണ്. ഇതിനെത്തുടര്‍ന്ന് ജഡ്ജി മുഹമ്മദ് നിസാമുല്‍ ഹഖ് രാജി വച്ചു. പുതിയ കോടതി രൂപീകരിച്ചു. പക്ഷെ പുനര്‍വിചാരണക്ക് വേണ്ടിയുളള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. അനധികൃതമായി നടന്ന ഈ സംഭാഷണങ്ങളും ഇ-മെയിലുകളും കോടതി വേണ്ടത്ര ഗൗരവത്തിലെടുത്തില്ല.
മുല്ലയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന കോടതി ഇത്തരം അവിഹിത ഇടപാടുകള്‍ കൊണ്ട് മോശമാക്കപ്പെട്ടിട്ടില്ല എങ്കില്‍ പോലും അദ്ദേഹത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെടുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന വിചാരണയിലെ മൂന്ന് വശങ്ങളുണ്ട്. ഒന്നാമതായി വിചാരണ നിരന്തരമായി ശ്രദ്ധിക്കുകയും വിധി വായിക്കുകയും ചെയ്യുന്ന ആര്‍ക്കും അറിയാവുന്ന ഒരു വസ്തുതയുണ്ട്. അദ്ദേഹത്തിനെതിരെ ശിക്ഷ വിധിക്കുന്നതിനായി കോടതി ഉന്നയിച്ച കൃത്യമായ തെളിവുകള്‍ യഥാര്‍ഥത്തില്‍ പര്‍വതീകരിക്കപ്പെട്ട തെളിവുകള്‍ക്കപ്പുറം മറ്റൊന്നുമായിരുന്നില്ല. രണ്ട് അന്വേഷണോദ്യോഗസ്ഥരുടെ സാക്ഷ്യങ്ങളെ അവഗണിച്ച കോടതി എട്ട് സാക്ഷികളെ മാത്രമേ അദ്ദേഹത്തിനെതിരെ ശിക്ഷ വിധിക്കാന്‍ ആശ്രയിച്ചുളളൂ. മൊത്തം അഞ്ച് തെളിവുകള്‍ കേന്ദ്രീകരിച്ചാണ് വിധി പറഞ്ഞതെങ്കില്‍ അതിലെല്ലാം തന്നെ പ്രതിഭാഗത്തിന് സാധ്യതകളുളള ഒട്ടേറെ വശങ്ങളുണ്ട്.
അതില്‍ മൂന്ന് തെളിവുകളും കേട്ടറിവ് അടിസ്ഥാനമാക്കിയാണ് സാക്ഷ്യം പറഞ്ഞിട്ടുളളത്. സാക്ഷികളായി വരുന്നവര്‍ക്കാര്‍ക്കും തന്നെ പ്രത്യേകമായി ആരേയും കുറിച്ച് വ്യക്തമായി പറയാന്‍ കഴിഞ്ഞിരുന്നില്ല. മറ്റൊരു കാര്യം ബലാല്‍സംഗ, കൊലപാതകക്കേസില്‍ സാക്ഷ്യം പറഞ്ഞത് അന്ന് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു എന്നതാണ്. കുട്ടിയാകട്ടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇതല്ലാതെ മറ്റൊരു തെളിവും ഈ വിഷയത്തിലില്ല.
രണ്ടാമതായി വിചാരണക്കോടതി പ്രതിഭാഗത്തിന് തന്റെ ഭാഗത്തെ സാക്ഷികളായി ആറു പേരെ മാത്രമേ കൊണ്ടു വരാന്‍ അനുവാദം നല്‍കിയുളളൂ. എന്നാല്‍ പ്രോസിക്യൂഷന് എത്രയാളെ വേണമെങ്കിലും കൊണ്ടു വരാമായിരുന്നു. ഇത് പ്രതിയുടെ അവകാശത്തെ നിഷേധിക്കുന്ന സമീപനമായിരുന്നു.
മൂന്നാമതായി മുല്ലയുടെ വിഷയത്തില്‍ കോടതിയുടെ കണ്ടെത്തലുകളില്‍ അവ്യക്തതയുണ്ട് എന്നു കാണാം. അദ്ദേഹം വ്യക്തിപരമായി ഇത്തരമൊരു കൊലപാതകത്തിനോ, ബലാല്‍സംഗത്തിനോ കല്‍പന കൊടുത്തതിനോ, പങ്കെടുത്തതിനോ തെളിവില്ല. എന്നാല്‍ അത്തരം പ്രവര്‍ത്തനം നടത്തിയവരുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു എന്ന അനുമാനത്തിലാണ് അദ്ദേഹത്തിനെതിരെ ശിക്ഷ വിധിക്കുന്നത്. ഈ കണ്ടെത്തലുകള്‍ സംശയലേശമന്യേ വളരെ ഗുരുതരമാണെന്നിരിക്കെ, അതോടൊപ്പം വിചാരണക്കോടതിയുടെ നടപടിക്രമങ്ങളിലെ വിശ്വാസ്യതക്ക് മങ്ങലേറ്റിരിക്കെ മുല്ലക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം എത്രമാത്രം നീതിയുക്തമാണ്.                                
കടപ്പാട് : http://www.thehindu.com/

വിവ: അതീഖ് റഹ്മാന്‍

Related Articles