Current Date

Search
Close this search box.
Search
Close this search box.

ഫാഷിസം ചിറക് വിടര്‍ത്തി തുടങ്ങിയോ?

1939 ല്‍ പുറത്തിറങ്ങിയ ‘നമ്മള്‍, അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘിന്റെ (ആര്‍.എസ്.എസ്) താത്വികാചാര്യനായ എം.എസ് ഗോള്‍വല്‍ക്കര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു :  ‘ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാന്‍ പഠിക്കുകയും ഹിന്ദു സംസ്‌ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനില്‍പ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കില്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയാം, ഒരു പൗരന്റെ അവകാശം പോലും ലഭിക്കാതെ.’ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് അശോക് സിംഗാള്‍ ഈയിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍വല്‍ക്കര്‍ പറഞ്ഞുവെച്ച കാര്യങ്ങള്‍ മറ്റൊരു രൂപത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി.

ഗോള്‍വല്‍ക്കറിന് ശേഷം 75 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കാവി രാഷ്ട്രീയത്തിന്റെ ലോകകാഴ്ച്ചപ്പാടിലുണ്ടായിട്ടുള്ള ചെറിയ മാറ്റങ്ങള്‍ സിംഗാളിന്റെ പുതിയ പ്രസ്താവനയില്‍ കാണാം. പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍, കൂടുകയോ കുറയുകയോ ചെയ്യാതെ, മുസ്‌ലിംകള്‍ക്ക് വകവെച്ചു നല്‍കുമെന്നാണ് അശോക് സിംഗാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ മുസ്‌ലിംകള്‍ ഹിന്ദു ആചാരങ്ങളെ ആദരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അദ്ദേഹവും തറപ്പിച്ച് പറയുന്നു. മുസ്‌ലിംകള്‍ ഹിന്ദുക്കളെ എതിര്‍ക്കാന്‍ നിന്നാല്‍ അവര്‍ക്ക് പിന്നെ നിലനില്‍പ്പുണ്ടാകില്ലെന്നും സിംഗാള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഗോള്‍വല്‍ക്കറിനെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്ക് പൗരാവകാശങ്ങള്‍ വകവെച്ച് നല്‍കാന്‍ സിംഗാള്‍ തയ്യാറാകുന്നുണ്ടെങ്കിലും ഹിന്ദുക്കളെ ആദരിക്കണമെന്ന നിലപാടില്‍ ഇരുവരും ഒരേ അഭിപ്രായക്കാരാണ്. അതേസമയം, രാജ്യത്ത് മുസ്‌ലിംകളുടെ നിലനില്‍പ്പ് ഹിന്ദുക്കളോടുള്ള അവരുടെ ആദരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന വ്യംഗ്യമായ ഭീഷണിയും വി.എച്ച്.പി നേതാവ് നടത്തുന്നുണ്ട്.

മറ്റുചില മുന്നറിയിപ്പുകളും സിംഗാള്‍ കൂട്ടത്തില്‍ നടത്തുന്നുണ്ട്. മുസ്‌ലിംകള്‍ അയോധ്യയിലെയും വാരണാസിയിലെയും മധുരയിലെയും മസ്ജിദുകളുടെ മേലുള്ള അവകാശ വാദം ഉപേക്ഷിക്കുകയും ഏക സിവില്‍ കോഡ് അംഗീകരിക്കുകയും വേണം എന്നാണത്. അയോധ്യക്ക് പുറമെ വാരണാസിയും മധുരയും എടുത്ത് പറഞ്ഞതിലൂടെ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ഹിന്ദുത്വ-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുഴക്കിയിരുന്ന മുദ്രവാക്യം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് സിംഗാള്‍ ശ്രമിച്ചിരിക്കുന്നത്. ‘ഇത് ആദ്യത്തേത് മാത്രമാണ്, അടുത്തത് കാശിയും മധുരയുമാണ്’ എന്നായിരുന്നു അന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രവാക്യം.

ഗോള്‍വല്‍ക്കറിന് വിരുദ്ധമായി മുസ്‌ലിംകള്‍ക്ക് ‘സ്‌നേഹം’ വാഗ്ദാനം ചെയ്യുക മാത്രമല്ല, വേറെയും ചില മാറ്റങ്ങള്‍ കൂടി സിംഗാളിന്റെ പ്രസ്താവനകളിലുണ്ട്. ‘മദ്ധ്യകാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിന്റെ മുകളില്‍ നിര്‍മ്മിച്ച നിരവധി പള്ളികള്‍ ഇവിടെ ഉണ്ടെങ്കിലും ഇനിയും പള്ളിതകര്‍ക്കാനുള്ള ആഹ്വാനങ്ങളുണ്ടാകില്ലെന്നും’ സിംഗാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. തൊണ്ണൂറുകളില്‍ രാജ്യത്ത് മുഴങ്ങിക്കേട്ട ‘മൂന്നല്ല ആയിരെണ്ണം, ഒരൊറ്റ വിശുദ്ധ ഗേഹവും അവശേഷിപ്പിക്കില്ല’ എന്ന മുദ്രവാക്യം ഇപ്പോഴും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലെന്ന സൂചനയാണ് സിംഗാളിന്റെ ഈ പ്രസ്താവന നല്‍കുന്നത്.

‘ഇന്ത്യയുടെ ഇസ്‌ലാമികവല്‍ക്കരണം’ തടയാന്‍ ശേഷിയുള്ള ഏക നേതാവ് മോദിയാണെന്ന് മുമ്പേ പ്രഖ്യാപിച്ച ആളാണ് അശോക് സിംഗാള്‍. മോദിയുടെ വിജയത്തോടെ ‘ഭരണഘടനാപരമായ നടപടികളിലൂടെ’ തന്നെ തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് സിംഗാള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അഥവാ, സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നുള്ള രക്ഷയാണ് പൊതുജനം മോദി സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍, ബി.ജെ.പി ഭരണത്തെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള മാര്‍ഗമായിട്ടാണ് സംഘ്പരിവാര്‍ ലോബി കണക്കാക്കുന്നത്. രണ്ട് റോളും ഒരുമിച്ച് നിര്‍വഹിക്കാന്‍ ഏതായാലും ബി.ജെ.പി സര്‍ക്കാര്‍ കുറച്ചധികം പ്രയാസപ്പെടേണ്ടി വരും. എങ്കിലും, ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 370 ലും വ്യാപക ചര്‍ച്ചക്ക് തുടക്കമിട്ടതിലൂടെ സംഘ് ലോബിയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് അനുകൂലിയെ നിയമിക്കുക വഴി, മുന്‍ മാനവ വിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി പൂര്‍ത്തിയാക്കാതെ വിട്ട ഇന്ത്യന്‍ ചരിത്രത്തിന്റെ തിരുത്തി എഴുത്ത് പുനരാരംഭിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കഴിവുറ്റ നേതൃത്വത്തിന്റെ അഭാവമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ചതെങ്കില്‍, സംഘ്പരിവാറിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍ സമാനമായ പരാജയം തന്നെയായിരിക്കും ബി.ജെ.പിയും നേരിടേണ്ടി വരിക. ആര്‍.എസ്.എസിന്റെയും സമാന സംഘടനകളുടെയും പിന്‍ബലത്തിലാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെങ്കിലും, രാജ്യത്ത് കലാപങ്ങളുണ്ടാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് പൊതുജനത്തിന് കൃത്യമായ ബോധ്യമുണ്ട്. അതിനാല്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സംഘ് കൂട്ടുക്കെട്ട് ബി.ജെ.പിക്ക് കൂടുതല്‍ ദോഷം ചെയ്യും.

തൊണ്ണൂറുകളില്‍ സംഘ്പരിവാറിനകത്തെ മിതവാദികളും തീവ്രവാദികളും ഏറെക്കുറെ ഒരുമിച്ച് പോയിരുന്നു. വാജ്‌പേയിയെ പോലുള്ള മിതവാദികളായിരുന്നു അന്ന് നേതൃസ്ഥാനത്തുണ്ടായിരുന്നത്. വാജ്‌പേയിയുടെ ഈ മിതവാദ നിലാപടിലുള്ള അതൃപ്തി കാരണമാണ് 2005 ല്‍ അന്നത്തെ ആര്‍.എസ്.എസ് നേതാവായിരുന്ന കെ.എസ് സുദര്‍ശന്‍ വാജ്‌പേയിയോടും അദ്വാനിയോടും സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സിംഗാളിന്റെ തന്നെ അഭിപ്രായപ്രകാരം മോദി ‘തികവുറ്റ സ്വയംസേവക്’ ആണ്. അതുകൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രമെന്ന തങ്ങളുടെ സ്വപ്‌നം പൂര്‍ത്തീകരിക്കരത്തിനുള്ള പിന്തുണയാണ് അവര്‍ മോദിയില്‍ നിന്നും പ്രതീക്ഷിക്കുന്നതും.

Related Articles