Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ; അറബികളുടെ മൗനം ആഘോഷിക്കുയാണ് ഇസ്രയേല്‍

കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ കാണിക്കാന്‍ ഫലസ്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായിരുന്നു അധിനിവിഷ്ട നാടുകളില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈയടുത്ത് നടത്തിയ സന്ദര്‍ശനം. ഇറാനുമായുണ്ടാക്കിയ പ്രാഥമിക ആണവ കരാറിന്റെ പേരില്‍ ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായ വിമര്‍ശനവും അനിഷ്ടവും ഇതിലൂടെ ഇല്ലാതാക്കാനാണ് കെറി ശ്രമിക്കുന്നത്. ജോണ്‍ കെറിയും ഫലസ്തീന്‍ പ്രസിഡന്റ് അബ്ബാസും നടത്തിയ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്ത പി.എല്‍.ഒ എക്‌സിക്യൂട്ടീവ് അംഗം യാസിര്‍ അബ്ദുറബ്ബ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്.

വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ പണിത കുടിയേറ്റ കേന്ദ്രങ്ങള്‍ നിലനിര്‍ത്തുകയും അവ ഇസ്രയേലിന്റെ ഭാഗമാക്കുകയും ചെയ്യുക, ഫലസ്തീന്റെ കിഴക്കന്‍ അതിര്‍ത്തിയായ ജോര്‍ദാന്‍ താഴ്‌വരയുടെ ആധിപത്യം നിലനിര്‍ത്തുക തുടങ്ങിയ കെറി മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം സമര്‍പ്പിച്ചിരിക്കുന്നത് താല്‍ക്കാലിക ഉടമ്പടിയുടെ പരിധിയില്‍ പെടുത്തിയാണ്. അന്തിമമായ പരിഹാരം ഇനിയും നീട്ടിവെച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങളും അതിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. കുടിയേറ്റം നടത്തിയ പ്രദേശങ്ങള്‍ ഇസ്രയേലിന്റെ ഭാഗമാക്കിയ ശേഷം വെസ്റ്റ്ബാങ്കിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലും ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കുമെന്നും കിഴക്കന്‍ ജറൂസലേം ഇസ്രയേല്‍ നിയന്ത്രണത്തിലായിരിക്കുമെന്നതും താല്‍ക്കാലിക കരാറിന്റെ വൃത്തത്തിലുള്ളതാണ്.

ഇറാനുമായി അമേരിക്കയടക്കമുള്ള ആറ് വന്‍ശക്തികള്‍ ആണവവിഷയത്തില്‍ പ്രാഥമിക കരാര്‍ ഒപ്പുവെച്ചപ്പോള്‍ അതിനെതിരെ ശക്തമായ ഭാഷയിലാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ‘ചരിത്രപരമായ അപരാധം’ എന്നാണതിനെ അവര്‍ വിശേഷിപ്പിച്ചത്. ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിന് ഭീഷണിയാണെന്നും അവര്‍ അറിയിച്ചതാണ്. ഇസ്രയേലിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു കെറിയുടെ കഴിഞ്ഞ സന്ദര്‍ശനവേളയില്‍ ഇസ്രയേല്‍ സംസാരിച്ചത്. ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തില്‍ അറബ് രാഷ്ട്രങ്ങള്‍ക്കോ ഇറാനോ ശേഷിയില്ലാതിരിക്കുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ പ്രദേശത്ത് ആണവായുധം കൈവശം വെക്കുന്ന ഏക രാഷ്ട്രം അവരായിരിക്കെയാണിതെല്ലാം.

അതിര്‍ത്തിയുടെ കാര്യത്തില്‍, വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ നിലനിര്‍ത്താനും ഇസ്രയേലിന്റെ ഭാഗമാക്കാനുമാണ് അവര്‍ താല്‍പര്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭ പ്രമേയപ്രകാരമുള്ള 1967-ലെ അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന ഫലസ്തീനികളുടെ ആവശ്യം നിരസ്സിക്കുന്നവരാണ് നെതന്യാഹു അടക്കമുള്ള ഇസ്രായീല്യര്‍. സമാധാന ചര്‍ച്ചകള്‍ തുടരാമെന്ന കരാറിന് ശേഷവും ഇസ്രയേല്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും പുതിയ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. അതിന്റ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കുടിയേറ്റം നിര്‍ത്തിവെക്കണമെന്നല്ല, സാവധാനത്തിലാക്കണമെന്നാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനയെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഫലസ്തീന്‍ മുന്നോട്ട് വെച്ചിരുന്ന നിബന്ധനായിരുന്നു കുടിയേറ്റം നിര്‍ത്തിവെക്കണമെന്നുള്ളത്. പിന്നീട് അവര്‍ അതില്‍ പൂര്‍ണ വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്തു.

ഭൂമിയിലെ യാഥാര്‍ഥ്യത്തിനനുസരിച്ച് പരിഹാരം ഉണ്ടാക്കണമെന്നാണ് നെതന്യാഹു പറയുന്നത്. കുടിയേറ്റ ഭവനങ്ങളും അവിടെ വസിക്കുന്നവരുമാണ് നെതന്യാഹു പറയുന്ന ആ യാഥാര്‍ത്ഥ്യം. സമാധാന ചര്‍ച്ച നടന്നാലും ഇല്ലെങ്കിലും ഇസ്രയേല്‍ കുടിയേറ്റം തുടര്‍ന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും. കുടിയേറ്റക്കാരുടെ എണ്ണം ഇന്ന് അഞ്ച് ലക്ഷത്തിലെത്തിയിരിക്കുകയാണ്.

ഒന്നാമത്തെ ഖിബ്‌ലയുടെയും ജറൂസലേമിന്റെയും കാര്യത്തില്‍ അറബികള്‍ മൗനത്തിലാണ്. അറബികളുടെ മൗനം ഇസ്രയേലിന് തോന്നിയതെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. വെസ്റ്റ്ബാങ്കിന്റെ വിഴുങ്ങാവുന്ന ഭാഗങ്ങളെല്ലാം അവര്‍ അകത്താക്കിയിരിക്കുന്നു. സമീപഭാവിയില്‍ തന്നെ രണ്ടു രാഷ്ട്രങ്ങളെന്ന പരിഹാരത്തില്‍ എത്തുന്നതും അസംഭവ്യമല്ല. തികഞ്ഞ അവഗണനയാണ് ഫലസ്തീനു നേരെ അറബികള്‍ കാണിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ അറബികളേക്കാള്‍ ഉറച്ച നിലപാട് പലപ്പോഴും യൂറോപ്യന്‍ യൂണിയനാണ് കാണിക്കുന്നത്. 1967-ന് ശേഷം ഇസ്രയേല്‍ ഫലസ്തീന്‍ മണ്ണില്‍ നടത്തിയ അധിനിവേശം നിയമവിരുദ്ധമാണെന്ന് പറയുന്ന 2013-ലെ അതിന്റെ പ്രസ്താവ അതിനുദാഹരണമാണ്.

വിവ : നസീഫ് തിരുവമ്പാടി

Related Articles