Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അമേരിക്കയോട് എന്ത് തെറ്റാണ് ചെയ്തത്?

palestine.jpg

ഐക്യരാഷ്ട്ര സഭയില്‍ രാഷ്ട്രേതര അംഗത്വത്തിനുള്ള ഫലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കുന്ന അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുടെ നയം ഏത് അളവുകോലെടുത്ത് പരിശോധിച്ചാലും ലജ്ജാവഹമാണ്. മാനവികമോ, ധാര്‍മികമോ അല്ലാത്ത, കേവലം അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുള്ള ശത്രുതാപരമായ രാഷ്ട്രീയ നിലപാടാണ് അത്. അക്രമത്തില്‍ നിന്ന് അകന്ന് നില്‍ക്കാനും, അന്താരാഷ്ട്ര കരാറുകള്‍ മാനിക്കാനും ഫലസ്തീനികളെ ചര്‍ച്ചയിലൂടെ നിരന്തരമായി ഉപദേശിക്കുകയും, അവര്‍ക്ക് സ്വതന്ത്ര രാഷ്ട്രം വാഗ്ദാനം ചെയ്യുകയും, ശേഷം രാഷ്ട്രേതര അംഗത്വത്തെ എതിര്‍ക്കുകയും ചെയ്യുന്ന ശത്രുതാപരമായ നിലപാട് പ്രസ്തുത രാഷ്ട്രങ്ങളില്‍ നിന്നും ഉണ്ടാവുന്നതെന്ത് കൊണ്ട് എന്ന് നമുക്ക് മനസ്സിലാവുന്നില്ല.

ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി പണിയെടുക്കുമെന്ന് തന്റെ ഒന്നാമൂഴത്തില്‍ പ്രഖ്യാപിച്ചിരുന്ന നിലവിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, പ്രസ്തുത ഉദ്യമത്തില്‍ നിന്ന് പിന്മാറുന്നതിനായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മേല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുവെന്ന് മാത്രമല്ല അവര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്് ഭീഷണിപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹത്തിന്റെ ഭരണകൂടം പ്രത്യേക സന്ദേശമയച്ചിരിക്കുകയാണിപ്പോള്‍. ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീനെ എതിര്‍ക്കുകയും, അതിനെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യാന്‍ ആവശ്യപ്പെട്ട് കൊണ്ട് മാത്രമല്ല, പ്രസ്തുത നിലപാട് സ്വീകരിക്കാന്‍ മറ്റ് രാഷ്ട്രങ്ങളെ എല്ലാ മാര്‍ഗത്തിലൂടെയും പ്രേരിപ്പിക്കുക കൂടി ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

ഉപരോധിക്കപ്പെട്ട, വളരെ പ്രാഥമികമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് നേരെ അമേരിക്ക വെച്ച് പുലര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാരണങ്ങള്‍ നമുക്കറിയില്ല. ജനാധിപത്യമൂല്യങ്ങളും നീതിയും ലോകം മുഴുക്കെ പ്രചരിപ്പിക്കുന്നുവെന്നും ലോകത്തിന്റെ നേതൃത്വം തങ്ങളുടെ കയ്യിലാണെന്നും അവകാശപ്പെടുന്ന അവര്‍ക്കിതെങ്ങനെ സാധിക്കുന്നു?

ഫലസ്തീന്‍ ജനത അമേരിക്കയോട് എന്ത് തെറ്റാണ് ചെയ്തത്? ഫലസ്തീന്‍ സൈന്യം ഇതുവരെ അമേരിക്കയോട് യുദ്ധം ചെയ്തിട്ടില്ല. അമേരിക്കയുടെ വളരെ ചുരുങ്ങിയ കാലത്തെ ചരിത്രത്തിനിടയില്‍ അവരുടെ രാഷ്ട്രത്തിന്റെ ഒരു മുഴം ഭൂമി പോലും ഫലസ്തീനികള്‍ അധിനിവേശം ചെയ്തിട്ടില്ല. വിദേശകാര്യമന്ത്രി വില്യം ഹേഗ് വ്യക്തമാക്കിയ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിലപാടാണ് അതിനേക്കാള്‍ വഷളത്തരം. യുദ്ധക്കുറ്റവാളിയെന്ന നിലയില്‍ ഇസ്രായേലിനെ വിചാരണ ചെയ്യണമെന്നാവശ്യവുമായി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയില്ലെന്ന് ഫലസ്തീന്‍ രേഖാമൂലം അറിയിക്കുകയും, നിബന്ധനകള്‍ കൂടാതെ ഇസ്രായേലിനോട് സന്ധി ചെയ്യാന്‍ തയ്യാറാവുകയും ചെയ്താല്‍ മാത്രമെ അവരെ പിന്തുണക്കുകയുള്ളൂ എന്നാണ് അയാള്‍ പാര്‍ലിമെന്റിന് മുന്നില്‍ വന്ന് വിളിച്ച് പറഞ്ഞത്.

ഫലസ്തീന്‍ വിദ്വേഷിയായ ഇയാള്‍ പതിനാറാം വയസ്സില്‍ ഇസ്രായേല്‍ ഫ്രന്റ്‌സ് സൊസൈറ്റിയില്‍ അംഗത്വമെടുത്ത വ്യക്തിയാണ്. ഫലസ്തീനികളുടെ മേല്‍ നിബന്ധനകള്‍ വെച്ചും, അവരുടെ നിബന്ധനകള്‍ വിലക്കിയും രാഷ്ട്രം വാഗ്ദാനം ചെയ്ത അദ്ദേഹത്തിന്റെ നടപടി വൃത്തികെട്ട ഇരട്ടത്താപ്പ് വ്യക്തമാക്കാന്‍ പര്യാപ്തമാണ്.

ഫലസ്തീന്‍ ദേശത്തെ സ്വര്‍ണത്തളികയില്‍ വെച്ച് യഹൂദികള്‍ക്ക് സമര്‍പിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ബ്രിട്ടന്‍. അവര്‍ക്ക് കുറ്റബോധം അനുഭവപ്പെടുകയും, ഫലസ്തീനെ പിന്തുണക്കുകയും, സാമ്പത്തികവും, ആശയപരവുമായ സഹായങ്ങളും നല്‍കി തങ്ങള്‍ക്ക് പിണഞ്ഞ ചരിത്രപരമായ ഏറ്റവും വലിയ തെറ്റ് തിരുത്തുകയുമാണ് വേണ്ടത്.

ഫലസ്തീനികള്‍ ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രേതര അംഗത്വത്തിനായി ഇന്ന് ആവശ്യമുന്നയിക്കുകയാണ്. അവര്‍ക്ക് ബ്രിട്ടന്റെയോ, അമേരിക്കയുടെയോ ജര്‍മനിയുടെയോ വോട്ട് ആവശ്യമില്ല. വിജയത്തിനാവശ്യമായ 135 വോട്ടുകള്‍ ഉറപ്പ് വരുത്തിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ, ചരിത്രത്തിലെ നിര്‍ണായകമായ ഈ അവസരത്തില്‍ തങ്ങളില്‍ നിന്ന് പുറം തിരിഞ്ഞ ഈ രാഷ്ട്രങ്ങളുടെ നിലപാട് അവരൊരിക്കലും മറക്കില്ല.

ഇവര്‍ക്ക് നീതിയോ, മാനവികമൂല്യങ്ങളോ അറിയില്ല. അക്രമവും, അടിച്ചമര്‍ത്തലും, ഉപരോധവും, മറ്റുള്ളവരുടെ ഭൂമി കണ്ടുകെട്ടലും, യുദ്ധക്കുറ്റകൃത്യങ്ങളുമാണ് അവരുടെ കൂട്ട്. പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കാനും, വീടുകള്‍ തകര്‍ക്കാനും അവര്‍ക്കറിയാം.

സന്ധികളിലൂടെയാണ് ഫലസ്തീന്‍ രാഷ്ട്രം രൂപപ്പെടേണ്ടത് എന്ന് പറഞ്ഞാണ് അവര്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്നത്. എവിടെയാണ് ഈ സന്ധികള്‍ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്. ആരാണ് അവക്ക് വിഘാതമായി നില്‍ക്കുന്നത്? അവരുടെ തന്നെ സഖ്യകക്ഷിയായ ഇസ്രായേലാണല്ലോ അത് ചെയ്യുന്നത്. ഇരുപത് വര്‍ഷമായി പ്രസിഡന്റ് അബ്ബാസും സഹപ്രവര്‍ത്തകരും അതിന് തയ്യാറായിരുന്നുവല്ലോ. ഇസ്രായേലികള്‍ അവരെ ഏറ്റവും വൃത്തികെട്ട വിധത്തില്‍ നിന്ദിക്കുകയും അവഹേളിക്കുകയുമല്ലേ ചെയ്തത്. അപ്പോഴൊക്കെ ഈ രാഷ്ട്രങ്ങള്‍ എവിടെയായിരുന്നു?

ഈയൊരു ഉദ്യമത്തില്‍ ഞങ്ങള്‍ക്കും പ്രതീക്ഷയേതുമില്ല. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പര്യങ്ങളെ സേവിക്കാത്ത കാലത്തോളം അന്താരാഷ്ട്ര നിയമങ്ങളൊന്നും നടപ്പാക്കപ്പെടുകയില്ല എന്ന് നമുക്ക് നന്നായറിയാം. എന്നാലും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നിട്ടിറങ്ങുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്തിരിക്കെ അമേരിക്കന്‍ – ഇസ്രായേല്‍ സമ്മര്‍ദങ്ങളെ പരാജയപ്പെടുത്താനും, മറ്റുള്ളവര്‍ക്ക് മുമ്പേ അറബ് രാഷ്ട്രങ്ങള്‍ തന്നെ മറന്ന് കളഞ്ഞ ഫലസ്തീന്‍ പ്രശ്‌നം ആഗോള ഭൂപടത്തില്‍ മുന്നില്‍ കൊണ്ട്‌വരാനും ഈ സംഭവം കാരണമാവുമെന്നതാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.

ഫലസ്തീനിന് ഐക്യരാഷ്ട്ര സഭയില്‍ രാഷ്ട്രേതര അംഗത്വം ലഭിച്ചാലുടന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. അതില്‍ അംഗത്വം നേടുകയും, സകലതെളിവുകളും സംഭവങ്ങളും ഉദ്ധരിച്ച് യുദ്ധക്കുറ്റവാളികളായ ഇസ്രായേലിനെ കൈകാര്യം ചെയ്യുകയും വേണം. പാശ്ചാത്യ കാപട്യത്തിന്റെയും അന്താരാഷ്ട്ര നീതിനിരാസത്തിന്റെയും ചുവരുകളില്‍ ചുറ്റികയടിച്ച് കൊണ്ടിരിക്കുകയാണ് ഫലസ്തീന്‍ ജനത. തങ്ങളുടെ അപഹരിക്കപ്പെട്ട ഭൂമി മുഴുവന്‍ തിരികെ ലഭിക്കുകയും, ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരില്‍ അമേരിക്കയും ബ്രിട്ടനും മാപ്പ് പറയുകയും ചെയ്യുന്നത് വരെ ഈ ഉദ്യമം തുടര്‍ന്ന് കൊണ്ടേയിരിക്കും. എന്നാല്‍ ഇസ്രായേല്‍, അവരോടുള്ള സമീപനം വ്യത്യസ്തമാണ്. കാരണം അവരുടെ കുറ്റകൃത്യങ്ങള്‍ മാപ്പര്‍ഹിക്കുന്നതോ, പകരം വെക്കാവുന്നതോ അല്ല.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles