Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അഭയാര്‍ഥികളുടെ നരകീയ ജീവിതത്തിന് ഇനിയും അറുതിയില്ലേ?

ഫലസ്തീന്‍ അഭയാര്‍ഥികളുടെ പ്രശ്‌നം യു എന്നിന്റെ മുമ്പിലും അന്താരാഷ്ട്ര നിയമങ്ങള്‍ക്കു മുന്നിലും വലിയ വെല്ലുവിളികളായി തുടരുകയാണ്. രാഷ്ട്രത്തിലേക്ക് തിരിച്ചുപോകാനും ബദല്‍ സംവിധാനങ്ങളൊരുക്കാനും ആവശ്യപ്പെടുന്ന  237, 194 വകുപ്പുകള്‍ ചോദ്യഛിഹ്നമായി നിലകൊള്ളുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും അതനുസരിച്ചുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കാനും അധിനിവേശ രാഷ്ട്രമായ ഇസ്രായേലിനെ നിര്‍ബന്ധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല, അവരതിന് ശ്രമിച്ചിട്ടുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഫലസ്തീനികള്‍ ഇന്നും ടെന്റുകളില്‍ നരകീയ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഫലസതീന്‍ അഭയാര്‍ഥികളെ പറ്റിയും അവരനുഭവിക്കുന്ന രൂക്ഷമായ പ്രതിസന്ധികളെ പറ്റിയും പഠിക്കാനും നേരിട്ട് മനസ്സിലാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. തുണീഷ്യയിലെ ബിന്‍ അലി സര്‍ക്കാറിന്റെ കാലത്ത് അഭയാര്‍ഥി ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഒരാളെന്ന നിലക്ക് അഭയാര്‍ഥിത്വം നല്‍കുന്ന മനോവ്യഥകളെ കുറിച്ചും അസ്വാതന്ത്ര്യത്തിന്റെ തടവറകളെ കുറിച്ചും എനിക്ക് നേരിട്ടനുഭവങ്ങളുണ്ട്.

 തങ്ങളുടെ രാഷ്ട്രത്തിലെ പ്രത്യേകമായ സാഹചര്യത്തില്‍ ജീവന്‍ രക്ഷാര്‍ഥം സ്വന്തം കിടപ്പാടമുപേക്ഷിച്ച് മറ്റുസ്ഥലങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരായവരാണ് അഭയാര്‍ഥികള്‍. അവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണം നല്‍കലും അവരെ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവന്ന് അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കലും ഭരണകൂടത്തിന്റെ ബാധ്യതയാണ്. രാഷ്ട്രത്തിനകത്തും പുറത്തും അഭയാര്‍ഥി കാമ്പുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ജോര്‍ഡാന്‍, സിറിയ, ലബനാന്‍, ഗസ്സ, വെസ്റ്റ് ബാങ്ക് തുടങ്ങി ദശക്കണക്കിന് അഭയാര്‍ഥി കാമ്പുകളില്‍ ഫലസ്തീനികള്‍ കഴിയുന്നുണ്ട്. ഏകദേശം ഇന്നുകാണുന്ന 95% ഫലസ്തീന്‍ അഭയാര്‍ഥികളും ജനിച്ചതും വളര്‍ന്നതും വ്യത്യസ്ത രാഷ്ട്രങ്ങളിലുള്ള ഈ അഭയ കേന്ദ്രങ്ങളിലാണ്. അഭയാര്‍ഥി കേന്ദ്രങ്ങളുടെയെല്ലാം അവസ്ഥ സമാനമാണ്. വര്‍ദ്ദിച്ചു വരുന്ന ജനസംഖ്യയും വേണ്ടത്ര ആരോഗ്യ-വിദ്യാഭ്യാസ സാമൂഹിക സൗകര്യങ്ങളില്ലാത്തതു മൂലം ഓരോ ടെന്റുകളിലുള്ളവരും വലിയ ഭീഷണികളാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അഭയാര്‍ഥി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ അതിന്റെ നേര്‍ചിത്രങ്ങള്‍ നമുക്ക് ദര്‍ശിക്കാം. തകര്‍ന്നടിഞ്ഞ വീടുകള്‍, നേരിയ ഇടവഴികള്‍ , മിക്ക വീടുകളും അവിടുത്തെ താമസക്കാരെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്നു, ആവശ്യമായ ഭക്ഷണങ്ങളോ ആരോഗ്യസംരക്ഷണത്തിനായുള്ള സൗകര്യങ്ങളോ ഇല്ലാതെയാണ് കുട്ടികള്‍ വളരുന്നത്. ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ സാധിക്കാതെ ഞെരിഞ്ഞമരുകയാണവരതില്‍.

അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അഭയാര്‍ഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും അവരുടെ നഷ്ടപ്പെട്ട ഭൂമിയും കിടപ്പാടങ്ങളും തിരിച്ചുനല്‍കുകയുമാണ് ഈ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗം. ഇത് വകവെച്ചുനല്‍കുന്ന നിരവധി പ്രമേയങ്ങള്‍ യു എന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. നാല് ഘടകങ്ങള്‍ ഇതിന് അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്. സ്വദേശത്തേക്കുള്ള മടക്കം, പൗരത്വം നല്‍കല്‍, സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചക്കാവശ്യമായ സൗകര്യം ചെയ്തുകൊടുക്കല്‍, സ്വാതന്ത്രത്തോടും സുരക്ഷയോടും കഴിഞ്ഞുകൂടാനുള്ള വീടുകളും സംവിധാനങ്ങളുമേര്‍പ്പെടുത്തല്‍ എന്നിവയാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.

ഇരുപത് വര്‍ഷമായി ഒരു തുണീഷ്യന്‍ അഭയാര്‍ഥിയായി ബിന്‍ അലിയുടെ കാലത്ത് എനിക്ക് കഴിയേണ്ടി വന്നിട്ടുണ്ട്. അതിനിടയില്‍ തുണീഷ്യയിലേക്ക് മടങ്ങുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ തുണീഷ്യന്‍ വിപ്ലവത്തിന് ശേഷം ഈ സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെട്ടു. അല്ലാഹുവിന്റെ അനുമതിയാല്‍ മുഴുവന്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കും തങ്ങളുടെ ദേശത്തേക്ക് മടങ്ങാനും സ്വാതന്ത്ര്യത്തിന്റെ സ്വഛവായു  ശ്വസിച്ചുകൊണ്ട് കഴിയാനുമുള്ള അവസരം സംജാതമാകും. എന്റെ അഭയാര്‍ഥി ജീവിതത്തിനിടയില്‍ ഫലസ്തീന്‍ തിരിച്ചുവരവ് കേന്ദ്രവുമായി ഞാന്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. അതിനിടയില്‍ തന്നെ തുണീഷ്യയിലെയും ഫലസ്തീനികളുടെയും സ്വദേശത്തേക്കുള്ള തിരിച്ചുപോക്ക് ഉടന്‍ സാക്ഷാല്‍കരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആരാണ് ആദ്യം തിരിച്ചുപോകുക എന്ന് ഞാന്‍ സ്വന്തത്തോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആദ്യം തിരിച്ചുപോകാനുള്ള ഭാഗ്യം ഞങ്ങള്‍ക്കാണുണ്ടായത്. മാത്രമല്ല ബിന്‍ അലിയുടെ പതനത്തിന് ശേഷം ഭരണത്തില്‍ വന്ന തുണീഷ്യന്‍ ഭരണകൂടം ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരും ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് ബോധവാന്മാരുമാണ്. പശ്ചിമേഷ്യയില്‍ അരങ്ങേറിയ വിപ്ലവങ്ങളെല്ലാം ഫലസ്തീനികളോട് ആഭിമുഖ്യമുള്ളവരുടേതാണ്. അതിനാല്‍ തന്നെ ഫലസ്തീനികള്‍ക്കും വിദൂരമല്ലാത്ത ഭാവിയില്‍ തങ്ങളുടെ ദേശത്തേക്ക് തിരിച്ചുവരാന്‍ അവസരം ലഭിക്കുക തന്നെ ചെയ്യും എന്നാണ് എന്റെ പ്രതീക്ഷ.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles