Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ കൊല്ലപ്പെടാനുള്ളവരാണെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്?

pal-activist.jpg

ഫലസ്തീനികള്‍ കൊല്ലപ്പെടാനുള്ളവരാണെന്ന് എവിടെയങ്കിലും എഴുതിവെച്ചിട്ടുണ്ടോ? സിറിയയിലെ യര്‍മൂക് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഒരു ഫലസ്തീന്‍ വനിതയാണിത് ചോദിക്കുന്നത്. ഇരട്ട അഭയാര്‍ഥി ജീവിതം നയിക്കുന്ന അവരുടെ ചോദ്യം ഏറെ പ്രസക്തമാണ്. ജൂതന്മാരല്ലാത്തവരെ കൊല്ലാന്‍ പഴയ നിയം പറയുന്നുണ്ടെന്ന് ഒരു പക്ഷേ തീവ്രചിന്താഗതിക്കാരായ ജൂതന്‍മാര്‍ ചോദിച്ചേക്കും. ആ സ്ത്രീയുടെ ചോദ്യത്തില്‍ എന്തോ കാമ്പുണ്ടെന്ന് ചിന്തിക്കുന്നവര്‍ അംഗീകരിക്കും. അത്തരത്തില്‍ എവിടെയും എഴുതി വെച്ചിട്ടില്ല. ഫലസ്തീന്‍ അഭയാര്‍ഥികള്‍ ഒരു പ്രശ്‌നമാണെങ്കില്‍ അവരുടെ മണ്ണിലേക്ക് തന്നെ അവരെ തിരിച്ചയക്കട്ടെ, അവര്‍ അഭയാര്‍ഥികളല്ലാതെയാവുന്നതോടെ അതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളൊന്നും അവസാനിക്കുമല്ലോ എന്ന അവരുടെ വാദത്തിനെതിരെ യുക്തിയോടെ വാദിക്കാനുമാവില്ല.

കഴിഞ്ഞ ആഴ്ച്ചയില്‍ ജോര്‍ദാനിലെ ഇര്‍ബിദ് സന്ദര്‍ശിച്ചപ്പോള്‍ പേരറിയാത്ത ആ സ്ത്രീ എന്നോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചു. അവളുടെയും ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ അവര്‍ സമയോചിതമായി അവതരിപ്പിച്ചു. ഇസ്രയേലും ലോകമൊട്ടുക്കുമുള്ള അവരുടെ കൂട്ടാളികളാലും ഇത് ആഘോഷിക്കപ്പെടുന്നുണ്ടായിരിക്കാം.

ഫലസ്തീനികളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിയാണ് ഇസ്രയേലിന്റെ സ്വാതന്ത്ര്യം. ജൂതതീവ്രവാദികളുടെ ഭീകരതയിലൂടെയും നുണകളിലൂടെയും ബ്രിട്ടന്റെയും അമേരിക്കയുടെയും അഴകൊഴമ്പന്‍ നിലപാടുകളിലൂടെയും അത് നടക്കുന്നു. വരുന്ന ആഴ്ച്ചയില്‍ ഫലസ്തീനികള്‍ നക്ബയുടെ സ്മരണ പുതുക്കുമ്പോള്‍ ഇസ്രയേല്‍ സ്‌റ്റേറ്റ് 66 വര്‍ഷം പിന്നിട്ടു എന്നാണത് സൂചിപ്പിക്കുന്നത്. അതോടൊപ്പം ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നത്തിനും 66 വയസ്സായിരിക്കുന്നു.

മിഡിലീസ്റ്റിലെ അസ്വസ്ഥതകളുടെ മുഖ്യകാരണം ഇസ്രയേല്‍ സ്റ്റേറ്റിന്റെ രൂപീകരണമാണെന്ന അനിഷേധ്യ യാഥാര്‍ത്ഥ്യം മറികടക്കാനാണ് ഇസ്രയേല്‍ വക്താക്കള്‍ എപ്പോഴും ശ്രമിക്കുന്നത്. ഫലസ്തീന്‍ ‘ഭീകരവാദ’ത്തെ ‘പ്രതിരോധി’ക്കാനുള്ള ‘അവകാശം’ ഇസ്രയേലിനുണ്ടെന്നാണ് അവരുടെ വാദം. യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മണ്ണില്‍ അതിക്രമിച്ചു കയറിയവരെ പ്രതിരോധിക്കാന്‍ ഫലസ്തീനികള്‍ക്കാണ് അവകാശമുള്ളത്. 1967-ല്‍ അല്ല 1948-ല്‍ തന്നെ ഇസ്രയേല്‍ ഔദ്യോഗികമായി അധിനിവേശം ആരംഭിച്ചു എന്നതാണ് ‘നക്ബ’ നമ്മെ ഓര്‍മപ്പെടുത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരും 1967 ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ചാണ് പറയുന്നത്. ഭൂപടത്തില്‍ വന്ന പുതിയ വര ‘നക്ബ’ക്ക് ശേഷം ഉണ്ടായതാണെന്ന് അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. 1948 ല്‍ നടന്ന വംശീയ ഉന്‍മൂലനത്തിന് നേരെ കണ്ണടക്കുകയാണവര്‍ ചെയ്യുന്നത്.

ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ‘ആത്മാര്‍ഥമായി’ പ്രചരണം നടത്തുന്നവര്‍ തന്നെ ഇസ്രയേലിന്റെ ‘നിലനില്‍ക്കാനുള്ള അവകാശത്തെ’ പിന്തുണക്കുമ്പോള്‍ എന്താണ് വ്യക്തമാകുന്നത്? നക്ബ നടക്കേണ്ട ഒന്നു തന്നെയായിരുന്നു എന്ന് അംഗീകരിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? ഇര്‍ഗുനും സ്‌റ്റെര്‍നും അടക്കമുള്ള ജൂതഭീകര സംഘങ്ങള്‍ക്ക് ഫലസ്തീനികളുടെ ഭൂമി കൈവശപ്പെടുത്തുന്നതിന് വേണ്ടി അവരുടെ സ്ത്രീകളെയും കുട്ടികളെയും പുരുഷന്‍മാരെയും കൊല്ലാന്‍ അവകാശമുണ്ടായിരുന്നു എന്ന അംഗീകരിക്കലല്ലേ അത്? പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിരവധി ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ സമാധാന ചര്‍ച്ചകളുടെ കാര്യത്തില്‍ 1967 ലേക്ക് മടങ്ങുന്നത്?

കഴിഞ്ഞ ആഴ്ച്ചയില്‍ അധിനിവിഷ്ട ഫലസ്തീന്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് എഡ്വേര്‍ഡ് മില്ലിബാന്‍ഡ് ഹോളോകോസ്റ്റിനെ അതിജീവിച്ച തന്റെ ബന്ധുക്കള്‍ക്ക് എങ്ങനെയാണ് ഇസ്രയേല്‍ അഭയം നല്‍കിയിരിക്കുന്നതെന്ന് വിവരിച്ചിരുന്നു. ‘കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപന’ത്തെ അദ്ദേഹം അപലപിച്ച അദ്ദേഹത്തിന് ഇസ്രയേല്‍ കുടിയേറ്റത്തെ തന്നെ അപലപിക്കാന്‍ തയ്യാറായില്ല. കൂടുതല്‍ ഫലസ്തീന്‍ ഭൂമി കയ്യടക്കാനും അധിനിവേശം നടത്താനും മൗനാനുവാദം നല്‍കുകയാണ് അതിലൂടെ അദ്ദേഹം ചെയ്യുന്നത്. ഇസ്രയേലികളും അവര്‍ക്ക് ഫണ്ട് നല്‍കുന്ന ലോകമെമ്പാടുമുള്ള സയണിസ്റ്റ് ലോബികളും തങ്ങളുടെ രാഷ്ട്രത്തിന്റെ ‘നിയമസാധുത’ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു. തെമ്മാടി രാഷ്ട്രത്തിന്റെ നിയമവിരുദ്ധ പോളിസികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിയമസാധുത കല്‍പിച്ചു കൊടുക്കുകയാണ് മില്ലിബാന്‍ഡിനെ പോലുള്ള സന്ദര്‍ശകര്‍ ചെയ്യുന്നത്. മനുഷ്യകുലത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ നൂതനമായ രീതികള്‍ തന്നെ സ്വീകരിച്ചതെന്ന നിലയില്‍ ഹോളോകാസ്റ്റ് ഭീകരമായ ദുരന്തമായിരുന്നെത് ശരിയാണെങ്കിലും അതുകൊണ്ട് മാത്രം ഇസ്രായേലും അവരുടെ പ്രഭൃതികളും അവകാശപ്പെടുന്ന മേല്‍കോയ്മയെ ന്യായീകരിക്കാനാവില്ല.

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങാനുള്ള അനുവാദം നല്‍കുന്നു എന്ന നിബന്ധനയിലാണ് ഇസ്രയേലിന് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കിയത്. അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രയേലിന്റേത് സാധാരണ അംഗത്വമായി പരിഗണിക്കുന്നതിന് ഇക്കാര്യം പൊതുവെ പരാമര്‍ശിക്കപ്പെടാറില്ല. ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന അവര്‍ക്ക് സവിശേഷ പരിഗണന നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഇസ്രയേലിന്റെ സ്ഥാപക പിതാക്കള്‍ ഒരിക്കലും ഫലസ്തീനികളുമായി ഉണ്ടാവുന്ന സംഘട്ടനത്തെ പരിഗണിച്ചിട്ടില്ലെന്ന് ഒരിക്കല്‍ പോലും നാം ചിന്തിക്കരുത്. മറ്റൊരാളുടെ മണ്ണിലാണ് തങ്ങള്‍ രാഷ്ട്രം പണിയുന്നതെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ തങ്ങളുടെ പദ്ധതിയുമായി അവര്‍ മുന്നോട്ടു പോവുകയായിരുന്നു. ആദ്യകാല അഭയാര്‍ഥികളെ ഉടന്‍ തന്നെ മടങ്ങാന്‍ അനുവദിച്ചാല്‍ തങ്ങളുടെ സ്ഥാനം ഇന്നെവിടെയായിരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ അനുവദിച്ചിരുന്നെങ്കില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ ഇന്ന് വലിയൊരു പ്രശ്‌നമായി മാറില്ലായിരുന്നു. യര്‍മൂക് അഭയാര്‍ഥി ക്യാമ്പിലെ സ്ത്രീ ചോദിച്ചത് പോലുള്ള ന്യായമായ ചോദ്യങ്ങളും ഉയരുമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇസ്രയേല്‍ എന്നത് തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമാകുമായിരുന്നു. മിഡിലീസ്റ്റില്‍ ജീവിതം തുടരാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് അത്തരം ഒരു ഇസ്രയേലല്ല നല്ലതെന്ന് പറയാന്‍ ആര്‍ക്കാണ് സാധ്യമാവുക?

ഇന്ന് വിശുദ്ധഭൂമിയില്‍ നടക്കുന്ന എല്ലാ പ്രതിസന്ധിയും ഇസ്രയേല്‍ തന്നെ സൃഷ്ടിച്ചതാണ്. ഇത്തരം ഒരു അനന്തരഫലം മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ബെന്‍ ഗുറിയോനും കൂട്ടാളികളും അവരുടെ ഇസ്രയേല്‍ രൂപീകരണ പദ്ധതിയുമായി മുന്നോട്ട് പോയത്. ഫലസ്തീനികളുടെ പ്രതിരോധമല്ല പ്രശ്‌നം. അധിനിവേശമാണ് യഥാര്‍ത്ഥ പ്രശ്‌നം. അത് തുടങ്ങിയത് 1967-ല്‍ അല്ല 1948 ലാണ്. ഈ യാഥാര്‍ഥ്യം നമ്മള്‍ അടിസ്ഥാനപരമായി അംഗീകരിക്കേണ്ടതുണ്ട്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നീതിനല്‍കുന്നതിലൂടെ് യഥാര്‍ത്ഥ സമാധാനം യാഥാര്‍ഥ്യമായേക്കാം.

വിവ : അഹ്മദ് നസീഫ്‌

Related Articles