Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്ക് പാസ്‌പോര്‍ട്ടിലേക്കുള്ള ദൂരം

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അഡ്രസ്സില്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിരിക്കുകയാണ്. ഫലസ്തീന്‍ ഗവണ്‍മെന്റ് എന്ന തലത്തില്‍ നിന്ന് ഫലസ്തീന്‍ രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ നിര്‍ണായക വഴിത്തിരിവായിരിക്കും ഫലസ്തീന്‍ ഐഡന്റിറ്റിയുള്ള പാസ്‌പോര്‍ട്ടെന്നാണ് ഞാന്‍ കരുതുന്നത്. അതോടെ ഔദ്യോഗികമായ പല രേഖകളിലും, സന്ദേശങ്ങളിലുമുള്ള തലക്കെട്ടുകളില്‍ സുപ്രധാനമായ മാറ്റം പ്രകടമാവുന്നതാണ്.

സംഭവിക്കുകയാണെങ്കില്‍ ഏറ്റവും മനോഹരമായ കാര്യമാണത്. അതോടൊപ്പം തന്നെ ഫലസ്തീന്‍ പാസ്‌പോര്‍ട്ടും, ഐഡന്റിറ്റി കാര്‍ഡും ഇസ്രായേല്‍ നമ്പര്‍ കൊണ്ട് രേഖപ്പെടുത്തരുത് എന്നു കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. വെസ്റ്റ് ബാങ്കിലും, ഗസ്സയിലുമുള്ള ഫലസ്തീനികളുടെ ഫലസ്തീന്‍ ഭരണകൂടം നല്‍കുന്ന പാസ്‌പോര്‍ട്ടിന് നിലവില്‍ ഇസ്രായേല്‍ നമ്പറുകളാണ് ഉള്ളത്. ഗസ്സാ അധിനിവേശത്തിന്റെ സമയത്ത് ഇസ്രായേല്‍ നിര്‍ണയിച്ചതാണത്. ശേഷം ഫലസ്തീന്‍ ഭരണകൂടം നിലവില്‍ വന്നപ്പോള്‍, ഭരണവ്യവസ്ഥപ്പെടുത്തലുകള്‍ നടത്തിയെങ്കിലും പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ഇസ്രേല്‍ ഭരണവ്യവസ്ഥയുടെ ഭാഗമായ നമ്പറാണ് ലഭിച്ചത്. ചുരുക്കത്തില്‍ ഫലസ്തീന്‍ ഗവണ്‍മെന്റ് രൂപപ്പെട്ടതിന് ശേഷം രൂപത്തിലും ഭാവത്തിലും ബാഹ്യതലത്തിലും പല മാറ്റങ്ങളും നടന്നുവെങ്കിലും അടിസ്ഥാന സയണിസ്റ്റ് ഭരണത്തിനുള്ള വിധേയത്വത്തില്‍ യാതൊരു മാറ്റവും സംഭവിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ അറിയാനാഗ്രഹിക്കുന്ന ഏതൊരു ഫലസ്തീനിയുടെ വിശദാംശവും വള്ളിപുള്ളി വിടാതെ ഏതൊരു ഇസ്രായേല്‍ സൈനികനും ലഭ്യമാണെന്ന് ചുരുക്കം.

പാസ്‌പോര്‍ട്ടും, ഐഡന്റിറ്റി കാര്‍ഡും ഉടനെത്തന്നെ ലഭിക്കുമെന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് അറിയില്ല. അപ്രകാരം സംഭവിച്ചാല്‍ വര്‍ഷങ്ങളായി സയണിസ്റ്റ് ഐഡന്റിറ്റി ചുമന്ന് ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന മോചനമായിരിക്കുമത്. ഇപ്രകാരം നിയമപരമായ ക്രമക്കേടുകള്‍ നടക്കുന്നതോടെ സയണിസ്റ്റ് അധിനിവിഷ്ട പ്രദേശങ്ങളില്‍ അവരുടെ സ്വാധീനം നഷ്ടപ്പെട്ടേക്കും. ഫലസ്തീനികള്‍ നിലവിലുള്ള സയണിസ്റ്റ് ഐഡന്റിറ്റി കാര്‍ഡ് നശിപ്പിച്ച് കളയുന്ന പക്ഷം അവരെക്കുറിച്ച വിശദാംശങ്ങളും അവരുടെ പ്രവര്‍ത്തന പരിപാടികളും സയണിസ്റ്റുകളില്‍ നിന്ന് മറച്ച് വെക്കാന്‍ ഒരു പരിധിയോളം സാധിച്ചേക്കും. സാമ്പത്തിക ബഹിഷ്‌കരണവും, നിയമപരമായ ക്രമക്കേടുമായിരുന്നു എഴുപതുകളില്‍ അധിനിവേശ ഭരണത്തിന് വമ്പിച്ച നഷ്ടങ്ങളുണ്ടാക്കിയത്. അവ രണ്ടില്‍ നിന്നും നാം പിന്നാക്കം നിന്നപ്പോഴാണ് അവര്‍ രക്ഷ നേടിയതും, നമുക്ക് മേല്‍ കുതിര കയറാന്‍ തുടങ്ങിയതും. നാം കാലങ്ങളായി അവഗണിച്ച ഇക്കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രസിഡന്റ് അബ്ബാസിന്റെ പ്രസ്താവന കാരണമാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

എന്നാല്‍ ഇസ്രായേല്‍ നമ്പര്‍ ഒഴിവാക്കിയുള്ള പുതിയ ഫലസ്തീന്‍ പാസ്‌പോര്‍ട്ടാണ് മഹ്മൂദ് അബ്ബാസ് കൊണ്ടുവരുന്നതെങ്കില്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും, ഒരു പക്ഷെ യൂറോപിന്റെയും ഭാഗത്ത് നിന്ന് ഭീഷണികളും, എതിര്‍പ്പുകളും നേരിടേണ്ടി വരും. പുതിയ പാസ്‌പോര്‍ട്ടുമായി വരുന്നവരെ യാത്രയില്‍ നിന്ന് വിലക്കുകയോ, ജയിലിലടക്കുകയോ, അവരുടെ മേല്‍ പിഴ ചുമത്തുകയോ ചെയ്‌തേക്കാം. അവ ഉപയോഗിച്ച് അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പ്രവേശിക്കുന്നത് വിലക്കാനും സാധ്യതയുണ്ട്. കൂടാതെ ഇസ്രായേലിനെയും അവരെ പിന്തുണക്കുന്നവരുടെയും ഭാഗത്ത് നിന്ന് സാമ്പത്തിക ഉപരോധവും പ്രതീക്ഷിക്കേണ്ടതായുണ്ട്. അദ്ദേഹം അതിന് തയ്യാറാണോ എന്നാണ് നമുക്കറിയേണ്ടത്. അതിന് സന്നദ്ധനല്ലെങ്കില്‍ നിലവിലുള്ളത് പോലെ തന്നെ മുന്നോട്ട് പോവുന്നതാണ് ഉത്തമം. ഭാവിയില്‍ പിന്‍വാങ്ങേണ്ടി വന്നേക്കാവുന്ന ചുവടുവെയ്പുകള്‍ നടത്താതിരിക്കുകയാണ് നല്ലത്.

അതല്ല, പ്രസ്തുത തീരുമാനവുമായി അദ്ദേഹം മുന്നോട്ടുപോവുന്നുവെങ്കില്‍ ഇസ്രായേലിന്റെ പ്രതികരണങ്ങളും, പ്രതികാരവും നേരിടാന്‍ സ്വന്തം ജനതയെ ഒരുക്കേണ്ട ചുമതല കൂടി അദ്ദേഹത്തിനുണ്ട്. ഇസ്രായേല്‍ ധാരാളം ശിക്ഷകള്‍ നടപ്പിലാക്കുമെന്നതില്‍ സംശയമേതുമില്ല. എല്ലാദിവസവും നമുക്ക് അവരോട് ഏറ്റുമുട്ടേണ്ടി വരും. എന്നല്ല, അവരെ പിന്തുണക്കുന്ന വൈദേശിക ശക്തികളോടും നമുക്ക് പോരാടേണ്ടി വരും. അപ്രകാരം ചെയ്യുന്നത് സയണിസ്റ്റ് ഗവണ്‍മെന്റിന് സംഭവിക്കുന്ന നിയമപരമായ ക്രമക്കേടായിരിക്കും. അതോടെ സയണിസ്റ്റുകളുമായുള്ള നമ്മുടെ പോരാട്ട ചരിത്രത്തിലെ പുതിയ അധ്യായമായി അത് വിലയിരുത്തപ്പെടും. ഓസ്‌ലോ ഘട്ടത്തില്‍ നിന്നും അധിനിവേശത്തിനെതിരായ പുതിയ സംഘട്ടന ചരിതമായിരിക്കും അതിനെ തുടര്‍ന്ന് രചിക്കപ്പെടുക.

സമാധാനചര്‍ച്ചക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ സാമൂഹികവും, സാംസ്‌കാരികവും, മാനസികവുമായ തലങ്ങളില്‍ ഭീമമായ നഷ്ടങ്ങളാണ് നമുക്കേല്‍പിച്ചത്. 1988-മുതലുള്ള സന്ധിയുടെ വര്‍ഷങ്ങളില്‍ നമുക്ക് ബോധ്യമായത് ഫലസ്തീന്‍ ജനതക്ക് സ്ഥിരമായ രാഷ്ട്രം അംഗീകരിച്ച് നല്‍കാന്‍ ഇസ്രായേല്‍ സന്നദ്ധമല്ല എന്ന് തന്നെയാണ്. നമ്മുടെ രാഷ്ട്രത്തിലെ കാര്യങ്ങള്‍ പുതുതായി വ്യവസ്ഥപ്പെടുത്താന്‍ സമയമായിരിക്കുന്നു. സ്വാതന്ത്രത്തിലേക്കും, സ്ഥിരമായ രാഷ്ട്രത്തിലേക്കും നമ്മെ വഴി നടത്തുന്ന മാര്‍ഗങ്ങള്‍ നാം ആരായേണ്ടിയിരിക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles