Current Date

Search
Close this search box.
Search
Close this search box.

ഫറോവമാരുടെ പതനം

pharoh.jpg

‘അല്ലാഹുവേ, നീയാണ് അദ്ദേഹത്തെ നിശ്ചലമാക്കിയവന്‍. അദ്ദേഹത്തിന്റെ ചര്യ ഞങ്ങളില്‍ നിന്നും നീ പറിച്ച് കളയേണമേ. നേത്രദോഷം ബാധിച്ച ചെറിയ കണ്ണുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നീളം കുറഞ്ഞ വിരലുകളുള്ള തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അല്ലാഹുവാണ, ദൈവിക മാര്‍ഗത്തില്‍ വിയര്‍പ്പ് പൊടിഞ്ഞവയായിരുന്നില്ല അവ. മുടിയിഴകള്‍ നീട്ടിയിട്ട അദ്ദേഹത്തിന്റെ നടത്തത്തില്‍ തന്നെ അപകടം മണക്കുന്നുണ്ട്. പള്ളിയിലെ പ്രസംഗപീഠത്തില്‍ കയറിയ അദ്ദേഹം വാചാലനായിക്കൊണ്ടേയിരുന്നു. നമസ്‌കാരത്തിന്റെ സമയം ഇതിനിടയില്‍ കഴിഞ്ഞിരുന്നു. പടച്ചവനെക്കുറിച്ച് ഭയമോ, പടപ്പുകളുടെ മുമ്പില്‍ ലജ്ജയോ അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് മുകളില്‍ അല്ലാഹു മാത്രമാണുള്ളത്. മുന്നിലാവട്ടെ ആയിരത്തോളം ശ്രോതാക്കളും. നമസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാന്‍ തയ്യാറുള്ള ഒരാണ്‍കുട്ടിയും അവിടെയുണ്ടായിരുന്നില്ല. ഒരിക്കലുമില്ല. ആ വാളിനും ചാട്ടവാറിനുമിടയില്‍ അല്ലാഹു മറയിട്ടിരിക്കുന്നു.’ (ജസ്സ്വാസ്വ്, അഹ്കാമുല്‍ ഖുര്‍ആന്‍ ഭാ:3 പേ:404)

ഹജ്ജാജ് ബ്‌നു യൂസുഫിന്റെ വിയോഗവാര്‍ത്തയറിഞ്ഞ താബിഉകളുടെ നേതാവായ ഹസന്‍ ബസ്വരി അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചതിന് ശേഷം നടത്തിയ പ്രസ്താവനയാണിത്.

മര്‍ദ്ദകഭരണാധികാരികളുടെ പതനവും അവരുടെ ആധിപത്യത്തിന്റെ തകര്‍ച്ചയും ചിന്തക്കും ഗുണപാഠങ്ങള്‍ക്കും വിഷയീഭവിക്കുന്ന അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍പെട്ടതാണ്. സേഛ്വാധിപത്യത്തിലും അടിച്ചമര്‍ത്തലിലും അങ്ങേയറ്റം എത്തിയ ഭരണവ്യവസ്ഥകളെ നിനക്ക് കാണാന്‍ സാധിച്ചേക്കാം. പിന്നീട് അപകടം വന്ന ഭവിക്കുന്നതോടെ ശിശിരകാലത്ത് ഇലപൊഴിയുന്നത് പോലെ അവയെല്ലാം നശിച്ച് പോവുകയും ചെയ്യും. അല്ലാഹു പറഞ്ഞു: ‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.’ ആലു ഇംറാന്‍-26.

അതിക്രമത്തില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അവസരം നല്‍കുന്ന, ഏത് കല്‍പനയും ഏറ്റെടുക്കുവാന്‍ തയ്യാറുള്ള പൊതു ജനങ്ങളാണ് സേഛ്വാധിപതികളെയും ഫറോവമാരെയും സംരക്ഷിക്കുന്നത്. നിസ്സംഗത പുലര്‍ത്തുന്ന ജനതകളാണ് എല്ലാകാലത്തും സേഛ്വാധിപതികളെ സൃഷ്ടിക്കുകയും അതിക്രമങ്ങള്‍ക്ക് പ്രേരണനല്‍കുകയും ചെയ്യുന്നത്. (മുഹമ്മദുല്‍ ഗസ്സാലി മആലിമുല്‍ ഹഖ്)

തങ്ങളുടെ പിന്മുറക്കാരെ ധീരതയിലും തന്റേടത്തിലും വളര്‍ത്തുന്ന ജനതക്ക് ഒരിക്കലും നിന്ദ്യതയും അക്രമികളോടുള്ള വിധേയത്വവും പൊറുപ്പിക്കുകയില്ല. ധിക്കാരികളെ നിലക്ക് നിര്‍ത്തുന്നതിനും പ്രശ്‌നങ്ങള്‍ തടയുന്നതിനും യുവാക്കളടക്കമുള്ള സമൂഹത്തിന്റെ നിര്‍ണായകമായ ഇടപെടലുകളുടെ മഹിതമായ മാതൃകയാണ് തുണീഷ്യയുലും ഈജിപ്തിലും നാം സാക്ഷ്യം വഹിച്ചത്. ഉസ്താദ് മുഹമ്മദുല്‍ ഗസാലി പറയുന്നു: ‘ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ അധിനിവേശ ശക്തികള്‍ക്കെതിരായി കത്തിപ്പടര്‍ന്ന വിപ്ലവങ്ങള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട്. അവിടെയുള്ള യുവാക്കളില്‍ വിപ്ലവത്തിന്റെ ചൂടും ചൂരും നാം ദര്‍ശിച്ചു. അതിന്റെ ഭാരം അവര്‍ വഹിച്ചു. കത്തിജ്വലിച്ച ആവേശവും ശത്രുക്കളുടെ പതനം കുറിക്കുന്ന കൃത്യമായ ആസൂത്രണവും അവരില്‍ പ്രകടമായിരുന്നു. മുസ്‌ലിം സമൂഹത്തിന് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സുന്ദര ചരിതങ്ങള്‍ അവര്‍ രചിച്ചു. വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടങ്ങുന്ന യുവാക്കളായിരുന്നു സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ ഇന്ധനം.’ (മുഹമ്മദുല്‍ ഗസ്സാലി, ഫീ മൗകിബിദ്ദഅ്‌വ പേ:49)

തുണീഷ്യയിലും ഈജിപ്തിലും യുവാക്കളെ ഒരുമിപ്പിക്കുന്ന വ്യവസ്ഥാപിതമായ ഒരു സംഘടനയും അവര്‍ക്കുണ്ടായിരുന്നില്ല. എന്നല്ല അവയില്‍ നിന്നും മാറിനിന്നത് അവരുടെ മുന്നേറ്റത്തിനും പവിത്രമായ നിലപാടിനും നിസ്വാര്‍ത്ഥമായ ചെറുത്തുനില്‍പിനും കാരണമായി. അബ്ബാസി രാഷ്ട്രം രൂപീകരിക്കുന്ന ഘട്ടത്തില്‍ ഈ യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുകയും നിഷ്പക്ഷമതികളായ ഖുറാസാനികളുടെ പിന്തുണനേടാന്‍ അവരുടെ അടുത്തേക്ക് തങ്ങളുടെ പ്രബോധകരെ അവര്‍ അയക്കുകയും ചെയ്തു. കാരണം ഒരു വിഭാഗത്തിന്റെയും ഇടപെടലില്ലാത്തതിനാല്‍ ഒഴിഞ്ഞ ഹൃദയങ്ങളും ശുദ്ധമായ മനസ്സും ഉള്ളവരായിരുന്നു അവര്‍.

ഒന്നാം നൂറ്റാണ്ടിലെ ചില സംഭവങ്ങള്‍ ഇബ്‌നുല്‍ ജൗസി വിശദീകരിച്ചിട്ടുണ്ട്. അബ്ബാസി ഖിലാഫത്തിലേക്ക് ക്ഷണിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരോട് മുഹമ്മദ് ബ്‌നു അലി അബ്ബാസി ഇപ്രകാരം പറഞ്ഞുവത്രെ. ‘കൂഫയില്‍ അലി(റ)ന്റെയും സന്താനത്തിന്റെയും ആളുകളാണുള്ളത്. ബസ്വറയിലുള്ളവരാകട്ടെ ഉസ്മാന്‍(റ)വിനെ പിന്തുണക്കുന്നവരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്ത സാക്ഷിത്വം വഹിക്കുന്നവനാവുക, വധിക്കുന്നവനാവരുത് എന്നാണ് അവരുടെ നയം. ശാമുകാര്‍ മര്‍വാന്‍ സന്താനങ്ങളെ മാത്രമെ അനുസരിക്കുകയുള്ളൂ. മക്കാ-മദീനാവാസികള്‍ അബൂ ബക്കറിനും ഉമറിനുമാണ് മുന്‍ഗണന നല്‍കുക.

പക്ഷെ നിങ്ങള്‍ ഖുറാസാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. കാരണം ആരും തന്നെ വിഭജിച്ചെടുക്കാത്ത ഹൃദയങ്ങളും സുരക്ഷിതമായ മനസ്സും ഉള്ളവരാണ് അവര്‍.’ (അല്‍ മുന്‍തളിം ഭാ:7 പേ: 56)
സ്വേഛാധിപതികള്‍ക്കെതിരായ പ്രളയം എത്ര തന്നെ മാരകമാണെങ്കിലും സംസ്‌കരണത്തിനുള്ള ആഗ്രഹവും തിന്മയോടുള്ള രോഷവും അതില്‍ പ്രകടമാവുന്നിടത്തോളം കാലം സമയം നഷ്ടപ്പെടുന്നതിന് മുമ്പ് സന്ദര്‍ഭോചിതം ഇടപെടേണ്ടതുണ്ട്. ‘അവസരം വളരെ പെട്ടെന്ന് നഷ്ടപ്പെടുന്നതും മടങ്ങി വരാന്‍ സാധ്യതയില്ലാത്തതുമാണെന്ന് സാധാരണ പറയപ്പെടാറുണ്ട്. ഇസ്‌ലാമിക ശരീഅത്തിനും പൊതുജനനന്‍മക്കും അനുഗുണമാവുന്ന രീതിയില്‍ പ്രക്ഷോഭങ്ങളുടെ ദിശ തിരിച്ചുവിടേണ്ടത് ഇസ്‌ലാമിസ്റ്റുകളുടെ ബാധ്യതയാണ്. ഈ സംഭവങ്ങളുടെ പുകമറകള്‍ക്കിടയില്‍ തങ്ങളുടെ ഇസ്‌ലാമിക സ്വത്വം മറച്ചുവെക്കല്‍ അനുവദനീയമല്ല. മറ്റു ശക്തികളെ പ്രീണിപ്പെടുത്താന്‍ വേണ്ടി ദൈവികമായ നിര്‍ദ്ദേശങ്ങളെ ഗോപ്യമാക്കി വെക്കേണ്ടതില്ല.

ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകരും പണ്ഡിതരും യഥാര്‍ത്ഥ ദൈവികസന്ദേശത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയോ, സംഭവങ്ങളില്‍ നിന്ന് പ്രതിഫലം പറ്റുകയോ അനുവദനീയമല്ല. അക്രമത്തെ ചെറുക്കുന്നതില്‍ നിന്നും നീതി നടപ്പിലാക്കുന്നതില്‍ നിന്നും വിമുഖത കാണിക്കുവാനും അവര്‍ക്ക് അവകാശമില്ല.

നന്മ കല്‍പിക്കുകയും തിന്മഉഛാടനം ചെയ്യുന്നതില്‍ നിന്നുള്ള ഉപേക്ഷ എല്ലാകാലങ്ങളിലും ഫിത്‌ന ഭയപ്പെടേണ്ട കാപട്യത്തിന്റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. ദീനീ നിഷ്ടയുള്ള പലരെയും ഇത് മലീമസമാക്കിയിട്ടുണ്ട്. മഹാനായ പണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ‘നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടലും, അത് മുഖേന അനുഭവിക്കുന്ന പ്രയാസങ്ങളും ദൈവിക പരീക്ഷണങ്ങളാണ്. ഞാന്‍ ഫിത്‌ന ആഗ്രഹിക്കുന്നില്ല എന്ന ന്യായം ബോധിപ്പിച്ച് നിര്‍ബന്ധിത കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നവരുണ്ട്. അല്ലാഹു കപടവിശ്വാസികളെ പറയുന്നതിപ്രകാരമാണ്. (അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: ‘എനിക്ക് ഇളവ് അനുവദിച്ചാലും. എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും.’ അറിയുക: കുഴപ്പത്തില്‍ തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യും) തൗബ: 49. റോമക്കാരുമായി യുദ്ധത്തിന് തയ്യാറാവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രവാചക(സ)ന്റെ അടുത്ത് വന്ന് ന്യായം പറഞ്ഞ ജദ്ദു ബ്‌നു ഖൈസിനെയാണ് ഉദ്ദേശിക്കുന്നതെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം നബി തിരുമേനി(സ)യോട് പറഞ്ഞുവത്രെ. സത്രീകളുടെ വിഷയത്തില്‍ വളരെ ദുര്‍ബലനാണ് ഞാന്‍. ബനുല്‍ അസ്വ്ഫറിലെ സത്രീകളെ കണ്ടാല്‍ തെറ്റ് ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ യുദ്ധത്തില്‍ നിന്നും മാറിനില്‍ക്കാന്‍ എനിക്ക് അനുവാദം തന്നാലും. എന്നെ ഫിത്‌നയില്‍ അകപ്പെടുത്തല്ലേ പ്രവാചകരേ. അപ്പോഴാണ് അല്ലാഹു മേല്‍പറഞ്ഞ ആയത്ത് അവതരിപ്പിച്ചത്.

മതനിഷഠയുള്ള ചിലരുടെ നിലപാടുകളാണിത്. തങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധിതമായ കല്‍പനകളില്‍ അവര്‍ ഉപേക്ഷ വരുത്തുന്നു. ഒരു നിലക്കുമുള്ള ഫിത്‌നയിലും ഇടപെടുകയില്ല എന്ന നിര്‍ബന്ധബുദ്ധിയുടെ ഫലമായി അവര്‍ അതിനേക്കാള്‍ വലിയ ഫിത്‌നയിലാണ് അകടപ്പെടുന്നത്.’ ( ഇസ്തിഖാമ ഭാ:3 പേ:287)

മേല്‍പറഞ്ഞ താത്വികവശം വിശദീകരിക്കുക മാത്രമല്ല ഇബ്‌നു തൈമിയ ചെയ്തത്. മറിച്ച് അവയുടെ പ്രായോഗികത ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു. അല്ലാഹുവുന്റെ മാര്‍ഗത്തില്‍ ആയുധമെടുത്ത് പടപൊരുതി. തിന്മകള്‍ക്കെതിരെ പോരാടി. ശിക്ഷാവിധികള്‍ നടപ്പാക്കി. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അദ്ദേഹത്തിനെതിരെ ശബ്ദിച്ചു. അവരുടെ അബദ്ധങ്ങളും തെറ്റുകളും അദ്ദേഹം വിവരിച്ച് കൊടുത്തി. അതോടെ അവരെല്ലാം ശാന്തരായി. (അല്‍ ബിദായ, ഇബ്‌നു കഥീര്‍ ഭാ:14 പേ: 34).

അക്രമവ്യവസ്ഥകളുടെ പതനവും ഭരണാധികാരികളുടെ സ്ഥാനഭ്രഷ്ടും സാധ്യമായത്ര സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കലും, രാഷ്ട്രത്തില്‍ നിന്ന് തിന്മകള്‍ ഉഛാടനം ചെയ്യലും ദീനീ ബാധ്യതയില്‍പെട്ടതാണ്. തിന്മ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ട് അലംഭാവത്തോടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ ആ സമൂഹത്തം നശിച്ചത് തന്നെ.

ശരീഅത്തധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച സലഫി സഹോദരന്മാരുടെ പ്രതിസന്ധി വെളിവാക്കുന്നതാണ് തുണീഷ്യയിലെയും ഈജിപ്തിലേയും സംഭവവികാസങ്ങള്‍. ധാരാളം അപകടങ്ങള്‍ നിറഞ്ഞ ഭീതിദമായ സാഹചര്യം ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ നിഷ്‌ക്രിയരാവുകയും മൗനം പാലിക്കുകയും ചെയ്തു. പ്രതിലോമപരമായ നയനിലപാടുകള്‍ സ്വീകരിച്ചു. വിനയം പുതച്ച് ജനക്കൂട്ടത്തില്‍ നിന്നും അവര്‍ അകന്ന് നിന്നു.
ഇമാം ശഅ്ബി ഇപ്രകാരം പറയുന്നു ‘ജനക്കൂട്ടമെന്നത് എത്ര മഹത്തായ കാര്യമാണ്. ശക്തമായ പ്രളയത്തെ തടുത്തു നിര്‍ത്താനും കത്തിപ്പടരുന്ന തീയണക്കാനും ദുര്‍ഭരണാധികാരികളെ അസ്വസ്ഥരാക്കാനും അവര്‍ക്ക് സാധിക്കും’.

അതിനേക്കാള്‍ ദുഖകരം ഈ വിപ്ലവങ്ങളും പ്രതിഷേധങ്ങളും ഇമാമിനെതിരെയുള്ള പ്രക്ഷോഭമാണെന്ന ചിലരുടെ വാദങ്ങള്‍. അവരെന്താണ് ബുദ്ധിശേഷി നഷ്ടപ്പെട്ടവരെപ്പോലെ പ്രവര്‍ത്തിക്കുന്നത്! ഇസ്‌ലാമിക ശരീഅത്ത് തത്വത്തിലും പ്രാബല്യത്തിലും ഉള്‍കൊള്ളാത്ത ഈ മതേതര വ്യവസ്ഥയെ അതേപടി നിലനിര്‍ത്തലാണോ ഇമാമിനുള്ള അനുസരണം കൊണ്ട് അവര്‍ അര്‍ത്ഥമാക്കുന്നത്? അമാനത്ത് അവകാശികള്‍ക്ക് എത്തിക്കലും നീതിയിലധിഷ്ഠിതമായ ഭരണം നിര്‍വ്വഹിക്കലും നീതിയിലധിഷ്ഠിതമായ ഭരണാധികാരികളുടെ നിര്‍ബന്ധ ബാധ്യതയാണ്.
ഇമാം അലി(റ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘ജനങ്ങള്‍ക്കോ നല്ലതോ ചീത്തയോ ആയ ഒരു ഭരണാധികാരി അനിവാര്യമാണ്. അപ്പോള്‍ ആരോ ചോദിച്ചുവത്രെ. അല്ലോ വിശ്വാസികളുടെ നേതാവേ. സദ്‌വൃത്തരെ ഞങ്ങള്‍ക്കറിയാം. പക്ഷെ ദുര്‍വൃത്തരോ? അദ്ദേഹം നല്‍കിയ മറുപടി ഇതാണ്. അവര്‍ മുഖേന ശിക്ഷാവിധികള്‍ നടപ്പാക്കപ്പെടുകയും മാര്‍ഗം സുരക്ഷിതമാവുകയും ശത്രുക്കള്‍ക്കെതിരെ പോരാടുകയും ചെയ്യാന്‍ അത് സഹായകമാണല്ലോ’. ടുണീഷ്യയിലും ഈജിപ്തിലും മറ്റും നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നോ? അല്ല. അവയെല്ലാം വഞ്ചനയിലും അക്രമത്തിലും സ്വേഛാധിപത്യത്തിലും അധിഷ്ഠിതമായിരുന്നു.

മാത്രമല്ല ഇമാമിനെതിരെയുള്ള പോരാട്ടം എന്നത് വാളുപയോഗിച്ചാണ്. എന്നാല്‍ ഈ പ്രതിഷേധങ്ങളും പ്രകടനങ്ങളും ആയുധത്തെയും ശക്തിയെയും മൊഴിചൊല്ലിയതാണ്. നീതിസ്ഥാപിക്കുന്നതിനും അമാനത്ത് നിര്‍വഹിക്കുന്നതിനും നേതാക്കന്‍മാരായ മോഷ്ടാക്കളെ കോടതി കയറ്റുന്നതിനും വേണ്ടിയുള്ള സമരമാണത്.

ചരിത്രത്തില്‍ ഇതിന് ധാരാളം മാതൃകകളുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഭരിച്ച അമവികളുടെയും അബ്ബാസികളുടെയും കാലത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്.

ഇസ്‌ലാമിക ശരീഅത്ത് നന്മകളുടെ സാക്ഷാല്‍ക്കാരവും തിന്‍മകളുടെ ഉഛാടനവും ആണ് ഇത് ലക്ഷ്യം വെക്കുന്നത്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ കാലോചിത വായനയിലൂടെയും സമഗ്രവീക്ഷണത്തിലൂടെയും സലഫിസഹോദരങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles