Current Date

Search
Close this search box.
Search
Close this search box.

പെരസ് ഞെട്ടിയത് എന്ത് കൊണ്ട് ?

peterws.jpg

‘ധാരാളം ആകസ്മികദുരന്തങ്ങളുണ്ടായിരുന്നു. മുര്‍സിയുടെ നിലപാട് അവയിലൊന്നാണ്. അസ്ഥിരത പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി അയാള്‍ ഇടപെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഹമാസ് വല്ലാത്തൊരു വിഭാഗം തന്നെ, അവര്‍ മുര്‍സി പറയുന്നത് പോലും അംഗീകരിക്കുന്നില്ല. മുര്‍സിയുടെ പരിശ്രമങ്ങള്‍ക്ക് നേരെ അനുകൂലനയം പ്രകടിപ്പിക്കുന്നത് ഇസ്രായേല്‍ മാത്രമാണ്.’  തന്റെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ടോണിബ്ലയറിനോട് ഇസ്രായേല്‍ പ്രസിഡന്റ് ശിമോണ്‍ പെരസ് പറഞ്ഞ വാക്കുകളാണിവ. ഇസ്രായേലിനെക്കുറിച്ച വൃത്തികെട്ട ഒരു പൊതുബോധം സൃഷ്ടിച്ച ഇത്ര ചെറിയ ഒരു സംഘം ലോകത്തില്ല എന്നതാണ് ശരി.

മുര്‍സിയും ഇഖ്‌വാനും ഹമാസും മറ്റ് തീവ്രവാദം പ്രസ്ഥാനങ്ങളും ഒരേ നിറത്തില്‍ ചാലിച്ചെടുത്തവയാണ്. ഈ കാഴ്ചപ്പാടനുസരിച്ച് ഹമാസിന്റെ പിതാവായ ഇഖ്‌വാനും, നേതാവ് മുര്‍സിയും യുദ്ധം കത്തിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നും നടത്തുകയില്ല. ഇസ്രായേലിനെ കരയുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ് വേണ്ടത്. എന്നാല്‍ ഈ സങ്കല്‍പത്തിന് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. പെരസിനെ സംബന്ധിച്ചിടത്തോളം അതൊരു ആകസ്മികദുരന്തമായിരുന്നു.ഒരു മാസം മുമ്പ് മുര്‍സി ഇസ്രായേലിലേക്ക് ഒരു കത്തയച്ചിരുന്നു. അതില്‍ ചേര്‍ത്ത ‘പ്രിയ സുഹൃത്തെ’ എന്ന അഭിസംബോധനയും, അവസാനത്തില്‍ പ്രയോഗിച്ച ‘താങ്കളുടെ ആത്മാര്‍ത്ഥതയുള്ള സുഹൃത്ത്’ എന്ന വിശേഷണവും ഈജിപ്ഷ്യന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ചത് കേവലം ഇസ്‌ലാമിസ്റ്റുകള്‍ മാത്രമായിരുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇഖ്‌വാന്റെ ജനാധിപത്യ മുഖമായും തങ്ങളുടെ പാരമ്പര്യ സങ്കല്‍പങ്ങളുടെയും മാനദണ്ഡങ്ങളുടെയും തകര്‍ച്ചയായുമാണ് ഇടതുപക്ഷവും, ലിബറിസ്റ്റുകളും ഇതിനെ വിലയിരുത്തിയത്.

സലഫികളുടെ തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സീനായിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ച, ഇസ്രായേലിനും ഹമാസിനുമിടയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ സന്ധിക്ക് വേണ്ടി ശ്രമിച്ച, ഇറാനുമായുള്ള നയതന്ത്ര ബന്ധം പുതുക്കാന്‍ വിസമ്മതിച്ച മുര്‍സി, ഇസ്രായേല്‍ പ്രസിഡന്റിന് കനത്തയടിയാണ് നല്‍കിയത്. രാഷ്ട്രങ്ങളിലെ അസ്ഥിരത ശാന്തമാക്കലും, തീവ്രവാദത്തിനെതിരെ യുദ്ധം നയിക്കലും ഇസ്രായേലിന്റെ മാത്രം കുത്തകയായിരുന്നു. അതിനാല്‍ ഇസ്രായേല്‍ മാത്രം ചെയ്യേണ്ടുന്ന പ്രവര്‍ത്തനത്തില്‍ ഈ മുസ്‌ലിമായ മനുഷ്യന്‍ ഇടപെടുന്നത് അയാളെങ്ങനെ സഹിക്കും.

മുര്‍സിയും ഹമാസും ഒരേ അണിയിലുള്ളവരാണെന്ന അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് മറ്റൊരു അബദ്ധം. ഹമാസ് മുര്‍സി പറയുന്നത് കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം ആശ്ചര്യത്തോടെയാണ് പറയുന്നത്. കാരണം, ഒരു ഇഖ്‌വാനെന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിലെ ഒരംഗം തങ്ങളുടെ ആത്മീയ നേതാവിനെ ധിക്കരിക്കുകയെന്നത് അദ്ദേഹത്തിന് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല.

നാം മനസ്സിലാക്കേണ്ട കാര്യം മുര്‍സി പണ്ഡിതനോ, ഇഖ്‌വാന്‍ പവിത്രമായ പ്രസ്ഥാനമോ അല്ല. അവസാനവര്‍ഷങ്ങളില്‍ പ്രസ്ഥാനത്തിനകത്ത് ധാരാളം കയ്പുറ്റ ഭിന്നിപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വലിയ നേതാക്കള്‍ പ്രസ്ഥാനമുപേക്ഷിച്ച് മറ്റ് സംഘടനകള്‍ രൂപീകരിക്കുകയും മാതൃസംഘടനയോട് മത്സരിക്കുകയും ചെയ്യുന്നു. മുര്‍സ് അവരിലെ എല്ലാവര്‍ക്കും യോജിപ്പുള്ള സ്ഥാനാര്‍ത്ഥിയായിരുന്നില്ല. മാത്രമല്ല, അവരുടെ സ്ഥാപകനേതാവ് ഹസനുല്‍ ബന്ന മറ്റ് രാഷ്ട്രങ്ങളിലെ പോരാട്ടങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ ഉപരിയായി സ്വന്തം രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന അഭിപ്രായക്കാരനാണ്.

ഹമാസാവട്ടെ, ഇഖ്‌വാനെ കണ്ടുകൊണ്ടല്ല തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. മറിച്ച്, സിറിയയില്‍ കൂട്ടക്കൊല നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ച ഇറാനിലെ ശിയാക്കളുമായാണ് അവര്‍ക്ക് ബന്ധം. ഇതാവട്ടെ ഈജിപ്തിലെ ഇഖ്‌വാനികളെ സന്തോഷിപ്പിച്ച കാര്യമായിരുന്നില്ല.

മുര്‍സിയുടെ ശ്രമങ്ങളെ മാനിച്ച് പിന്നാലെ കൂടുന്നത് ഇസ്രായേലാണ്. അദ്ദേഹത്തെ ബഹുമാനിക്കാത്ത ഹമാസ് അല്ല. തന്റെ അധ്വാനപരിശ്രമങ്ങളിലൂടെ മുര്‍സി ഇപ്പോള്‍ നമ്മുടെ കൂട്ടുകാരനായിരിക്കുകയാണ്.

ഏതായാലും പശ്ചിമേഷ്യയില്‍ സംഭവിച്ച ദുരന്തം യഥാര്‍ത്ഥത്തില്‍ ഇസലാമിന്റെ വസന്തത്തെയോ, ശൈത്യത്തെയോ അല്ല കുറിക്കുന്നത്. പ്രത്യേകിച്ചും മുര്‍സി, സഹപ്രവര്‍ത്തകരായ ഹമാസിനോട് ഭിന്നിക്കുകയും, സ്വന്തം നാട്ടിലെ തീവ്രവാദികളായ സഹോദരന്മാരെ നിലക്ക് നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍. ഉദാരവല്‍ക്കരണം സമര്‍പ്പിക്കുക്കുകയും, രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യുന്ന കാലത്തോളം ഈജിപ്ത് ശരീഅത്ത് അധിഷ്ടിത രാഷ്ട്രമാണെന്നതോ, അല്ലയെന്നതോ നമുക്ക് വിഷയമേയല്ല. ഇസ്രായേല്‍ ഈജിപ്ഷ്യന്‍ ജനതയോടോ, ജോര്‍ദാന്‍ ജനതയോടോ, ഫലസ്തീനികളോടോ ചര്‍ച്ച നടത്താറില്ല. എന്നാല്‍ ഈജിപ്ത് അത് നടത്താറുണ്ട്. മുബാറകിന്റെ ജനതയല്ല, മുര്‍സിയുടെ ജനതയെന്ന് പെരസ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈജിപ്ഷ്യന്‍ ജനത സംസാരിക്കുക മാത്രമല്ല സ്വാധീനിക്കുകയും ചെയ്യും.

(പ്രമുഖ ഇസ്രായേല്‍ പത്രമായ ഹാരെട്‌സിന്റെ ലേഖകന്‍ പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളെ വിലയിരുത്തുന്നു)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles