Current Date

Search
Close this search box.
Search
Close this search box.

പരിഹാരം നിര്‍ദേശിക്കാന്‍ നെപ്പോളിയനല്ല ഞാന്‍

ഈയടുത്ത കാലത്ത് അമേരിക്കന്‍ ഭരണകൂടത്തിനുണ്ടായിട്ടുള്ള ഏറ്റവും വലിയ വിജയമാണ് തങ്ങളുടെ പകരക്കാരായി അറബികളെ ‘ഭീകരത’ക്കെതിരെ അണിനിരത്താന്‍ സാധിച്ചുവെന്നത്. എന്നിട്ട് ദൂരെ മാറിനില്‍ക്കുകയാണവര്‍ ചെയ്യുന്നത്. തങ്ങളുടെ സൈന്യത്തില്‍ ഒരു സൈനികനെ പോലും അവര്‍ക്ക് നഷ്ടപ്പെടുന്നില്ല. അമേരിക്കയുടെ തന്ത്രവും അറബികളുടെ വിഡ്ഢിതവുമാണ് അത് വ്യക്തമാക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ, അല്ലെങ്കില്‍ പതിറ്റാണ്ടു കൊണ്ട് അറബ് വിമാനങ്ങളെയും അവ പറത്തുന്ന വിദഗ്ദരായ അറബ് പൈലറ്റുമാരെയും നാം കാണാന്‍ തുടങ്ങിയിരിക്കുന്നു. ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ച് ശത്രുക്കളെ വധിച്ച് വീടുകള്‍ തകര്‍ത്ത് അവ പറക്കുന്നു. എന്നാല്‍ ഇരകളാക്കപ്പെടുന്നതും അറബികളാണെന്നതാണ് ദുഖകരം. തകര്‍ക്കപ്പെടുന്ന വീടുകളെല്ലാം അറബ് നാടുകളിലെ മുസ്‌ലിംകളുടെ വീടുകള്‍ തന്നെയാണ്.

വളരെ അടുത്ത കാലം വരെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ രക്ഷാസമിതിയില്‍ പോകുന്നവരായിരുന്നു അറബികള്‍. അവ അവസാനിപ്പിക്കാനും അറബികളുടെ അവകാശങ്ങള്‍ക്കും വേണ്ടി പ്രമേയങ്ങളും ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ തലകീഴായിരിക്കുന്നു. ഇന്നും അറബികള്‍ രക്ഷാസമിതിയില്‍ പോകുന്നുണ്ട്. അറബ് നാടുകളില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണെന്ന് മാത്രം. ഭീകരതക്കെതിരെയുള്ള പോരാട്ടമെന്ന തലക്കെട്ടിലാണത്. യൂറോപ്യന്‍ – അമേരിക്കന്‍ സേനകളോടൊപ്പം യുദ്ധം ചെയ്യുന്നതിന് വേണ്ടിയുമാണ് രക്ഷാസമിതിയെ സമീപിക്കുന്നത്.

ഈ ലക്ഷ്യത്തോടെ ഈജിപ്തിന്റെ വിദേശകാര്യ മന്ത്രി സാമിഹ് ശുകരി ഇപ്പോള്‍ ന്യൂയോര്‍ക്കിലാണുള്ളത്. ഇസ്രയേല്‍ യുദ്ധ വിമാനങ്ങളും ടാങ്കുകളും ബോട്ടുകളും ഗസ്സയിലെ അറബ് മുസ്‌ലിംകള്‍ക്കെതിരെ അമ്പതിലേറെ ദിവസം കടുത്ത ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്തവരാണ് ശുക്‌രിയും അദ്ദേഹത്തിന്റെ അറബ് കൂട്ടാളികളും. 2200 പേര്‍ അവിടെ കൊല്ലപ്പെട്ടു. അതില്‍ മൂന്നിലൊന്നും പിഞ്ചുകുട്ടികളായിരുന്നു. അതിന് പുറമെ പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഭീകരതയുടെ ഏറ്റവും ക്രൂരമായ ഇനമായിരുന്നില്ലേ അത്? അതല്ല അതിന് ഇരയാക്കപ്പെട്ടവര്‍ മനുഷ്യരായിരുന്നില്ലേ? അതുമല്ലെങ്കില്‍ ഇസ്രയേല്‍ ഭീകരത ‘പ്രശംസിക്കപ്പെടേണ്ട’ ഒന്നായി മാറിയതാണോ?

ലിബിയയില്‍ ഐസിസ് 21 കോപ്റ്റിക് ക്രൈസ്തവരെ അറുകൊല ചെയ്തത് അങ്ങേയറ്റം നീചമായ കുറ്റകൃത്യം തന്നെയാണ്. വളരെ ശക്തമായി ഞാനതിനെ അപലപിക്കുന്നു. അവരെ രക്ഷിക്കാന്‍ ആവശ്യപ്പെടുകയും ലിബിയക്ക് മേലുള്ള തങ്ങളുടെ ആക്രമണത്തിന് അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെടുകയും ചെയ്ത ഈജിപ്തിനോടും അന്താരാഷ്ട്ര സമൂഹത്തോടും അതേ സമീപനം തന്നെ ഗസ്സയിലെയും ദക്ഷിണ ലബനാനിലെ ഖാനയിലെയും കുഞ്ഞുങ്ങളോട് സ്വീകരിക്കണമെന്ന് പറയാന്‍ നമുക്ക് അവകാശമില്ലേ? ഇസ്രയേല്‍ സൂയസ് കനാല്‍ നഗരത്തിലും ബഹ്‌റുല്‍ ബഖര്‍ സ്‌കൂളിലും കൂട്ടകശാപ്പ് നടത്തിയപ്പോള്‍ ഈജിപ്ത്‌നോടൊപ്പം നില്‍ക്കൂന്ന ഈ പാശ്ചാത്യരാഷ്ട്രങ്ങള്‍ ഇരകള്‍ക്കൊപ്പമുണ്ടായിരുന്നോ?

ഇറാഖിനോട് യുദ്ധം ചെയ്യാനും അധിനിവേശം നടത്താനും മുപ്പത് രാഷ്ട്രങ്ങളെ ചേര്‍ത്ത് സഖ്യം അവരുണ്ടാക്കി. സിറിയയില്‍ ഇടപെടുന്നതിന് ഒരു മറ ലഭിക്കാനായി 150 രാഷ്ട്രങ്ങളെ കൂടെകൂട്ടി. മൂന്നാമതായി ഐസിസിനെതിരെ യുദ്ധം ചെയ്യാനും അവരെ പിഴുതെറിയാനുമായി അറുപത് രാഷ്ട്രങ്ങളുടെ സഖ്യവും ഉണ്ടാക്കി. എന്നാല്‍ ഇസ്രയേല്‍ കൂട്ടകശാപ്പിനെ അപലപിക്കാന്‍ ഒരു അറബിയോ പാശ്ചാത്യനോ ധൈര്യപ്പെടുന്നില്ല.

ഈ താരതമ്യം ഒട്ടും അസ്ഥാനത്തല്ല. നിങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും ഫലസ്തീനിനെയും ഇസ്രയേല്‍ ക്രൂരതകളെയും അമേരിക്കയുടെ ഇരട്ടത്താപ്പിനെയും അറബികളുടെ കാപട്യത്തെയും  കുറിച്ച് ജീവനുള്ളിടത്തോളം കാലം ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.

ലിബിയയില്‍ സൈനിക ഇടപെടല്‍ നടത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. നാല് വര്‍ഷം മുമ്പ് അവിടെ നടത്തിയ അന്താരാഷ്ട്ര ഇടപെടല്‍ ഇക്കൂട്ടര്‍ മറന്നു പോയോ? അറബ് മറപിടിച്ച് അറബ് ലീഗിന്റെ ആശീര്‍വാദത്തോടെ നടന്ന ഇടപെടലിന് സാമ്പത്തികവും സൈനികവുമായ പിന്തുണയും നല്‍കിയതും അറേബ്യന്‍ ഗള്‍ഫിലെ നാടുകളായിരുന്നു. അന്ന് നടത്തിയ ഇടപെടലാണ് ലിബിയയെ അരാജക രാഷ്ട്രമാക്കി തീര്‍ത്തത്. ഇന്ന് സായുധ സംഘങ്ങള്‍ വാഴുന്ന അവിടെ രക്തച്ചൊരിച്ചിലുകളും അരാജകത്വവുമാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ നടത്തുന്ന സൈനിക ഇടപെടല്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു സാഹചര്യം അവിടെയുണ്ടാക്കുമെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്ക് സാധിക്കും?

പ്രദേശത്ത് ഒരുതരം ഹിസ്റ്റീരിയയുടെ അവസ്ഥയാണ് നാമിന്ന് കാണുന്നത്. ഖദ്ദാഫിയുടെ സൈന്യം ബംഗാസിയിലെ ജനങ്ങളെ കൂട്ടകുരുതി നടത്താന്‍ പോകുന്നുവെന്നും, മുമ്പ് സദ്ദാം ഹുസൈന്റെ പ്ലാന്റുകള്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ വിജയത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്ന പ്രചാരണത്തിന് സമാനമായ അവസ്ഥയാണിത്. ഈ രണ്ട് പ്രചരണങ്ങള്‍ക്ക് പിന്നിലുമുണ്ടായിരുന്ന കള്ളം നാം തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ഇറാഖ് അധിനിവേശം പൂര്‍ത്തിയായതിന് ശേഷമായിരുന്നു അത്. ലിബിയ പിച്ചിചീന്തപ്പെട്ട് അവിടത്തെ ജനതയുടെ പകുതിയും അയല്‍ നാടുകളായ ഈജിപ്തിലേക്കും തുനീഷ്യയിലേക്കും ആട്ടിയോടിക്കപ്പെട്ടതിനും ശേഷമായിരുന്നു അത്.

ലിബിയയില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെ കുറിച്ചാണ് ഞങ്ങള്‍ ചോദിക്കുന്നത്. നാറ്റൊ സഖ്യത്തിന്റെ മിസൈലുകള്‍ ചുട്ടെരിച്ച ലിബിയക്കാരുടെ എണ്ണം ആയിരമോ പതിനായിരമോ ലക്ഷമോ?  ലിബിയന്‍ ഭരണകൂടത്തെ താഴെയിറക്കിയതിന് ശേഷം അരങ്ങേറിയ ആഭ്യന്തര യുദ്ധങ്ങളിലും സായുധസംഘങ്ങളുടെ തോക്കുകള്‍ക്ക് മുന്നിലും പൊലിഞ്ഞ ദൗര്‍ഭാഗ്യവാന്‍മാരുടെ എണ്ണം എത്രയാണ്. ഇനി പുതുതായി നടക്കാനിരിക്കുന്ന സൈനിക ഇടപെടലില്‍  മിസൈലുകളേറ്റ് എത്രപേരിന് കൊല്ലപ്പെടാനിരിക്കുന്നു?

വര്‍ഷങ്ങളായി ഈജിപ്ത് സൈന്യം സീനായിലെ ‘ഭീകരസംഘങ്ങള്‍’ക്കെതിരെ നടത്തുന്ന യുദ്ധത്തില്‍ ഓരോ മാസവും നിരവധി സൈനികര്‍ മരിച്ചു വീഴുന്നുണ്ട്. ഓരോ മാസവും നൂറുകണക്കിന് സാധാരണ ജനങ്ങളും അവിടെ കൊല്ലപ്പെടുന്നു. അവര്‍ക്ക് വേണ്ടി ആരും കണ്ണീര്‍ പൊഴിക്കുന്നില്ല. അവിടത്തെ ഭീകരരുടെ കഥകഴിക്കാന്‍ ഈജിപ്ത് അന്താരാഷ്ട്ര സൈനിക ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ?

ഈജിപ്ത് ഭരണകൂടത്തിന്റെ രോഷം നമുക്ക് മനസ്സിലാക്കാം. അപ്രകാരം കോപ്റ്റിക് വംശജരുടെ കൊലക്ക് പകരം ചോദിക്കണമെന്ന ജനകീയ ആവശ്യവും നമുക്ക് മനസ്സിലാക്കാം. മുമ്പെങ്ങും കാണാത്ത ആവേശത്തോടെയാണ് മാധ്യമങ്ങളും അതിനെ കൈകാര്യം ചെയ്തത്. എന്നാല്‍ ഈജിപ്തിനെയും അതിന്റെ സൈന്യത്തെയും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന മറ്റൊരു യുദ്ധത്തിലേക്ക് വഴിച്ചിഴക്കുന്നതിനായി ഈ ഇരകളെ ഉപയോഗപ്പെടുത്തുന്നതാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്. അങ്ങിനെയൊരു യുദ്ധം നടന്നാല്‍ അതിന് ഇരകളാക്കപ്പെടുന്നത് ആയിരക്കണക്കിന് ഈജിപ്തുകാരും ലിബിയക്കാരുമായിരിക്കും.

ഐസിസ്, അന്‍സാറുശ്ശരീഅഃ, അല്‍-ഖാഇദ, അത്തൗഹീദ് വല്‍ജിഹാദ് തുടങ്ങിയ പോരാട്ട ഗ്രൂപ്പുകളുടെ കഥകഴിക്കാന്‍ ഈജിപ്തിന് വ്യോമാക്രമണത്തിലൂടെ സാധിക്കുകയില്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ അഫ്ഗാനിലും ഇറാഖിലും സിറിയയിലും നടന്ന ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കത് സാധിക്കേണ്ടിയിരുന്നു. കരയുദ്ധമല്ലാതെ മറ്റൊന്നും അതിന് പകരം വെക്കാനില്ല. അതുപോലും ഫലം ഉറപ്പ് നല്‍കാനാവാത്ത കാര്യമാണ്. ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം അമേരിക്കയുടെ അനുഭവം തന്നെ അതിന് മതിയായ തെളിവാണ്. ഇന്ന് യുദ്ധത്തിനായി പെരുമ്പറ മുഴക്കി കൊണ്ടിരിക്കുന്ന അമേരിക്കയും ഫ്രാന്‍സും ഇറ്റലിയും ഒരൊറ്റ സൈനികനെ പോലും അയക്കില്ലെന്ന് നമുക്കറിയാം. പ്രസ്തുത ഉത്തരവാദിത്വം ഈജിപ്ഷ്യന്‍ സൈന്യത്തിനാണവര്‍ നീക്കിവെക്കുക. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു യുദ്ധവും ചെയ്യാത്ത സൈന്യം ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഒരു രാജ്യത്തിനകത്തെ ഗ്രൂപ്പുകളുമായുള്ള യുദ്ധത്തിനാണ് ഒരുങ്ങുന്നത്. വ്യവസ്ഥാപിതമായ ഒരു ഭരണകൂടം പോലുമില്ലാത്ത അവിടം നിറഞ്ഞു നില്‍ക്കുന്നത് സായുധഗ്രൂപ്പുകളും തീവ്രവാദ സംഘങ്ങളുമാണ്.

മൂന്ന് ലക്ഷത്തിലേറെ ജനസംഖ്യയില്ലാത്ത, അറുപതിനായിരം ചതുരശ്ര കിലോമീറ്ററിലധികം വ്യാപ്തിയില്ലാത്ത പ്രദേശമാണ് സീനാ മരുഭൂമി. അതിന്റെ മിക്കഭാഗങ്ങളും നിരന്ന് കിടക്കുന്ന ഭാഗങ്ങളാണ്. അവിടെയുള്ള ‘ഭീകരരെ’ ഒതുക്കാന്‍ തന്നെ വളരെയധികം പ്രയാസപ്പെടുന്ന ഈ സൈന്യം ലിബിയയിലെ ഭീകരരുടെ കഥകഴിക്കുന്നതില്‍ എങ്ങനെ വിജയിക്കും?

ഈജിപ്ഷ്യന്‍ സൈന്യം കണ്ണടച്ചു കൊണ്ട് ഒരു തീകുണ്ഡത്തിലേക്കാണ് ധൃതിവെച്ച് നടക്കുന്നത്. മുമ്പ് യമനില്‍ അവര്‍ ചെന്നുചാടിയ തീകുണ്ഡത്തേക്കാള്‍ വലുതായിരിക്കുമത്. കാരണം, കരയിലെ ഏറ്റുമുട്ടലില്‍ കൂടുതല്‍ പരിചയ സമ്പത്തും ആയുധബലവും ഉള്ളവരാണ് ലിബിയയിലെ സംഘങ്ങള്‍. ഖദ്ദാഫിയുടെ സൈന്യം വിട്ടേച്ചു പോയ രാസായുധങ്ങളും ചിലരുടെ പക്കലുണ്ട്. ഏത് വലുപ്പത്തിലും ശേഷിയിലുമുള്ള 50 ദശലക്ഷത്തോളം തോക്കുകളും അവരുടെ പക്കലുണ്ട്.

ഐക്യരാഷ്ട്രസഭയുടെ അനുമതിയോടെ ലിബിയയില്‍ സൈനിക ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് മുന്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി അംറ് മൂസയാണെന്നത് വളരെ ദുഖകരമാണ്. 2011-ലെ നാറ്റോ ആക്രമണത്തിന് അറബ് മറയേകിയത് അദ്ദേഹമായിരുന്നു. അതിന്റെ ദുരന്തഫലം കണ്ട അദ്ദേഹം അതില്‍ അതിയായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇവരൊന്നും തങ്ങളുടെ തെറ്റുകളില്‍ നിന്ന് ഒന്നും പഠിക്കുന്നില്ലേ..! ചെരിപ്പ് മാറ്റുന്നത് പോലെ തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി നിലപാടുകള്‍ മാറ്റുകയെന്ന് അവര്‍ക്ക് നിര്‍ബന്ധമാണോ?

എന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സംഘമുണ്ടെന്ന് എനിക്കറിയാം. നാം നിരത്തിയിട്ടുള്ള ഈ വസ്തുതകള്‍ക്ക് മറുപടി പറയാന്‍ യാതൊരുവിധ തെളിവുകളും അവര്‍ക്കില്ല. ബദല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നവരുണ്ടാകുമെന്നും എനിക്ക് നന്നായറിയാം. എന്നാല്‍ ഞാന്‍ തുറന്നു പറയുന്നു, മറ്റൊരു സൈനിക പദ്ധതി മുന്നോട്ട് വെക്കാനും പരിഹാരം നിര്‍ദേശിക്കാനും ജനറല്‍ ഇര്‍വിന്‍ റോമ്മലോ ജനറല്‍ മൊന്റ്‌ഗോമറിയോ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടോ അല്ല ഞാന്‍. ഞങ്ങള്‍ അത് പരിഹരിക്കണമെന്ന് പറയാന്‍ ഞങ്ങളുണ്ടാക്കിയ പ്രശ്‌നവുമല്ല. എന്നാല്‍ നാറ്റോയും അതിന്റെ യുദ്ധവിമാനങ്ങളും ലിബിയയില്‍ ഇടപെട്ടപ്പോള്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഇന്നത്തെ ഈ ദുരവസ്ഥ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളത് തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ലിബിയ പിച്ചിചീന്തപ്പെട്ട ഒരു പരാജിത രാഷ്ട്രമായി മാറിയിരിക്കുന്നു എന്നത്. ആയുധങ്ങളുടെ കാടും അല്‍-ഖാഇദയുടെയും അതിന്റെ സഹോദരങ്ങളുടെയും വിഹാര കേന്ദ്രവുമായി അത് മാറിയിരിക്കുന്നു. അതിനേക്കാള്‍ വലിയ അപകടത്തെ കുറിച്ച് മുന്നയിപ്പ് നല്‍കാന്‍ എനിക്ക് അവകാശമുണ്ട്. അതിന്റെ അപകടം ലിബിയയില്‍ ഒതുങ്ങില്ല. മറിച്ച് ഈജിപ്തും അള്‍ജീരിയയും തുനീഷ്യയും അതനുഭവിക്കേണ്ടി വരും. നാറ്റൊ അവിടെ വിതച്ച ദുരന്തം മധ്യധരണ്യാഴിക്കും അതിന്റെ ചുറ്റുപാടിനും വലിയ വെല്ലുവിളിയായിട്ടാണ് മാറിയിരിക്കുന്നത്.

അല്ലാഹുവേ, മുമ്പ് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ മുന്നറിയിപ്പ് തന്നെ ആവര്‍ത്തിക്കുന്നു, നീയാണ് സാക്ഷി.

മൊഴിമാറ്റം: നസീഫ്‌

Related Articles