Current Date

Search
Close this search box.
Search
Close this search box.

പന്തിപ്പോള്‍ ഉര്‍ദുഗാന്റെ കളത്തിലാണ്‌

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ സന്ദര്‍ശിക്കാനിരിക്കുകയാണിന്ന് (7/4/2015). ഇറാഖിലെയും സിറിയയിലെയും യുദ്ധങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വംശീയവും പ്രാദേശികവുമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്. മേഖലയിലെ സംഘട്ടനത്തില്‍ തുര്‍ക്കിയും ഇറാനും പരസ്പര വിരുദ്ധമായ ഇരു ചേരികളിലാണെന്നതും ശ്രദ്ധേയമാണ്.

വളരെ സങ്കീര്‍ണമായൊരു പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്റെ ഈ സന്ദര്‍ശനം. രാഷ്ട്രീയവും സാമ്പത്തികവുമായ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ സൂക്ഷ്മമായി വായിക്കേണ്ടത് ആവശ്യമാണ്.
1. പ്രദേശത്തെ ഇറാന്റെ സ്വാധീനം വ്യാപിക്കുന്നത് നേരിടാനുള്ള തുര്‍ക്കി – സൗദി – ഖത്തര്‍ സുന്നീ സഖ്യത്തിന്റെ സാധ്യതകളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. സൗദിയുടെ ‘നിര്‍ണായക കൊടുങ്കാറ്റിന്റെ’ ഭാഗമായി യമനില്‍ കരമാര്‍ഗമോ വ്യോമ മാര്‍ഗമോ സൈനികമായി ഇടപെടുന്നതില്‍ നിന്ന് പാകിസ്താനും അതിന്റെ പ്രസിഡന്റ് നവാസ് ശരീഫും വിട്ടു നിന്നിരിക്കുന്നു. രാജ്യത്തിനകത്ത് സുന്നികള്‍ക്കും ശിയാക്കള്‍ക്കും ഇടയില്‍ വിഭാഗീയ യുദ്ധം പൊട്ടിപുറപ്പെട്ടേക്കുമോ എന്ന് അവര്‍ ഭയക്കുന്നു. പാകിസ്താന്‍ സൈന്യത്തില്‍ തന്നെ ഇരുപത് ശതമാനത്തിലേറെ ശിയാക്കളുണ്ട്.

2. ഇറാന്‍ ആണവ പരിപാടിയില്‍ ലോകത്തെ ആറ് വന്‍ശക്തികളുമായുള്ള ‘പ്രാഥമിക ഉടമ്പടി’യില്‍ എത്തിയതിന് ഏതാനും നാളുകള്‍ മാത്രം പിന്നിട്ടിരിക്കെയാണ് ഈ സന്ദര്‍ശനം. ഈ ഉടമ്പടി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം ഇല്ലാതാക്കുന്നതിനും ഇറാന് അന്താരാഷ്ട്ര നിരീക്ഷണത്തില്‍ ചെറിയ തോതില്‍ യൂറേനിയം സമ്പുഷ്ടീകരിക്കാനും ആണവ നിലയങ്ങള്‍ നിലനിര്‍ത്താനും അതിലൂടെ സാധിക്കും.

3. ചൂടുപിടിച്ചിരിക്കുന്ന ഇറാഖ്, സിറിയ പ്രശ്‌നങ്ങളില്‍ ഇറാനുമായി സഹകരിക്കുന്നതിലേക്ക് അമേരിക്ക എത്തിയിരിക്കുന്നു. ഇറാഖ് സൈന്യം ജനകീയ പോരാളികള്‍ക്കൊപ്പം നടത്തുന്ന ആക്രമണത്തിന് വ്യോമതലത്തില്‍ മറയൊരുക്കുന്ന അമേരിക്കന്‍ പോര്‍വിമാനങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ജനകീയ പോരാളികളെന്നത് ബഹുഭൂരിപക്ഷവും ശിയാ സായുധ സംഘങ്ങളാണ്. അവരെ സഹായിക്കുന്നതും ആയുധവല്‍കരിക്കുന്നതും ഇറാനുമാണ്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി തന്റെ രാജ്യം ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സംസാരവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെ.

പ്രദേശത്തെ ഇറാന്റെ ‘അപ്രമാദിത്വ’ത്തെ കുറിച്ചും അവര്‍ ഭീകരതയെ സഹായിക്കുന്നതിനെ കുറിച്ചും കഴിഞ്ഞ മാസം ഉര്‍ദുഗാന്‍ നടത്തിയ ആരോപണം എല്ലാ പരിധികളും കടന്നതായിരുന്നു. യമനില്‍ നിന്ന് തങ്ങളുടെ ‘ഭീകരസംഘങ്ങളെ’ പിന്‍വലിക്കാന്‍ ഇറാനോട് ആവശ്യപ്പെട്ട അദ്ദേഹം സൗദിയുടെ സൈനിക നീക്കത്തിന് തന്റെ രാജ്യത്തിന്റെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്റെ നയങ്ങള്‍ ക്ഷമയുടെ നെല്ലിപലകയും ഭേദിച്ചിരിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. ‘മുമ്പുണ്ടായിട്ടില്ലാത്ത’ തരത്തിലുള്ള ഈ പ്രസ്താവന സന്ദര്‍ശനം റദ്ദാക്കണമെന്ന ആവശ്യമുയര്‍ത്താന്‍ പല ഇറാന്‍ പാര്‍ലമെന്റംഗങ്ങളെയും പ്രേരിപ്പിച്ചിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രാലയം തുര്‍ക്കി സ്ഥാനപതിയെ വിളിച്ചു വരുത്തി ഉര്‍ദുഗാന്റെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാധ്യമങ്ങളുടെയും ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധ സ്വരങ്ങളുയര്‍ന്നിട്ടും എന്തുകൊണ്ട് ഇറാന്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കിയില്ലെന്നതും സന്ദര്‍ശന തീരുമാനത്തില്‍ ഉര്‍ദുഗാന്‍ ഉറച്ചുനില്‍ക്കുന്നതും സ്വാഭാവികമായും ശക്തമായ ചോദ്യമാണ് ഉയര്‍ത്തുന്നത്. ഈ ചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതിന് മുമ്പ് ചില അടിസ്ഥാന വശങ്ങള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. വൈകാരികതയില്‍ ഊന്നി നയങ്ങളും നിലപാടുകളും എടുക്കുന്ന ഒരു അറബ് നേതാവല്ല ഉര്‍ദുഗാന്‍ എന്നാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്. രണ്ടാമതായി ഓരോ കാല്‍വെപ്പും മാധ്യമ, ജനാധിപത്യ സംവിധാനങ്ങളാല്‍ വിലയിരുത്തപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് അദ്ദേഹം. മൂന്നാമതായി, എല്ലാറ്റിനും ഉപരിയായി തന്റെ രാഷ്ട്രത്തിന്റെ താല്‍പര്യങ്ങളെ കാണുന്ന അദ്ദേഹം രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും വേര്‍തിരിച്ചു കാണുന്നതില്‍ നിപുണനുമാണ്.

ഇറാന്‍ ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇറാനിലേക്ക് പോകുന്നത് ഒരു ‘സാമ്പത്തിക വിദഗ്ദന്‍’ ആയിട്ടാണ്. രണ്ട് മാസത്തിന് ശേഷം (ജൂണില്‍) ആണവ ഉടമ്പടി പ്രകാരം ഇറാന് മേല്‍ അമേരിക്കയും പാശ്ചാത്യ രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം എടുത്തു മാറ്റപ്പെടുന്നതോടെ പ്രദേശത്തെ വന്‍ രാഷ്ട്രമായിട്ടത് മാറും. അതോടൊപ്പം വലിയൊരു കമ്പോളവും നിയന്ത്രണങ്ങളില്ലാതെ പെട്രോളിയവും ഗ്യാസും കയറ്റുമതി ചെയ്യുന്ന രാഷ്ട്രവുമായിട്ടത് മാറും. തന്റെ രാഷ്ട്രത്തിലെ കമ്പനികള്‍ക്ക് വലിയ കയറ്റുമതി ഇറക്കുമതി സാധ്യതകളാണ് അതൊരുക്കുന്നത്. നിലവിലുള്ള 3000 കോടി ഡോളറിന്റെ വ്യാപാരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരട്ടിയെങ്കിലുമാക്കാന്‍ സാധിച്ചേക്കും.

തന്റെ രാജ്യത്തെ കമ്പനികള്‍ക്ക് മാര്‍ക്കറ്റ് തുറന്ന് കിട്ടാന്‍ ശ്രമിക്കുന്ന ‘കച്ചവടക്കാരന്‍’ എന്നത് ഉര്‍ദുഗാനെ സംബന്ധിച്ചടത്തോളം ഒരു ന്യൂനതയല്ല. ഇത്തരത്തിലുള്ള ‘പ്രായോഗികതാവാദ’മാണ് അദ്ദേഹത്തെയും പാര്‍ട്ടിയെയും മൂന്ന് തവണ തെരെഞ്ഞെടുക്കപ്പെടാന്‍ തുണച്ചത്. ലോകത്തെ 17 പ്രധാന സാമ്പത്തിക ശക്തികളില്‍ ഒന്നായി തുര്‍ക്കിയെ മാറ്റിയെടുക്കാനും അതിലൂടെ സാധിച്ചു. അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക സന്ദര്‍ശനങ്ങളിലും സാമ്പത്തിക, വിദേശവാണിജ്യ മന്ത്രിമാര്‍ക്കൊപ്പം നൂറിലേറെ ബിസിനസ്സുകാരുടെ സംഘവും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

അമേരിക്കയും ഇറാനും അടുക്കുന്നത് തന്റെ രാജ്യത്തെയും അതിന്റെ സമ്പദ്‌വ്യവസ്ഥയെയുമാണ് ബാധിക്കുകയെന്ന് ഉര്‍ദുഗാന് നന്നായിട്ടറിയാം. അപ്രകാരം അമേരിക്കക്ക് ഇറാനെ ഒരിക്കലും ഒരു സഖ്യമായി കൂടെ നിര്‍ത്താനാവില്ലെന്നും, ‘പരാജയപ്പെടുത്താനാവില്ലെങ്കില്‍ ഒപ്പം നില്‍ക്കുക’ എന്ന ബിട്ടീഷ് നയമാണ് അവരിപ്പോള്‍ പിന്തുടരുന്നതെന്നും അദ്ദേഹത്തിനറിയാം.

ഇതിനാണ് അദ്ദേഹം ഇറാനിലേക്ക് പോകുന്നത്. എന്തിന് പോകാതിരിക്കണം? 36 വര്‍ഷം അവര്‍ക്കെതിരെ വിരോധം വെച്ച് യുദ്ധകാഹളം മുഴക്കിയിരുന്ന അമേരിക്കകാര്‍ അങ്ങോട്ട് പോയില്ലേ?

ഉര്‍ദുഗാന്‍ സന്ദര്‍ശനത്തിന്റെ സാമ്പത്തിക വശം മിക്കതും തെഹ്‌റാന്‍ അംഗീകരിച്ചാല്‍ തന്നെയും രാഷ്ട്രീയ വശം ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍ നിറഞ്ഞത് തന്നെയായിരിക്കും. പ്രശ്‌ന കലുഷിതമായ ഇറാഖ്, സിറിയ വിഷയങ്ങളെയും ഇന്ന് ഏറ്റവും സജീവമായി നില്‍ക്കുന്ന യമന്‍ വിഷയവും എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക?

നിര്‍ണായകമായ സാഹചര്യത്തില്‍ പ്രസ്തുത പ്രശ്‌നങ്ങളില്‍ കടുത്ത സാധ്യതകള്‍ക്ക് മുന്നിലാണ് ഉര്‍ദുഗാനുള്ളത്. അതില്‍ ഒന്നാമത്തെ സാധ്യതയാണ്, ഇറാന്റെ ശിയാ സഖ്യത്തെ നേരിടാനും ഇറാന്റെ ‘അപ്രമാദിത്വ’ത്തെ ചെറുക്കാനും സൗദി തങ്ങളിലേക്ക് നീട്ടിയിരിക്കുന്ന കൈ സ്വീകരിച്ച് സുന്നി സഖ്യത്തിന്റെ ഭാഗമാകല്‍. പ്രത്യേകിച്ചും ഈ സഖ്യത്തില്‍ ഈജിപ്തിന് അടിസ്ഥാന അംഗത്വം നല്‍കില്ലെന്ന സമീപനത്തിലേക്ക് സൗദി എത്തിയിക്കുന്ന അവസ്ഥയില്‍ ഇത് വലിയൊരു സാധ്യതയാണ്. വഴിയില്‍ പ്രതിബദ്ധം സൃഷ്ടിച്ചിരുന്ന തുര്‍ക്കി – ഈജിപ്ത് വിരോധത്തിന്റെ വലിയൊരു കുരുക്കാണ് അതിലൂടെ അഴിക്കപ്പെടുക. എന്നാല്‍ ചുറ്റും അപകടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സാധ്യതയാണിത്. ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുന്നത് വംശീയ ഇഴകളുള്ള തുര്‍ക്കിയുടെ ജനസംഖ്യാ അഖണ്ഡതയെ ദോഷകരമായി ബാധിച്ചേക്കും.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാത സ്വീകരിക്കുകയെന്നതാണ് ഉര്‍ദുഗാന്റെ മുന്നിലുള്ള രണ്ടാമത്തെ സാധ്യത. സുന്നി സഖ്യത്തോടുള്ള ഉര്‍ദുഗാന്റെ നിലപാടറിയാന്‍ മൂന്ന് ദിവസം മുമ്പ് അദ്ദേഹം അങ്കാറ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ ശക്തികളുടെ കീഴിലുള്ള വിഭാഗീയ സഖ്യത്തോട് അദ്ദേഹം സൈനികമായും ആശയപരമായും അകലം പാലിക്കുകയും ചെയ്തു. ഇറാനുമായും സൗദിയുമായുള്ള ‘നല്ല’ ബന്ധത്തെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു സമീപനവും ഉര്‍ദുഗാന് സ്വീകരിക്കാം. അങ്ങനെ പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ‘സമാധാനത്തിന്റെ വെള്ളരിപ്രാവായോ’ ‘മധ്യസ്ഥന്റെ’ പങ്ക് വഹിച്ചോ നീങ്ങാമെന്നുള്ളതാണ് മൂന്നാമത്തെ സാധ്യത.

ഉര്‍ദുഗാന്റെ തെഹ്‌റാന്‍ സന്ദര്‍ശനത്തിന് 24 മണിക്കൂറില്‍ താഴെ മാത്രം അവശേഷിക്കെ സൗദിയിലെ രണ്ടാം കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് നടത്തിയ അങ്കാറ സന്ദര്‍ശനം ഉര്‍ദുഗാന്‍ ഏത് തെരെഞ്ഞെടുക്കുമെന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തും. സാമ്പത്തികവും രാഷ്ട്രീയവുമായ എന്തൊക്കെ ഓഫറുകളാണ് മുഹമ്മദ് ബിന്‍ നായിഫ് തുര്‍ക്കി പ്രസിഡന്റിന്റിന്റെ മുന്നില്‍ വെച്ചിരിക്കുന്നതെന്ന് നമുക്കറിയില്ല. എന്നാല്‍ യമനില്‍ രൂക്ഷമായ ഒരു യുദ്ധത്തിലേക്കാണ് സൗദി ഇറങ്ങുന്നതെന്ന് നമുക്കറിയാം. വ്യോമാക്രമണം കൊണ്ട് മാത്രം അവരെ തകര്‍ക്കാനാവില്ലെന്നും, കരയില്‍ ഹൂഥി – സാലിഹ് സഖ്യം മുന്നേറുന്നതിന്റെ സൂചനകളുമാണ് വെളിപ്പെടുന്നത്. അതുകൊണ്ട് തന്നെ തുര്‍ക്കിയുടെ കൂട്ട് അവര്‍ക്ക് ഏറെ ആവശ്യമാണ്. ഒന്നുകില്‍ ഇറാനുമായി ശാക്തിക സന്തുലനം ഒപ്പിക്കാന്‍ സഖ്യത്തിന്റെ ഭാഗമാവണം. ഇനി പാകിസ്താന്റെ വഴി പിന്‍പറ്റി തുര്‍ക്കി പിന്നോട്ട് നില്‍ക്കുകയാണെങ്കില്‍ ഒരു ‘മധ്യസ്ഥന്‍’ എന്ന നിലയില്‍ സൗദിക്ക് അവരെ ആവശ്യമുണ്ട്.

തുര്‍ക്കിയെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ വലിയ സാമ്പത്തിക വാഗ്ദാനങ്ങള്‍ തന്നെ മുഹമ്മദ് ബിന്‍ നായിഫ് മുന്നോട്ട് നീട്ടും. യമന്‍ പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കാന്‍ സഹായിച്ചേക്കാവുന്ന ഇറാന് കൈമാറാനുള്ള നിര്‍ദേശങ്ങളുടെ കുട്ടയും അദ്ദേഹത്തോടൊപ്പമുണ്ടാകും. പന്തിപ്പോള്‍ ഉര്‍ദുഗാന്റെ കളത്തിലാണ്. അദ്ദേഹം തെരെഞ്ഞെടുക്കുന്നത് എന്ത് തന്നെയാണെങ്കിലും പ്രദേശത്തെയും അവിടത്തെ സംഘട്ടനത്തെയും ചൂടുപിടിച്ചു കിടക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തെയും അത് സ്വാധീനിക്കും.

പലരും വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കാത്തു നില്‍ക്കുന്ന -എന്നാല്‍ അവളുടെ സ്‌നേഹമല്ല അവര്‍ക്ക് വേണ്ടത്- സുന്ദരിയായ പെണ്‍കൊടിയുടെ അവസ്ഥയിലാണ് ഉര്‍ദുഗാന്‍.  നമുക്ക് ഈ സന്ദര്‍ശനത്തെ സൂക്ഷ്മമായി പിന്തുടരാം, പ്രത്യേകിച്ചും ഇറാന്റെ തീരുമാനങ്ങള്‍ നിശ്ചയിക്കുന്ന പരമോന്നത നേതാവ് അലി ഖാംനഈയും ഉര്‍ദുഗാനും തമ്മിലുള്ള കൂടിക്കാഴ്ച്ച.

മൊഴിമാറ്റം: നസീഫ്

Related Articles