Current Date

Search
Close this search box.
Search
Close this search box.

പട്ടിണി എന്ന സിറിയയിലെ മാരകായുധം

starvation.jpg

തന്റെ സഹജീവികളെ ദ്രോഹിക്കാന്‍ പുതുവഴികള്‍ തേടുന്ന മനുഷ്യരുടെ ‘സര്‍ഗാത്മകത’യ്ക്ക് പരിധികളില്ലെന്നതാണ് ചരിത്രം നമ്മെ പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്ന്. വംശീയവും മതപരവും മതേതരവുമായ സംഘങ്ങള്‍ ഹീനമായി അരങ്ങുവാഴുന്ന ആഭ്യന്തര സംഘര്‍ഷഭൂമികള്‍ തന്നെയാണ് പലപ്പോഴും ഹിംസയോടുള്ള അമിതമായ ത്വര പ്രകടമാക്കുന്നത്. കഴിഞ്ഞ മൂന്നു കൊല്ലമായി സിറിയയില്‍ കണ്ടു കൊണ്ടിരിക്കുന്നും മേല്‍പറഞ്ഞ നിരീക്ഷണങ്ങളുടെ പ്രതിഫലനങ്ങളാണ്.

മനുഷ്യരെ കൊല്ലാന്‍ വഴികളേറെയുണ്ട് എന്ന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്തുള്ള അല്‍-സബദാന്‍ പ്രദേശം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 4,600 അടി മുകളിലുള്ള മദായ സിറിയന്‍ ഭരണകൂടവും ഹിസ്ബുല്ലയും ചേര്‍ന്ന് ഉപരോധിച്ചിരിക്കുകയാണ്. 2015 ജൂലായ് മുതലാണ് പ്രദേശത്ത് തീവ്രവാദ ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഹിസ്ബുല്ല അല്‍-സബദാനില്‍ താവളമടിച്ചത്. ഖുദ്‌സ് വിമോചനത്തിനുള്ള വിശുദ്ധ യുദ്ധമെന്നാണ് നിര്‍ലജ്ജയോടെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഈ നീക്കത്തെ വിശേഷിപ്പിച്ചത്. സിറിയന്‍ വിമതരെ കൂടി നേരിടേണ്ട അവസ്ഥ സംജാതമായതോടെ കാര്യങ്ങളെ വളരെ ലാഘവത്തോടെ കാണുന്ന നസ്‌റുല്ലക്കും കൂട്ടര്‍ക്കും തങ്ങളുടെ നിലപാട് മാറ്റേണ്ടിവരും.

തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജപ്പെട്ടതോടെ മദായ അടക്കമുള്ള പട്ടണങ്ങള്‍ കടുത്ത ഉപരോധത്തിന് കീഴിലാക്കിയിരിക്കുകയാണ് ഈ അധിനിവേശകര്‍. സ്വാഭാവികമായും, എതിര്‍ത്ത് നില്‍ക്കുന്ന അവസാന ജീവനേയും സൈനിക നീക്കത്തിലൂടെയോ പട്ടിണിക്കിട്ടു കൊണ്ടോ അടിച്ചമര്‍ത്താം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. യുദ്ധം ആരംഭിച്ചയുടനെ ഇദ്‌ലീബ് പ്രദേശത്തുള്ള ശിയാ ഗ്രാമങ്ങളായ കെഫ്രായയും ഫൗഅയും സിറിയന്‍ വിമതര്‍ തങ്ങളുടെ വരുതിയിലാക്കിയിരുന്നുവെങ്കില്‍ ഹിസ്ബുല്ല തങ്ങളുടെ നീക്കങ്ങള്‍ പുനരാലോചിക്കുമായിരുന്നു. ഹിസ്ബുല്ല പയറ്റുന്ന ആയുധം വിപരീതഫലം ഉളവാക്കുന്നതോ അകാര്യക്ഷമമോ ആണ്. ക്ഷാമം എന്നത് കാലങ്ങളായി ലോകത്ത് പ്രയോഗിക്കപ്പെടുന്ന രാഷ്ട്രീയപരവും സൈനികപരവുമായ ആയുധമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് തന്നെ ഹിറ്റ്‌ലറും സ്റ്റാലിനുമെല്ലാം പോളണ്ടിലെയും യുക്രൈനിലെയും ജനലക്ഷങ്ങളെ കൊല്ലാന്‍ ഈ രീതി ഉപയോഗിച്ചിരുന്നു.

‘ഹോളോഡോമര്‍’ എന്ന മനുഷ്യനിര്‍മിത ക്ഷാമം ലക്ഷക്കണക്കിന് ആളുകളെ ഇഞ്ചിഞ്ചായി കൊല്ലാന്‍ കഴിയുന്ന മാരകായുധമാണ്. ചെറുത്ത് നില്‍ക്കാന്‍ കെല്‍പുള്ള ഒരു സംഘമില്ലാതെ ഒരു ജനതയെ ആകെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭീകരമായ യുദ്ധതന്ത്രം. 1975-1990 കാലഘട്ടത്തില്‍ ലബനാനികള്‍ അവരുടെ ആഭ്യന്തരയുദ്ധകാലത്ത് ഈ ക്ഷാമരീതി പയറ്റുകയുണ്ടായി. 1983-ല്‍ ലബനാനിലെ പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാര്‍ട്ടി ക്രിസ്ത്യാനികളെ ക്ഷാമം സൃഷ്ടിച്ച് കൊന്നൊടുക്കിയപ്പോള്‍ സ്വന്തം ജനങ്ങളെ കൊലക്ക് കൊടുത്ത് ലോക സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുകയായിരുന്നു ലബനീസ് മിലിഷ്യാ ഗ്രൂപ്പുകള്‍. എന്നാല്‍ മദായയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഹിസ്ബുല്ല എന്ന വിദേശ ശക്തിയാണ് സിറിയന്‍ ജനതയെ പട്ടിണിക്കിട്ട് കൊല്ലുന്നത്.

ഉപരോധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ പ്രതിപക്ഷം പര്‍വതീകരിക്കുകയാണെന്നാണ് സിറിയന്‍ ഭരണകൂടത്തിന്റെ ആരോപണം. എന്നാല്‍ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ദിനംപ്രതി സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കുകയാണെന്നത് നിഷേധിക്കാനാവത്ത വസ്തുതയാണ്. സിറിയന്‍ പട്ടണങ്ങളിലെ സുന്നി വിഭാഗക്കാരെ ശിക്ഷിച്ച് കൊണ്ടിരിക്കുന്ന ഹിസ്ബുല്ല യഥാര്‍ത്ഥത്തില്‍ ലബനാനിലെ മുഴുവന്‍ ശിയാ സമൂഹത്തിന്റെയും ജീവന്‍ പണയം വെച്ചാണ് കളിക്കുന്നത്. കാരണം, ഇന്നല്ലെങ്കില്‍ നാളെ രംഗം കലങ്ങിത്തെളിയുമ്പോള്‍ ബാത്ത് പാര്‍ട്ടിയെയും ബശ്ശാര്‍ ഭരണകൂടത്തെയും പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഹിസ്ബുല്ല വലിയ വില കൊടുക്കേണ്ടി വരും. സിറിയയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ലബനാനില്‍ ഹിസ്ബുല്ലക്ക് എതിരായി ശിയാ ആക്ടിവിസ്റ്റുകള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.  

നീചമായ മാര്‍ഗങ്ങളിലൂടെ തങ്ങള്‍ക്ക് പ്രാദേശികമായ മേല്‍ക്കോയ്മ നേടിയെടുക്കാം എന്ന് ഹിസ്ബുല്ല കണക്കുകൂട്ടുന്നുണ്ടെങ്കില്‍ ആഭ്യന്തരയുദ്ധങ്ങള്‍ ഒരിക്കലും ഗുണാത്മകമായ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്ന ലബനാനിന്റെ തന്നെ അനുഭവം മുന്നില്‍വെക്കുന്നത് നന്നായിരിക്കും. തീവ്രവാദ വിരുദ്ധ സമരങ്ങളിലാണ് തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അസദ് ഭരണകൂടവും ഹിസ്ബുല്ലയും കരുതുന്നുണ്ടെങ്കില്‍ നിരപരാധികളായ സിവിലിയന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രാഥമിക അവകാശങ്ങളും ഭക്ഷണവും സുരക്ഷിതത്വവും നിഷേധിക്കുന്നവരാണ് യഥാര്‍ത്ഥ തീവ്രവാദികളെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിവ: അനസ് പടന്ന

Related Articles